Tuesday 26 October 2021
പെണ്‍വൃത്തം

By Farsana Jaleel.03 Aug, 2017

imran-azhar

നിബന്ധനകളില്ലാത്ത എഴുത്ത്....ലളിതവും മനോഹരവുമായ ആഖ്യാനം.....ശൂന്യതയില്‍ നിന്നും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള യാത്ര. ഇതൊക്കെയാണ് പെണ്‍വൃത്തം എന്ന കവിതാ സമാഹാരം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ കവിതയാക്കുന്നു നകുല്‍ വി.ജി. ജീവിതത്തില്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ലളിതമായി വ്യത്യസ്തമായി നകുല്‍ പകര്‍ത്തിയെഴുതിയപ്പോള്‍ കവിത അതിരുകള്‍ കടക്കുന്നു.

ഭാവനക്കൊപ്പം ജീവതാനുഭവങ്ങള്‍ കൂടി കലര്‍ന്നവയാണ് പെണ്‍വൃത്തം. പ്രതീക്ഷയും നിരാശയും, ഫലിതവും, പട്ടിണിയും, പെണ്ണും, പ്രണയവും വിരഹവുമൊക്കെയാണ് ഇതിവൃത്തം. നമ്മളില്‍ പലരുടെയും ചിന്തകള്‍ എത്താത്തയിടങ്ങളിള്‍ കൂടിയാണ് സഞ്ചാരം. ശബ്ദം, ശൂന്യത, ഓട്ടം, കിടപ്പ് എന്തിനോറെ പറയുന്നു അക്ഷരങ്ങളില്‍ നിന്നു പോലും കവിതകള്‍ വിഴിഞ്ഞു. മുമ്പാരും പകര്‍ത്തിയിട്ടില്ലാത്ത വിധം വ്യത്യസ്തവും ലളിതവും മനോഹരവും ഒട്ടും തന്നെ വിരസത അനുഭവപ്പെടാത്തതുമായ ആഖ്യാന രീതി. കുഞ്ഞിക്കവിതകളില്‍ തുടങ്ങി ദൈര്‍ഘ്യമുള്ള സൃഷ്ടികളില്‍ അവസാനം. പലരും തുറന്നു പറയാന്‍ മടിക്കുന്ന മനുഷ്യാവസ്ഥകളും പരാമര്‍ശിക്കുന്നു.

ഒരു മുറിയില്‍ പന്തായ ദൈവം എന്ന കവിതയിലൂടെയാണ് തുടക്കം. നിലത്തൊരു പന്ത് കിടന്നാല്‍ നമ്മളില്‍ ഭൂരിഭാഗവും കാല്‍കൊണ്ടൊരു തട്ട്, അതല്ലാതെ അതിന് പിന്നില്‍ വാക്കുകളെ കോര്‍ക്കാന്‍ മിനക്കെടാന്‍ നില്‍ക്കില്ല. എന്നാല്‍ സൃഷ്ടികര്‍ത്താവ് പന്തില്‍ പോലും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്ന പുതിയ ആശയത്തിന് വഴിതെളിച്ചു.

തൊലി ചുരണ്ടിക്കളഞ്ഞ
രണ്ടു ശരീരങ്ങളുടെ മണം
ഒരു മരത്തിലെ പുണര്‍ന്നു
നില്‍ക്കുന്ന രണ്ടിലകളാണ് നമ്മള്‍

സ്ത്രീ-പുരുഷ നഗ്നതയും സ്‌നേഹവും പ്രകടമാക്കുന്ന ഈ വരികളെ ഇതിലധികം മനോഹരമാക്കാന്‍ പകരം വാക്കുകളില്ല. തൊലി ചുരണ്ടിക്കളഞ്ഞ രണ്ട് ശരീരങ്ങള്‍ എന്ന കവിതയിലെ വരികളാണിവ.

തൂത്ത്
തൂത്ത്
തേഞ്ഞ്
തേഞ്ഞ്
കെട്ടഴിഞ്ഞടുപ്പില്‍
കയറി....

കേവലം നാലു വാക്കുകള്‍ കൊണ്ട് കവിതയെ കെട്ടിപ്പടുക്കാനുള്ള സൃഷ്ടികര്‍ത്താവിന്റെ ശ്രമം ചൂല്‍ എന്ന കവിതയിലൂടെ വിജയിച്ചു.

പുസ്തകങ്ങളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന അലമാരയില്‍ ശേഷിക്കുന്നയിടത്ത് താന്‍ കയറിയി ഇരുന്നാലോയെന്നും കവി ചിന്തിക്കുന്നു. തന്റെ നഷ്ടങ്ങളുടെയും പതര്‍ച്ചയുടെയും ഏറ്റുവാങ്ങലാണ് അലമാര ജീവിതം. മീനുകള്‍ നീലനിറം ലയിപ്പിച്ച് വരച്ച കടല്‍ പോലെയാണ് ആകാശത്തെ കാക്കകള്‍ വരച്ച ചിത്രമായും കവി സങ്കല്‍പ്പിക്കുന്നു.

ആയിരത്തി ഒന്ന് പ്രാവശ്യം കെട്ടി
ആയിരം പ്രാവശ്യം അഴിച്ചു
അഴിക്കാത്ത ആ ഒരു
കെട്ടാണ് പ്രണയം

പ്രണയം എന്ന ചെറുകവിതയിലെ ഈ വരികള്‍ തീര്‍ത്തും അര്‍ത്ഥവത്താണ്. അഴിക്കാത്ത ആ കെട്ടിനെ മനസ്സുകള്‍ തമ്മിലുള്ള കൂടിച്ചേരലായും വിവാഹമായും സങ്കല്‍പ്പിക്കാം.

വിരഹത്തിന്റെ കാണാകാഴ്ച്ചകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒന്നാണ് അടുപ്പങ്ങളുടെ ചരിത്രം. പ്രണയ ശിഥിലം മനുഷ്യ ജന്മത്തിന്റെ അവസാനമായും മറിച്ച് പുതിയൊപു തുടക്കമായും കാണാം. അത് സാഹചര്യങ്ങള്‍ക്കനുസൃതമായി മാറും. ചിലപ്പോല്‍ അധ:പതനമാകാം...മറ്റുചിലപ്പോള്‍ ഉയര്‍ച്ചയിലേക്കുള്ള വഴിയുമാകാം. വിരസമായ ഈ അവസ്ഥയില്‍ നാം ആശ്രയിക്കുക ഭാവനകള്‍ക്കും കവിതകള്‍ക്കുമാകാം എന്നും അടുപ്പങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ സമാനതകളില്ലാത്ത ചെറുതും വലുതുമായ 50 കവിതകളുടെ സമാഹാരമാണ് പെണ്‍വൃത്തം. തിരുവനന്തപുരം സെഡ് ലൈബ്രറി പുറത്തിറക്കിയ ഈ കവിതാ സമാഹാരത്തിന് 100 രൂപയാണ് വില. സമാനതകളില്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ പച്ചയായി പകര്‍ത്തിയ പെണ്‍വൃത്തം വായനാസ്വാദകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്.