Wednesday 22 November 2017

പരിപ്പും സാന്പാറും

By ബി.ആര്‍. ശുഭലക്ഷ്മി .16 Aug, 2017

imran-azhar

ചെറുപയര്‍ പരിപ്പുകറി
ചെറുപയര്‍ വറുത്തുപൊടിച്ചത് കൊണ്ടുണ്ടാക്കിയ കറിയില്ലാതെ എന്ത് ഓണസദ്യ. ഇപ്പോള്‍ പരിപ്പുകറിക്കുളള പ്രത്യേകം പരിപ്പ് ലഭ്യമാണെങ്കിലും പരന്പരാഗത സദ്യയില്‍ സ്ഥാനം ചെറ ുപയര്‍പരിപ്പുകകറിക്കു തന്നെ. ഇതുണ്ടാക്കാന്‍ എളുപ്പമാണ്.

 

ചേരുവകള്‍
ചെറുപയര്‍~250 ഗ്രാം

മഞ്ഞള്‍പ്പൊടി ~രണ്ട് ടീസ്പൂണ്‍
തേങ്ങ തിരുമ്മിയത്~ 3 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി അല്ലി~ രണ്ട്
ജീരകം~ഒരു ടീ സ്പൂണ്‍
പച്ചമുളക്~ 3
ചുവന്നമുളക്~2
കടുക്~ഒരു ടീസ്പൂണ്‍
കറിവേപ്പില~ 2 രണ്ട്
ചെറിയ ഉളളി~ 1
ഉപ്പ്~പാകത്തിന്
 നെയ്യ്~ ഒരു ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം
ചെറുപയര്‍ വറുത്തുപൊടിച്ചത് ആവശ്യത്തിന് വെളളമൊഴിച്ച് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമിട്ട് വേവിക്കുക. തേങ്ങ തിരുമ്മിയത്, രണ്ട് പച്ചമുളക് , വെളുത്തുളളി, ബാക്കി മഞ്ഞള്‍പ്പൊടി , ജീരകം എന്നിവ ചേര്‍ത്ത് നന്നായി അരയ്ക്കുക.
അരപ്പ് നന്നായി വെന്ത പയറിലേക്ക് ചേര്‍ത്തിളക്കുക. പാകത്തിന് വെളളവും ഉപ്പും ചേര്‍ത്ത് ചെറുതായി ചൂടാക്കി മാറ്റിവയ്ക്കുക.ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുന്പോള്‍ അതിലേക്ക് കടുക്, ചെറിയ ഉളളി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്,
കറിവേപ്പില , ചുവന്നമുളക് എന്നിവ ചേര്‍ത്ത് കടുക് വറുത്ത് നേരത്തേ മാറ്റിവച്ച കറിയിലേക്ക് ഒഴിക്കുക. നല്ല നാടന്‍ പരിപ്പുകറി തയ്യാര്‍. പരിപ്പുകറിക്കുമേല്‍ നെയ്യൊഴിച്ച് പപ്പടവും കൂട്ടിവേണം സദ്യ കഴിച്ചു തുടങ്ങാന്‍.

 

സാന്പാര്‍
മിക്കവാറും എല്ലാ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന സാന്പാര്‍ സ്വാദിഷ്ടമെന്ന് മാത്രമല്ല പോഷകസന്പുഷ്ടവുമാണ്. സാന്പാര്‍ മലയാളി ഭവനങ്ങളിലെ സ്ഥിരം വിഭവമാണ്. രാവിലത്തെ പലഹാരത്തിനും ഉച്ചയ്ക്ക് ഊണിനും കറിയാക്കാമെന്നതിനാല്‍ വീട്ടമ്മമാര്‍ക്കും സാന്പാറിനോട് അല്പം ഇഷ്ടക്കൂടുതലുണ്ട്. ഇതാ നല്ല രസികന്‍ സാന്പാറിന്‍റെ രുചിക്കൂട്ട് ചുവടെ:

ചേരുവകള്‍
പച്ചക്കറികള്‍ നുറുക്കിയത് (വെണ്ടയ്ക്ക, വെളളരിക്ക, പടവലങ്ങ, കത്തിരിക്ക, ചേന്പ്, അമരയ്ക്ക, മുരിങ്ങക്കായ, പച്ചമുളക്) തുടങ്ങിയവ.

കാരറ്റ് തുടങ്ങിയവയും ഇപ്പോള്‍ ചേര്‍ക്കാറുണ്ട്~ രണ്ട് കപ്പ്
തുവരപരിപ്പ്~ 1 കപ്പ്
ചെറിയ ഉളളി തോല്‍കളഞ്ഞത്~ അര കപ്പ്
തക്കാളി അരിഞ്ഞത്~ അര കപ്പ്
പുളി പിഴിഞ്ഞത്~ കാല്‍ കപ്പ്
ഉപ്പ്~പാകത്തിന്
മുളകുപൊടി~ ഒന്നേകാല്‍ ടേബില്‍ സ്പൂണ്‍
മല്ലിപ്പൊടി~ ഒന്നേ മുക്കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി~ ഒന്നര ടീസ്പൂണ്‍
മല്ലിയില നുറുക്കിയത്~ കുറച്ച്
ഉലുവ~ അര ടീസ്പൂണ്‍
കടുക്~ഒരു ടീസ്പൂണ്‍
കറിവേപ്പില~ 1 തണ്ട്
കായം~ ഒരു ടീസ്പൂണ്‍
ചെറിയ ഉളളി ചെറുതായി അരിഞ്ഞത്~ 1 ടീസ്പൂണ്‍
ചുവന്ന മുളക്~2

 

 


തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അമരയ്ക്കയും തുവരപരിപ്പും ചെറിയ ഉളളിയും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുന്പോള്‍ അതിലോക്ക് മറ്റു പച്ചക്കറികള്‍ നുറുക്കിയത് ചേര്‍ക്കുക. അതിലേക്ക് മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും പുളിപിഴിഞ്ഞതും ചേര്‍ക്കത്തിളക്കണം. പച്ചക്കറികള്‍ ഏകദേശം വെന്തുവരുന്പോള്‍ അതിലേക്ക് തക്കാളി ചേര്‍ക്കണം. പച്ചക്കറികള്‍ നന്നായി വെന്തുകഴിയുന്പോള്‍ അതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും കായവും ചേര്‍ക്കണം. പാകത്തിനും ഉപ്പും ആവശ്യമെങ്കില്‍ വെളളവും ചേര്‍ത്ത് നന്നായി ഇളക്കണം. തിളച്ചുകഴിഞ്ഞ് ഇറക്കിവയ്ക്കാം. ഒരു ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുന്പോള്‍ കടുക്, ഉളളി നുറുക്കിയത്, കറിവേപ്പില ഉലുവ, ചുവന്നമുളക്,മല്ലിയില ഇവ ചേര്‍ത്ത് കടുകുവറുത്ത് നേരത്തേ ഇറക്കിവച്ച കറിയിലേക്കൊഴിക്കാം. സാന്പാര്‍ തയ്യാര്‍...