Tuesday 19 March 2019


മുരിങ്ങ ചില്ലറക്കാരനല്ല.....ലോകവിപണിയില്‍ മുരിങ്ങയുടെ വാര്‍ഷികവില്‍പ്പന 27,000 കോടിയും കടന്ന്

By anju.13 Feb, 2019

imran-azhar


തെക്കേയിന്ത്യയിലെ പ്രത്യേകിച്ചും തമിഴ് നാട്ടിലെയും കേരളത്തിലെയും എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് മുരിങ്ങ.മുക്കിലും മൂലയിലും തഴച്ച് വളര്‍ന്ന് നില്‍ക്കുന്ന മുരിങ്ങ ലോകവിപണി കീഴടക്കുന്നകാര്യം എത്രപേര്‍ക്കറിയാം? അതെ ആഗോളവിപണിയില്‍ മുരിങ്ങ ഉത്പന്നങ്ങളുടെ വാര്‍ഷികവില്‍പ്പന 27,000 കോടി രൂപയിലേറെയാണ്.

 

കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കാണിത്. വര്‍ഷംതോറും പത്തുശതമാനത്തോളം വില്‍പ്പന വര്‍ധിക്കുന്ന മുരിങ്ങക്ക് 2020 ഓടെ ആഗോളവിപണിയില്‍ 47,250 കോടി രൂപ കടക്കും.

 

മികച്ച ഔഷധമായും പോഷകങ്ങള്‍ നിറഞ്ഞ 'സൂപ്പര്‍ഫുഡാ'യും യൂറോപ്പും അമേരിക്കയും മുരിങ്ങയെ സ്വീകരിച്ചതോടെയാണ് മുരിങ്ങ ഉത്പന്നങ്ങള്‍ക്ക് വിപണന സാധ്യതയേറിയത്. ലോകാരോഗ്യ സംഘടനയും യൂണിസെഫും മുരിങ്ങയെ സൂപ്പര്‍ഫുഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണിനോക്കിയാല്‍ മുരിങ്ങയുടെ 'ഡിമാന്റ്' മനസ്സിലാക്കാം.

 

ഒരു കിലോഗ്രാം മുരിങ്ങയില ഉണക്കിപ്പൊടിച്ചതിന് 900 മുതല്‍ 2000 രൂപവരെ വിലയുണ്ട്. അമേരിക്കയില്‍ 30 ഡോളര്‍ (2100 രൂപയിലേറെ) വരും. മുരിങ്ങാപ്പൊടിയുടെ 60 കാപ്‌സൂളിന് 700 രൂപയാണ് വില. മുരിങ്ങക്കുരു എണ്ണ ലിറ്ററിന് ഇന്ത്യയില്‍ 3000 രൂപയാണെങ്കില്‍ അമേരിക്കയില്‍ നാല് ഔണ്‍സിന് 3500 രൂപയാണ്. മുരിങ്ങപ്പൂവില്‍നിന്നുള്ള തേനിന്, മുരിങ്ങ ധാരാളമുള്ള തമിഴ്‌നാട്ടില്‍ത്തന്നെ സാധാരണ തേനിനെക്കാള്‍ കിലോയ്ക്ക് 200-ഉം 300-ഉം രൂപ കൂടുതലുണ്ട്. ഇംഗ്ലണ്ടില്‍ ബാറുകളിലും മദ്യം കഴിക്കാനെത്തുന്നവര്‍ക്ക് കരള്‍രോഗത്തെ പ്രതിരോധിക്കാന്‍ മുരിങ്ങയിലപ്പൊടി നല്‍കുന്നുണ്ട്.

 

ഫിലിപ്പീന്‍സ്, നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ മുരിങ്ങയുണ്ടെങ്കിലും മികച്ച മുരിങ്ങ ഇന്ത്യയിലേതാണ്. ലോകത്ത് ആവശ്യമായ മുരിങ്ങയുടെ 80 ശതമാനവും ഇവിടെ ഉത്പാദിപ്പിക്കുന്നു. 43,600 ഹെക്ടറില്‍ 22 ലക്ഷം ടണ്‍ മുരിങ്ങാക്കായാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഇല, പൂവ്, തേന്‍ തുടങ്ങിയവ വേറെയും. കയറ്റുമതിയില്‍ വര്‍ഷംതോറും 26 മുതല്‍ 30 ശതമാനംവരെ വര്‍ധനയുമുണ്ട്. ചൈന, അമേരിക്ക, കാനഡ, ദക്ഷിണകൊറിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളില്‍ മുരിങ്ങ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതിന്റെ സാധ്യത മനസ്സിലാക്കിയിട്ടില്ല.

 


'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ മുരിങ്ങ' എന്ന പേരില്‍ കന്യാകുമാരിയിലാണ് കേന്ദ്രം ഒരുങ്ങുന്നത്. മുരിങ്ങാകൃഷി, മുരിങ്ങയില്‍നിന്നുള്ള വിവിധ ഉത്പന്നങ്ങളുണ്ടാക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കേന്ദ്രമാവും ഇതെന്ന് കേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന ഡോ. പി. കമലാസനന്‍പിള്ള പറഞ്ഞു. മുരിങ്ങാകര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഏപ്രിലോടെ കേന്ദ്രം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാവും. ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ്, നബാര്‍ഡ്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ സഹായത്തോടെ സ്റ്റെല്ലാ മേരീസ് എന്ന ട്രസ്റ്റാണ് കേന്ദ്രം ആരംഭിക്കുന്നത്.