Thursday 16 July 2020




രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍...

By online desk .09 Jun, 2020

imran-azhar

 

 

നമ്മുടെ ഭക്ഷണശീലങ്ങള്‍ തന്നെയാണ് പലപ്പോഴും രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നത്. ദോഷകരമായ ഭക്ഷണവും ഭക്ഷണ ശീലങ്ങളും അനാരോഗ്യത്തിന് കാരണമാകും. ഒരു ദിവസത്തില്‍ മൂന്ന് പ്രധാന ഭക്ഷണമെന്നാണ് പറയുന്നത്. ഈ മൂന്ന് കണക്കില്‍ ഏറ്റവും പ്രധാനം പ്രഭാത ഭക്ഷണം തന്നെയാണ്. പിന്നെ ഉച്ചഭക്ഷണവും അത്താഴവും. ഇതില്‍ ഉച്ചഭക്ഷണത്തിന് കാര്യമായ നിയമങ്ങളില്ല. എന്നാല്‍, അര വയര്‍ അത്താഴം, കട്ടി കുറഞ്ഞ ഭക്ഷണം, നേരത്തെ കഴിക്കുക തുടങ്ങി പലതരം നിയമങ്ങളുണ്ട് അത്താഴത്തിന്. 
അത്താഴം എട്ട് മണിക്ക് മുമ്പേ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. കാരണം വൈകിക്കഴിക്കുന്ന അത്താഴം അര്‍ബുദം, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബാര്‍സിലോണ ഫോര്‍ ഗേ്‌ളാബല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. രാത്രി ഒമ്പത് മണിക്ക് ശേഷമോ അല്ലെങ്കില്‍ കിടക്കുന്നതിന് വെറും രണ്ട് മണിക്കൂര്‍ മുമ്പോ അത്താഴം കഴിക്കുന്നത് ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാദ്ധ്യത 25 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍ ഇത് ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുകയും ഇത് പുരുഷന്മാരില്‍ ടെസ്‌റ്റോാസ്റ്റിറോണ്‍, സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിക്കുന്നതിന്റെ കാരണവും ഈ ഹോര്‍മോണിന്റെ വ്യത്യാസം തന്നെയാണ്. ദഹനം ശരിയാകാത്തതിനാല്‍ രാത്രിവൈകിയുള്ള ഭക്ഷണം അസിഡിറ്റി പോലുള്ള അവസ്ഥകള്‍ക്ക് നയിച്ചേക്കാം. ഉറങ്ങുമ്പോള്‍ എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങളും പതുക്കെയാകുകയും ഇത് ദഹന പ്രക്രിയയെ ബാധിക്കുകയും ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


കിടക്കുന്നതിന് തൊട്ട് മുമ്പോ, വൈകിയോ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം ദഹിക്കാനുള്ള സമയം ലഭിക്കാതെവരികയും ഇത് ശോധനക്കുറവിനെയും, വയറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. വൈകിയുള്ള ഭക്ഷണം നല്ല ഉറക്കത്തെ പ്രതിരോധിക്കുകയും, ഇത് ദഹന പ്രശ്‌നങ്ങള്‍ക്കും വയറിന്റെ അസ്വസ്ഥത, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. തടി കൂട്ടാനും, വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണം വൈകിയുള്ള ഭക്ഷണശീലമാണ്. ആഹാരം ദഹിക്കാതെ അത് ശരീരത്തില്‍ കൊഴുപ്പായി സൂക്ഷിക്കുകയും അത് വയറും തടിയും കൂടാന്‍ കാരണമാകും. മാത്രമല്ല, വൈകിയുള്ള അത്താഴവും, ഉറക്കവും പ്രമേഹം, കൊളസ്‌ട്രോള്‍ , ശരീരത്തിന്റെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ക്ഷീണം, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും വൈകിയുള്ള ഭക്ഷണശീലം കാരണമാകാം. ആരോഗ്യസംരക്ഷണത്തിന് രാത്രി എട്ട് മണിക്ക് മുമ്പ് വലിച്ചു വാരി കഴിക്കാതെ ലഘുഭക്ഷണം ശീലമാക്കുക.