By Sooraj Surendran.19 Jul, 2021
ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ലോകത്തില്‍ എല്ലായിടത്തും നിരവധി ആരാധകരുള്ള വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. സംഗതി വിദേശിയാണെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ. എന്നാൽ ഒരു പ്ളേറ്റിന് 14928 രൂപ വിലയുള്ള ഫ്രഞ്ച് ഫ്രൈസ് നിങ്ങൾ കണ്ടിട്ടുണ്ടോ? യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള സെറീൻഡിപിറ്റി 3 എന്ന റെസ്റ്റോറന്റ് ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കി ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ്.
ക്രിയേറ്റീവ് ഡയറക്ടറും ഷെഫുമായ ജോ കാല്‍ഡറോണും എക്സിക്യൂട്ടിവ് ഷെഫ് ഫെഡറിക്ക് കിവേര്‍ട്ടും ചേര്‍ന്നാണ് വിഭവം തയ്യാറാക്കിയത്. 200 യുഎസ് ഡോളർ വിലയുള്ള ഈ വിഭവം തയ്യാറാക്കാൻ ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനഗർ എന്നിവയാണ് ചേർത്തിരിക്കുന്നത്.
ഫ്രെഞ്ച് ഫ്രൈസ് തയ്യാറാക്കാൻ ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്നുള്ള ശുദ്ധമായ കൊഴുപ്പ്, ഗ്വാറാൻഡെ ട്രഫിൽ സോൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഡോം പെരിഗൺ ഷാംപെയ്ൻ, ട്രഫിൾ ബട്ടർ എന്നിവയും അലങ്കാരത്തിനായി 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ്ണ പൊടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.
സോസിന് ജേഴ്സി പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന ഓർഗാനിക് ക്രീമാണ് ഉപയോഗിക്കുന്നത്. ഫ്രൈസ് ശുദ്ധമായ കൊഴുപ്പിലാണ് വറുത്തെടുക്കുന്നത്. ട്രഫിൽ വെണ്ണ ഉരുക്കിയാണ് ഫ്രഞ്ച് ഫ്രൈസിനൊപ്പം ലഭിക്കുന്ന മോർനെ സോസ് തയ്യാറാക്കുന്നത്. എന്തായാലും സംഗതി ഉഷാറായി.