Saturday 11 July 2020




ഉഴുന്നുവടയ്ക്ക് തൂക്കം കുറവ്; 5,000 രൂപ പിഴ ചുമത്തി

By online desk.09 Jan, 2020

imran-azhar

 

 

കോട്ടയം: ഹോട്ടലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഉഴുന്നുവടയുടെ തൂക്കത്തില്‍ 10 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 5,000 രൂപ പിഴയും ചുമത്തി. എരുമേലിയിലാണ് സംഭവം. ശബരിമല സീസണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഉഴുന്നുവടയ്ക്ക് കാര്യമായ തൂക്കക്കുറവ് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തുകയായിരുന്നു. റവന്യൂ കണ്‍ട്രോള്‍ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. അതേസമയം, സംഭവത്തില്‍ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. കൂടാതെ, പകരം വീട്ടലാണ് പിഴയീടാക്കലിന്റെ പിന്നിലെന്ന് ഹോട്ടല്‍ ഉടമ ആരോപിച്ചു. മറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടല്‍ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തില്‍ ഭക്ഷണസാധനങ്ങള്‍ നിര്‍മിക്കാനാവില്ലെന്നും പക പോക്കിയതാണെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു. സമീപത്തെ ദേവസ്വം ബോര്‍ഡിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റില്‍ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥര്‍ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കലിന്റെ പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമ പല തവണ പരാതികള്‍ നല്‍കിയിരുന്നു. പരാതികളില്‍ കര്‍ക്കശ നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചും പരാതി നല്‍കിയിരുന്നു. ഈ പരാതിയാണ് ഇപ്പോള്‍ പിഴയില്‍ കലാശിച്ചത് എന്നാണ് ഹോട്ടല്‍ ഉടമയുടെ ആരോപണം.