Monday 25 October 2021




ചിക്കൻപെരട്ടും പൊറോട്ടയു‌ം പിന്നെ ബീഫ് കറിയും

By Arunima.13 Jan, 2021

imran-azhar

 

 

തിരുവനന്തപുരം : പണിയെടുത്ത് ക്ഷീണിച്ച് മടങ്ങുമ്പോൾ വീരപ്പന്റെ കടയിലെ ഭക്ഷണം, അത് നിർബന്ധമാണ്. ഒരാളുടെയല്ല എല്ലാവരുടെയും അവസ്ഥ ഇതാണ്. എരിവിനൊട്ടും കുറവില്ലാത്ത ചിക്കൻപെരട്ടും പൊറോട്ടയും പിന്നെ ബീഫ് കറിയും മിതമായ വിലയിൽ കിട്ടുന്ന കടകളിലൊന്നാണ് മാണിക്കവിളാകത്തെ വീരപ്പന്റെ തട്ടുകട. 1984 ലാണ് ഈ കട തുടങ്ങുന്നത്. ഇപ്പോഴത്തെ കടയുടമയായ മാഹിന്റെ അച്ഛൻ തുടങ്ങിയ ചെറിയ ഹോട്ടലാണ് പിന്നിട് വീരപ്പന്റെ തട്ടുകടയായി വളർന്നത്.വീരപ്പനെപ്പോലെ മീശ ചുരുട്ടി നടന്ന മനുഷ്യന് വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ ഒരു ഓമനപ്പേര് നൽകി അതാണ് വീരപ്പൻ.

 

കോവിഡ്കാലത്തു പോലും പാർസലായി ഭക്ഷണം തേടിയെത്തുന്നവർ നിരവധിയാണിവിടെ. കടയിലെത്തുന്നവരോടെ എങ്ങനെയുണ്ട് ഭക്ഷണമെന്ന് ചോദിച്ചാൽ ഒരൊറ്റ മറുപടിയേയുള്ളൂ - അടിപൊളി. വൈകുന്നേരം 3 മണി മുതലാണ് ആളുകൾ ഇവിടേക്ക് തുടങ്ങുക. 8 മണി ആയാൽ പിന്നെ മാഹിനും കൂട്ടർക്കും വിശ്രമം കിട്ടില്ല.ബീമാപ്പള്ളി, മാണിക്യവിളാകം, പൂന്തുറ എന്നിവിടങ്ങളിലുള്ളവർ മാത്രമല്ല പുറത്തുനിന്ന് ഉള്ളവരും ഇവിടത്തെ രുചി തേടി എത്തുന്നുണ്ട്. ഇവിടുത്തെ ഭക്ഷണത്തിന്റെ രുചി പിടിച്ചവർ വേറെയും.

 

 

ഉത്സവ സീസണാകുന്നതോടെ ഇപ്പോഴുള്ളതിനെക്കാൾ തിരക്കാകും ഇവിടെ. നാടൻ മസാല, ഇഞ്ചി, പച്ചമുളക്,വെളുത്തുള്ളി. ഉണക്ക് മുളക്, പട്ട , ഗ്രാമ്പൂ , ഏലയ്ക്ക,മല്ലിയില , പുതിനയില ,പെരുജീരകം എന്നിവ ചേർത്ത് തയ്യാറാക്കുന്ന മസാലകൂട്ടാണ് ചിക്കൻ പെരട്ടിയതിനെ ഇത്ര രുചികരമാക്കുന്നത്. പൊറോട്ടയും ചിക്കൻപെരട്ടും മാത്രമല്ല ചീരട്ട പുട്ട്, ദോശ, ഇടിയപ്പം, ചപ്പാത്തി, ഓംലറ്റ് എന്നിവയാണ് ഇവിടത്തെ സ്പെഷ്യൽ. സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയാണ് ഇവിടത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നത്.