Wednesday 07 December 2022




കൂട്ടം തെറ്റിയ കൂട്ടുകാരനെ ചേർത്ത് പിടിച്ച് പെൻഗ്വിൻ; വീഡിയോ വൈറൽ

By santhisenanhs.28 Sep, 2022

imran-azhar

 

വന്യ ജീവികളുടെ നിരവധി കൗതുകമുണർത്തുന്ന ദൃശ്യങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. മനുഷ്യനെപോലെ സഹജീവികളോട് ഇടപെടാനും സംവദിക്കാനുമുള്ള അവയുടെ കഴിവ് നമ്മെ പലപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്.

 

പെൻഗ്വിനുകൾക്കിടയിലുമുണ്ട് അത്തരം ചില കൗതുകമുണർത്തുന്ന പെരുമാറ്റ രീതികൾ. സംഘം ചേർന്നാണ് ഇവയുടെ യാത്രകൾ, ഇങ്ങനെയുള്ള രണ്ട് സംഘം പെൻഗ്വിനുകൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ അവ ആശയവിനിമയം നടത്താറുണ്ട്.

 

അത്തരത്തിൽ ഒരു ദൃശ്യമാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ നിറയുന്നത്. പത്തിലധികം പെൻഗ്വിനുകൾ ഉൾപ്പെട്ട ഒരു ചെറു സംഘം നടന്നു നീങ്ങുന്നതാണ് വിഡിയോയുടെ തുടക്കം.

 

എന്നാൽ അല്പം മുൻപോട്ട് ചെല്ലുമ്പോൾ താരതമ്യേന കുറഞ്ഞ എണ്ണമുള്ള മറ്റൊരു കൂട്ടം എതിർഭാഗത്തുനിന്നും വരുന്നത് കാണാം. ഇരു കൂട്ടവും ഒരേ സ്ഥലത്തെത്തിയപ്പോൾ അല്പസമയം നിന്നു. ഏതാനും നിമിഷങ്ങൾ ആശയവിനിമയം നടത്തിയ ശേഷം രണ്ടുകൂട്ടമായി തന്നെ എതിർ ദിശകളിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ കുറഞ്ഞ എണ്ണമുള്ള കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പെൻഗ്വിന് ഇതിനിടെ കൂട്ടം തെറ്റിപ്പോയി.

 

രണ്ടു സംഘവും ദൂരേക്ക് നീങ്ങിയശേഷമാണ് കൂട്ടുകാരിൽ ഒരാൾ ഒപ്പമില്ലെന്ന് ഒരു പെൻഗ്വിന് മനസ്സിലായത്. പിന്നെ ഒട്ടും വൈകിയില്ല. നേരെ പിന്നിലേക്ക് ഓടി കൂട്ടംതെറ്റി പോയ പെൻഗ്വിനെ വിളിച്ചു വരുത്തുകയാണ് കക്ഷി. അബദ്ധം മനസ്സിലായ പെൻഗ്വിൻ സുഹൃത്തിനൊപ്പം തിരികെ നടന്ന് തന്റെ കൂട്ടത്തിൽ തന്നെ ചേരുകയും ചെയ്യുന്നുണ്ട്.

 

26 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിപോകുമ്പോൾ ഒപ്പം ചേർത്ത് പിടിക്കാൻ ഈ പെൻഗ്വിനെ പോലെ ഒരു സുഹൃത്ത് ഉണ്ടെങ്കിൽ ജീവിതം മനോഹരമാവും എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്.