By Rajesh Kumar.22 Feb, 2021
പശു ഒരു രാഷ്ട്രീയ വിഷയമാകുമെന്ന് പശു പോലും ചിന്തിച്ചിട്ടുണ്ടാവില്ല. എത്രയോ മനുഷ്യരാണ് പശുവിന്റെ പേരില്‍ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടവരും ഉണ്ട്.
പുതിയ വാര്‍ത്ത കേട്ടില്ലേ. കാമധേനു പരീക്ഷ മാറ്റിവച്ചത്രേ! കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗാണ് നാടന്‍ പശുയിനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ പരീക്ഷ നടത്തുന്നത്.
'കാമധേനു ഗായ് വിജ്ഞാന് പ്രചാര്‍ പ്രസാര്‍ എക്സാം' എന്ന പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന യു.ജി.സി. സെക്രട്ടറിയുടെ നിര്‍ദേശം നേരത്തെ വിവാദമായിരുന്നു.
പശു പരീക്ഷക്കായി ഒമ്പത് ഭാഷകളില്‍ തയ്യാറാക്കിയ റഫറന്‍സ് രേഖ അബദ്ധപഞ്ചാംഗമാണ്.
പശുക്കളെ കൊന്നാല്‍ ഭൂകമ്പമുണ്ടാകുമെന്ന് ഗോവധവും ഭൂമികുലുക്കവുമെന്ന തലക്കെട്ടിനുതാഴെ പറയുന്നത്.
ഊര്ജശാസ്ത്രജ്ഞന്മാരായ എം.എം. ബജാജു, ഇബ്രാഹീം, വിജയരാജ് സിങ് എന്നിവര്‍ ഇതിന് തെളിവുകള്‍ കണ്ടെത്തിയത്രേ.
അനിയന്ത്രിത കശാപ്പും ഭൂമികുലുക്കവും തമ്മില്‍ ബന്ധമുണ്ട്. പശുക്കള്‍ കൊല്ലപ്പെടുന്ന സമയത്ത് ശരീരത്തില്‍നിന്ന് പ്രവഹിക്കുന്ന നെഗറ്റീവ് ഊര്‍ജതരംഗങ്ങള്‍ ഭൗമാന്തരീക്ഷത്തിന് മാറ്റം വരുത്തി ഭൂമികുലുക്കത്തിലേക്ക് നയിക്കുന്നുവെന്ന അതിഭയങ്കര കണ്ടെത്തലും റഫറന്‍സ് രേഖ പങ്കുവയ്ക്കുന്നു.
തീര്‍ന്നില്ല, ഗോമൂത്രം കുഷ്ഠരോഗത്തിന് നല്ലതാണത്രേ! ചാണകം താഴെ വീഴും മുമ്പുതന്നെ കിട്ടിയാല്‍ അതിന്റെ ഊര്‍ജം വളരെ വലുതായിരിക്കുമെന്ന പുതിയ അറിവും റഫറന്‍സ് രേഖയിലുണ്ട്.
നാടന്‍, വിദേശ പശുക്കള്‍ തമ്മിലുള്ള മുപ്പതോളം വ്യത്യാസങ്ങളാണ് പഠനരേഖയില്‍ പറയുന്നത്.
നാടന്‍ പശുക്കളുടെ പൂഞ്ഞയില്‍ ഒരു സൂര്യനാഡി ഉണ്ടത്രേ. പൂഞ്ഞയിലുള്ള ഈ സൂര്യനാഡിയാണ് സൂര്യപ്രകാശത്തില്‍നിന്ന് വിറ്റമിന്‍-ഡി ആഗിരണം ചെയ്ത് പാലിലേക്ക് നല്‍കുന്നത്. വിദേശ പശുക്കള്‍ക്ക് സൂര്യനാഡിയില്ല. അതുകൊണ്ടാണ് ഇന്ത്യന്‍ പശുക്കളുടെ പാലില്‍ മാത്രം വിറ്റമിന്‍-ഡി കാണുന്നതന്ന അറിവും പങ്കുവയ്ക്കുന്നു.
സത്യം പറയാമല്ലോ, ഈ പശുസ്നേഹികള്ക്ക് കേരളത്തെ പണ്ടേ ഇഷ്ടല്ല. അതുകൊണ്ടാവണം മലയാളത്തിലുള്ള റഫറന്‍സ് രേഖ നിരയെ അക്ഷരത്തെറ്റുകളാണ്. രാഷ്ട്രീയ കാമധേനു ആയോഗ് എന്നതിനുപകരം ഒരിടത്ത് തലക്കെട്ട് നല്‍കിയിരിക്കുന്നത് രാഷ്ട്രീയ 'കറവധേനു' ആയോഗ് എന്നാണ്. എന്തരോ എന്തോ...