Friday 05 March 2021




അന്റാര്‍ട്ടിക്കയില്‍ കളഞ്ഞുപോയ പഴ്‌സ്

By online desk .16 Feb, 2021

imran-azhar

 

 

കളഞ്ഞുപോകുന്ന വിലപ്പെട്ട വസ്തുക്കള്‍ തിരികെ കിട്ടുന്നത് ഏവര്‍ക്കും ഏറെ സന്തോഷകരമാണ്. എന്നാല്‍, 53 വര്‍ഷം മുമ്പ് അന്റാര്‍ട്ടിക്കയില്‍ കളഞ്ഞുപോയൊരു പേഴ്‌സ് ഉടമയെ തേടി തിരികെ എത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ? പക്ഷേ അങ്ങനെ സംഭവിച്ചു. നേവി ഉദ്യോഗസ്ഥനായിരുന്ന പോള്‍ ഗ്രിഷമിനാണ് നഷ്ടപ്പെട്ട പഴ്‌സ് തിരികെക്കിട്ടിയത്. 1968 -ല്‍ അന്റാര്‍ട്ടിക്കയില്‍ വച്ചാണ് പോളിന് പഴ്‌സ് നഷ്ടമായത്. കളഞ്ഞുപോയ പേഴ്‌സില്‍ പോളിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം ഉണ്ടായിരുന്നു. ആ തിരിച്ചറിയല്‍ കാര്‍ഡിലെ ചെറുപ്പകാലത്തെ ചിത്രം നോക്കി ആശ്ചര്യപ്പെടുകയാണ് അദ്ദേഹമിപ്പോള്‍. പഴ്‌സ് തിരിച്ച് കിട്ടിയതോടെ ആ കൊടും തണുപ്പില്‍ അന്റാര്‍ട്ടിക്കയില്‍ കഴിഞ്ഞ നാളുകളെ കുറിച്ചോര്‍ക്കുകയാണ് പോള്‍.

 

 


ഇപ്പോള്‍ 91 വയസായി പോളിന്. 2014 -ല്‍ മക്മുര്‍ഡോ സ്റ്റേഷനിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് അവിടെ ലോക്കറിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്തിയത്. പോളിനെ കണ്ടെത്തുന്നതിന് മൂന്നുപേരടങ്ങുന്ന ഒരു സംഘം - യുഎസിന്റെ ന്യൂ ഹാംഷെയറില്‍ നിന്നുള്ള സ്റ്റീഫന്‍ ഡെക്കാറ്റോ, മകള്‍ സാറാ ലിന്‍ഡ്ബര്‍ഗ്, ഇന്ത്യാന സ്പിരിറ്റ് '45 എന്‍ജിഒയുടെ ബ്രൂസ് മക്കീ എന്നിവര്‍ ശ്രമിച്ചു. ഡെക്കാറ്റോ പണ്ട് അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്തുന്ന ഒരു ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍ ബോസ് ജോര്‍ജ്ജ് ബ്ലെയ്‌സ്‌ഡെലിന് അദ്ദേഹം പഴ്‌സ് എത്തിച്ചു. പിന്നീട്, ഡെക്കാറ്റോയുടെ മകള്‍ നേവല്‍ വെതര്‍ സര്‍വീസ് അസോസിയേഷന്‍ വഴി പോളിനെ കണ്ടെത്തുകയായിരുന്നു.

 

 


മക്മുര്‍ഡോ സ്റ്റേഷനിലാണ് 1967 മുതല്‍ 1968 വരെ പോള്‍ താമസിച്ചിരുന്നത്. 13 മാസക്കാലം അന്റാര്‍ട്ടിക്കയിലെ തണുപ്പില്‍ ചെലവഴിച്ച ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു പോളിന്റെ പഴ്‌സ് തിരികെ കിട്ടിയ നിമിഷം. പേഴ്‌സിനകത്ത് 21 പഞ്ച് ശേഷിക്കുന്ന ഒരു ബിയര്‍ റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വെഹിക്കിള്‍ ഓപ്പറേറ്റേഴ്‌സ് ലൈസന്‍സ്, ന്യൂക്ലിയര്‍-കെമിക്കല്‍ അല്ലെങ്കില്‍ ബയോളജിക്കല്‍ ആക്രമണമുണ്ടായാല്‍ എങ്ങനെ നേരിടാമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കാര്‍ഡ്, കഹ്‌ലുവ മദ്യം എങ്ങനെയുണ്ടാക്കാമെന്നതിന്റെ റെസിപ്പി എന്നിവയാണുണ്ടായിരുന്നത്.

 

 


അതാരും ഉപയോഗിച്ചിരുന്നില്ല എന്നതില്‍ ദൈവത്തിന് നന്ദിയുണ്ട് എന്ന് പോള്‍ പറയുന്നു. ശീതയുദ്ധകാലത്താണ് പോളിന് പഴ്‌സ് നഷ്ടപ്പെടുന്നത്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണ് പഴ്‌സ് നഷ്ടപ്പെടുന്നത് എന്നതിനാല്‍ അതില്‍ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകളും ഉണ്ടായിരുന്നു. അന്റാര്‍ട്ടിക്കയിലെ വേനല്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ തിരക്കിലായിരുന്നു അന്ന് നേവി കാലാവസ്ഥാ നിരീക്ഷകനായിരുന്ന പോള്‍. കാലാവസ്ഥ നിരീക്ഷിക്കുക, വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കുമായി ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും വസ്തുക്കളുമെല്ലാം വിതരണം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുക എന്നീ തിരക്കിലായിരുന്നു അദ്ദേഹം.

 

 


അന്ന് അവിടെ കൊടും തണുപ്പായിരുന്നു. മാസങ്ങളോളം അവിടെ എങ്ങനെ അതിജീവിച്ചുവെന്ന് അവിടം കണ്ടിട്ടില്ലാത്ത ഒരാളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുക എളുപ്പമല്ല എന്നും പോള്‍ പറയുന്നു. ഒരു സോഡ പുറത്ത് വച്ചാല്‍ 14 മിനിറ്റിനുള്ളില്‍ മരവിച്ച് പൊട്ടിത്തെറിക്കുന്നത്രയും തണുപ്പായിരുന്നു അവിടെയെന്നും പോള്‍ പറയുന്നു. 180 ആണുങ്ങളാണ് അവിടെയന്നുണ്ടായിരുന്നത്.

 

 

സമയം കിട്ടുമ്പോഴെല്ലാം കളിക്കുമായിരുന്നു. പോക്കര്‍ കളിക്കുമ്പോഴെല്ലാം വിജയിക്കുന്നത് പോളായിരുന്നു. ആ തുക ഭാര്യയ്ക്കും മക്കള്‍ക്കും അയച്ചതിന്റെ രസീതുകളും പേഴ്‌സിലുണ്ടായിരുന്നു. പലപ്പോഴും പുറത്തിറങ്ങാനാവാത്ത തണുപ്പായിരുന്നു. എങ്കിലും പുറത്ത് പോകാന്‍ കഴിയുമ്പോഴെല്ലാം പോകുമായിരുന്നു. പര്‍വതാരോഹകനായിരുന്ന സര്‍ എഡ്മണ്ട് ഹിലാരിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പോള്‍ ഓര്‍ക്കുന്നുണ്ട്ഏതായാലും അവിടെനിന്നും മാറിയശേഷം അദ്ദേഹം കാലിഫോര്‍ണിയയിലേക്ക് പോയി. പിന്നീട് വിയറ്റ്‌നാമിലേക്കും. 1977 -ല്‍ 25 വര്‍ഷത്തെ സേവനത്തിനുശേഷം പോള്‍ വിരമിച്ചു.