By aswany.09 Feb, 2021
ലണ്ടന്‍ : പതിനാല് മാസം പ്രായമായ ഒരു പശു വിറ്റുപോയത് 2.61 കോടി രൂപയ്ക്ക്. കേട്ട് ഞെട്ടണ്ട. ഇംഗ്ലണ്ടിലെ ഷ്രോപ്ഷൈര്‍ മേഖലയിലെ ഒരു ഫാമില്‍ വളര്‍ന്ന 'പോഷ് സ്പൈസ്' എന്ന പശുവാണ് ലോകറെക്കോഡുകള്‍ തകര്‍ത്ത ലേലത്തുകയില്‍ വിറ്റുപോയത്. 2,62,000 പൗണ്ട് (ഏകദേശം 2.61കോടി) രൂപയാണ് പശുവിന് വിലയായി ലഭിച്ചത്. ഇതിന് മുമ്പ് റെക്കോഡ് കുറിച്ച പശുവിന് ലഭിച്ച വിലയുടെ ഇരട്ടിയിലധികം തുകയാണ് പോഷിന് ലഭിച്ചിരിക്കുന്നത്.
2014 ല്‍ ഏകദേശം 1.31കോടി രൂപയ്ക്ക് വിറ്റുപോയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ തുക. ഈ റെക്കോഡ് തകര്‍ക്കുക മാത്രമല്ല യുകെയിലും യൂറോപ്പിലെയും ഏറ്റവും വിലകൂടിയ കന്നുകാലി എന്ന റെക്കോഡ് കൂടി കുറിച്ചിരിക്കുകയാണ് പോഷ് സ്പൈസ്. പോഷ് സ്പൈസിന്റെ അമ്മ 'മില്‍ബ്രൂക്ക് ജിഞ്ചര്സ്പൈസും നിസാരക്കാരിയല്ല. ബല്‍മോറല്‍ ഷോയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച പരമോന്നത ചാമ്പ്യനാണ് ജിഞ്ചര്‍ സ്പൈസ്.
പെഡിഗ്രീ' ഇനത്തില്‍പ്പെട്ട കന്നുകാലിയാണ് 'വിലോഡ്ജ് പോഷ് സ്പൈസ്' എന്ന പോഷ് സ്പൈസ്. ലോകപ്രശസ്ത പോപ്പ് ബാന്‍ഡായിരുന്ന സ്പൈസ് ഗേള്‍സിലെ താരം വിക്ടോറിയ ബെക്കാം അറിയപ്പെട്ടിരുന്നത് പോഷ് സ്പൈസ് എന്നായിരുന്നു. ഈ പേരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉടമകള്‍ തങ്ങളുടെ പശുവിന് പോഷ് സ്പൈസ് എന്ന പേര് നല്‍കിയത്