Thursday 24 August 2017

ബ്ലൂവെയില്‍ ഗെയിമിന് മലയാളികളുടെ ട്രോള്‍മഴ

By Anju N P.09 Aug, 2017

imran-azhar

 


കൊലയാളി ഗെയിം എന്ന് വിളിപ്പേരുള്ള ബ്ലൂവെയില്‍ ഗെയിമിന് മലയാളികളുടെ ട്രോള്‍മഴ. 200ലേറെ കൗമാരക്കാരുടെ ജീവനെടുത്ത ഈ കൊലയാളി ഗെയിം മലയാളികള്‍ക്ക് മുന്നില്‍ ഒന്നുമല്ലെന്ന് കളിയാക്കുകയാണ് ട്രോളര്‍മാര്‍.


കേരളത്തിലും നിരവധി ആളുകള്‍ ബ്ലുവെയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും അത് ഉപയോഗിക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിഷയത്തെ ട്രോളര്‍മാര്‍ ഏറ്റെടുത്തത്. വിഷയം അതീവ ഗുരുതരമായതാണെങ്കിലും സംഭവത്തെ കണക്കിന് ട്രോളിയിരിക്കുകയാണ് മലയാളികള്‍.

 

മുംബൈയില്‍ ഒരു പതിന്നാലുകാരന്‍ ഒരു കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തത് ഈ ഗെയിം കളിച്ചതിന്റെ ഫലമാണെന്ന സംശയം ഉയരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങളിലാണ് ഇന്ത്യയിലും നിരവധി ആളുകള്‍ ഈ ഗെയിമിന് അടിമയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

 

കൗമാരക്കാരായ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുക എന്നതാണ് ഈ ഗെയിമിന്റെ പ്രധാന ലക്ഷ്യം. ആപ്പ്സ്റ്റോറുകള്‍ വഴി ലഭ്യമല്ലാത്ത ബ്ലൂവെയില്‍ ഗെയിം ഓണ്‍ലൈന്‍ ലിങ്കുകള്‍ വഴിയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

 

അദൃശ്യനായ അഡ്മിനിസ്ട്രേറ്റര്‍ തരുന്ന ജോലികള്‍ ക്രമത്തില്‍ ചെയ്യുക വഴി കുട്ടികള്‍ അപകടത്തില്‍ എത്തിപ്പെടുന്നു. അഡ്മിനിസ്ട്രേറ്റര്‍ എല്ലാ ജോലികളും ഒന്നിച്ചുതരില്ല. ഓരോരോ ജോലികളായിട്ടാണ് തരുന്നത്. കിട്ടുന്ന ഓരോ ജോലിയും ചെയ്തുതീര്‍ത്ത് ഫോട്ടോയും വീഡിയോയും എടുത്ത് അഡ്മിനിസ്ട്രേറ്റര്‍ക്ക് എത്തിച്ചുകൊടുക്കണം.

 

മനസ്സിനെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ നല്ല വാക്കുകളും പ്രോത്സാഹനവും കുട്ടികള്‍ക്ക് കിട്ടുന്നു. ആയതിനാല്‍ മിക്ക കുട്ടികളും അടുത്ത ജോലിയും ചെയ്യാന്‍ സന്നദ്ധത കാണിക്കും. അമ്പത് ഘട്ടങ്ങളുള്ള ഗെയിമില്‍ പലഘട്ടങ്ങളിലും അപകടകരമായ ടാസ്‌കുകളാണ് അഡ്മിനിസ്ട്രേറ്റര്‍ നല്‍കുക. ഇത് പലപ്പോഴും കളിക്കാരുടെ മരണത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും കേരളത്തിലും ബ്ലൂവെയില്‍ ഗെയിമിന്റെ സാന്നിദ്യമുണ്ടെന്ന് അറിഞ്ഞ മലയാളി ട്രോളര്‍മാര്‍ സംഭവത്തെ നന്നായി പരിഹസിച്ചിട്ടുണ്ട്.