By Sooraj Surendran.21 Apr, 2020
ഈ ലോക്ക്ഡൗൺ കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വളരെ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് 'ഉഴുന്നുവട'. വൈകിട്ട് ഒരു ചൂട് ചായയും, ഒരു ഉഴുന്നുവടയും കിട്ടിയാൽ മലയാളികൾക്ക് എന്തെന്നില്ലാത്ത ഉഷാറാണ്. എന്നാൽ ഒരു മലയാളി തന്നെ ഉഴുന്നുവടയെ അറിയില്ലെന്ന് പറഞ്ഞാൽ മറ്റ് മലയാളികളുടെ പ്രതികരണം എന്തായിരിക്കും. അമേരിക്കൻ മലയാളിയായ ജോസ് ആണ് ഇത്തരത്തിൽ തമാശ കാട്ടി സൈബർ ആക്രമണത്തിന് ഇരയായത്. "ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്. ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയതെന്നും നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്" ജോസ് വീഡിയോയിലൂടെ പറയുന്നു.
സംഭവം വൈറലായതോടെ ഇയാൾക്കെതിരെ തെറിയഭിഷേകവും ആരംഭിച്ചു. ഇതോടെ സംഭവത്തെ കുറിച്ച് വിശദീകരണവുമായി ജോസ് തന്നെ രംഗത്തെത്തി. സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്തതാണിതെന്നും, പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കണ്ട് ഇനി അന്റാർട്ടിക്കയിൽ നിന്ന് മാത്രമേ തെറിവിളി കേൾക്കാനുള്ളുവെന്നും ജോസ് പറയുന്നു.