Saturday 30 May 2020
തിരക്കഥയുമായി മമ്മൂട്ടിയ്ക്കായി കാത്തിരുന്നത് നാലു വര്‍ഷങ്ങള്‍.... പരോള്‍ വിശേഷങ്ങളുമായി അജിത് പൂജപ്പുര

By Farsana Jaleel.05 Apr, 2018

imran-azhar

ആരാധകര്‍ ഏറെ നാളായി അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തിലെ 200ല്‍ പരം തിയേറ്ററുകളിലാണ് പരോള്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നത്. പരോള്‍ തിരക്കഥയുമായി നാലു വര്‍ഷമാണ് തിരക്കഥാകൃത്ത് മമ്മൂട്ടിയ്ക്കായി കാത്തിരുന്നത്. തിരക്കഥാകൃത്ത് അജിത് പൂജപ്പുര വെള്ളിനക്ഷത്രം ഓണ്‍ലൈനിനോട് പരോള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

 

പരോള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കാമോ?

 

യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ചെയ്യുന്നൊരു ചിത്രമാണ് പരോള്‍. നല്ലൊരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായിരിക്കും. മമ്മൂക്കയുടെ നല്ലൊരു കുടുംബ ചിത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ എത്തുന്നത്. സംവിധായകന്‍ ശരത്ത് സന്ദിത്താണ്. പുള്ളി മമ്മൂക്കയുടെ ഹിറ്റ് പരസ്യങ്ങള്‍ ചെയ്ത വ്യക്തി കൂടിയാണ്. യാത്ര എന്ന സിനിമ ഷൂട്ട് ചെയ്ത അതേ ജയിലിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പരോളിലൂടെ വീണ്ടും ആ ജയിലിലെത്തുന്നു. നാല് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. റഫീക്ക് അഹ്മദിന്റെ വരികള്‍ക്ക് ശരത്താണ് സംഗീതം.

 

മമ്മൂക്കയോടൊപ്പമുള്ള അനുഭവം?

 

മമ്മൂക്കയോടൊപ്പമുള്ള അനുഭവം എന്നെ വളരെ അദ്ഭുതപ്പെടുത്തി. പുതുമുഖങ്ങളെ ഇത്രയും സപ്പോര്‍ട്ട് ചെയ്യുന്നൊരു നടന്‍ വേറെ ഉണ്ടോന്ന് എനിക്കറിയില്ല. മലയാളത്തില്‍ എന്തായാലും ഇല്ലെന്ന് തോന്നുന്നു. ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് എന്നെ. ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 40 വര്‍ഷം കൊണ്ട് സിനിമയില്‍ അഭിനയിക്കുന്ന മനുഷ്യന്റെ അനുഭവങ്ങളും മറ്റും വളരെ വലുതായിരുന്നു എന്നെ സംബന്ധിച്ച്.

 

കൂടുതലും ജയില്‍ സീക്വന്‍സുകളാണോ?

 

ഇല്ലില്ല, ജയില്‍ സീക്വന്‍സുകള്‍ മാത്രമല്ല... 

 

മമ്മൂട്ടിയുടേതായ ജയില്‍ ചിത്രങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിരുന്നു. അതില്‍ നിന്നെല്ലാം പരോള്‍ എത്രത്തോളം വ്യത്യസ്തത പുലര്‍ത്തുന്നു?

 

വ്യത്യസ്തമായൊരു ജയില്‍ പശ്ചാത്തലം പരോളില്‍ കാണാനാകും. മമ്മൂട്ടിയുടേത് ഉള്‍പ്പെടെയുള്ള പഴയ കാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവമാകും ഈ ചിത്രത്തില്‍ നിങ്ങള്‍ക്ക് കാണാനാകുക. കാരണം പരസ്യ സംവിധായകന്‍ കൂടിയായത് കൊണ്ട് അതിന്റെയൊരു വ്യത്യസ്ത ഈ ചിത്രത്തില്‍ കാണാനാകും.

 

പരോള്‍ നല്‍കുന്ന മെസേജ്?

 

മെസേജ് ഇപ്പോള്‍ പറയാനാകില്ല. സാധാരണ ഒരു സിനിമ കണ്ടിറങ്ങുന്ന ഒരു ഫീല്‍ ആയിരിക്കില്ല ഈ ചിത്രം കാണുമ്പോഴും കണ്ടിറങ്ങുമ്പോഴും. സിനിമ കണ്ടിട്ട് ഏതെങ്കിലും സീന്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നുണ്ടെങ്കില്‍ അതാകും ഞങ്ങളുടെ വിജയം. പരോളിലെ ഓരോ നിമിഷവും അഭിനയ മുഹൂര്‍ത്തങ്ങളാണ്.

 

പരോള്‍ നായികമാര്‍?

 

മിയ, ഇനിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്... മമ്മൂട്ടിയുടെ നായികയായി ഇനിയയും സഹോദരിയായി മിയയും എത്തുന്നു.

 

പരോള്‍ തിരക്കഥയെ കുറിച്ച്?

 

നാല് വര്‍ഷത്തോളം ഞാനീ സബ്ജക്ടുമായി മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരുന്നു. അറിയാവുന്നവരുടെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില കാര്യങ്ങളാണ് കഥ. ഇതിലെ മമ്മൂക്കയുടെ കഥാപാത്രം മറ്റൊരാളില്‍ ചെയ്താല്‍ നന്നാവില്ലെന്ന് തോന്നിയത് കൊണ്ട് നാലു വര്‍ഷം മമ്മൂക്കയ്ക്കായി കാത്തിരുന്നത്. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഈ കഥാപാത്രം മമ്മൂക്കയില്‍ എത്തിക്കാന്‍ നാളിത്രയും കാത്തിരുന്നത് അനിവാര്യമെന്ന് തോന്നി. കാരണം മറ്റൊരാള്‍ക്കും ഈയൊരു കഥാപാത്രം ചെയ്ത് ഫലിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് മമ്മൂക്കയ്ക്കായി കാത്തിരുന്നതും.

 

മമ്മൂക്കയിലേയ്ക്ക് എത്തിയത് എങ്ങനെയാണ്?

 

നിര്‍മ്മാതാവ് എന്റെയൊരു സുഹൃത്താണ്. ഞാനീ കഥ അവരോട് പറയുകയും അവരത് സംവിധായകന്‍ ശരത്തുമായി ബന്ധപ്പെടുകയും ശരത്തിനെ ഞാന്‍ കാണുകയും ചെയ്തു. ശരത്തിന്റേത് സത്യത്തിലൊരു നാടന്‍ കഥയാണ്. ശരത്തിന് ഈ കഥ കേട്ടപ്പോള്‍ വല്ലാതെ ഫീല്‍ ചെയ്തു. അത്രയ്ക്ക് ഇമോഷണല്‍ ഇതിനകത്തുണ്ടെന്നുള്ളതാണ് പുള്ളിയ്ക്ക് ഇഷ്ടപ്പെട്ട ഇതിലെ പ്രധാന ഘടകം. അതുകൊണ്ട് തന്നെ പുള്ളി ഇത് ചെയ്യാമെന്നേറ്റു. അങ്ങനെ പുള്ളിയാണ് മമ്മൂക്കയിലേയ്ക്ക് കഥയെത്തിക്കുന്നത്.

 

സംവിധായകന്‍ ആകുന്നത്?

 

ഷോര്‍ട്ട് ഫിലിം-ഡോക്യുമെന്ററി ആയിരുന്നു എന്റെ മേഖല. നിര്‍മ്മാതാവ് സുരേഷ് നായര്‍ സാറാണ് എന്നെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത്.

 

സംവിധായകനില്‍ നിന്നും തിരക്കഥാകൃത്താകുന്നത് എങ്ങനെയാണ്?

 

ഞാന്‍ ആദ്യം ചെയ്ത ചിത്രവും നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയൊരു ചിത്രമാണ്. ശരത് എന്ന സംവിധായകനിലേയ്ക്ക് വരുമ്പോള്‍ ഞാന്‍ കൊടുത്ത എന്റെ തിരക്കഥയുടെ പത്തു മടങ്ങ് ഭംഗിയാണ് ഷൂട്ടിംഗിന് വന്നപ്പോള്‍ എനിക്ക് കിട്ടിയത്. അതില്‍ ഞാന്‍ വളരെ തൃപ്തനാണ്. സംവിധായകനില്‍ നിന്നും എഴുത്തുകാരനായി മാറിയപ്പോള്‍ പൂര്‍ണ്ണമായും ഒരു എഴുത്തുകാരന്റെ തന്നെ അനുഭവമാണ്. അതില്‍ ഞാന്‍ പൂര്‍ണ്ണമായും തൃപ്തനാണ്.

 

ഇനിയൊരു പുതിയ സിനിമ ഉണ്ടാകുമ്പോള്‍ അജിത്ത് പൂജപ്പുരയുടെ പേരിനൊപ്പം സ്‌ക്രീനില്‍ തെളിയുന്നത് സംവിധായകന്‍ എന്നാകുമോ അതോ തിരക്കഥാകൃത്ത് എന്നാകുമോ?

 

എനിക്ക് കൂടുതലും തിരക്കഥാകൃത്തിനോടാണ് താത്പര്യം. കാരണം കുറച്ചുകൂടി ആഴത്തിലേയ്ക്ക് ഇറങ്ങിചെല്ലാന്‍ കഴിയും. സംവിധായകന്‍ ആകുമ്പോഴേയ്ക്കും രണ്ടുകാര്യം ചിന്തിക്കേണ്ടിവരും. എഴുത്തും സംവിധാനവും ഒരുപോലെ ശ്രദ്ധിക്കേണ്ടിവരും. തിരക്കഥയാകുമ്പോള്‍ ഒരു മേഖലയില്‍ മാത്രം നന്നായി ശ്രദ്ധിച്ചാല്‍ മതി. അടുത്ത ഒന്ന് രണ്ട് സിനിമയില്‍ തിരക്കഥാകൃത്ത് തന്നെയാകും.