Friday 22 June 2018

നമ്മുടെ മേരി അവരുടെ നാഗവല്ലി.....

By Dipin Mananthavady.01 Feb, 2017

imran-azhar

 
 

  പ്രേമത്തിലൂടെ പ്രസിദ്ധയായ അനുപമ പരമേശ്വരന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ വിശേഷങ്ങളിലെ രണ്ടുനായികമാരില്‍ ഒരാളായ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തെലുങ്കരുടെ പ്രിയതാരമാണ്. പുതിയ സിനിമാ വിശേഷങ്ങള്‍ വെള്ളിനക്ഷത്രം വായനക്കാരുമായി അനുപമ പങ്കുവയ്ക്കുന്നു:

 


അപ്രതീക്ഷിതഭാഗ്യം


സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയില്‍ ഒരു പ്രധാന വേഷം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. പ്രേമത്തിന്റെ തെലുങ്കു പതിപ്പിന്റെ ചിത്രീകരണത്തിന് ഗോവയിലായിരുന്ന സമയത്താണ് സത്യന്‍ സാറിന്റെ പുതിയ ചിത്രത്തില്‍ അവസരം ഉണ്ടായേക്കുമെന്ന സൂചനയുമായി ഫോണ്‍ കോള്‍ വരുന്നത്. കുറച്ചുനാളുകള്‍ക്ക് ശേഷം സത്യന്‍ സാര്‍ നേരില്‍ വിളിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ പോയി കണ്ടു. അദ്ദേഹം കഥയും കഥാപാത്രവും പറഞ്ഞു. സത്യന്‍ സാര്‍-ദുല്‍ഖര്‍ ടീമിനൊപ്പം ഒരു സിനിമയെന്നത് ഒരു തുടക്കക്കാരിയെ സംബന്ധിച്ച് വലിയ അവസരമാണ്. അതിനാല്‍ സിനിമയുടെ കഥയോ കഥാപാത്രമോ ഒന്നും എനിക്ക് പ്രശ്‌നമല്ല. എങ്കിലും വളരെ സാധ്യതയുള്ളൊരു കഥാപാത്രമാണ്. അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പറയുന്നത് ശരിയല്ല.

 


സത്യന്‍ സാറും ദുല്‍ഖറും


മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ സംവിധായകനാണ് സത്യന്‍ സാര്‍. ഒപ്പം ജോലി ചെയ്യുന്നവരെ മനസ്‌സിലാക്കാനും കെയര്‍ ചെയ്യാനും അദ്ദേഹം കാണിക്കുന്ന താത്പര്യം ആദരണീയമാണ്. ഒരു തുടക്കക്കാരിയെന്ന നിലയില്‍ എന്റെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചകളോട് അദ്ദേഹം ക്ഷമാപൂര്‍വ്വമാണ് പ്രതികരിച്ചത്. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് കരിയറിലെ സുപ്രധാന വഴിത്തിരിവാണ്. ദുല്‍ഖര്‍ വളരെ ശാന്ത സ്വഭാവിയാണെന്നും കൂളാണെന്നുമെല്ലാം ഞാന്‍ കേട്ടിരുന്നു. ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദുല്‍ഖറുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. ഒപ്പം അഭിനയിക്കുന്നവരോട് സൗഹാര്‍ദ്ദപൂര്‍വ്വം പെരുമാറുന്നയാളാണ് ദുല്‍ഖര്‍. അതിനാല്‍ ഒട്ടും പിരിമുറുക്കം ഇല്ലാതെയാണ് ദുല്‍ഖറിനൊപ്പം അഭിനയിച്ചത്. അഭിനേതാവെന്ന നിലയില്‍ ദുല്‍ഖറിന്റെ മികവ് കൂടെ അഭിനയിച്ച എനിക്കും ഗുണകരമായി; കൂടുതല്‍ കാര്യങ്ങള്‍ മനസ്‌സിലാക്കാന്‍ സഹായകമായി.

 


തെലുങ്കരുടെ സ്‌നേഹം 


പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് പൂജയ്ക്ക് റിലീസായി. ഇതുവരെ കാണാന്‍ സാധിച്ചില്ല. അടുത്ത ആഴ്ച ഹൈദരാബാദിന് പോകുന്നുണ്ട്. അപ്പോള്‍ കാണാമെന്ന് കരുതുന്നു. തെലുങ്കിലും പ്രേമം നല്ലനിലയില്‍ പോകുന്നു. തമിഴ് ചിത്രം കൊടി ദീപാവലി റീലീസായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ കൊടിയില്‍ പ്രാധാന്യമുള്ളൊരു വേഷത്തിലാണ് അഭിനയിച്ചത്. തെലുങ്ക് പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും വലിയ സ്‌നേഹവും പരിഗണനയുമാണ് നല്‍കുന്നത്. ആദ്യ ചിത്രമായ ആ ആയിലെ പേരായ നാഗവല്ലി എന്നാണ് കാണുമ്പോള്‍ ആളുകള്‍ വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.

ഇപ്പോള്‍ സതമാനം ഭവതി എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശരവാനന്ദാണ് നായകന്‍. പ്രകാശ്‌രാജ്, ജയസുധ തുടങ്ങിയവരെല്ലാം അഭിനയിക്കുന്ന കുടുംബ ചിത്രമാണ് സതമാനം ഭവതി.

 മേരി അവിടെ സുമ

 

ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് തെലുങ്ക് പ്രേമം ഒരുക്കിയത്. മേരിയെന്ന മലയാളത്തിലെ എന്റെ കഥാപാത്രം തെലുങ്കില്‍ സുമയാണ്. പേര് മാറിയെങ്കിലും കഥാപാത്രത്തിന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ചില രംഗങ്ങള്‍ തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ മേരിയുടെ ഹൈലൈറ്റായിരുന്ന മുടി തെലുങ്ക് ചിത്രത്തില്‍ ഹൈലൈറ്റാകുന്നില്ല. മലയാളം പ്രേമത്തില്‍ എന്റെ കഥാപാത്രത്തെ വളരെ ശ്രദ്ധേയമാക്കിയത് "ആലുവാപ്പുഴയുടെ തീരത്ത്’ എന്ന ഗാനമായിരുന്നു. തെലുങ്ക് പ്രേമത്തില്‍ പകരം മറ്റൊരു ഗാനമാണ്. ഗോപി സുന്ദറാണ് ഇതിന്റെ സംഗീതം.

 


സ്വന്തം ഡബ്ബിംഗ്


തെലുങ്ക് വളരെ ബുദ്ധിമുട്ടാണെന്നാണ് പൊതുവെ പറയുന്നത്. ആദ്യ രണ്ട് ചിത്രങ്ങളില്‍ വളരെ കുറച്ച് സംഭാഷണമേ എനിക്ക് ഉണ്ടായിരുന്നുള്ളു. അതു രണ്ടും സ്വന്തമായി തന്നെയാണ് ഡബ്ബു ചെയ്തത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സതമാനം ഭവതിയില്‍ ഒരു മുഴുനീള വേഷമാണ്. അതിനാല്‍ ഒരുപാട് സംഭാഷണ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. സഹായികളെല്ലാം തന്നെ തെലുങ്ക് അറിയുന്നവരായതിനാല്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. അത്യാവശ്യം തെലുങ്ക് കേട്ടാല്‍ ഇപ്പോള്‍ മനസ്‌സിലാക്കാന്‍ സാധിക്കുന്നുണ്ട്.

 


തമിഴില്‍ വീണ്ടും


കന്നഡയില്‍ നിന്നും തമിഴില്‍ നിന്നുമെല്ലാം ഓഫറുകള്‍ വരുന്നുണ്ട്. കന്നഡയില്‍ അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. തമിഴില്‍ ഒന്നു രണ്ട് സിനിമകളെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. ധനുഷ് നായകനാകുന്ന കൊടി റിലീസായതിന് ശേഷമെ അടുത്ത തമിഴ് സിനിമ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു.

 


അഭിനയസാധ്യത പ്രധാനം


ഗ്‌ളാമറിന് പ്രാധാന്യമുള്ള വേഷങ്ങളല്ല ഇതുവരെ തെലുങ്കില്‍ ചെയ്തത്. അഭിനയ പ്രാധാന്യമുള്ള കാരക്ടര്‍ വേഷങ്ങളായിരുന്നു. ഗ്‌ളാമറിന് പ്രാധാന്യമുള്ള വേഷങ്ങളൊന്നും തേടി വന്നിട്ടില്ല. തെലുങ്കില്‍ ഗ്‌ളാമറിന് പ്രാധാന്യമുള്ള വേഷങ്ങളുമുണ്ട്, കഥാപാത്രത്തിന് പ്രാധാന്യമുള്ള അഭിനയ സാധ്യതയുള്ള വേഷങ്ങളുമുണ്ട്. അതില്‍ നിന്ന് നമ്മള്‍ എന്താണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് പ്രധാനം. മലയാളത്തിലെ പ്രേക്ഷകരുടെ ഇഷ്ടം നഷ്ടമാകുന്ന വേഷങ്ങളൊന്നും തെലുങ്കിലും ഞാന്‍ ചെയ്യില്ല.

 

പുതിയ സിനിമകള്‍


ഏതാനും സിനിമകള്‍ സംസാരത്തിലാണ്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ ചിത്രങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു. തെലുങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും മലയാള സിനിമകള്‍ ഉപേക്ഷിച്ച് തെലുങ്ക് സിനിമ ചെയ്യുന്ന സാഹചര്യം ഉണ്ടാക്കില്ല. അഭിനേത്രി എന്ന നിലയില്‍ മലയാള സിനിമയ്ക്കാണ് ആദ്യ പരിഗണന.
- ദിപിന്‍ മാനന്തവാടി