Friday 30 July 2021
സ്രിന്ദ്രയും ശ്രുതി മേനോനും ഒരേ തൂവല്‍പക്ഷികള്‍; ചിപ്പി വിശേഷങ്ങളുമായി പ്രദീപ് ചൊക്ലി

By Farsana Jaleel.09 Oct, 2017

imran-azhar

 

സ്രിന്ദ്രയും ശ്രുതി മേനോനും ഒരേ തൂവല്‍പക്ഷികള്‍. ഒരാള്‍ ജീവത്തില്‍ അഭിനയിക്കുന്നു. മറ്റൊരാള്‍ സിനിമയില്‍ അഭിനയിക്കുന്നു. ഈ രണ്ടു വേഷങ്ങള്‍ക്കും സമാന പൊരുത്തമുള്ള രണ്ടു അഭിനേതാക്കളാണ് സ്രിന്ദ്രയും ശ്രുതി മേനോനും. സ്രിന്ദ്ര, സുരഭി, ശ്രുതി മേനോന്‍, ജോയ് മാത്യു, സലിം കുമാര്‍, മണികണ്ഠന്‍ തുടങ്ങി താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിപ്പി തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

 

പോസ്റ്റര്‍ ഡിസൈനിംഗ് എന്ന ലക്ഷ്യവുമായി മദ്രാസിലേയ്ക്ക് വണ്ടികയറുമ്പോള്‍ സംവിധായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല പ്രദീപ് ചൊക്ലി. പി.എ.ബക്കറിന്റെ ചാരം എന്ന സിനിമയില്‍ കലാസംവിധായകനായാണ് തുടക്കം. 30 ഓളം സിനിമകളില്‍ കലാസംവിധാനവും 25 ഓളം സിനിമകള്‍ക്ക് പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുള്ള പ്രദീപ് ചൊക്ലി ഇന്ന് അറിയപ്പെടുന്ന സംവിധായകനാണ്. പ്രദക്ഷിണം, മേല്‍ വിലാസം ശരിയാണ്, പേടിത്തൊണ്ടന്‍, ഇംഗ്ലീഷ് മീഡിയം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ചൊക്ലിയുടെ ഏറ്റവും പുതിയ ചിത്രമാണ് ചിപ്പി. തലശ്ശേരി കടപ്പുറം പശ്ചാത്തലമാക്കി പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കിയുള്ള കുട്ടികളുടെ ചിത്രമാണ് ചിപ്പി. തീരദേശത്തെ കുട്ടികള്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ചിപ്പി വിശേഷങ്ങള്‍ പങ്കുവെച്ച് പ്രദീപ് ചൊക്ലി.

 

ചിപ്പി വിശേഷങ്ങള്‍ പങ്കുവെയ്ക്കാമോ?

 

പൊതുവിദ്യാഭ്യാസ സംരക്ഷരണത്തെ ലക്ഷ്യമാക്കി തീരദേശ പശ്ചാത്തലത്തിലുള്ള ഒരു സ്‌കൂളിനെ അടിസ്ഥാനമാക്കിയുള്ള വിഷയമാണ്. കടപ്പുറമാണ് പ്രധാനമായും. കടപ്പുറത്തിന്റെ പ്രത്യേകതയെന്തെന്നാല്‍ കടപ്പുറത്തെ എല്ലാകാര്യങ്ങളും ആ സ്‌കൂളില്‍ തന്നെ കാണാനാകും. അവിടത്തെ എല്ലാ കുഴപ്പങ്ങളും ആ സ്‌കൂളില്‍ ഉണ്ടാകും. അവിടത്തെ കുട്ടികളുടെ നിറങ്ങളുണ്ടാകും അവിടത്തെ കരുത്തുണ്ടാകും അങ്ങനെ കടപ്പുറത്തെ എല്ലാ ഘടകങ്ങളും ഈ മുക്കുവ സ്‌കൂളില്‍ ഉണ്ടായിരിക്കും. അവിടെയുള്ള നാലു മിടുക്കന്‍മാരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

 

ചിപ്പിയിലെ ആ മിടുക്കന്‍മാരെ കുറിച്ച്?

 

ഒന്ന് ഷിബു, തോണി അടുക്കുമ്പോള്‍ മീനൊക്ക എടുത്ത് പുറത്ത് വില്‍ക്കുന്ന കുട്ടി. രണ്ട് കണ്ണന്‍. അച്ഛന്‍ ആശാരിയാണ്. സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അച്ഛനെ സഹായിക്കുന്ന കക്ഷി. മൂന്നാമത്തെയാള്‍ മുസ്തഫ. തീരദേശത്തൊക്കെ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന കക്ഷി. നാലമത്തെയാള്‍ കാര്‍ത്തിക്. ലൈറ്റ് ബോയി ആണിയാള്‍. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീഡിയോ ലൈറ്റടിക്കാന്‍ പോകും. ഇവര്‍ നാലുപേരുമാണ് പ്രധാനം. ഇവര്‍ നാലും ഈ ജോലിയൊക്കെ കഴിഞ്ഞാണ് സ്‌കൂളില്‍ പോകുന്നത്. ഏഴാം ക്ലാസിലെ കുട്ടികളാണ്. ഇവര്‍ക്കൊപ്പം പൊന്നു എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുണ്ട്. സുനാമിയില്‍ അച്ഛനും അമ്മയും മരിച്ചുപോയിട്ട് ഒറ്റപ്പെട്ടു പോകുമ്പോള്‍ ഒരു സ്ത്രീ ഈ കുട്ടിയെ വളര്‍ത്തുമകളായി പോറ്റുന്നുണ്ട്.

 

ചിത്ര പശ്ചാത്തലം?

 

പൊന്നുവിനെ സ്‌കൂളില്‍ ഒരു നാടകത്തിന് സെലക്ട് ചെയ്യും. പക്ഷേ സ്‌കൂളിലെ ഒരു ടീച്ചറുടെ മകള്‍ക്ക് ഈ നാടകത്തിലേയ്ക്ക് അവസരം നല്‍കി പൊന്നുവിന്റെ അവസരം നഷ്ടപ്പെടുത്തും. നാടകം കളിക്കാനൊക്കെ ഒരുപാടു കാശു വേണം...ഈ മുക്കുവ കുട്ടികള്‍ക്ക് കാശില്ലല്ലോ എന്നാണ് ഇതിന് ന്യായമായി പറയുന്നത്. അതോടെ ഈ കുട്ടി വല്ലാതെ മാനസികമായി തളര്‍ന്നു പോകുമ്പോള്‍ കൂടെയുള്ള ഈ നാലു ആണ്‍കുട്ടികളും ചേര്‍ന്ന് പൊന്നുവിനെ പ്രൊമോട്ട് ചെയ്യുന്നതാണ് കഥ. അതിന്റെ ഭാഗമായി ഇവര്‍ ഒരു നാടകം കളിക്കാന്‍ പദ്ധതിയിടുമെങ്കിലും സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ അത് നടക്കില്ല. അങ്ങനെയാണ് ഇവരുടെ മനസ്സില്‍ ഷോര്‍ട്ട് ഫിലിം എന്ന ചിന്ത കയറിക്കൂടുന്നത്. അങ്ങനെ പൊന്നുവിനെ വെച്ച് ഇവര്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ് ചിപ്പി. ഷോര്‍ട്ട് ഫിലിമിനായി പല പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് യാദൃശ്ചികമായി വിഷ്ണു എന്നൊരു പയ്യന്‍ ഈ കടപ്പുറത്തെത്തുന്നത്. നാടുവിട്ട് വരുന്ന അവനൊരു കഥയുണ്ട്. അവന്റെ കുടുംബത്തില്‍ നടന്ന കഥ. ആ കഥയാണ് ഇവര്‍ സിനിമയാക്കുന്നത്. ഇത് നമ്മള്‍ കുറച്ചു ലൈവായും കുറച്ച് ഈ കുട്ടികളിലൂടെയും കാണിക്കും. അങ്ങനെയാണ് ചിപ്പി എന്ന സിനിമയുണ്ടാകുന്നത്. ഇതാണ് ഇതിവൃത്തം.

 

ഈ കഥയ്ക്ക് യഥാര്‍ത്ഥ കഥയുമായി ബന്ധമുണ്ടോ?

 

ഇല്ല, യഥാര്‍ത്ഥ കഥയുമായി ഒരു ബന്ധവുമില്ല

 

പൊന്നു എങ്ങനെയാണ് സിനിമയിലേക്ക് വരുന്നത്?

 

800ഓളം കുട്ടികളെ ഓഡിഷന്‍ ചെയ്തിട്ടാണ് ചിപ്പിക്കായി എട്ടുകളെ തിരഞ്ഞെടുത്തത്. തീരദേശത്തുള്ള സ്‌കൂളിനെ ബെയ്‌സ് ചെയ്‌യ്തിട്ടായിരുന്നു ഓഡീഷന്‍ നടത്തിയത്. മിക്ക്യവാറും കുട്ടികള്‍ കടലിലൊക്കെയാണ് കുളിക്കുന്നതും മറ്റും. ദേവപ്രഭ എന്ന കുട്ടിയാണ് പൊന്നു എന്ന സെന്‍ട്രച്രല്‍ ക്യാരക്ടര്‍ ചെയ്യുന്നത്. ആ കുട്ടി ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അങ്ങനെ കുട്ടിയുടെ ഫോട്ടോ കണ്ടിട്ടാണ് കുട്ടിയെ കാസ്റ്റ് ചെയ്യുന്നത്. കൂടാതെ കുട്ടിയുടെ അച്ഛന്‍ എന്റെ സുഹൃത്തുമാണ്. ഏഴാം ക്ലാസിലാണ് ദേവപ്രഭ പഠിക്കുന്നത്.

 

ഇത്തരത്തിലൊരു കഥ എടുക്കാന്‍ കാരണം?

 

ഞാനൊരു അധ്യാപകന്‍ കൂടിയാണ്. ഇതിന് മുമ്പ് ഇംഗ്ലീഷ് മീഡിയം എന്ന സിനിമ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിഷയങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. മാത്രമല്ല ഇംഗ്ലീഷ് മീഡിയത്തിന്റെ അതേ രീതിയിലുള്ള ട്രീറ്റ്‌മെന്റാണ് ചിപ്പിക്കും ചെയ്‌തോണ്ടിരിക്കുന്നത്. ഒരു സറ്റൈര്‍ ഡീലിലാണ് സിനിമ ട്രീറ്റ് ചെയ്തിട്ടുള്ളത്. സ്‌കൂള്‍ വിഷയങ്ങള്‍ കിട്ടുമ്പോള്‍ സ്വാഭാവികമായും അത് ചെയ്യാനുള്ള ആഗ്രഹം ഉണ്ടാകുന്നു. അതുകൊണ്ടു ചെയ്യുന്നു. ഈ കഥ പറഞ്ഞപ്പോള്‍ സ്രിന്ദ്ര, ശ്രുതി മേമോന്‍, മഞ്ജു മറിമായം തുടങ്ങീ എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വളരെ ഇഷ്ടപ്പെട്ടു.

 

ചിപ്പി നല്‍കുന്ന മെസേജ്?

 

പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്.

 

ചിപ്പി എന്ന പേരും ചിത്രവും തമ്മിലുള്ള കണക്ഷന്‍?

 

ചിപ്പി എന്നത് കടപ്പുറത്തെ വിഷയമാണ്. മാത്രമല്ല ചിപ്പിക്കുള്ളില്‍ മാത്രമെ മുത്തുണ്ടാകുകയുള്ളു. ഇതിലെ കുട്ടികളെ മുത്തുകളായി കാണുന്നു. ഇവരൊക്കെ ദൈന്യംദിനം അവര്‍ ജോലിചെയ്യുന്നു. വീട്ടില്‍ കൊണ്ടു കൊടുക്കുന്നു. ഇവരൊക്കെ എക്‌സ്ട്രാ ഓര്‍ഡിനറി കുട്ടികളാണ്. അവരെ ചിപ്പിയായി കാണുന്നു. അങ്ങനെയാണ് ഈ പേര് വരുന്നത്.

 

ചിപ്പിയില്‍ എന്തുകൊണ്ട് സ്രിന്ദ്രയും ശ്രുതി മേനോനും?

 

നാടുവിട്ടു വന്ന പയ്യന്റെ അമ്മയായി വേഷമിടുന്നത് സ്രിന്ദയാണ്. അച്ഛനില്ലാത്ത അവന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ഇനിന് സമാനമായ ഒരാള് വേണമായിരുന്നു അമ്മയായി അഭിനയിക്കാന്‍. ഇതിനായി ഏകദേശ പൊരുത്തമുള്ള അത്രയും തന്നെ പെര്‍ഫോം ചെയ്യുമെന്നുറപ്പുള്ള രണ്ട് ആര്‍ട്ടിസ്റ്റുകളാണ് സ്രിന്ദ്രയും ശ്രുതിമേനോനും. രണ്ടും ഒരേ തൂവല്‍പക്ഷികളാണ്. ഒരാള്‍ ജീവത്തില്‍ അഭിനയിക്കുന്നു. ഒരാള്‍ സിനിമയില്‍ അഭിനയിക്കുന്നു. സ്രിന്ദ്ര വിഷ്ണുവിന്റെ അമ്മമായി ചിപ്പിയില്‍ അഭിനയിക്കുമ്പോള്‍ ശ്രുതി മോനോന്‍ ഇവരുടെ സിനിമയില്‍ വിഷ്ണുവിന്റെ അമ്മയായി അഭിനയിക്കുന്നു.

 

ചിത്രത്തില്‍ സുരഭിയും ഉണ്ടല്ലോ?

 

തീരദേശത്തുള്ള ഒരു മുനിസിപ്പല്‍ കൗണ്‍സിലറാണ് സുരഭി. കുട്ടികളെ വളരെ സപ്പോര്‍ട്ട് ചെയ്യുന്ന തീരദേശം വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്.

 

ദേശീയ പൂരസ്‌കാരം നേടിയൊരാള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ എന്താണ് പറയാനുള്ളത്?

 

സുരഭി നല്ലൊരു ആര്‍ട്ടിസ്റ്റാണ്. ദേശീയ പുരസ്‌കാരം നേടിയ മൂന്നു ആളുകള്‍ ഈ സിനിമയിലുണ്ട്. ഒന്ന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ കമ്മട്ടിപ്പാടം മണികണ്ഠന്‍. രണ്ട് സ്റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡും കിട്ടിയ സലിം കുമാര്‍.

 

അവാര്‍ഡു ജേതാക്കള്‍ ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് ചിപ്പിക്ക് അവാര്‍ഡ് പ്രതീക്ഷ നല്‍കുന്നുണ്ടോ?

 

അവാര്‍ഡിന് വേണ്ടിയെടുത്ത ചിത്രമല്ല ചിപ്പി. ഇത് പക്കാ കൊമേഴ്ഷ്യല്‍ ചിത്രമാണ്. ഇതിനെ അവാര്‍ഡ് സിനിമ കൊമേഴ്ഷ്യല്‍ സിനിമ എന്നൊന്നും കാണുന്നില്ല. നല്ല സിനിമയായി മാത്രമെ കാണുന്നുള്ളു. അവാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ മാത്രമെ ഇത് അവാര്‍ഡ് സിനിമയാകുള്ളു.

 

എന്നാലും അവാര്‍ഡിനുള്ള സാധ്യത കാണുന്നുണ്ടോ?

 

സാധ്യത കാണാതിരിക്കുന്നില്ല. കാരണം കുട്ടികള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. അത് മാത്രമല്ല ഒരു മെസേജും ചിത്രം നല്‍കുന്നുണ്ട്.

 

ചിപ്പിയുടെ സാധ്യതകള്‍ എന്തൊക്കെയാണ്?

 

തിയേറ്ററില്‍ നന്നായി ഓടാന്‍ കഴിയുന്ന ഒരു കൊമേഴ്ഷ്യല്‍ സിനിമയാണ്. അതി മനോഹരമായ നാലു പാട്ടുകളുണ്ട്. ക്യാമറയും ഗംഭീരമാണ്.

 

ചിപ്പിയിലെ ഗാനങ്ങളെ കുറിച്ച്?

 

ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് രമേശ് കാവിലാണ്. പേടിത്തൊണ്ടനിലും അയാളാണ് പാട്ടെഴുതിയത്. നാലു പാട്ടില്‍ രണ്ടെണ്ണം സച്ചിന്‍ ബാലുവും രണ്ടെണ്ണം റോഷന്‍ ഹാരീസുമാണ് സംഗീതം. രണ്ടു പേരും പുതുമുഖങ്ങളാണ്. സച്ചിന്‍ ബാലു കിസ്മത്തില്‍ പാടിയിട്ടുണ്ട്. പി. ജയേന്ദ്രന്‍, കെ.എസ് ചിത്ര, ശ്രേയ ജയദീപ്, സൂര്യ ഗായത്രി എന്നിവാരണ് ഗാനാലാപനം.

 

ചിപ്പി ടീം?

 

മണികണ്ഠന്‍, ജോയ് മാത്യു, സലിം കുമാര്‍, ഇന്നസെന്റ്, ഇന്ദ്രന്‍സ്, സ്രിന്ദ്ര, ശ്രുതി മേനോന്‍, സുരഭി, മഞ്ജു മറിമായം, വിജിലേഷ്, ശ്രീജിത്ത്, ശിവദാസ് മട്ടന്നൂര്‍, സി.വി.ദേവ്, സുശീല്‍ കുമാര്‍ എന്നിവരും ബാലതാരങ്ങാളി അജ്മല്‍, അജിന്‍ ഷാജി, അദ്വൈത്, അമല്‍ദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തന്‍ഹ തബസുമാണ് വേഷമിടുന്നത്. നിര്‍മ്മാണം ബി.എസ്.ബാബു, കഥ-തിരക്കഥ വിനീഷ് പാലയാട്, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, മേക്കപ്പ് പാണ്ഡ്യന്‍, കലാ സംവിധാനം ശ്യാം കാര്‍ത്തികേയന്‍, ഡിസൈന്‍ ഷിബി കരുണ്‍, എഡിറ്റര്‍ ജിത്ത് ജോഷി, അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ജെ.പി.മണക്കാട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനു രവീന്ദ്രന്‍, സ്റ്റില്‍സ് നൗഷാദ് കണ്ണൂര്‍. ഇതാണ് ചിപ്പി ടീം.

 

ഇതുവരെ ചെയ്ത സിനിമകള്‍?

 

ആദ്യ ചിത്രം പ്രദക്ഷിണം. ഇംഗ്ലീഷ് മീഡിയം, മഴമേഘ പ്രാവുകള്‍, മേല്‍വിലാസം ശരിയാണ്, പേടിത്തൊണ്ടന്‍, ചിപ്പി ആറാമത്തെ ചിത്രമാണ്. 30ഓളം സിനിമകളില്‍ കലാസംവിധാനം ചെയ്തിട്ടുണ്ട്. 25ഓളം സിനിമകള്‍ക്ക് പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. പി.എ.ബക്കറിന്റെ ചാരം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ആദ്യം സിനിമയിലെത്തുന്നത്. മലയാള സിനിമയില്‍ മിക്ക്യ സംവിധായകരും കലാസംവിധാനം ചെയ്ത ശേഷം സംവിധാന രംഗത്തേയ്ക്ക് വന്നവരാണ്. ഐ.വി.ശശിയെ പോലെ. ഞാനൊരു ഡ്രായിംഗ് അദ്ധ്യാപകന്‍ കൂടിയാണ്.

 

ഇപ്പോഴും അദ്ധ്യാപനം തുടരുന്നുണ്ടോ?

 

ഇല്ല, കഴിഞ്ഞ വര്‍ഷം നിര്‍ത്തി. 30 വര്‍ഷത്തോളം ചെയ്തിരുന്നു.

 

അദ്ധ്യാപനത്തില്‍ നിന്നും സിനിമയിലെത്തുന്നത്?

 

ഞാന്‍ അദ്ധ്യാപകനാകുന്നതിന് മുമ്പേ കലാസംവിധായകനായിരുന്നു. ബെയ്‌സിക്കലി ഒരു കലാകാരനാണ്. പോസ്റ്റര്‍ ഡിസൈനിംഗ് എന്ന ലക്ഷ്യവുമായാണ് ഞാന്‍ മദ്രാസിലേയ്ക്ക് വണ്ടികയറുന്നത്. അവിടെ വെച്ചാണ് കലാസംവിധായകനാകുന്നതും സംവിധായകനാകുന്നതും.