Monday 22 July 2019
സൗന്ദര്യ രഹസ്യവും ആഹാരവും -നൈലാ ഉഷ പറയുന്നു ..

By Online Desk.18 Mar, 2017

imran-azhar

 

മമ്മൂട്ടിക്ക് ചേരുന്ന നായിക, കുഞ്ഞനന്തന്റെ കട കണ്ടവരെല്ലാം നൈലാ ഉഷയെപ്പറ്റി പറഞ്ഞതാണിത്. എന്നാല്‍ പിന്നീട് ജയസൂര്യയുടെ നായികയായി പുണ്യാളന്‍ അഗര്‍ബത്തീസ്, പ്രേതം; മമ്മൂട്ടിക്കൊപ്പം ഫയര്‍മാന്‍, ഗാങ്സ്റ്റർ  തുടങ്ങിയ ചിത്രങ്ങളിലും നൈലയായിരുന്നു നായിക....


ഒത്ത ഉയരം. അതിനൊത്ത ശരീരം വിടര്‍ന്ന കണ്ണുകള്‍ ആകര്‍ഷകമായ മുഖം. നൈല ഉഷയെ പ്രേക്ഷകര്‍ ഹൃദയത്തിലേക്കു സ്വീകരിച്ചു. എന്താണീ സൗന്ദര്യരഹസ്യം എന്നു താരത്തോടു ചോദിച്ചാല്‍ ഒരു ചെറുചിരിയോടെ പറയും.


'എന്റെ ഈ ഫിഗറാണ് പ്‌ളസ് പോയിന്റെന്ന് എല്ലാവരും പറയുന്നു. ഇപ്പോള്‍ ഞാനും അങ്ങനെ വിശ്വസിക്കുന്നു.

 


നൈലയെ കണ്ടിട്ട് ഒരു ആറടി പൊക്കമെങ്കിലും ഉണ്ടെന്നു തോന്നുന്നു.?


അയ്യോ... കണ്ടാല്‍ അങ്ങനെ തോന്നും അല്ലേ. ആറ് അടി ഉയരം എന്നൊക്കെ പറഞ്ഞാല്‍ എന്താ കഥ! ഞാന്‍ അത്രയ്‌ക്കൊന്നും ഇല്ല കേട്ടോ. 5 അടി ഒരു 8 ഇഞ്ച് പൊക്കം. അത്രയേയുള്ളൂ... മമ്മൂക്കയേക്കാളും കുറവാണ്... സ്ത്രീകളെ കണ്ടാല്‍ ശരിക്കും ഉള്ളതിനേക്കാള്‍ ഉയരം തോന്നിക്കുന്നതിന് മറ്റൊരു രഹസ്യ കൂടിയുണ്ട്. പാദരക്ഷയാണ് ഹീല്‍ ഉള്ള ചെരുപ്പാണ് ഉപയോഗിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയരം കൂടിയതിന്റെ ഒരു കോംപ്‌ളക്‌സ് ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ക്ക് എന്നെക്കാള്‍ ഉയരം കുറവായിരുന്നു. അതുകൊണ്ട് അവര്‍ക്കിടയില്‍ ഉയരം തോന്നിക്കാതിരിക്കാന്‍ ഒടിഞ്ഞു നില്‍ക്കുന്ന ശീലമുണ്ടായിരുന്നു. പിന്നെ നില്‍ക്കുന്ന പൊസിഷന്‍ ശരിയാക്കാന്‍ വേണ്ടി കുറെ സമയം വേണ്ടി വന്നു. ദുബായില്‍ എത്തിയശേഷമാണ് ഉയരം നല്ലതെന്ന് ബോദ്ധ്യമായത്. അതുകൊണ്ടു മാത്രം തന്നെ ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ ഒരു ഘടകം ഈ ഉയരം തന്നെയാണ്.

 


ശബ്ദത്തിനും വ്യത്യസ്തതയുണ്ടല്ലോ?


അതെ എന്റെ ശബ്ദവും വ്യത്യസ്തതയുള്ളതാണ്. ശബ്ദം കൊണ്ടുള്ള ജോലിയായിരിക്കും എനിക്കു വേണ്ടി വരിക എന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ എനിക്കെന്റെ ശബ്ദം ഇഷ്ടമല്ല. എന്താ എന്റെ ശബ്ദം ഇങ്ങനെയെന്ന് എപ്പോഴും ആലോചിക്കും. ഒരു സ്വീറ്റ്‌നെസ് തോന്നുന്നില്ല. പക്ഷേ എത്രയോ വര്‍ഷങ്ങളായി രാവിലെ റേഡിയോയിലൂടെ ബ്രേക്ക് ഫാസ്റ്റ് ഷോ ചെയ്യുന്നത് ഞാനാണ്. നല്ല കമന്റ്‌സ് ആണ് പ്രേക്ഷകര്‍ തരുന്നത്. അതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്നെ പരിചയപ്പെടുമ്പോള്‍ എന്റെ ഉയരവും നല്ലതാണെന്ന് പറഞ്ഞ് അഭിനന്ദിക്കാറുണ്ട്. അന്തര്‍ദ്ദേശീയ തലത്തില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഉയരമുള്ളവര്‍ക്കുവേണ്ടിയാണത്രേ?. പുണ്യാളന്‍ അഗര്‍ബത്തീസ് കണ്ടില്ലേ. പടം കണ്ട പലരും ചോദിച്ചു. ജയസൂര്യയ്ക്ക എന്നെക്കാള്‍ ഉയരം കുറവല്ലേയെന്ന്. പക്ഷേ ഞങ്ങള്‍ ഉയരത്തില്‍ ഒപ്പമാണ്. സിനിമയില്‍ ഉയരത്തെക്കുറിച്ച് ചോദിക്കുന്ന ഒരു രംഗമുണ്ട്. ജയസൂര്യ എന്നോടു പറഞ്ഞത് അഞ്ചടി ഒമ്പത് ഇഞ്ച് എന്നു പറയാനായിരുന്നു! അങ്ങനെയൊക്കെ എന്നെ കളിയാക്കിയിട്ടുണ്ട്. എന്റെ ഭര്‍ത്താവിന് എന്നെക്കാള്‍ ഉയരമുണ്ട്. എന്റെ അച്ഛന്‍ കൈതമുക്ക് ഗോപന്‍, സഹോദരന്‍ ഇവര്‍ക്കെല്ലാം 6 അടി പൊക്കമുണ്ട്. അമ്മയ്ക്കും സഹോദരിക്കും ഞങ്ങളെക്കാള്‍ ഉയരം കുറവാണ്.

 

 

ഫിറ്റ്‌നസ്‌സില്‍ ശ്രദ്ധയുണ്ടോ?


തീര്‍ച്ചയായും. എന്നെ കാണാന്‍ നന്നായിരിക്കണമെന്നത് നിര്‍ബന്ധമുണ്ട്. പക്ഷേ അധികം വര്‍ക്ക് ഒട്ട് വേണ്ടി വരാറില്ല. ഈശ്വരാനുഗ്രഹം കൊണ്ട് അച്ഛന്റെ ഉയരവും അമ്മയുടെ ആകാരവുമാണ് എന്റേത്. ആഹാരം എത്ര കഴിച്ചാലും വണ്ണം വയ്ക്കുന്ന കൂട്ടത്തിലല്ല അമ്മ. അതുപോലെയാണ് ഞാനും. ഭക്ഷണത്തില്‍ വലിയ നിയന്ത്രണമൊന്നും ഇല്ല. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധമാണ്. ഉച്ചയ്ക്ക് അമ്മയുണ്ടാക്കുന്ന ചോറും കറിയും, ഡിന്നര്‍ കഴിക്കാറില്ല. വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ ഒരു ഭക്ഷണവും കഴിക്കില്ല. ജ്യൂസ് കുടിക്കും. പക്ഷേ ഇടയ്ക്ക് ഡിന്നറിന് പുറത്തു പോയി മറ്റുള്ളവരുമായി ഭക്ഷണം കഴിക്കേണ്ട അവസരം ഉണ്ടായാല്‍ എല്ലാവരുടെ മുമ്പില്‍ ജാഡ കാണിക്കില്ല. ഭക്ഷണം കഴിക്കും. വണ്ണമുള്ളവര്‍ക്ക് എന്റെ ടിപ്‌സ് വേണമെങ്കില്‍ പരീക്ഷിക്കാം.
6 മണി കഴിഞ്ഞ് ഭക്ഷണം കഴിക്കണ്ട. രാത്രിയാകുമ്പോള്‍ വിശക്കില്ലേ എന്നായിരിക്കും ചോദ്യം. ശീലമായാല്‍ പ്രശ്‌നമില്ല. 10 മണിക്ക് ഉറങ്ങാം പിന്നെ വിശപ്പറിയില്ല. ആദ്യം കുറച്ചു ദിവസം ഒരു ബുദ്ധിമുട്ടായിരിക്കും. പിന്നെ ക്രമേണ അത് ശീലമാകും. വര്‍ക്ക് ഔട്ട് ചെയ്യാറേ ഇല്ല? തീര്‍ത്തും ചെയ്യാതിരിക്കില്ല. നടത്തവും, ഓട്ടവും, സൈക്കിളിങ്ങും ഒക്കെയുണ്ട്. പക്ഷേ ഫിറ്റ്‌നെസ്‌സിനു വേണ്ടി കഷ്ടപ്പെട്ട് അധികം ചെയ്യാറില്ല. എന്റെ ശരീര പ്രകൃതത്തിന് അതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ്. എനിക്ക് വണ്ണമില്ലല്ലോ.

 

 

ഇഷ്ടഭക്ഷണം എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?


അമ്മൂമ്മയും അമ്മയും ഉണ്ടാക്കുന്ന ചോറും മീന്‍കറിയുമാണ് ഏറ്റവും ഇഷ്ടം. മധുരം ഇഷ്ടമല്ല. ഐസ്‌ക്രീം എപ്പോഴെങ്കിലും കഴിക്കുമെന്നുമാത്രം. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തോടാണ് കൂടുതല്‍ താത്പര്യം.

 


ഇഷ്ടമുള്ള വേഷം?


സാരിയാണ് ഇഷ്ടവേഷം. ബാംഗ്‌ളൂരില്‍ നിന്നാണ് കൂടുതലും വാങ്ങുന്നത്. സാരി ഉപയോഗിക്കാന്‍ ഓരോ അവസരങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും. സാരി ഉപയോഗിക്കുന്നതിന് തൊട്ടു മുമ്പ് ബ്‌ളൗസ് സ്റ്റിച്ച് ചെയ്യിക്കുന്നതാണ് ശീലം. ഞാന്‍ നന്നായി സാരി ഉടുക്കുമെന്ന് എല്ലാവരും പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് സാരി ഉടുത്തു കൊടുക്കുന്നതും ഇഷ്ടമാണ്.

 


സൗന്ദര്യ സംരക്ഷണം എങ്ങനെ, ആ രഹസ്യം പറഞ്ഞു തരാമോ?


സൗന്ദര്യത്തിലൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. ഒരു രഹസ്യവും പറഞ്ഞു തരാനുമറിയില്ല. നന്നായി ഞാന്‍ വെള്ളം കുടിക്കാറുണ്ട്. അത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദിവസം 3 ലിറ്റര്‍ വെള്ളമെങ്കിലും ഏറ്റവും ചുരുങ്ങിയത് കുടിക്കണം. ഒരുമിച്ച് കുടിച്ചാല്‍ കിഡ്‌നിക്ക് നല്ലതല്ല. ഇടയ്ക്കിടെ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍ ഇട്ട് കുറെശെ്ശയായി കുടിയ്ക്കുക. ഇതും ഒരു ടിപ്‌സ് ആയിട്ട് എടുക്കാം!.

 


യാത്രാ സമയത്ത് വീട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്യുന്നത്?


യാത്ര സമയത്ത് മോനെ നോക്കുന്നത് ദുബായില്‍ എന്റെ അമ്മയാണ്. അമ്മ എന്റെ കൂടെയാണ് താമസം. ഷൂട്ടിന്റെ സമയത്താണെങ്കിലും ഓഫീസിലാണെങ്കിലും അമ്മയാണ് അവന്റെ കാര്യങ്ങള്‍ നോക്കുന്നത്.

 


ഒറ്റയ്ക്ക് ഇരിക്കാനാണോ ചുറ്റും കൂട്ടത്തില്‍ സമയം ചെലവഴിക്കാനാണോ ഇഷ്ടം?


എനിക്ക് ചുറ്റും ആളുകള്‍ വേണം. ചില സന്ദര്‍ഭങ്ങളില്‍ ഒറ്റയ്ക്ക് കഴിയാനാണിഷ്ടം. കൂടുതല്‍ സന്തോഷവും കരുത്തും ലഭിക്കുന്നത് ആള്‍ക്കൂട്ടം ഒപ്പമുള്ളപ്പോള്‍ ആണ്. ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കു തന്നെ അറിയില്ല. കുറച്ചു നേരം ടിവി കണ്ടു കഴിഞ്ഞാല്‍ ബോറടിക്കും. പിന്നെ സോഷ്യല്‍ മീഡിയായില്‍ സമയം ചെലവഴിക്കും. അതും കുറച്ചു കഴിഞ്ഞാല്‍ ബോറാണ്. പിന്നെ കുറച്ച് നേരം ഡ്രൈവ് ചെയ്യും.

 


ഷോപ്പിങ് ഇഷ്ടമാണോ?


വലിയ ഇഷ്ടമാണ്. എത്ര നേരം ഷോപ്പ് ചെയ്യാന്‍ പറഞ്ഞാലും ബോറടിക്കില്ല. ഒറ്റയ്ക്ക് ഷോപ്പ് ചെയ്യുന്നതാണിഷ്ടം.

 


അഭിനയത്തിന്റെ തുടക്കത്തില്‍ത്തന്നെ അന്തര്‍ദ്ദേശീയ തലത്തില്‍ പ്രശസ്തനായ സംവിധായകന്‍ സലിം അഹമ്മദിന്റെ രണ്ടു സിനിമകള്‍. എങ്ങനെയായിരുന്നു ആ അനുഭവങ്ങള്‍?


ഞാന്‍ ദുബായില്‍ ആര്‍.ജെയായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത്. ജോലിയുടെ ഭാഗമായി താരങ്ങളെയും സംവിധായകരെയുമൊക്കെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പലരും ചോദിച്ചിട്ടുണ്ട്. അഭിനയിക്കാന്‍ താത്പര്യമുണ്ടെയെന്ന്. അപ്പോഴൊക്കെ നോ നോ' എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും ഇടയ്ക്ക് എപ്പോഴോ ഒരു തോന്നലുണ്ടായി. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ശ്രമിച്ചു നോക്കാമെന്ന്. വീട്ടില്‍ ആര്‍ക്കും വിയോജിപ്പും ഉണ്ടായിരുന്നില്ല. ഒരു ദിവസം സലിം സാര്‍ വിളിച്ചു ചോദിച്ചു. അങ്ങനെയാണ് കുഞ്ഞനന്തന്റെ കടയില്‍ അഭിനയിച്ചത്. അദ്ദേഹത്തിന് എന്നെ നേരത്തെ അറിയാമായിരുന്നു. സ്റ്റുഡിയോയില്‍ വന്നിട്ടുണ്ട്. ആദാമിന്റെ മകന്‍ അബുവിനു ശേഷം മമ്മൂക്ക അഭിനയിക്കുന്ന സിനിമയായിരിക്കും എന്നെല്ലാം, അഭിമുഖത്തിന്റെ ഭാഗമായി ഞാന്‍ തന്നെയാണ് റേഡിയോയില്‍ പറഞ്ഞതും. വിദ്യാബാലനെയാണ് ആ വേഷത്തിന് തീരുമാനിച്ചിരുന്നത്.
പക്ഷേ സലിംക്കാ പറഞ്ഞത് മലയാളം നന്നായി അറിയാവുന്ന ആളെ വേണമെന്നാണ്. മമ്മൂക്കയാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത്. കണ്ണൂര്‍ ഭാഷയാണ് പറയേണ്ടതെന്നും കൂടി കേട്ടതോടെ എനിക്ക് ആകെയുള്ള ധൈര്യവും പോയി. പക്ഷേ വീട്ടില്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചു. ആദ്യത്തെ സിനിമ തന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് ചെറിയ കാര്യമല്ല എന്ന് അവര്‍ക്കും അറിയാമായിരുന്നു. ചെയ്യുന്ന ജോലിയില്‍ 100% നീതി പുലര്‍ത്തിയാലും അഭിനയം കഴിവ് കൂടി ആണല്ലോ.

 

 

സിനിമയില്‍ മമ്മൂക്കയുടെ കൂടെയാണല്ലോ കൂടുതല്‍ സിനിമകള്‍.


എല്ലാം കൂടി ഒത്തുവരുമ്പോള്‍ അങ്ങനെ ആയിപ്പോകുന്നതാണ്. ഒന്നും പ്‌ളാന്‍ ചെയ്ത് ചെയ്യുന്നതല്ല. സിനിമയ്ക്കുള്ള അവസരങ്ങള്‍ വരുമ്പോള്‍ നല്ല റോളുകളായാല്‍ പോലും അഭിനയിക്കാന്‍ സാധിക്കണമെന്ന് നിര്‍ബന്ധമില്ല. ഓഫീസിലെ ലീവ് അല്ലെങ്കില്‍ ഒരു അവസരം തേടി വന്ന സമയത്തായിരിക്കും അതിനേക്കാള്‍ നല്ല മറ്റൊരു അവസരം വരുന്നത്. ഇങ്ങനെ രണ്ട് അവരങ്ങള്‍ നടക്കാതെ പോയിട്ടുണ്ട്. ഒന്നും പ്‌ളാന്‍ ചെയ്യാറില്ല. സിനിമയല്ലേ നടക്കണമെന്ന് നിര്‍ബന്ധമില്ലല്ലോ.


വരാനിരിക്കുന്ന സിനിമകളില്‍ ഏതു നായകനൊപ്പം അഭിനയിക്കാനാണിഷ്ടം.
ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്. നല്ല നടനാണ്. ഒരു ബ്രേക്ക് കഴിഞ്ഞ് സിനിമയില്‍ എത്തിയപ്പോഴേക്കും അവിശ്വസനീയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്തു ഫഹദ്.

 

മിനിട്ട് ടു മിനിട്ട് ടെലിവിഷന്‍ പ്രോഗ്രാം ഹിറ്റാക്കി. ഇനി എങ്ങോട്ടാണ് യാത്ര?


ടെലിവിഷനിലൂടെയാണ് തുടങ്ങിയത്. പിന്നീട് റേഡിയോയില്‍ എത്തി. എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് റേഡിയോ ആണ്. ദുബായില്‍ എത്രയോ വര്‍ഷമായി റേഡിയോയില്‍ ജോലി ചെയ്യുന്നു. ടിവിയിലും റേഡിയോയിലും എന്തു ചെയ്താലും ഒന്നുകില്‍ ജനത്തിന് ഇഷ്ടമാവും അല്ലെങ്കില്‍ മറിച്ചും. സിനിമയില്‍ പക്ഷേ അങ്ങനെയല്ല. സിനിമയിലെ കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ ആദ്യം ഇഷ്ടപ്പെടുന്നത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടാലേ അത് നമ്മളിലേക്ക് എത്തുകയുള്ളൂ. മിനിട്ട് ടു മിനിട്ട് വിന്‍ ടെലിവിഷന്‍ പ്രോഗ്രാമിന്റെ അവതാരികയായപ്പോള്‍ അത് സ്വീകരിച്ചു. ഈ പ്രോഗ്രാമിന്റെ പല ഇന്റര്‍നാഷണല്‍ എപ്പിസോഡുകളും ഞാന്‍ നേരത്തേ കണ്ടിട്ടുള്ളതു കൊണ്ട് ഒരു വ്യക്തതയുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലെത്തിയാല്‍ കൂടുതലായും ആളുകള്‍ തിരിച്ചറിയുന്നത് മിനിട്ട് ടു മിനുട്ട് വിന്‍ പ്രോഗ്രാമിന്റെ അവതാരകയാണ്. സ്‌നേഹപൂര്‍വമുള്ള സ്വീകരണമാണ് ലഭിക്കുന്നത്. ഞാന്‍ ചെയ്യുന്നതെന്തും അവര്‍ക്ക് ഇഷ്ടമാണ്.
എന്റെ വേഷവും ഇഷ്ടമാണെന്ന് ഒരുപാട് പേര്‍ പറഞ്ഞു. സംസാരിക്കുന്ന ശൈലി പോലും അവര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് എന്നോട് അതു പോലെ തിരിച്ചു പറയുകയും കമന്റ് പറയുകയും ചെയ്യാറുണ്ട്. കുടുംബത്തിലെ ഒരു അംഗം ആകുന്നത് ടിവി ഷോയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണല്ലോ. സിനിമയുടെ വകഭേദമനുസരിച്ച് ഒരു വിഭാഗം ആളുകള്‍ മാത്രമല്ലേ കാണുന്നുള്ളൂ. പിന്നെ മറ്റൊരു കാര്യം ഒരുപാട് പേര്‍ ചേദിക്കുന്നുണ്ടായിരുന്നു. മോഡലിങ് ചെയ്യാറുണ്ടല്ലോ, ഇഷ്ടമാണോ എന്നെല്ലാം. പക്ഷേ കോളജില്‍ പഠിക്കുമ്പോള്‍ കോളജിലെ ചില പരിപാടികളുടെ ഭാഗമായി ഫാഷന്‍ ഷോയും മറ്റും അവതരിപ്പിച്ചിട്ടുണ്ട് എന്നല്ലാതെ പ്രൊഫഷണലായി മോഡലിങ് ചെയ്തിട്ടില്ല.


ഇഷ്ടം ഏതു ജോലിയാണ്?


ഇഷ്ടം ഇപ്പോള്‍ ചെയ്യുന്ന ജോക്കിയുടെ റോള്‍ തന്നെയാണ്. ഒരു അവസരം വന്നാല്‍ അഭിനയിക്കാന്‍ കഴിയുമോ എന്നു പോലും ഉറപ്പ് പറയാനാകില്ല. അവസരങ്ങള്‍ വരട്ടെ. നോക്കാം. ഇപ്പോള്‍ നിലവില്‍ ഒരു പ്രോജക്ടും ഇല്ല. വരുമ്പോള്‍ അറിയിക്കാം.


കുടുംബം?


തിരുവനന്തപുരമാണ് സ്വദേശം. 2004 ല്‍ ദുബായില്‍ സ്ഥിരതാമസമാക്കി. ഭര്‍ത്താവ് റോണാ രാജന്‍, മകന്‍ അര്‍ണ്ണവ്. ഭര്‍ത്താവിന് ദുബായില്‍ ബിസിനസ്‌സാണ്.