Saturday 30 May 2020
ദുല്‍ഖറിന്റെ നായിക ഇപ്പോള്‍ വീല്‍ ചെയറില്‍, പക്ഷേ ഹാപ്പിയാണ് ഷോണ്‍

By Farsana Jaleel.19 Oct, 2017

imran-azharഷോണ്‍ റോമി. മലയാളിയാണ്. ബാംഗ്ലൂരില്‍ താമസം. ബയോടെക് കമ്പനിയില്‍ ജോലി. ഐറ്റി കമ്പനിയില്‍ നിന്നും മലയാള സിനിമയിലെത്തി, ദുല്‍ഖര്‍  സല്‍മാനൊപ്പം. സിനിയിലേക്ക് തിരഞ്ഞെടുക്കുന്നത് ഗീതു മോഹന്‍ദാസും. രാജീവ് രവി ചിത്രമായ കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറിയ ഷോണ്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ്.

കാസര്‍കോഡിന്റെ സംസ്‌കാരവും കലാരൂപങ്ങളും പ്രകൃതിയും മറ്റും പശ്ചാത്തലമാക്കി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമായ ചന്ദ്രഗിരിയാണ് ഷോണിന്റെ രണ്ടാമത്തെ ചിത്രം. വീല്‍ ചെയറിലാണ് ഷോണ്‍ ചിന്ദ്രഗിരിയില്‍  പ്രത്യക്ഷപ്പെടുന്നത്. ചന്ദ്രഗിരിയിലെ വീല്‍ചെയര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഷോണ്‍ റോമി.

ദുല്‍ഖര്‍ സല്‍മാനൊപ്പമാണല്ലോ തുടക്കം. അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?

ദുല്‍ഖറിനൊപ്പം അഭിനയിക്കുമ്പോള്‍ വലിയൊരു താരത്തിന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന് തോന്നിയിട്ടില്ല. സഹകരണമനോഭാവമുള്ള താരമാണ് ദുല്‍ഖര്‍. കമ്മട്ടിപ്പാടം ചെയ്തിട്ട് ഒരു വര്‍ഷമായി. ഇപ്പോ നോക്കുമ്പോള്‍ ആ ചിത്രം തന്നെയാണ് എന്റെ ബെസ്റ്റ്. ആദ്യത്തെ സിനിമ ചെയ്യാന്‍ പറ്റുന്ന നല്ലൊരു പ്ലാറ്റ്‌ഫോമായിരുന്നു കമ്മിട്ടിപ്പാടം. ഡയറക്ടറും നൈസായിരുന്നു. കമ്മട്ടിപ്പാടം കഴിഞ്ഞ് രണ്ട് സിനിമ ചെയ്തു. ചന്ദ്രഗിരിയും ഒരു തെലുങ്ക് ചിത്രവും.  ഈ രണ്ടു സിനിമകളെ വെച്ചു നോക്കുമ്പോള്‍ ആദ്യ സിനിമയില്‍ അവരുടെ  സ്‌റ്റൈല്‍ തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ആദ്യമായി ചെയ്യുമ്പോള്‍ നമ്മുക്കത് മനസ്സിലാകില്ല. ഇപ്പോഴാണ് ആ വ്യത്യാസങ്ങള്‍ കണ്ടുവരുന്നത്.

സിനിമയിലേക്ക് വരുന്നത്?

ഓഡീഷന്‍ വഴിയായിരുന്നു. ഗീതു ചേച്ചിയായിരുന്നു എന്നെ തിരഞ്ഞെടുക്കുന്നത്. കമ്മട്ടിപ്പാടത്തില്‍ വരുന്നതിന് മുമ്പ് നീലാകാശത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. നീലാകാശത്തില്‍ എന്നോടൊപ്പം ചെറിയ വേഷം ചെയ്ത ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയാണ് കമ്മട്ടിപ്പാടത്തിലെ അവസരത്തെ കുറിച്ചും ഓഡീഷനെ കുറിച്ചും പറയുന്നത്.

ചന്ദ്രഗിരിയിലേക്കുള്ള ക്ഷണം വരുന്നത്?

പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് വിളിക്കുന്നത്. കമ്മട്ടിപ്പാടത്തിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും നമ്പര്‍ വാങ്ങി അവരെന്നെ വിളിക്കുകയായിരുന്നു. കഥാകൃത്തും നേരിട്ട് സംസാരിച്ചു. കഥയെ കുറിച്ചും മറ്റും പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ ഇഷ്ടായി. കുറച്ച് ചാലഞ്ചിംഗ് ക്യാരക്ടറാണെന്ന് തോന്നി.

ചന്ദ്രഗിരിയിലെ കഥാപാത്രം?

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒരു കുട്ടിയാണ്. ഈ കൂട്ടി ഫിസിക്കലി ഹാന്‍ഡിക്കാപ്പിഡാണ്. വീല്‍ചെയറിലാണ്. കോളേജില്‍ പോകാനുള്ള സാഹചര്യമില്ല. പക്ഷേ വെല്‍ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള കുട്ടിയാണ്. എല്ലാ കാര്യങ്ങളില്‍ അവബോധമുള്ള സാമൂഹിത പ്രതിബദ്ധതയുള്ള ബ്ലോഗെഴുത്ത്. അച്ഛനും മോളും തമ്മിലുള്ള സ്വീകന്‍സാണ് കൂടുതലും.

കലകള്‍ക്ക് പ്രാധാന്യമുള്ള ചിത്രം കൂടിയാണല്ലോ ചന്ദ്രഗിരി.....ചന്ദ്രഗിരിയില്‍ ഷോണിന് കലയുമായുള്ള ബന്ധം?

കലയുമായി എനിക്കീ ചിത്രത്തില്‍ ഒരു ബന്ധവുമില്ല. എന്റെ അച്ഛന് കലയില്‍ താത്പര്യമുള്ള വ്യക്തിയാണ്. അച്ഛനെ പ്രോത്സാഹിക്കുക എന്നതല്ലാതെ കലയുമായി എനിക്കൊരു ബന്ധവുമില്ല ചിത്രത്തില്‍. വടക്കന്‍ കേരളയിലെ കലാരൂപങ്ങള്‍ ചിത്രത്തില്‍ പരിചയപ്പെടുത്തുന്നു.

ഷൂട്ടിനിടയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?

ചന്ദ്രഗിരിയില്‍ പെണ്‍കുട്ടികളൊന്നുമില്ല. കമ്മട്ടിപ്പാടത്തില്‍ യംഗ്‌സ്റ്റേഴ്‌സ് ഒക്കെ ഉണ്ടായിരുന്നു. നമ്മുക്ക് സംസാരിക്കാനും മറ്റും ഒരുപാടു പേര്‍ ഉണ്ടായിരുന്നു. പക്ഷേ ചന്ദ്രഗിരിയില്‍ അങ്ങനെയൊന്നുമില്ലായിരുന്നു. കുറേ ഓള്‍ഡര്‍ ക്രൗഡാണ്. എന്റെ മിക്ക്യ സീനുകളെല്ലാം ലാല്‍ സാറിനോടൊപ്പമാണ്. ലാല്‍ സാര്‍ ഫുള്‍ ഫണ്ണിയാണ്. അദ്ദേഹം നല്ലൊരു നടനാണ്. അദ്ദേഹത്തില്‍ നിന്നും എനിക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനായി. അച്ഛന്റെ വേഷം ചെയ്യുന്നതും ലാല്‍ സാറാണ്. സ്‌കൂള്‍ മാശാണ് അദ്ദേഹം.

ചന്ദ്രഗിരിയുടെ പശ്ചാത്തലം വ്യക്തമാക്കാമോ?

ഇത് കാസര്‍കോടില്‍ നടക്കുന്നൊരു കഥയാണ്. കാസര്‍കോടില്‍ നടക്കുന്ന  എല്ലാമുണ്ട് ചിത്രത്തിലും. അവിടത്തെ സംസ്‌കാരം, ഭാഷാവൈരുദ്ധ്യം, ആളുകളുടെ രീതി തുടങ്ങീ എല്ലാമുണ്ട് ചിത്രത്തില്‍.

ആദ്യത്തെ സിനിമയില്‍ നിന്നും രണ്ടാമത്തെ സിനിമയിലെത്തിയപ്പോള്‍ വീല്‍ചെയറില്‍ ആയല്ലോ......അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

(ചിരിക്കുന്നു) സത്യത്തില്‍ സങ്കടം തോന്നിയിരുന്നു. ദു:ഖമുള്ള കഥാപാത്രമായിരുന്നു. പക്ഷേ വീല്‍ ചെയറില്‍ ആണെങ്കിലും വളരെ ഇന്റലിജെന്റും പോസിറ്റീവുമായിരുന്നു ആ കുട്ടി. ആ കുട്ടിക്ക് കുറവുകള്‍ ഉള്ളതായി ഒന്നും തോന്നില്ല.

ഇത്തരത്തിലൊരു കഥാപാത്രം ചെയ്തു കഴിയുമ്പോള്‍ കുറച്ചു ദിവസത്തേയ്‌ക്കെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലും ആ കഥാപാത്രം കടന്നു കൂടിയിട്ടുണ്ടോ?

കുറച്ചു ദിവസം കഥാപാത്രം കൂടെ ഉണ്ടാകും. പക്ഷേ ചന്ദ്രഗിരി കഴിഞ്ഞ ഉടന്‍ തന്നെ തെലുങ്കില്‍ നിന്നും ഓഫര്‍ വന്നിരുന്നു. പിന്നെ ആ ചിത്രത്തിലേയ്ക്ക് നീങ്ങി. അതിന് ദൈവത്തോടു നന്ദി പറയുന്നു.

ഏതു തരം ചിത്രങ്ങളോടും കഥാപാത്രങ്ങളോടുമാണ് ഇഷ്ടം?

ചന്ദ്രഗിരി കഴിഞ്ഞ് തെലുങ്കില്‍ ചെയ്തത് ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതില്‍ സങ്കടപ്പെടാനൊന്നും അധികമില്ല. കമ്മട്ടിപ്പാടത്തിലും ചന്ദ്രഗിരിയിലും ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും എന്റെ ക്യാരക്ടറിന് ഒരുപാട് വ്യത്യാസമുണ്ടായിരുന്നു. തെലുങ്കു സിനിമ ചെയ്തപ്പോള്‍ എനിക്കൊരുപാട് റിലീഫ് കിട്ടി. അത് എന്റെ ക്യാരക്ടറിനോട് സാമ്യമുണ്ടായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്നതും അങ്ങനത്തെ കഥാപാത്രങ്ങളാണ്. അധികം വിഷമം ഒന്നുമില്ലാതെ ഹാപ്പിയായി ജോളിയായി നടക്കുന്ന കൂട്ടത്തിലാണ് ഞാന്‍. സിറ്റി ലൈഫ് ആസ്വദിക്കുന്ന കൂട്ടത്തിലാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങളോടാണ് എനിക്കിഷ്ടം.

വീല്‍ചെയറിലെ അഭിനയം എങ്ങനെയുണ്ടായിരുന്നു?

വീല്‍ ചെയറില്‍ ആയത് കൊണ്ട് ഒരു കാല്‍ പാരലൈസ്ഡാണ്, ഒരു കാല്‍ അനക്കാതെയാണ് അഭിനയിക്കേണ്ടത്. വീല്‍ ചെയറില്‍ ആയത് കൊണ്ട് അധികം ബോഡി മൂവ്‌മെന്റ്‌സ് ഒന്നും വരുന്നില്ല. കുറച്ച് കൂടി എളുപ്പമായിരുന്നു വീല്‍ചെയറില്‍ ഇരുന്ന് അഭിനയിക്കാന്‍. പക്ഷേ നമ്മുക്ക് വേറെ കുറെ മൂവ്‌മെന്റ്‌സ് ഉണ്ടല്ലോ...അതൊക്കെ ചെയ്യുന്നതിന് വീല്‍ ചെയറുമായി വഴങ്ങണം. വീല്‍ ചെയര്‍ എങ്ങനെ ഉപയോഗിക്കണമെന്നത് അറിഞ്ഞിരിക്കണം. അതുകൊണ്ട് രണ്ടു ദിവസം അതിനായി പരിശീലിച്ചിരുന്നു.

ആ ക്യാരക്ടറിനോട് ഇഷ്ടം തോന്നുന്നുണ്ടോ...?

ങ്ഹാ.....സ്വീറ്റ് ക്യാരക്ടറാണ്. ആ വീട്ടില്‍ അച്ഛനും മകളും മാത്രമെയുള്ളു. അവര്‍ രണ്ടാളും തമ്മില്‍ നല്ല ക്ലോസാണ്. വേറെയാരും അവര്‍ക്കില്ല.

കമ്മട്ടിപ്പാടത്തിനെക്കാല്‍ ഈ കഥാപാത്രമാണോ കൂടുതല്‍ ഇഷ്ടമായത്?

അങ്ങനെ പറയാനാകില്ല. രണ്ടും കൊള്ളാം. പക്ഷേ രണ്ടാമത്തെ ചിത്രം എന്ന നിലയ്ക്ക് കുറച്ചു കൂടി പഠിക്കാന്‍ കഴിഞ്ഞു. ആദ്യത്തെക്കാള്‍ നന്നായി ചെയ്യാനും. ചന്ദ്രഗിരി കഴിഞ്ഞ് തെലുങ്കിലേയ്ക്ക് പോയപ്പോള്‍ കുറച്ചു കൂടി പഠിക്കാന്‍ കഴിഞ്ഞു.

ദുല്‍ഖറിനൊപ്പം അഭിനയിച്ചു, ഇനി ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇഷ്ടം?

അങ്ങനെയൊന്നുമില്ല. ഇപ്പോള്‍ കുറോ നല്ല നടന്മാരുണ്ട്....അതുകൊണ്ട് ആരായാലും മതി.

പുതിയ ചിത്രങ്ങള്‍?

ചന്ദ്രഗിരിയും തെലുങ്ക് ചിത്രം കഥയും. കഥയുടെ ചിത്രീകരണം കഴിഞ്ഞു. അതിന്റെ ഡബ്ബിംഗിലാണിപ്പോള്‍ ഞാന്‍. ധന്‍ വിഘ്‌നേശ് ആംപുരിയാണ് നടനും സംവിധാനവും കഥയും. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറിംഗ് ചെയ്യുന്നൊരു കുട്ടിയുടെ വേഷമാണ്. മോഡേണ്‍ ക്യാരക്ടറാണ്. ബോയ്ഫ്രണ്ട് ഗേള്‍ ഫ്രണ്ട് കഥയാണ്. നായിക വേഷമാണ്. തമാശകളും മറ്റും അടങ്ങിയ ചിത്രമാണിത്. കരയാനൊന്നുമില്ല. കരയാന്‍ കുറച്ച് പാടാണ്. കരയാന്‍ ഭയങ്കരമായി എഫോര്‍ട്ട് എടുക്കണം. പക്ഷേ തമാശയായി ഇരിക്കാന്‍ അധികം എഫോര്‍ട്ട് എടുക്കേണ്ടല്ലോ....

അന്യഭാഷാ ചിത്രങ്ങളോടാണോ മലയാള സിനിമയോടാണോ ഇഷ്ടം?

തെലുങ്ക് സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് ഫീല്‍ ചെയ്തൂ. വൗ.....മലയാളത്തില്‍ ഞാന്‍ കലക്കും. തെലുങ്ക് കുറച്ച് ടഫ് അല്ലേ...ആദ്യം മലയാളം ചെയ്തപ്പോള്‍ എന്തൊരു പാടാണിതെന്ന് തോന്നി. പക്ഷേ തെലുങ്ക് ചെയ്തു കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് മലയാളം നന്നായി അറിയാമെന്ന കാര്യം.

ലക്ഷ്യം സിനിമയോ മോഡലിംഗോ അതോ എഞ്ചിനിയറോ?

ഓ...എനിക്ക് സിനിമ തന്നെ

മോഡലിംഗിലേക്ക് വരുന്നത്?

കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് ഫെസ്റ്റില്‍ ഒരു ഫാഷന്‍ ഷോ ചെയ്തിരുന്നു. അങ്ങനെയാണ് മോഡലിംഗിലേയ്ക്ക് വരുന്നത്. ഒരു ഷോ ചെയ്താല്‍ ഉറപ്പായും അടുത്ത ഷോയ്ക്ക് വിളിക്കും. പക്ഷേ ജോലിയുണ്ടായിരുന്നതിനാല്‍ പ്രൊഫഷണല്‍ ആയിട്ടൊന്നും ചെയ്തിട്ടില്ല.

വീട്ടിലെ ഷോണ്‍?

വീട്ടിലായിരിക്കുമ്പോള്‍ സിനിമ കാണും, പുസ്തകങ്ങള്‍ വായിക്കും, അങ്ങനെ ഓരോന്ന് ചെയ്‌തോണ്ടിരിക്കും. പിന്നെ ഗ്വിതാര്‍ പഠിക്കുന്നുണ്ട്. കുറച്ചു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഗ്വിതാറില്‍ തെളിയും. ക്രീയേറ്റീവ് ആകാനാനിഷ്ടം.

പഠനം ജോലി കുടുംബം?

കുട്ടിക്കാലം മുതല്‍ക്കെ ബാംഗ്ലൂരിലിരുന്നു. അവിടെ തന്നെയാണ് പഠിച്ചുവളര്‍ന്നത്. അതുകൊണ്ടാണ് കുറേ ഡയലോഗ്‌സ് ഒക്കെ കിട്ടിയതും. അച്ഛന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. വീട്ടമ്മയാണ് അമ്മ. സഹോദരന്‍ ആമസോണില്‍ ജോലിചെയ്യുന്നു. ബാംഗ്ലൂര്‍ ബെയ്‌സിഡ് ബയോടെക് കമ്പനിയില്‍ ഞാനും ജോലി ചെയ്യുന്നുണ്ട്. ബയോടെക് എഞ്ചിനിയറിംഗായിരുന്നു പഠിച്ചത്. ഇപ്പോള്‍ സമയത്തിന്റെ ഒരു പ്രശ്‌നമുള്ളതിനാല്‍ വര്‍ക്ക് ഫ്രം ഹാമാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ ജോലിചെയ്യുന്നുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണോ?

അതെ. ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവാണ്. ഫെയ്‌സ്ബുക്കില്‍ ഉണ്ട്...പക്ഷേ ആക്ടീവല്ല. എഫ്ബിയില്‍ അയല്‍ വീട്ടിലെ ആന്റിമാര്‍ വരെ ഉണ്ട്. പിന്നെ എല്ലാ ബന്ധുക്കളുമുണ്ട്് എഫ്ബിയില്‍. അതുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലേക്കായി. എഫ്ബിയില്‍ വളരെ ലളിതമായ പോസ്റ്റും പോസിറ്റീവ് മെസേജസ്സുമൊക്കെയാണ്. ആന്റിമാര്‍ക്കൊക്കെ ലൈക്കഡിക്കാനുള്ളതല്ലേ....(ചിരി).

ട്വിറ്ററില്‍ ഉണ്ടോ?


ട്വീറ്റ് ഒന്നുമില്ല. മേ ബീ ഇന്നു മുതല്‍ തുടങ്ങിയിരിക്കും.

ഞാന്‍ ചോദിച്ചോണ്ടാണോ...?


അതെ...ചോദിച്ച സ്ഥിതിക്ക് തുടങ്ങിയിട്ടു തന്നെ കാര്യം.

വിവാഹം?

പൊട്ടിച്ചിരി......എനിക്കിപ്പോ എന്നെ തന്നെ കൂടുതലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ക്രിയേറ്റീവാണ്. ക്രിയേറ്റീവായിട്ടുള്ള ഒരാളെയാണ് വിവാഹം കഴിക്കാന്‍ താത്പര്യം. അപ്പോള്‍ രണ്ടു പേര്‍ക്കും എപ്പോഴും ക്രിയേറ്റീവായിരിക്കാമല്ലോ....അല്ലെങ്കില്‍ നല്ല ബോറിംഗായിരിക്കും.

വീട്ടുകാര്‍ കണ്ടെത്തുമോ.....അതോ സ്വന്തമായി കണ്ടെത്തുമോ......?


ഇല്ലില്ല.....ഞാന്‍ സ്വന്തമായി തന്നെ കണ്ടെത്തും.

സിനിമയില്‍ നിന്നും താത്പര്യമുണ്ടോ?

ഏയ്......അങ്ങനെയൊന്നും വേണ്ട. വേറ രീതിയിലുള്ള ക്രിയേറ്റീവ് ആയിട്ടുള്ളവര്‍ മതി. പക്ഷേ സിനിമയും ക്രിയേറ്റീവാണല്ലോ....(ചിരി)

അപ്പോ സിനിമയില്‍ നിന്നായാലും കുഴപ്പമില്ലല്ലേ......???

അതാണല്ലേ നല്ലത്.....(പൊട്ടിച്ചിരി). അല്ലേല്‍ വേണ്ട....ക്രിയേറ്റീവ് മാത്രം ആയാല്‍ മതി.

ഉടനെ ഉണ്ടാകുമോ..?


രണ്ടുവര്‍ഷമെങ്കിലും കഴിയണം....

അറിയിക്കുമോ..?


തീര്‍ച്ചയായും......ബ്രോഡ്കാസ്റ്റ് ചെയ്യുന്നതായിരിക്കും....(വീണ്ടും ചിരി)

ഷോണ്‍ എപ്പോഴും ചിരിയാണല്ലോ...?


അതെ ഞാന്‍ എപ്പോഴും ഹാപ്പിയാണ്......എപ്പോഴും ചിരിക്കും. ചിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു.

ചിരിക്കുന്ന ഷോണിനെ മലയാള സിനിമയില്‍ കാണാനാകുമോ...?

(പൊട്ടിച്ചിരി) ഇനി ഹാപ്പിയായിട്ടുള്ളതെ എടുക്കൂ (തമാശയോടെ വീണ്ടും ചിരി) അതെ......ഇനി ചിരിക്കുന്ന ഷോണ്‍ ആയിരിക്കും. (ചിരി നിര്‍ത്താതെ ഷോണ്‍)