Friday 22 February 2019


ലാല്‍ സര്‍ പറ്റില്ലായെന്ന് പറഞ്ഞില്ല , പറ്റുമോ എന്ന് ചോദിച്ചില്ല

By V G Nakul.01 Feb, 2017

imran-azhar

 

 

വൈശാഖ് എന്ന സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കാണ് പുലിമുരുകന്‍. ആഘോഷ സമാനമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന കമേഴ്‌സ്യല്‍ എന്റര്‍ടൈനറുകളിലൂടെ വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ വൈശാഖിന്റെ വേറിട്ട ഒരു ചലച്ചിത്ര ശ്രമം. രണ്ട് വര്‍ഷത്തെ അത്യദ്ധ്വാനം പുലി മുരുകനു പിന്നിലുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്നതിനൊപ്പം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവുമായി പുലിമുരുകന്‍ മാറുമെന്നുറപ്പായി. മോഹന്‍ലാല്‍ എന്ന നടന ഇതിഹാസത്തിന്റെ അത്യുഗ്രന്‍ പ്രകടനം. താരസമ്പന്നം. സാങ്കേതികത്തികവ് - ഇവയെപ്പറ്റിയെല്ലാം വൈശാഖ് സംസാരിക്കുന്നു.

 

മഹാവിജയത്തിലേക്ക് കുതിക്കുകയാണ് പുലി മുരുകന്‍. സംവിധായകനെന്ന നിലയില്‍ താങ്കള്‍ക്ക് വലിയ അഭിനന്ദനം; എന്താണ് പറയുവാനുള്ളത്?

മാസ് പാക്കേജിലുള്ള സിനിമകളോട് പ്രേക്ഷകര്‍ക്കുള്ള താത്പര്യത്തിന്റെ തെളിവാണ് പുലി മുരുകന്‍ നേടുന്ന വിജയം. തിയേറ്ററുകളില്‍ ചിത്രം ആള്‍ക്കൂട്ടം സൃഷ്ടിക്കുന്നു എന്നത് ഇത്തരം ഉത്സവചിത്രങ്ങള്‍ക്ക് വലിയ സാധ്യത തുറക്കുന്നു. എല്‌ളാക്കാലത്തും പ്രേക്ഷകന്റെ അഭിരുചികള്‍ മാറും. എന്നാല്‍ ആഘോഷമായിക്കാണാവുന്ന നല്‌ള സിനിമകളെ അവരൊരിക്കലും അംഗീകരിക്കാതിരുന്നിട്ടില്ല. നോക്കൂ രാവിലെ ഏഴ് മണിക്കാരംഭിക്കുന്ന പുലി മുരുകന്റെ പ്രദര്‍ശനങ്ങള്‍ രാത്രി പന്ത്രണ്ട് മണി വരെ നീളുന്നു.

 

സംവിധായകനെന്ന നിലയില്‍ രണ്ട് വര്‍ഷം പുലി മുരുകനു വേണ്ടി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയല്ലേ ഈ വിജയം?

കഠിനമായ പ്രക്രിയയായിരുന്നു പുലി മുരുകന്റെ മേക്കിംഗ്. കാണുന്നതു പോലെ അനായാസമായിരുന്നില്ല. എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് പ്രാവര്‍ത്തികമായിരിക്കുന്നത്. അതോടൊപ്പം ഒരുപാട് പേരുടെ അദ്ധ്വാനം, ക്ഷമ, പരിശ്രമം എല്ലാം ചേര്‍ന്നുണ്ടായ സിനിമ. നിര്‍മ്മാതാവും, ലാല്‍ സാറും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും പൂര്‍ണ്ണ പിന്‍തുണയുമായി ഒപ്പം നിന്നതിനാല്‍ സാധ്യമായതാണ് പുലി മുരുകന്‍.

 


സംവിധായകനെന്ന നിലയില്‍ പുലി മുരുകനെ താങ്കള്‍ എങ്ങനെയാണ് സമീപിച്ചത്?


പുലി മുരുകന്‍ ഒരു കാല്‍ക്കുലേറ്റഡ് സിനിമയാണ്. കൃത്യമായ കഥയും, തിരക്കഥയും, സ്‌റ്റോറീബോര്‍ഡും ഉണ്ടാക്കി എങ്ങനെയാകണം ടോട്ടാലിറ്റിയിയില്‍ ചിത്രം എന്നത് മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചിരുന്നു.

 


സാഹസിക പ്രകടനം കൊണ്ട് മോഹന്‍ലാല്‍ വീണ്ടും ത്രസിപ്പിക്കുകയാണലേ്‌ളാ. ആരാധകര്‍ കാത്തിരുന്ന അദ്ദേഹത്തിന്റെ ഭാവമാണ് പുലി മുരുകനില്‍?


ലാല്‍ സാറിനുള്ള അംഗീകാരമായാണ് ഞാന്‍ പുലി മുരുകന്‍ നേടുന്ന വിജയത്തെ പ്രധാനമായും കാണുന്നത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് പ്രേക്ഷകരുടെ സമ്മാനം. അത്രത്തോളം മുരുകനെന്ന കഥാപാത്രത്തിനായി അദ്ദേഹം സ്‌ട്രെയിന്‍ ചെയ്തു. അതിന് പ്രായം ഒരു ഘടകമേയല്‌ള. അതൊരു സാങ്കേതികകാര്യം മാത്രമാണ്. അദ്ദേഹത്തിന്റെ മനസ്‌സില്‍ പ്രായത്തിന്റെ നിഴലില്‌ള. അദ്ദേഹത്തിന്റെ ചുറുചുറുക്ക് ചെറുപ്പക്കാരെ വെല്‌ളുന്നതാണ്. ആ മനസ്‌സിന്റെ ആരോഗ്യമാണ് മുരുകന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിലുള്ളത്. അദ്ദേഹം ചിത്രീകരണത്തിനിടയില്‍ ഒരിക്കല്‍ പോലും പറ്റില്‌ള എന്നു പറഞ്ഞിട്ടില്‌ള. പറ്റുമോ എന്ന് ചിന്തിച്ചിട്ടുമില്ല.

 


ആഘോഷമായി കാണാവുന്ന മാസ് എന്റര്‍ടൈനറുകളുടെ സംവിധായകനാണ് താങ്കള്‍. പുലി മുരുകനിലേക്ക് കടക്കുമ്പോള്‍ എന്തായിരുന്നു തീരുമാനങ്ങള്‍ ?


എല്ലാക്കാലത്തും ഞാന്‍ കമേഴ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. എന്നാല്‍ ഓരോ ചിത്രവും തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. കാലത്തിനനുസരിച്ചുള്ള അപ്‌ഡേഷന്‍സ് നടത്തിയിട്ടുണ്ട് എല്‌ളാറ്റിലും. എന്നാല്‍ പുലി മുരുകന്‍ എല്‌ളാതലത്തിലും വലിയ മാറ്റത്തോടെ ചെയ്ത സിനിമയാണ്. അത്രത്തോളം കോംപ്‌ളിക്കേറ്റഡ് കണ്‍സപ്ടാണ് ചിത്രത്തിന്റേത്.

 


മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രീ പബ്‌ളിസിറ്റി ആഘോഷങ്ങള്‍ പുലി മുരുകനില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടാക്കി ?


അമിത പ്രതീക്ഷ എന്തായാലും റിസ്‌ക്കാണ്. പുലി മുരുകന്‍ പോലെയൊരു ചിത്രം വിജയിക്കണമെങ്കില്‍ അതിന്റെ നിര്‍മ്മിതിയില്‍ നിരന്തരമായ പരിശ്രമവും, അര്‍പ്പണവും, ശ്രദ്ധയുമുണ്ടാകണം. ഭാഗ്യം കൊണ്ട് വിജയിക്കുന്ന സിനിമകളുടെ ഗണത്തിലല്‌ള പുലി മുരുകന്‍. അതേ പോലെ തന്നെ പ്രധാനമാണ് നമുക്കൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ പിന്‍തുണയും, വിശ്വാസവും.

 


ഇത്ര വലിയ തുക മുടക്കി ഒരുക്കുന്ന ഒരു സിനിമ സംവിധായകനെന്ന നിലയില്‍ വലിയ ഉത്തരവാദിത്വമലേ്‌ള ?


കണ്‍സപ്ടിലുള്ള കോണ്‍ഫിഡന്‍സാണ് പ്രധാനം. അതേ പോലെ ബിസിനസ് കൈകാര്യം ചെയ്യാനുമാകണം. പുലി മുരുകന്‍ ഇരുപത്തി അഞ്ച് കോടിയിലേറെ മുടക്കുമുതലില്‍ നിര്‍മ്മിച്ചപേ്പാള്‍ റിലീസിനു മുന്‍പ് സാറ്റലൈറ്റ് റൈറ്റ്, മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം ഉള്‍പ്പടെയുള്ള വകയില്‍ പതിനഞ്ച് കോടിയുടെ ബിസിനസുണ്ടായി. ചിത്രത്തിന്റെ കളക്ഷനനുസരിച്ചുള്ള ലാഭവിഹിതം നിര്‍മ്മാതാവിന് ലഭിക്കുന്ന തരത്തിലാണ് എല്‌ളാ കരാറുകളും.

 


അതൊരു വലിയ സാദ്ധ്യത തുറക്കുന്നുണ്ടല്ലോ ?


അതെ, ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന വിജയത്തിന്റെയും, കളക്ഷന്റെയും പരിധികള്‍ മറികടക്കുവാനുള്ള ശ്രമം പുലിമുരുകന്റെ ലക്ഷ്യമാണ്. നമ്മുടെ ശ്രമം, ഇന്‍വസ്റ്റ്‌മെന്റുകള്‍ ഒക്കെ ഗുണകരമായി കേരളത്തിനു വെളിയിലും എത്തണം.

 

അപേ്പാള്‍ പുലി മുരുകന് കൃത്യമായ ഒരു ബിസിനസ്‌സ് പ്‌ളാനിംഗുണ്ടായിരുന്നല്ലോ ?


വ്യക്തമായ പ്‌ളാനിംഗുണ്ടെങ്കിലേ സിനിമ ലാഭകരമായ ബിസിനസ് ആകൂ. അതിന് ഒരു വിപണന തന്ത്രം ഉണ്ടാകണം. ഒപ്പം മാര്‍ക്കറ്റ് വലുതാക്കുക, റിട്ടേണ്‍സ് കൂട്ടുക, ഷുവര്‍ട്ടി ഉറപ്പാക്കുക. അങ്ങനെയുള്ള എല്‌ളാ ശ്രമങ്ങളും പുലി മുരുകനു വേണ്ടിയുണ്ടായി. ഇപേ്പാള്‍ തന്നെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലേക്കുള്ള റൈറ്റും, ഇന്റര്‍നാഷണല്‍ ബിസിനസും കരാറായി.

 


പുലി മുരുകന്‍ നൂറു കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമയാകും എന്ന് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ഉണ്ടല്ലോ?


സ്വാഭാവികമായും മലയാളം പതിപ്പില്‍ നിന്ന് മാത്രമായി പുലി മുരുകന്‍ നൂറുകോടി കളക്ഷന്‍ നേടും എന്ന പ്രതീക്ഷയിലാണ്. അങ്ങിനെ സംഭവിച്ചാല്‍ വ്യക്തിപരം എന്നതിനേക്കാള്‍ അത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കും എന്നതിലാണെനിക്ക് സന്തോഷം. അതോടെ വലിയ സിനിമകള്‍ ചെയ്യുവാനുള്ള ശ്രമം ഇവിടെയുണ്ടാകും. മലയാള സിനിമയ്ക്ക് മറ്റ് ഭാഷകളിലും മാര്‍ക്കറ്റുണ്ടാകും.

 


ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെല്ലാം കയ്യടി വാങ്ങുന്നു?


കാര്യമായി വിപണനം ചെയ്യുക, വിജയിക്കുക എന്നത് പുലി മുരുകന്റെ ലക്ഷ്യമായിരുന്നു. കാരണം അത്ര ടാലന്റ്‌സ് നമുക്കുണ്ട്. ആക്‌ടേഴ്‌സിലും, ടെക്‌നീഷ്യന്‍സിലും ഏത് ഭാഷക്കാരോടും മത്സരിക്കുവാന്‍ ശേഷിയുള്ളവര്‍. അവരുടെ വിപണി കൂടി വലുതാക്കുക എന്നത് പ്രധാനമായും പരിഗണിച്ചു.

 


മികച്ചവരുടെ ഒരു വലിയ സംഘം പുലിമുരുകനായി പ്രവര്‍ത്തിച്ചു?


ഒരു ഡയറക്ടറുടെ ജോലി ഡിമാണ്ട് ചെയ്യുന്ന കണ്‍സപ്ടിനെ സഫലീകരിക്കുക എന്നതാണ്. അതിനായി ലഭിക്കാവുന്ന മാക്‌സിമം ടാലന്റിസിനെ ഉപയോഗിക്കുക, അവരുടെ പ്രതിഭ തെളിയിപ്പിക്കാന്‍ ശ്രമിക്കുക. പുലി മുരുകന്റെ തിരക്കഥ, ഛായാഗ്രഹണം, ആര്‍ട്ട് തുടങ്ങി പിന്നണിയില്‍ ഭൂരിപക്ഷവും മലയാളി സാങ്കേതിക പ്രവര്‍ത്തകരാണ്. അവരെല്‌ളാം തങ്ങള്‍ മികച്ചവരെന്ന് തെളിയിക്കുകയും ചെയ്തു.

 


തിയേറ്ററില്‍ പടം കണ്ടപേ്പാള്‍ ഉള്ള അനുഭവം ?


ആദ്യദിനം പടം കണ്ടത് ലാല്‍ സാറിനെ അഗാധമായി സ്‌നേഹിക്കുന്ന ആരാധകര്‍ക്കൊപ്പമാണ്. അവര്‍ ഇളകി മറിയുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കണ്ടു. അപേ്പാള്‍ ഫാമിലി കൂടി എത്തിത്തുടങ്ങിയിരുന്നു. അവരും ആസ്വദിച്ചാണ് പടം കാണുന്നത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടപെ്പടുന്നു.

 

 
താരസമ്പന്നമാണല്ലോ ചിത്രം. ഒപ്പം മറ്റ് ഭാഷകളിലെ അഭിനേതാക്കളും?


പ്രധാനമായും അനുയോജ്യരായ അഭിനേതാക്കള്‍ എന്നതിനായിരുന്നു പരിഗണന. ഒപ്പം ജഗപതി ബാബു, കിഷോര്‍, മകരന്ദ് ദേശ്പാണ്ടെ, നമിത, കമാലിനി എന്നിവരെ പരിഗണിച്ചപേ്പാള്‍ അന്യഭാഷാ വിപണി കൂടി കണക്കിലെടുത്തു.

 


ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ടോമിച്ചന്‍ മുളകുപാടം പുലി മുരുകന്റെ പ്രധാന കരുത്തല്ലേ ?


ഞാനും ടോമിച്ചേട്ടനും അടുത്ത സുഹൃത്തുക്കളും, സഹോദര തുല്യരുമാണ്. അത് ഒരിക്കലും ഒരു ഡയറക്ടര്‍, പ്രൊഡ്യൂസര്‍ ബന്ധമല്‌ള. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ തന്നെയാണ് പ്രൊഡ്യൂസര്‍ എന്നു പറയാം. കാരണം ഞാനാണ് ഫിനാന്‍സ് കണ്‍ട്രോള്‍ ചെയ്തത്. അദ്ദേഹം സിനിമയ്ക്ക് വേണ്ടി പണം സ്വരൂപിക്കുന്നതെങ്ങനെ എന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ അനാവശ്യമായി ഒരു രൂപ പോലും ചെലവഴിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ടോമിച്ചേട്ടനെ എക്കണോമിക്കലി സേഫാക്കുന്ന രീതിയിലായിരുന്നു എല്‌ളാ പ്‌ളാനിംഗും. എന്നു കരുതി പെര്‍ഫെക്ഷനില്‍ ഒരു കോംപ്രമൈസും നടത്തിയില്‌ള. ചുരുക്കത്തില്‍ ഞാന്‍ സംവിധായകന്‍ മാത്രമല്‌ള, നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടിയാണ് പുലി മുരുകന്‍ ചെയ്തത്.

 


മറ്റ് ഭാഷകളിലേക്കുള്ള മൊഴിമാറ്റം?


തെലുങ്ക് മൊഴിമാറ്റത്തിന്റെ അവസാന ഘട്ട മിനുക്കു പണികള്‍ നടക്കുന്നു. ഒക്‌ടോബര്‍ 21 ന് ആന്ധ്രയില്‍ റിലീസ് ചെയ്യും. തമിഴും ഉടനുണ്ടാകും.