Monday 22 July 2019
സ്ത്രീകളെ പിന്നിലാക്കിയത് സുരക്ഷിതത്വം: കെ.സി.റോസകുട്ടി

By Farsana Jaleel.05 Apr, 2017

imran-azhar

വിദ്യാഭ്യാസ പരമായിട്ടും ആരോഗ്യപരമായും മറ്റെല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞ ഈ കാലഘട്ടത്തില്‍ സുരക്ഷയുടെ കാര്യത്തില്‍ നമ്മള്‍ വളരെ പിന്നോട്ട് പോയിരിക്കുന്നുവെന്നാണ് വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ പറയുന്നത്. സ്ത്രീ സുരക്ഷ ഏറ്റവും വലിയൊരു വിഷയമായി നില്‍ക്കുന്ന കാലഘട്ടമാണിതെന്നും അതു തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെയര്‍പേഴ്സണ്‍ പ്രതികരിക്കുന്നു. എല്ലാ മേഖലയിലേയ്ക്കും വളര്‍ന്ന് വന്ന് അവരുടേതായ പങ്ക് തെളിയിച്ച സ്ത്രീകള്‍ക്ക് ഈ കാലഘട്ടത്തില്‍ ഇല്ലാത്തത് സുരക്ഷ മാത്രമാണെന്നും റോസക്കുട്ടി അഭിപ്രായപ്പെടുന്നു.

പുരുഷനാവാം പക്ഷേ സ്ത്രീയ്ക്ക് പറ്റില്ല

സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി നേരിടുമ്പോഴെല്ലാം പലഭാഗത്ത് നിന്നും ഉണ്ടാകുന്ന കാര്യമാണ് വസ്ത്രധാരണം. പുരുഷന്‍മാര്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും വേഷമിടാം. എന്നാല്‍  സ്ത്രീകള്‍ക്ക് അത് പാടില്ല....സ്ത്രീകള്‍ ജീന്‍സ് ഇട്ടുകൂടാ.....സ്ത്രീകള്‍ ഇന്ന വേഷമിട്ടതിനാലാണ് ഇപ്രകാരം സംഭവിച്ചത് എന്നൊക്കെ പറയുന്നത് വളരെ ബാലിഷമായ നിലപാടുകളാണ്.  കാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ മോഡസ്റ്റ് ആയിട്ടുള്ള വേഷം ധരിക്കുന്നത് തന്നെയാണ് നല്ലത്. പക്ഷേ മോഡസ്റ്റായി വേഷമിടുന്ന കുട്ടികള്‍ മാത്രമല്ല വേഷം ഇടേണ്ടി വരാത്ത പിഞ്ചു കുഞ്ഞിങ്ങള്‍, തെരുവില്‍ സ്ത്രീകളോടൊപ്പം കിടന്നുറങ്ങുന്ന മുലപ്പാലിന്റെ മണം പോലും മാറാത്ത കുഞ്ഞുങ്ങള്‍, മുത്തശ്ശിമാരായ വൃദ്ധരായ അമ്മമാര്‍ വരെ പീഡനിത്തിരയാകുന്ന സാഹചര്യത്തില്‍ വസ്ത്ര ധാരണമാണ് കാരണമെന്ന് പറയാനാകുമോ?

സ്ത്രീകള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സമൂഹമല്ല

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ രണ്ടാംകിട പൗരന്‍മാരാണെന്നുള്ള ചിന്തവരികയും ആ ചിന്തയില്‍ നിന്നും സ്ത്രീകളെ കീഴ്‌പ്പെടുത്തേണ്ടവരാണെന്നും  അടിച്ചമര്‍ത്തപ്പെടേണ്ടവരുമാണെന്നുമുള്ള മനോഭാവം വെച്ച് പുലര്‍ത്തുന്നവരാണ് ഇന്ന് സ്ത്രീകള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. നമ്മുടെ രാജ്യത്ത് പകുതിയോളം വരുന്ന സ്ത്രീ ജനവിഭാഗങ്ങളുടെ ഉയര്‍ച്ച, അവരുടെ വളര്‍ച്ച, അവരുടെ പങ്ക് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും അതിന്റെ പൂര്‍ണ്ണമായ തോതില്‍ ചെയ്യാനുള്ളൊരു സ്വാതന്ത്ര്യം ഇല്ലെങ്കില്‍ സ്ത്രീകള്‍ എല്ലാ മേഖലയിലും വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമൂഹമാണെന്ന് നമ്മുക്ക് പറയാനാകില്ല. മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കിയിട്ടുള്ള നീക്കം ആവശ്യമാണ്. അതിന് ഏറ്റവും ആദ്യം വേണ്ടത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും തുല്യരാണെന്ന് കുടുംബത്തില്‍ തന്നെ ആ തുല്യതയുടെ സംസ്‌കാരം നമ്മുടെ ആണ്‍മക്കളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല

കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ ശിക്ഷാരീതിയ്ക്ക് വലിയൊരു പങ്കുണ്ട്. പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, സ്ത്രീത്വത്തിനു നേരെയുള്ള കടന്നുകയറ്റം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഒരു കേസ് ഉണ്ടായി കഴിയുമ്പോള്‍ ആ കേസ് ഏറ്റെടുക്കുന്നതിലുള്ള കാലതാമസം പോലെ, കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നു. അതായത് കുറച്ച് പേര്‍ മാത്രമെ ശിക്ഷയ്ക്ക് വിധേയരാകുന്നുള്ളു. ഇത്തരം  സാഹചര്യത്തില്‍ നീതി ലഭിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് തന്നെ സ്വയം നേടിയെടുക്കേണ്ടിവരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല.

അതിവേഗ ശിക്ഷ അത്യന്താപേക്ഷിതം

പെട്ടന്നുള്ള അതിവേഗ ശിക്ഷ അത്യന്താപേക്ഷിതമാണ്. പെട്ടെന്ന് ഒത്ത് തീര്‍പ്പാക്കുന്ന കോടതികള്‍ ആവശ്യമാണ്. ഇത്തരത്തിലുള്ള കോടതികള്‍ നമ്മുക്കുണ്ടാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ എത്രയും വേഗം കുറ്റവാളികള്‍ക്ക് ശിക്ഷ കൊടുക്കാനും കഴിയുന്നില്ല. ഇത്  കുറ്റകൃത്യം ചെയ്തവര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കുന്നു. അവര്‍ പിടിക്കപ്പെടുകയുമില്ല. എന്തു വലിയ ക്രൂരകൃത്യം ചെയ്താലും രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന ബോധ്യം ഈ കുറ്റകൃത്യം ചെയ്യാനുള്ള വ്യകതികള്‍ക്ക് ഉണ്ടാകുന്നതിന്റെ ഫലമാണ് ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അനുഭവിച്ച് വരുന്നത്.

ആദ്യം മാറേണ്ടത് സമൂഹ മനസ്ഥിതി

ഒരു പെണ്‍കുട്ടിയ്ക്ക് അല്ലെങ്കില്‍ ഒരു സ്ത്രീയ്ക്ക് നേരെ അതിക്രമം ഉണ്ടാകുമ്പോള്‍ അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ആര്‍ക്കും തോന്നലില്ല. അവര്‍ക്ക് നീതി വാങ്ങിച്ചു കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന മനോഭാവവും ആര്‍ക്കുമില്ല. അതുകൊണ്ട് തന്നെ ആദ്യം മാറേണ്ടത് സമൂഹ മനസ്ഥിതിയാണ്. ആ ഒരു മാറ്റം നമ്മുടെ മനോഭാവത്തില്‍ വന്നേപറ്റു. സ്ത്രീകളും പുരുഷന്‍മാരും തുല്യരെന്ന് പറയുന്ന മനോഭാവം  ഉണ്ടാക്കിയെടുക്കാന്‍ നമ്മുക്ക് കഴിയണം. തുല്യമായ അവകാശങ്ങളോടു കൂടി ജനിച്ച രണ്ടു വ്യക്തികളാണ് സ്ത്രീയും പുരുഷനും. പലകാര്യങ്ങളിലും വ്യത്യസ്ഥത ഉണ്ടെങ്കില്‍ കൂടിയും തുല്യ അവകാശവും തുല്യ സ്ഥാനവുമാണ് ഇരുവര്‍ക്കും നല്‍കേണ്ടത്. ആ തുല്യത നമ്മുക്ക് നേടിയെടുക്കാന്‍ കഴിയാത്തിടത്തോളം കാലം എന്നും സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായി കാണുകയും അവരെ ആക്രമിക്കാനുള്ള തന്ത്രങ്ങള്‍ മറുഭാഗത്തു നിന്നും ഉണ്ടാകുകയും ചെയ്യും.

സ്ത്രീകള്‍ക്ക് നീതി ലഭ്യമായിട്ടില്ല

നമ്മുടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ നമ്മുക്ക് കഴിയുന്നില്ല. സ്ത്രീകള്‍ക്ക് അനുകൂലമായി ധാരാളം നിയമങ്ങളുണ്ട്. അതിനേറ്റവും ഉദാഹരണം ഭരണഘടന തന്നെ ഏറ്റവും വലിയ നിയമസംഹിതയാണ് എന്നുള്ളതാണ്. ലിംഗസമത്വത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നൊരു ഭരണഘടനയാണ് നമ്മുടേത്. സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി ഭരണഘടന പോലും ഭേദഗതി ചെയ്യേണ്ടിവന്നു. ഒരു പുരുഷനു വേണ്ടി ഇതുവരേയും ഒരു പുതിയ നിയമമുണ്ടാക്കേണ്ടി വന്നിട്ടില്ല. ഭരണഘടന ഭേദഗതി വരുത്തികൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടുന്നതും നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി നടപ്പിലാക്കേണ്ടി വന്നിട്ടുള്ള കാര്യമാണ്. അത് വ്യക്തമാക്കുന്നത് നാളിതുവരെയും നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. പുതിയ നിയമങ്ങള്‍ പോലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഇതിനോടനുബന്ധിച്ച് സമൂഹത്തിന് ഒരു അവബോധം ഉണ്ടാകുകയുമാണ് ചെയ്യേണ്ടത്.

സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം അനിവാര്യം

സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹരാണെന്ന മനോഭാവം സ്ത്രീകളില്‍ തന്നെ ഉണ്ടാക്കിയെടുക്കുകയും ഏതു സമയത്തും സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അതിനെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും ശക്തിയും നമ്മള്‍ സ്ത്രീകള്‍ നേടിയെടുക്കുക. സ്ത്രീ സമൂഹം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്ന വാക്കിനോടു പോലും യോജിക്കാത്ത ഒരു സഹോദര സമൂഹം നമ്മുക്കുണ്ടാകണം. ഈ മനോഭാവം നമ്മുടെ പുരുഷ സുഹൃത്തുക്കളില്‍ പോലും ഉണ്ടാക്കിയെടുക്കണം. സമൂഹത്തിനൊരു മാറ്റമുണ്ടാകണം. സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരണം. സമൂഹത്തിന്റെ അലംഭാവത്തിനും മാറ്റം വരണം. അതോടൊപ്പം നമ്മുടെ മനസ്സുകള്‍ക്കും മാറ്റം വരണം.

സ്ത്രീയുടെ മാത്രമല്ല സമൂഹത്തിന്റെയും ഉത്തരവാദിത്വം

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ചെറുക്കേണ്ടത് ഒരു സ്ത്രീയുടെ മാത്രം കടമയല്ല....മറിച്ച് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. സമൂഹം ഈ ഉത്തരവാദിത്വം നിര്‍വ്വഹിക്കണം. സ്ത്രീയും പുരുഷനും ഒരു പോലെ അവകാശമുള്ള രണ്ട് വിഭാഗത്തില്‍ പെട്ടവരാണ്. തുല്യമായ അവകാശങ്ങളോടു കൂടിയുള്ളവരാണെന്ന അവബോധം സ്ത്രീയ്ക്ക് മാത്രമല്ല പുരുഷനും കൂടി തോന്നേണ്ട ഒന്നാണ്. അങ്ങനെയുള്ള കുടുംബങ്ങളുണ്ടാകണം. ഈ വിവേചനം വളരെ ശൈശവത്തില്‍ തന്നെ നമ്മുടെ സമൂഹത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ്. ആണ്‍കുഞ്ഞ് ഉണ്ടാകുമ്പോഴും പെണ്‍കുഞ്ഞ് ഉണ്ടാകുമ്പോഴുമുള്ള മനോഭാവത്തിലുള്ള മാറ്റങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന പരിഗണയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഈയൊരു മാറ്റം കാണാം.

സ്ത്രീകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല

സ്ത്രീകള്‍ക്ക് സഞ്ചാരസ്വാന്ത്ര്യം ഉണ്ടാക്കിയെടുക്കണം. സഞ്ചാര സ്വാതന്ത്ര്യം ഇല്ലായ്മ പലപ്പോഴും പലകാര്യങ്ങളും നേടിയെടുക്കുന്നതില്‍ തടസ്സമായി മാറുന്നു. ആറു മണി കഴിഞ്ഞാല്‍ സ്ത്രീകളും പെണ്‍കുട്ടികളും അകത്തിരിക്കണമെന്ന് പറയുകയും ആണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും ആ സമയം ഏതെങ്കിലും തരത്തിലുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ക്ക് അവകാശം കൊടുക്കുന്ന സമൂഹവുമാണ് നമ്മുക്കുള്ളത്. ഈ സമൂഹത്തെ ഒരു പരിഷ്‌കൃത സമൂഹമെന്ന് വിളിക്കാനാവില്ല.

സ്ത്രീകള്‍ യോധനാകലകള്‍ അഭ്യസിക്കണം

ഇന്നത്തെ സമൂഹത്തില്‍ എവിടെ നിന്നെങ്കിലും ദുശിച്ച പ്രവണതകള്‍ ഉണ്ടാകുമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡായി നടക്കമെന്ന് പറയുമ്പോഴും സുരക്ഷിതമില്ലായ്മയെ കുറിച്ചുള്ള അവബോധവും അവരില്‍ ഉണ്ടാക്കിയെടുക്കണം. കായികബലം സ്ത്രീകള്‍ക്ക് ഇല്ലാത്തതിനാല്‍ കരാട്ടെ പോലുള്ള യോധനാകലകള്‍ അഭ്യസിപ്പിച്ച് ഒരു ചെറുത്തുനില്‍പ്പ് വേണ്ട സാഹചര്യത്തില്‍ ചെറുത്തുനില്‍പ്പിനുള്ള പ്രാപ്തി ഉണ്ടാക്കിയെടുക്കുക. യാത്ര ചെയ്യുമ്പോള്‍ ലക്ഷ്യ സ്ഥാനത്തെത്താനുള്ള മുന്നൊരുക്കങ്ങള്‍  ചെയ്യണം. യാത്രയ്ക്കിടയില്‍ ഇടയ്ക്കിടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുക.  

പൊലീസുകാര്‍ സ്ത്രീ സൗഹൃദ മനോഭാവം കാട്ടണം

വളരെ ദുര്‍ബലവിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ ആക്രമിക്കപ്പെടുന്നതു പോലെ തന്നെയാണ് സിനിമാ താരങ്ങളും ആക്രമിക്കപ്പെടുന്നത്. മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്്.  സ്ത്രീകള്‍ക്കെതിരെ ഒരു അക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നീതി ലഭിക്കാന്‍ ഒരു പൊലീസിന്റെ സഹായം അനിവാര്യമാണ്. കാരണം ഈ കേസുകള്‍ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. അതുകൊണ്ട് തന്നെ പൊലീസുകര്‍ സ്ത്രീസൗഹൃദ മനോഭാവം കാട്ടിയില്ലെങ്കില്‍ തെളിവുകള്‍ നശിക്കപ്പെടും. തെളിവുകള്‍ ശേഖരിക്കുന്ന കാര്യത്തിലും പൊലീസിന് വലിയ ഉത്തരവാദിത്വമുണ്ട്.

സമൂഹം ഭ്രഷ്ട് കല്‍പ്പിക്കണം

എല്ലായിപ്പോഴും ആക്രമണം നടത്തുന്നത് ഒരു ചെറിയ വിഭാഗം ആളുകളാണ്. ആ ചെറു വിഭാഗത്തെ സമൂഹം ഒന്നിച്ച് നിന്ന് നേരിട്ടാല്‍ ഇത്തരത്തിലുള്ള അക്രമവാസനകളുള്ളവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും അവരെ സമൂഹം തന്നെ ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്യുക. അതേസമയം അക്രമിക്കപ്പെട്ട ഇരയ്ക്ക് പൂര്‍ണ്ണമായ സുരക്ഷയും  സഹായവും നിയമസംവിധാനവും നല്‍കണം. സമൂഹം ഒന്നടങ്കം നമ്മുടെ പെണ്‍മക്കളുടെ സുരക്ഷിതത്വം ഏറ്റെടുക്കണം, നമ്മുടെ വൃദ്ധരായ അമ്മമാരുടെ പ്രശ്‌നങ്ങല്‍ ഏറ്റെടുക്കണം, നീതി നിഷേധിക്കപ്പെടുന്നവരെ സംരക്ഷിക്കണം.

സ്ത്രീ സുരക്ഷ ചോദ്യചിഹ്നമാകില്ല......

കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനുള്ള പഴുതുകള്‍ അടയ്ക്കുന്നതിന് സമൂഹത്തിന് കഴിയണം. ഏതെങ്കിലും തരത്തില്‍ നിയമപാലകരുടെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായാല്‍ അവര്‍ക്കെതിരെയും നിയമപടികള്‍ കൈക്കൊള്ളണം. നമ്മുക്ക് വേണ്ടത് നമ്മുടെ സ്ത്രീകളെ അമ്മമാരായും, സഹോദരിയായും ഭാര്യയായും മകളായുമൊക്കെ കാണുമ്പോള്‍ മറ്റുള്ളവരുടെ അമ്മമാരെയും സഹോദരിയെയും ഭാര്യയെയും മകളെയും അവരവരുടെ അമ്മമാരായും സഹോദരിയായും ഭാര്യയായും മകളായും കാണാനുള്ളൊരു മനോഭാവം നമ്മുടെ സമൂഹത്തിനുണ്ടാകണം. ഇത്തരത്തിലുള്ള സമൂഹത്തില്‍ ഒരിക്കലും സ്ത്രീസുരക്ഷ ഒരു ചോദ്യചിന്ഹമാകില്ല...

ഒറ്റകെട്ടായി മുന്നേറുക

വിദ്യാഭ്യാസപരമായും മറ്റും മഹത്തായ പാരമ്പര്യമുള്ള കേരളത്തില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം കൊടുത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് നമ്മുടെ സ്ത്രീകളെ കൊണ്ടുവരികയും ആദ്യകാലങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന ഒരു പദവി അവര്‍ക്ക് നേടികൊടുക്കണം. അതിനായി നമ്മുക്ക് ഒറ്റ കെട്ടായി മുന്നോട്ടു പോകേണ്ടതുണ്ട്. അതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അനിവാര്യമാണ്.