Monday 22 July 2019
അച്ഛനെ പേടിയാണ്, പക്ഷേ ഗ്യാംഗിനൊപ്പം കൂടിയാല്‍ വെള്ളമടിക്കും, സിഗറ്റ് വലിക്കും, ആളുകളുടെ തലതല്ലി പൊട്ടിക്കും; ക്ലിപ്തം വിശേഷങ്ങളുമായി റോണി ഡേവിഡ്.

By Farsana Jaleel.02 Aug, 2017

imran-azhar

 

ആനന്ദത്തിലെ ചാക്കോ മാഷിനെ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല. ചാക്കോ മാഷെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ഡോ.റോണി ഡേവിസ് ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്ന നടനായി വളര്‍ന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങീ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ക്കൊപ്പം വേഷമിട്ട താരം. കമലിന്‍റെ പച്ചക്കുതിരയില്‍ ഒറ്റ സീനിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ റോണി കുരുക്ഷേത്ര, ഡാഡി കൂള്‍, ചട്ടമ്പി നാടി, ബെസ്റ്റ് ആക്ടര്‍, ട്രാഫിക്, അയാളും ഞാനും തമ്മില്‍ തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്ത റോണി വേറിട്ട കഥാപാത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനൊരുങ്ങുന്നു. ആസിഫ് അലിയെ നായകനാക്കി രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ റോണിയെ കാത്തിരിക്കുന്നത് ചാക്കോ മാഷിനെക്കാള്‍ ജനശ്രദ്ധ നേടുന്ന കഥാപാത്രമാണ്. തൃശ്ശിവപേരൂര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് റോണി ഡേവിഡ്.


റോണിയുടെ പുതിയ ചിത്രമാണല്ലോ ത്രിശ്ശിവപേരൂര്‍ ക്ലിപ്തം. വിശേഷങ്ങള്‍ പങ്കുവെയ്ക്കാമോ?

ആനന്ദം റിലീസ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ക്ലിപ്തം ഷൂട്ട് തുടങ്ങിയത്. സെപ്റ്റംബര്‍ 25 നാണ് ക്ലിപ്തം ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുന്നത്. ആനന്ദം എന്ന ചിത്രം ജീവിതത്തില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. പടം ഒരുകാരണവശാലും പരാജയമാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു. സംവിധായകന്‍ ഗണേഷനും സിനിമാറ്റോഗ്രഫര്‍ ആനന്ദനും അത്ര മാത്രം വര്‍ക്ക് ചെയ്തിരുന്നു ആനന്ദത്തിനായി. ആനന്ദം റിലീസ് കഴിഞ്ഞ് ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തൃശൂര്‍ വെച്ച് ആനന്ദം സംവിധായകന്‍ ഗണേഷിനെ കണ്ടപ്പോള്‍, ചേട്ടനിപ്പോള്‍ ഏതു പടമാ ചെയ്യുന്നെയെന്ന് ചോദിച്ചപ്പോള്‍ തൃശ്ശിവപേരൂര്‍ ക്ലിപ്തം ചെയ്യുകയാണെന്ന് പറഞ്ഞു. "ചേട്ടന്‍ ഇനിയൊരു പടം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, മുമ്പത്തെ പോലെയല്ല, ചേട്ടനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആനന്ദത്തിലെ ചാക്കോ മാഷിനെ ആളുകള്‍ ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമാണ്, അതുകൊണ്ട് ഇനി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കണം. ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍ ചെയ്യരുത്." ഒരു അനുജനെ പോലെയാണ് ഗണേഷ് ഇക്കാര്യം പറഞ്ഞത്. ഞാന്‍ പറഞ്ഞു ഇല്ല ഗണേഷേ ക്ലിപ്തവും മോശമാകില്ലെന്ന്.


ക്ലിപ്തം കഥാപാത്രത്തെ കുറിച്ച്

ക്ലപ്തത്തില്‍ ഫിലിപ്പ് കണ്ണടക്കാരന്‍ എന്ന കഥാപാത്രമാണ്. ക്ലിപ്തത്തിലെ ആദ്യ 10 കഥാപാത്രങ്ങളില്‍ ഒരാള്‍. പലപല നടന്‍മാരെ ഫിലിപ് കണ്ണടക്കാരനായി നോക്കിയിരുന്നു. ഒടുവിലാണ് ഫിലിപ്പ് കണ്ണടക്കാരന്‍ എന്നില്‍ എത്തിച്ചേരുന്നത്. ഫിലിപ്പിന് അപ്പനെ ഭയങ്കര പേടിയാണ്. വിവാഹിതനും. വിവാഹിതനാണെങ്കില്‍ കൂടിയും അപ്പനെ പേടിച്ച് പല കാര്യങ്ങളും അടക്കത്തോടും ഒടുക്കത്തോടും ജീവിക്കുന്നു. എന്നാല്‍ ഇയാള്‍ ഗ്യാംഗിനൊപ്പം കൂടുമ്പോള്‍ ഗ്യാംഗിനൊപ്പം സകല പരിപാടിക്കും കൂട്ടുനില്‍ക്കും. വെള്ളിമടി, സിഗററ്റ് വലി, ആളുകളുടെ തലതല്ലി പൊട്ടിക്കല്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്ന കഥാപാത്രം. ആദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ആദ്യാവസാനം വരെയുള്ള ഒരു സിനിമ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു സീനില്‍ പോലും മോശമാകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.


ഫിലിപ് കണ്ണടക്കാരനെ സഹായിച്ചത് അച്ഛന്‍റെ വീട്ടുകാര്‍

എന്‍റെ അച്ഛന്‍റെ കുടുംബക്കാര്‍ ഒരുപാട് പേര്‍ തൃശൂരുണ്ട്. പടം തുടങ്ങുന്നതിന് കുറച്ച് ദിവസം മുമ്പ് അവരെയൊക്കെ ഞാന്‍ സ്ഥിരമായി വിളിക്കുമായിരുന്നു. ഇവര്‍ വിചാരിച്ചത് ഇവരോടുള്ള സ്നേഹം കൊണ്ട് വിളിച്ചതെന്നാണ്. ഇവരുടെ സ്വാഭാവികമായ ഗ്രാമ്യഭാഷ പുറത്തുവരുന്നതിനായി ഞാന്‍ ഒരുപാട് സംസാരിച്ചു. അത് ഫിലിപ്പ് കണ്ണടക്കാരന് ഒരുപാട് സഹായകമായി.


ഫ്രണ്ട് ബെഞ്ചുകാരന്‍ കാരണം ബാക്ക് ബെഞ്ചേഴ്സിന്‍റെ പ്രണയം പൊളിഞ്ഞപ്പോള്‍...

തൃശൂര്‍കാരുടെ നര്‍മ്മവും കാര്യങ്ങളും ഒക്കെയുള്ള തൃശൂറിനെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ക്ലിപ്തം. നല്ല സ്ക്രീന്‍ പ്ലേയും വളരെ മികച്ച സംവിധാനവുമാണ്. ഡേവിഡ് പോളി എന്ന ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം, ഫിലിപ്പ് കണ്ണടക്കാരന്‍, കാര്‍ഗില്‍ ബാഹുലേയന്‍, അറയ്ക്കല്‍ അലാവു. ഇവര്‍ ഒരു ഗ്യാംഗാണ്. ഇവര്‍ നാലും തൃശൂരില്‍ ജനിച്ച് വളര്‍ന്ന് അവിടത്തെ തന്നെ ഒരു സ്കൂളില്‍ പഠിച്ചവര്‍. ക്ലാസിലെ ബാക്ക് ബെഞ്ചേഴ്സ്. ഫ്രണ്ട് ബഞ്ചിലിരുന്ന് പഠിച്ച ചെമ്പാടന്‍ ജോയുമായി (ബാബുരാജ്) ഇവര്‍ക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഒരു പ്രണയത്തെ ചൊല്ലിയുള്ള ചൊറിയൊരു വിഷയമാണ്. പാരവെയ്പ്പ് നടത്തി ആ പ്രണയം പൊളിയുമ്പോള്‍ അന്ന് മുതല്‍ ഞങ്ങളുടെ ഗ്യാംഗിലുള്ളവര്‍ക്കിടിലുള്ളൊരു മത്സരമാണ് പ്രമേയം. ഈ മത്സരം ഹൈസ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി 40-45 വയസ്സു വരെയും തുടര്‍ന്നു പോകും. ഇതിനിടയില്‍ ആസിഫിന്‍റെ കഥാപാത്രം ടീമിനൊപ്പം ചേരുകയും പിന്നെ ക്ലൈമാക്സ് ട്വിസ്റ്റുകളോടെ വേറൊരു രീതിയിലേയ്ക്ക് മാറുന്നതുമാണ് ചിത്രം. പടം 100 ശതമാനം വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. ഒരുപക്ഷേ ഇതെന്‍റെ അമിത ആത്മവിശ്വാസമാകാം.


അനുഭവമായി ക്ലിപ്തം ടീം

വളരെ മത്സരബുദ്ധിയുള്ള വളരെ അഭിനയ സമ്പന്നരായ കലാകാരന്‍മാരാണ്. ആസിഫ് അലി, ബാബു രാജ്, ചെമ്പന്‍ വിനോദ്, ഇര്‍ഷാദ് ഇക്ക, ഇവരൊക്കെ എന്നേക്കാള്‍ ഒരുപാട് എക്സ്പീരിയന്‍സുള്ള നടന്‍മാരാണ്. അപര്‍ണ ബാലമുരളിയും നന്നായി ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഓരോരുത്തരും ഗീവ് ആന്‍റ് ടേക്ക് ആണ്. ടെക്നീഷ്യന്‍മാരുടെ നല്ലൊരു ക്രൂവും ചിത്രത്തിലുണ്ട്. ഒരു ഗംഭീര ക്രൂ ഈ ചിത്രത്തിന് പിന്നിലുണ്ട്. ക്ലിപ്തം വലിയൊരു അനുഭവം തന്നെയായിരുന്നു.


മുറിയില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിറക്കുന്ന ആസിഫ് അലി

വളരെ കംഫര്‍ട്ട് ആയി വര്‍ക്ക് ചെയ്യാനാകുന്ന വളരെ കംഫര്‍ട്ടബിള്‍ നടനനാണ് ആസിഫ് അലി. ആസിഫിനെ കുറിച്ച് തമാശയ്ക്ക് പറയുന്ന കാര്യമെന്തെന്നാല്‍ ഷൂട്ടിംഗ് സമയത്ത് ഉമ്മയും കൊടുത്ത് കെട്ടിപ്പിടിച്ച് നടക്കുമെങ്കിലും സിനിമ കഴിഞ്ഞ് പോയാല്‍ പിന്നെ ആസിഫിനെ കിട്ടാറില്ല, പുള്ളി ഫോണ്‍ എടുക്കാറുമില്ല. പക്ഷേ വളരെ നല്ല സൗഹൃദമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഉടന്‍ തന്നെ മുറിയില്‍ പോയി പുസ്തകം, അല്ലേല്‍ സിനിമ, അതും അല്ലേല്‍ പാട്ടും കേട്ടിരിക്കുന്ന എന്നെ മുറിയ്ക്ക് പുറത്തിറക്കുന്നത് ആസിഫാണ്. എന്തിനാടോ മുറിയില്‍ ഇങ്ങനെ ഇരിക്കുന്നത്, പുറത്തേയ്ക്കിറങ്ങ്, എന്ന് പറഞ്ഞ് കൊണ്ട് പലപ്പോഴും എന്നെ മുറിയ്ക്ക് പുറത്തിറക്കുന്ന താരമാണ് ആസിഫ്. ആസുഫിനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ചെയ്തിട്ടുള്ള സിനിമകള്‍ വളരെ കുറാണെങ്കില്‍ കൂടിയും ട്രാഫിക്, നിര്‍ണ്ണായകം, യൂ ടു ബ്രൂട്ടസ്. ഓര്‍മ്മ ശരിയാണെങ്കില്‍ ഈ മൂന്ന് ചിത്രങ്ങളിലും താന്‍ ആസിഫിനൊപ്പം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലും. ഒരുപാട് ദിവസം ഒന്നിച്ചുണ്ടായിരുന്നു. അത് വലിയൊരു അനുഭവം തന്നെയായിരുന്നു.


രതീഷ് കുമാര്‍ എന്ന സംവിധായകന്‍റെ ബ്രില്യന്‍സ്

തൃശൂരില്‍ ജനിച്ച് വളര്‍ന്നവരെ തന്നെ ക്ലിപ്തം കഥാപാത്രങ്ങളാക്കാനുള്ള സംവിധായകന്‍ രതീഷ് കുമാറിന്‍റെ ബോധപൂര്‍വ്വമുള്ള ശ്രമം വിജയിച്ചു. ഇത് രതീഷ് കുമാര്‍ എന്ന സംവിധായകന്‍റെ ബ്രില്യന്‍സാണ്. ആസിഫ് ഒഴികെ ചെമ്പന്‍ ചേട്ടന്‍, ഇര്‍ഷാദ് ഇക്ക, അച്ചുവേട്ടന്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങീ ഞാനടക്കം ഈ ചിത്രത്തിലുള്ളവര്‍ തൃശൂര്‍ കാരാണ്. നാച്വറലായുള്ള ആളുകളെ വെച്ച് ചെയ്തതിന്‍റെ ക്വാളിറ്റി ക്ലിപ്തത്തിനുണ്ട്. ഒരിടത്തും നമ്മുക്ക് മൊഴച്ചുകെട്ട് അനുഭവപ്പെടില്ല. രതീഷ് കുമാര്‍ നല്ലൊരു നടന്‍ കൂടിയാണ്. പുള്ളിയുടെ ആദ്യ സംവിധാനമാണെന്ന് ക്ലിപ്തം കാണുന്ന ആര്‍ക്കും തോന്നില്ല. അത്രയ്ക്ക് നന്നായി ചെയ്തിട്ടുണ്ട് ഓരോ സീനും. അഭിനയിച്ചവര്‍ തന്നെയാണ് ഡബ്ബിംഗും. അതുകൊണ്ട് അതിനായി പ്രത്യേക ഒരാളെ കണ്ടെത്തേണ്ടി വന്നില്ല. അതും സംവിധായകന്‍റെ കഴിവ്.


പിടിച്ചു നില്‍ക്കാന്‍ കൂട്ടേണ്ടിവന്നത് 10 കിലോ

ക്ലിപ്തത്തിനായി എനിക്ക് 8-10 കിലോ കൂട്ടേണ്ടി വന്നു. ചിത്രത്തില്‍ 43-44 വയസ്സുള്ള ആളായി തോന്നിക്കണം. അതോടൊപ്പം കൂടെയുള്ളവര്‍ നല്ല സൈസുള്ളവരുമാണ്. ഞാന്‍ അഞ്ചര എട്ടിഞ്ചുള്ള ഒരു മനുഷ്യനാണ്. പക്ഷേ ക്ലിപ്തത്തില്‍ ഇര്‍ഷാദ് ഇക്കയെ പോലെ തനിക്കൊപ്പമുള്ളവര്‍ നല്ല ഹൈറ്റും വെയ്റ്റും ഉള്ളവരാണ്. അവര്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍ തടിവെയ്ക്കണമായിരുന്നു. സംവിധായകനും പറഞ്ഞിരുന്നു റോണി, നന്നായി ഭക്ഷണം കഴിക്കണം. ജിമ്മും മസിലൊന്നുമല്ല ഫിലിപ്. സാധാരണക്കാരനായ 40 വയസ്സിനോടടുത്ത പ്രായമുള്ള ആളാണ് ഫിലിപ്. പിന്നീട് രണ്ട് മൂന്ന് മാസമെടുത്തു ഭാരം കുറയ്ക്കാന്‍. അതിനായി ഒരുപാട് ബുദ്ധിമുട്ടി.


രണ്ട് മാസത്തിനിടയില്‍ ചോറു കഴിച്ചത് അഞ്ച് തവണ

ക്ലിപ്തത്തിന് ശേഷമുള്ള ചിത്രമാണ് മാച്ച് ബോക്സ്. മാച്ച് ബോക്സിനായി എനിക്ക് കുറയ്ക്കേണ്ടി വന്നത് 8-10 കിലോ ആയിരുന്നു. വ്യായാമം ചെയ്തും ഡയറ്റ് ചെയ്തും ഭാരം കുറക്കുന്നതിന്‍റെ ബുദ്ധിമുട്ട് അന്നാണ് ശരിക്കും മനസ്സിലാക്കുന്നത്. ഇതിന് മുമ്പും താന്‍ ഭാരം കുറച്ചിട്ടുണ്ട്. പക്ഷേ ഇതുപോലെ കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. രണ്ട് മൂന്ന് മാസത്തിനിടെ ഏകദേശം അഞ്ച് തവണയോ മറ്റോ ആണ് ഞാന്‍ ചോറ് കഴിച്ചിട്ടുണ്ടാകുക. ബാക്കിയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി ചപ്പാത്തിയാണ് കഴിക്കുക. രാത്രിയില്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര ചപ്പാത്തി. ഇത് തുടര്‍ന്ന് ചെയ്തതിനെ തുടര്‍ന്നാണ് ഭാരം കുറഞ്ഞത്. കൂടാതെ ആഴ്ചയില്‍ അഞ്ച് അല്ലെങ്കില്‍ ആറുദിവസം രണ്ട് മണിക്കൂര്‍ വ്യായാമവും ചെയ്തിരുന്നു.


ഡോക്ടര്‍ റോണി ഡേവിഡ് നിന്നും ആക്ടര്‍ റോണി ഡേവിഡിലേക്കുള്ള പരിവേഷം

ചെറുപ്പകാലം തൃശൂരിലായിരുന്നു. അഞ്ചാം ക്ലാസ് ആറാം ക്ലാസ് ഒക്കെ തൃശൂരിലാണ് പഠിച്ചത്. പീന്നീട് അമ്മയ്ക്ക് സെക്രട്ടേറിയേറ്റില്‍ ജോലി കിട്ടിയപ്പോള്‍ തിരുവനന്തപുരത്തായി തുടര്‍ പഠനം. എട്ടാം ക്ലാസ് മുതല്‍ പട്ടം സെന്‍റ് മാരീസ് സ്കൂളിലും ശേഷം എം.ജി കോളേജിലുമാണ് പഠിച്ചത്. എം.ജി കോളേജില്‍ പഠിക്കുന്ന സമയത്താണ് കലാപരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിക്കുന്നത്. ആര്‍.എസ്.എസ്, എസ്.എഫ്.ഐ സംഘര്‍ഷവും കാര്യങ്ങളുമാണ് അവിടെ കൂടുതലും നടക്കുക. ഞാന്‍ വന്നതിന് ശേഷമാണ് മോണോ ആക്ട്,, ഫാന്‍സി ഡ്രസ്, നാടകം സ്ഥിരമായി എന്നിങ്ങനെ പരിപാടികള്‍ ചെയ്യുന്ന ഒരു ഗ്രൂപ്പ് തുടങ്ങിയത്. ഡോക്ടര്‍ ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നു. എംബിബിഎസ് പഠിക്കുന്ന സമയത്ത് രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും നാടകം, സ്കിറ്റ്, മോണോ ആക്ട് ഒക്കെ ചെയ്തിരുന്നു. അവസാന രണ്ടു വര്‍ഷം ഞങ്ങള്‍ സംവിധാനം ചെയ്ത നാടകമായിരുന്നു മികച്ച നാടകം. രണ്ടുവര്‍ഷം നമ്മുക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടി. പഠനം കഴിഞ്ഞ് ഇറങ്ങിയ ശേഷം വീട്ടിലെ മോശം അവസ്ഥയെ തുടര്‍ന്ന് 10, 12 വര്‍ഷം എറുണാകുളത്ത് എല്ലാ ആശുപത്രികളിലും ക്യാശ്വാലിറ്റില്‍ ജോലി ചെയ്തു. വീട്ടിലെ മൂത്ത മകനാണ്. അമ്മ റിട്ടയേഡായി. കുടുംബ തര്‍ക്കം കാരണം അച്ഛന് ജോലിക്ക് പോകാന്‍ കഴിയാതെയായി. എന്‍റെ വിവാഹം കഴിഞ്ഞു. അപ്പോഴും മനസ്സില്‍ സിനിമാ മോഹം ഉണ്ടായിരുന്നെങ്കില്‍ കൂടിയും കൈവിട്ട കളിക്ക് ഇറങ്ങാന്‍ പേടിയുണ്ടായിരുന്നു. സിനിമയില്‍ എല്ലാ മാസവും കൃത്യ വരുമാനം ലഭിക്കണമെന്നില്ല. പക്ഷേ ഡോക്ടര്‍ ജോലി കൊണ്ടുള്ള ഉപയോഗം എന്തെന്നാല്‍ എല്ലാ മാസവും സ്ഥിര വരുമാനമുണ്ടാകും. കുടുംബം കടന്നു പോകും. ഡാഡി കൂള്‍, കുരുക്ഷേത്ര, അയാളും ഞാനും തമ്മില്‍ തുടങ്ങി സിനിമകളിലൂടെ എനിക്കൊരു പുഷ് കിട്ടിയിട്ടും ഞാനത് ഉപയോഗിച്ചില്ല എന്നുള്ളതായിരുന്നു സത്യം. അത് അന്നത്തെ ജീവിത സാഹചര്യം. പഠനമാണ് എല്ലാം. കോളേജില്‍ ചെയ്യുന്ന സ്കിറ്റ്, മോണോആക്ട്, നാടകം ഇതൊക്കെ അഭിനയം ആണെങ്കില്‍ കൂടിയും സിനിമാഭിനയം എന്നത് വളരെ സൂക്ഷമതയോടെ ചെയ്യുന്ന ഒന്നാണ്. ഞാനിപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു.


അഭിനയ മോഹം തിരിച്ചറിഞ്ഞ വ്യക്തി

ആദ്യമായിട്ട് അഭിനയിച്ചത് കമല്‍ സാറിന്‍റെ പച്ചക്കുതിരിയിലാണ്. അതില്‍ ഒറ്റ സീനായിരുന്നു. പിന്നീട് ചോക്ലേറ്റ്, കുരുക്ഷേത്ര അങ്ങനെ പോന്നു. ഷാഫിക്കയുടെ ചോക്ലേറ്റ് എന്ന സിനിമയിലൂടെയാണ് അടുത്ത ചിത്രം. ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഷാഫിക്കയെ പരിചയപ്പെടുന്നത്. എനിക്ക് അഭിനയ മോഹമുണ്ടെന്ന് ഷാഫിക്കയ്ക്ക് നന്നായി അറിയാം. ഷാഫിക്ക എന്നോടു പറഞ്ഞു, ചോക്ലേറ്റ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷമുണ്ട്. നമ്മുക്കത് നോക്കാമെന്ന്. അന്നെനിക്ക് ക്യാമറയെ കുറിച്ചോ ഷൂട്ടിംഗിനെ കുറിച്ചോ ഒന്നും തന്നെ അറിയില്ലായിരുന്നു. അന്ന് എനിക്കൊപ്പം നിന്നവരൊക്കെ പുലികളായിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, സലിം ചേട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ചോക്ലേറ്റില്‍ അഭിനയിച്ചത്. ഒരു ഫ്രെയിം വരുമ്പോള്‍ എങ്ങനെ ചെയ്യുമെന്ന് പോലും എനിക്കറിയില്ലായിരുന്നു. പിന്നീട് ഒരു ഓഡിഷന്‍ വഴി എന്നെയൊരു കഥാപാത്രത്തിനായി തിരഞ്ഞെടുത്തു കുരുക്ഷേത്രയില്‍. ക്യാരക്ടര്‍ നെയിം കിട്ടുന്നതും ഈ ചിത്രത്തിലൂടെയാണ്. ശശി എന്ന മിലിട്ടറി ഉദ്യോഗസ്ഥന്‍. നോട്ടബിളായിരുന്നു ആ കഥാപാത്രം.


വഴിത്തിരിവായി ഡാഡികൂള്‍

ഇങ്ങോട്ടു വിളിവന്നത് ഡാഡി കൂളിന് ശേഷമായിരുന്നു. ആഷിഖ് അബു ചിത്രം. പുള്ളിക്ക് എന്നെ പരിചയം ഇല്ലായിരുന്നു. പക്ഷേ എന്നോട് സംസാരിച്ച ശേഷം ആഷിഖ് അബുവിന് വിശ്വാസമായി. ഈശ്വര്‍ എന്ന കഥാപാത്രവും തന്നു. ഡാഡി കൂളിന് ശേഷം കമല്‍ സാര്‍ എനിക്ക് ആഗതനില്‍ അവസരം തന്നു. ഡാഡി കൂളിന് ശേഷമാണ് ഷാഫിക്ക എനിക്ക് ചട്ടമ്പി നാടിലും അവസരം തന്നത്. ശേഷം, ട്രാഫിക്, അസുരവിത്ത്, സീനിയേഴ്സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ചെയ്തു.


ബ്രേക്കായി ചാക്കോ മാഷ്

2013 മുതല്‍ കുടുംബ തര്‍ക്കവും കേസും കാര്യങ്ങളുമായി പിറകെ ഓടേണ്ടി വന്നു. ആ സാഹചര്യത്തില്‍ സിനിമയോ ഒന്നും തന്നെ ചെയ്യാനുള്ള മാനസികാവസ്ഥയില്‍ അല്ലായിരുന്നു. പിന്നീട് ഞാന്‍ തിരിച്ചുവരുന്നത് സ്റ്റൈല്‍ എന്ന സിനിമയിലൂടെയാണെങ്കിലും ആളുകള്‍ എന്നെ പേര് പറഞ്ഞ് വിളിക്കുന്ന ചിത്രം ആനന്ദമാണ്. ആനന്ദത്തിലെ ചാക്കോ മാഷ്. അതൊരിക്കലും മറക്കാനാകില്ല. ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് അഭിനയിച്ചതും ആനന്ദത്തിലാണ്. ആനന്ദത്തില്‍ എല്ലാവരും 19, 20, 22 വയസ്സുള്ള നായകന്‍മാരാണ്. അവര്‍ക്കൊപ്പം 35 വയസ്സുള്ള ഞാന്‍ അഭിനയിക്കുമ്പോള്‍ നമ്മുക്ക് പ്രത്യേക ഒരു ഫീലാണ്. യൂത്തിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളും അറിയാതെ അവര്‍ക്കൊപ്പം സഞ്ചരിക്കും. പ്രസന്‍റ് ഹിറ്റ് സോംഗ്സ്, പോപ്പ് സോംഗ്സ്, ലേറ്റസ്റ്റ് മൊബൈല്‍ സ്ക്രീന്‍....ഇതൊക്കെയാണ് യൂത്തിനിടയില്‍. ജനറേഷന്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഭയങ്കരമാണ്. മോഹന്‍ലാല്‍, മമ്മൂക്കയെ പോലുള്ള സീനിയര്‍ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ അവരോടുള്ള ബഹുമാനം മാത്രമായിരിക്കും എപ്പോഴും മനസ്സില്‍. നിവിനൊപ്പം ആക്ഷന്‍ ഹീറോയില്‍ വര്‍ക്ക് ചെയ്തിരുന്നു. നിവിനും നല്ല കംഫര്‍ട്ടബിള്‍ നടനാണ്. ഏറ്റവും സീനിയര്‍ മോസ്റ്റ് ആക്ടേഴ്സിനൊപ്പവും ആനന്ദത്തിലെ യംഗ്സിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് എന്‍റെ വലിയൊരു ഭാഗ്യം തന്നെയാണ്.


മോന്‍ നന്നായി ചെയ്തൂട്ടോ.........ആദ്യ അഭിനന്ദനം ലാലേട്ടനില്‍ നിന്ന്

2008ല്‍ ജൂണ്‍ 13ന് മേജര്‍ രവി സാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് കുരക്ഷേത്രയുടെ ചിത്രീകരണം തുടങ്ങിയത്. 15 ദിവസം കഴിഞ്ഞാണ് ലാല്‍ സാര്‍ ജോയിന്‍ ചെയ്യുന്നത്. ഈ സിനിമയില്‍ തത്തമ്മ പാല്‍ കുറുമ്പേ എന്ന പാട്ടിന്‍റെ പിക്ച്വറൈസേഷന്‍ കഴിഞ്ഞിരുന്നു. ലാല്‍ സാര്‍ ഈ പാട്ടു കണ്ടിരുന്നു. അദ്ദേഹം ലൊക്കേഷനില്‍ ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. പാട്ട് കേട്ട ശേഷം ലാല്‍ സാര്‍ പറഞ്ഞു മോന്‍ നന്നായിരുന്നു കേട്ടോ.....ഇത് വേറെ ആരെയോ നോക്കി പറഞ്ഞതാണെന്ന് കരുതി ഞാന്‍ പിറകിലേയ്ക്ക് തിരിഞ്ഞു നോക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞു പിറകില്‍ വേറെ ആരും ഇല്ലല്ലോ.....അപ്പോള്‍ ഞാന്‍ സാര്‍ എന്ന് വിളിച്ചു. അദ്ദേഹം വീണ്ടും പറഞ്ഞു അല്ല....ഞാന്‍ പാട്ട് കണ്ടിരുന്നു, മോന്‍ നന്നായി ചെയ്തിട്ടുണ്ടെന്ന്. അങ്ങനെയാണ് സാറിനെ ആദ്യം പരിചയപ്പെടുന്നതും സാറില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നതും.


മോഹന്‍ലാലും മമ്മൂട്ടിയും രണ്ട് യൂണിവേഴ്സികള്‍

മമ്മൂക്കയോടൊപ്പവും മോഹന്‍ലാലിനൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. മമ്മൂക്കാനൊപ്പം അഞ്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍, ചട്ടമ്പി നാടി, ഗ്രേറ്റ് ഫാദര്‍, സ്ര്ടീറ്റ് ലൈറ്റ്. വലിയ രണ്ട് യൂണിവേഴ്സിറ്റികളാണ് അവര്‍ രണ്ടും. പഠിക്കാന്‍ ഏറെയുണ്ട് അവരില്‍ നിന്നും.


ബുദ്ധിയുള്ളവര്‍ നല്‍കിയ ഉപദേശം

ഡാഡി കൂള്‍, ഡൂപ്ലിക്കേറ്റ് എന്നീ ചിത്രങ്ങളില്‍ നെഗറ്റീവായിരുന്നു. പക്ഷേ ആളുകളെ ദ്രോഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനോട് താത്പര്യമില്ല. ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള ആളാണ്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ബുദ്ധിയുള്ളവര്‍ എന്നെ ഉപദേശിച്ചു. റോണി, നീയൊരു ഡോക്ടറാണ്. നിങ്ങള്‍ക്ക് വേറെ ശമ്പളം കിട്ടുന്നുണ്ടായിരിക്കും. പക്ഷേ സിനിമയില്‍ നിങ്ങള്‍ ഇങ്ങനെയല്ല ചെയ്യേണ്ടതെന്ന് സീനിയര്‍ ആക്ടേഴ്സ് നല്‍കിയ ഉപദേശം. അതുകൊണ്ട് ഞാനിപ്പോള്‍ അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടാറില്ല.


ജനം അംഗീകരിച്ചാല്‍ ഞാനും നായകന്‍

ആര്‍ക്കാ നായകന്‍ ആകാന്‍ താത്പര്യമില്ലാത്തത്. ജനം അംഗീകരിച്ചാല്‍ ഞാനും നായകനാകും. ഒരു സംവിധായകന്‍റെ കലയാണ് സിനിമ. സംവിധായകനൊപ്പം നമ്മുളും നന്നായി ചെയ്താല്‍ പടം വിജയിക്കും, ജനം അംഗീകരിക്കും. ഇതൊക്കെ ഒരു ദൈവാതീനമാണ്.


ചെറുപ്പത്തില്‍ തന്നെ സ്വാധീനിച്ചവര്‍

ലാല്‍ സാറിനൊപ്പവും മമ്മൂക്കാനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞു. അത് വലിയൊരു ഭാഗ്യമാണ്. ചെറുപ്പത്തില്‍ എന്നെ സ്വാധീച്ച സിനിമയായിരുന്നു കമല്‍ ഹാസന്‍റെ അപൂര്‍വ്വ സഹോദരങ്ങള്‍. അതുപോലെ രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് രാജാവിന്‍റെ മകന്‍ കാണുന്നത്. അന്നീ സിനിമകള്‍ കാണുമ്പോഴെ തോന്നിയിരുന്നു ഈ നടന്‍മാര്‍ സൂപ്പര്‍ ഫിഗേഴ്സ് ആണെന്ന്. പക്ഷേ അന്നറിയില്ലായിരുന്നു ഇവര്‍ സൂപ്പര്‍ ഹീറോസ് ആണെന്ന കാര്യം.


ഇതുവരെ ചാക്കോ മാഷ്..........ഇനി ഫിലിപ് കണ്ണടക്കാരന്‍

അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ട ചിത്രം ആനന്ദം. ഇഷ്ട കഥാപാത്രം ചാക്കോ മാഷ്. ഇനി തൃശ്ശിവപേരൂര്‍ ക്ലിപ്തം ഇറങ്ങിക്കഴിയുമ്പോള്‍ തീര്‍ച്ചയായും പറയും ഫിലിപ് കണ്ണടക്കാരനെന്ന്. അതെന്‍റെ ആത്മവിശ്വാസമാണ്.


പുതിയ പ്രോജക്ടുകള്‍

ക്ലിപ്തം, മാച്ച് ബോക്സ്, സ്ട്രീറ്റ് ലൈറ്റ്, അങ്കരാജ്യത്തെ ജിമ്മന്‍മാര്‍


തമിഴിലെ പ്രതികാരം കണ്ടിപ്പാ വീട്ടും

തമിഴ് നല്ല ഫ്ളുവന്‍റാണ്. ഇഷ്ടവുമാണ്. എപ്പോള്‍ അത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ തമിഴില്‍ ഓഫര്‍ വന്നാല്‍ അത് ഉറപ്പായും ചെയ്യാനാകും. (തമിഴില്‍) ഓഡീഷന്‍ വഴി തമിഴില്‍ എനിക്കൊരു ചിത്രം ലഭിച്ചിരുന്നു. അതായിരുന്നു ആദ്യ ചിത്രം. ഇരട്ടസംവിധായകരായിരുന്നു ചിത്രത്തില്‍. സംവിധായകര്‍ തമ്മില്‍ വഴക്കിട്ട് ആ സിനിമയുടെ ഒരു ക്ലിപ് പോലും കാണാനായില്ല. പടം പുറത്തിറങ്ങിയതുമില്ല. അതില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു, വില്ലനും. ചിത്രത്തിന്‍റെ അവസാനമാണ് ഞാന്‍ വില്ലനാകുന്നത്. ആ സിനിമ പുറത്തിറങ്ങാത്തതില്‍ ഒരുപാട് വിഷമമുണ്ടായിരുന്നു. അഭിനയിച്ച സ്വീക്വന്‍സുകളൊന്നും തന്നെ കാണാനും കഴിഞ്ഞിട്ടില്ല. തമിഴിലെ ഈ പ്രതികാരം എന്നെങ്കിലും വീട്ടും.


അന്നം തന്നത് ഡോക്ടര്‍ തൊഴില്‍

അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്ന പോലെയാണ് ഡോക്ടര്‍ തൊഴിലും സിനിമ്ാ ജീവിതവും. ഇത്രയും നാള്‍ അന്നം തന്ന ജോലിയാണ് ഡോക്ടര്‍ തൊഴില്‍. ഈ തൊഴിലിനെ ഒരിക്കലും ഞാന്‍ തള്ളിപ്പറയില്ല. ഇന്നും ഞാനത് തുടരുന്നു. സിനിമയെയും ഒപ്പം നിര്‍ത്തും.


കുടുംബം

ഭാര്യ അഞ്ജു, രണ്ടു കുട്ടികള്‍, ജ്വവാന്‍, നോഹ. അനുജന്‍ റോബി വര്‍ഗ്ഗീസ് സിനിമാറ്റോഗ്രാഫറാണ്. റോബിയായിരുന്നു പുതിയ നിയമം, ഗ്രേറ്റ് ഫാദര്‍ എന്നി ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍.