By Web Desk.02 Mar, 2021
അക്ഷര വസന്തം സൃഷ്ടിച്ച നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് എണ്‍പത്തി മൂന്നാം വയസിന്റെ കടവിലിരുന്ന് തന്റെ ജീവിതമെന്ന പ്രവാഹത്തിലേക്കു നോക്കുകയാണ്. പുറത്തുവരാനിരിക്കുന്ന എസ്. ഭാസുരചന്ദ്രന്റെ 'ബഷീര്‍ മുതല്‍ എം ടി വരെ' എന്ന അഭിമുഖ സംഭാഷണ പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം
എസ്. ഭാസുരചന്ദ്രന്
ചെറിയ പ്രായത്തിലേ മനസില്‍ കാല്പനികനങ്കൂരമടിച്ച പേരുകളില്‍ ഒന്നാണ് പെരുമ്പടവം ശ്രീധരന്. അതെ, അഭയം. വായിച്ച് ഒത്തിരി ഇഷ്ടപ്പെട്ട ദിവസങ്ങളില്‍ തന്നെ അതേ നോവലിന്റ മാറ്റര്‍ ഉപയോഗിച്ചുകൊണ്ടുളള രാമു കാര്യാട്ടിന്റെ സിനിമയും വന്നു. സിനിമ നന്നായില്ല. മേലാസകലം തളര്‍ന്ന് കിടക്ക ഭൂമിയാക്കിയ ചെറുപ്പക്കാരനില്‍ സുന്ദരിക്കുട്ടി വസന്തപ്രതീക്ഷകള് നല്കുന്ന സന്ദര്‍ഭം ഹൃദയഹാരിയായിരുന്നു. ആദര്ശസ്വപ്നത്തിനെ കീഴ്പ്പെടുത്തിക്കൊണ്ട് പ്രകൃതിയുടെ വാസനകള്‍ അവളെ മറ്റൊരാളിലേക്ക് കൊണ്ടുപോകുന്ന വിപര്യയം ഹൃദയഭേദകവുമായി. രണ്ടും ആവിഷ്ക്കരിച്ച് ഫലിപ്പിക്കാന്‍ ഈ ആദ്യ നോവലില്‍ തന്നെ പെരുമ്പടവത്തിന് സാധിച്ചു. സിനിമ അവിടെ പാളിപ്പോയി. സിനിമ തോല്ക്കുന്നതിനോടൊപ്പം അതേ കഥ പറയുന്ന നോവലും തോല്‍ക്കുമോ? അതില്ല. നോവല്‍ അതു വായനക്കാരിലേക്ക് പകരുന്ന വൈകാരികമുദ്രകളോടെ, അതിന്റെ തനതായ മോഹനങ്ങളോടെ ആ പഴയ സ്ഥാനത്തുതന്നെയുണ്ട്. രാമു കാര്യാട്ട് എന്ന മെഗാസംവിധായകനെ തോല്‍പ്പിച്ച നോവല്‍ എന്ന ബോണസ് ക്രെഡിറ്റോടെ എന്നു കൂടി പറയാം. ഇങ്ങനെ എഴുതുമ്പോള്‍, 'നീ പണ്ടേ കുരുത്തംകെട്ടവനാണ്' എന്ന പെരുമ്പടവം ചേട്ടന്റെ വാത്സല്യമൊഴി ഞാന്‍ മനസിന്റെ ചെവിയില്‍ കേള്‍ക്കുന്നുണ്ട്. സിനിമ വീണുപോയ ശേഷം, നിര്‍മ്മാതാവെന്ന നിലയില്‍ അതിനായി ദേഹണ്ണം നടത്തിയവരില്‍ ഒരാളായ ശോഭനാ പരമേശ്വരന് നായരോട് തോല്‍ക്കാത്ത ആത്മവിശ്വാസത്തോടെ പെരുമ്പടവം പറഞ്ഞതായി കേട്ടിട്ടുണ്ട്, സാരമില്ല, എന്റെ നോവല്‍ അവിടത്തന്നെയുണ്ടാവും എന്ന്. നാക്ക് പൊന്നാവുകയും ചെയ്തു. കണ്ണഞ്ചിക്കുന്ന പ്രസ്ഥാന ലേബലുകളില്‍ ഒന്നിന്റെയും പിന്തുണയില്ലാതെ അഭിരുചികളുടെ അലകടലില് ആറു പതിറ്റാണ്ടു കഴിഞ്ഞ് 'അഭയം' എന്ന പായവഞ്ചി മുന്നോട്ടുതന്നെ പോവുകയാണ്.
നിര്‍ഭാഗ്യവശാല്‍ എന്നു തന്നെ പറയണം, ലേബലുകള്‍ രാജ്യഭരണം ഏറ്റെടുത്ത കാലഘട്ടത്തിലാണ് പെരുമ്പടവം ശ്രീധരന് എന്ന യുവ എഴുത്തുകാരന് മൂവാറ്റുപുഴയുടെ തീരത്തുനിന്ന് നാളെ എന്തെന്നതിലും എങ്ങനെയെന്നതിലും ഉളള അറിയായ്ക മാത്രം മൂലധനമാക്കി, പ്രേമബദ്ധയുടെ കൈയും പിടിച്ച് തിരുവനന്തപുരത്തേക്കും മലയാള സാഹിത്യത്തിലേക്കും വന്നത്. ഇടയ്ക്ക് മദിരാശിയിലും പിന്നെ അവിടെയും ഇവിടെയും ഒക്കെ അലഞ്ഞു. കവിതയിലും കഥയിലും നോവലിലും ആദ്യവും സിനിമ ഉള്‍പ്പെടെയുളള ഫോമുകളില്‍ തുടര്‍ന്നും കത്തിക്കയറിയ ആധുനികത എന്ന പ്രതിഭാസം എഴുത്തുകാരന്റെ, കലാകാരന്റെ റേറ്റിംഗും പത്രസ്ഥലവും തീരുമാനിച്ചിരുന്ന 65-75 കാലം എന്നു പറയുന്നത് പെരുമ്പടവം ശ്രീധരന്റെ യൗവ്വനമാണ്. ഭക്ഷണത്തിനു പകരവും വായന കൊണ്ടുനടന്നിരുന്ന പെരുമ്പടവത്തിന് ആധുനികത എന്ന അവബോധത്തിന്റെയും മുന്നേറ്റത്തിന്റെയും മുഴുവന്‍ വിവക്ഷകളും അറിയാമായിരുന്നു. എന്നിട്ടും വിളിപ്പേരില്‍ ആധുനികനായിത്തീരാന് യാതൊരുശ്രമവും ഈ കഥാകൃത്ത് നടത്തിയിട്ടില്ല എന്നു കാണാം. സാഹിത്യജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ധാരാളം വായനക്കാരുണ്ടായിരുന്നതു കൊണ്ട്, മനുഷ്യര്‍ കാത്തിരുന്ന് വായിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് എന്നും ആവശ്യമുളള എഴുത്തുകാരന് ആയിരുന്നതുകൊണ്ട്, ജനപ്രിയ നോവലിസ്റ്റ് എന്നുവിളിച്ച് ഇരുത്താന്‍ എക്കാലത്തും ചില കക്ഷികള്‍ക്ക് ഇഷ്ടമായിരുന്നു. ജനപ്രിയത്വം ഒരു ചീത്തപ്പേരാണെന്ന് അന്നും ഇന്നും പെരുമ്പടവത്തിന് തോന്നിയിട്ടില്ല. അന്തിമമായി ജനങ്ങളില്‍ എത്തിച്ചേരുന്നില്ല എങ്കില്‍ കല, സാഹിത്യം എന്നൊക്കെ പറയുന്ന ഈ സാധനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് എന്ന് വെട്ടിത്തുറന്നു ചോദിക്കാനുളള ഔദ്ധത്യം പെരുമ്പടവത്തിനില്ല. പക്ഷേ, മൊത്തം പെരുമ്പടവം സാഹിത്യത്തിലും ലയിച്ചു കിടക്കുന്ന ഒരു മെസ്സേജ് അതാണ്. ദാ നോവല്‍ വരുന്നേ ഒാടിക്കോ എന്നു പറയേണ്ടി വരുന്നൊരു പരിഭ്രാന്തി മലയാളസാഹിത്യത്തില്‍ പെരുമ്പടവം സൃഷ്ടിച്ചില്ല. പുതിയ സാഹചര്യത്തില്‍, അതു വലിയൊരു പോരായ്മയായിത്തീരുമോ എന്നാണ് എന്റെ പേടി!
ഭാഷ മരിച്ചു എന്ന പ്രമേയത്തിന്മേല് എന്നൊക്കെ സിമ്പോസിയം നടന്നിട്ടുണ്ടോ അന്നൊക്കെ ആ പ്രമേയം പാസാകുന്നതിനെ തടഞ്ഞുകൊണ്ട് ഒരെഴുത്തുകാരന്, ഒരു കൃതി ഒക്കെ കടന്നുവരും. മലയാള ഭാഷയുടെ മരണത്തെക്കുറിച്ചുളള ചര്‍ച്ച പത്തുമുപ്പതുവര്‍ഷമായി ഇവിടെ നടക്കുന്നു. തകര്‍ക്കുന്ന ചര്‍ച്ചയെ തകര്‍ക്കാന്‍ ഇത്തവണ നിയോഗം കിട്ടിയത് പൊരുമ്പടവം ശ്രീധരന് ആണ്. ആ വരവില്‍ പെരുമ്പടവത്തിന്റെ കയ്യിലുണ്ടായിരുന്നത് ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍. കേരളത്തില്‍ ഭാഷയുടെയും നോവല്‍ എന്ന രൂപത്തിന്റെയും മരണം മലയാളത്തില്‍ നീട്ടിവയ്ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളിലൊന്നായിരുന്നു അത്. ഇവിടെ മലയാള ഭാഷ മരിക്കുന്നില്ല, മരിക്കുന്നു എന്നു പറയുന്നവരുടെ ഭാഷ മരിക്കുന്നുണ്ടാവാം. ചങ്ങമ്പുഴയുടെ രമണനുശേഷം ഇവിടെ പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം വായനയില്‍ മലയുടെ മുഖച്ഛായ മാറ്റുന്നൊരു മഞ്ഞിടിച്ചില്‍ സൃഷ്ടിച്ചപ്പോള്‍, ഇവിടെ നോവല്‍, മലയാള ഭാഷ എന്നീ രണ്ടു കലാരൂപങ്ങള്‍ ഐ.സി.യൂണിറ്റ് വിടുകയായിരുന്നു എന്നു പറയാം.
പെരുമ്പടവത്തിനോടു തന്നെ ചോദിച്ചും പറഞ്ഞും നമുക്ക് മുന്നോട്ടുപോകാം.
ചോദ്യം: ഒരു ആധുനിക എഴുത്തുകാരന് എന്ന പ്രശസ്തി താങ്കള്‍ക്ക് ഇല്ല. താങ്കള്‍ അതിനായി മോഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല. മലയാളത്തില്‍ ആധുനിക മുദ്ര പതിഞ്ഞ പല എഴുത്തുകാരോടും കൃതികളോടും മതിപ്പുളളയാളുമാണ് താങ്കള്‍. എന്നിട്ടും ആ കൂട്ടത്തില്‍ കൂടണമെന്നു തോന്നിയില്ല. ആ മലവെളളപ്പാച്ചിലില്‍ താന്‍ തന്നെയായി നിന്നുകൊണ്ടും പിടിച്ചുനില്‍ക്കാം എന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?
പെരുമ്പടവം: ഒരു കാരണം, മലയാളത്തില്‍ ഈ പറയുന്ന ആധുനികത സംഭവിക്കുമ്പോള്‍ എനിക്ക് ഉരുണ്ടുകയറ്റമോ ഉറക്കമില്ലായ്മയോ ഒന്നുമുണ്ടായില്ല. ആധുനികതയോടൊപ്പം ഇവിടെ ധാരാളം ചര്‍ച്ചചെയ്യപ്പെട്ട കാമു, കാഫ്ക, ഗുന്തര്‍ഗ്രാസ് ഇവരെയൊക്കെ ഞാന്‍ അതിനകം വായിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ വൈകുന്നര നടത്തയ്ക്കിടയില്‍ പുത്തരിക്കണ്ടം മൈതാനത്ത് ചെന്നിരുന്നപ്പോ ജര്‍മനിക്കാരനായ ഒരു മനുഷ്യനെ പരിചയപ്പട്ടു. ഞാന്‍ എഴുത്തു തൊഴിലാക്കിയ ആളാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് ഞാനുമായി കൂട്ടുകൂടാന്‍ വലിയ താല്പര്യം. അയാള്‍ക്കും എഴുത്തൊക്കെയുണ്ട്. യൂറോപ്പിനെ ആ കാലത്ത് കീഴ്മേല്‍ മറിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരെയും പുസ്തകങ്ങളെയും കുറിച്ചു പറഞ്ഞു. ആ പുസ്തകങ്ങളൊക്കെ എനിക്കയച്ചുതരാമെന്ന് പറഞ്ഞ് വിലാസവും വാങ്ങിപ്പോയ അയാള്‍ വാക്കുപാലിച്ചു. കാമുവിന്റെയും കാഫ്കയുടെയും ഗുന്തര്‍ഗ്രാസിന്റെയും ഷെനെയുടെയും പുസ്തകങ്ങളായിരുന്നു അവ. മിനക്കെട്ടിരുന്ന് അതെല്ലാം വായിച്ചു. അന്നേ തോന്നി ഇതെല്ലാം ഇവിടെയും സംഭവിക്കാന്‍ പോകുന്നവയാണെന്ന്. പക്ഷേ, നമ്മള് ഒരാളിന്റെ സാഹിത്യത്തിലോ ഒരു പ്രസ്ഥാനത്തിലോ മുഴുകി അതിന്റെ ഗുണനിലവാരത്തില്‍ അത്ഭുതം കൊളളുമ്പോഴും നമ്മള് ആ വഴിയേ നടക്കണമെന്നില്ല. അതവിടെ നിന്നോട്ടെ. നമുക്ക് നമ്മള് വന്ന ഒരു വഴിയില്ലേ? ഒരെഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് എന്റെ അഭിരുചിയും വാസനകളും ശീലങ്ങളും ജീവിതബോധ്യങ്ങളുമൊക്കെയുണ്ട്. അതെല്ലാം കളഞ്ഞ് ഒരു സാര്ത്ഥവാഹകസംഘത്തിന്റെ കൂടെ പോകേണ്ട ആവശ്യമെന്ത്? മറ്റൊന്ന് ആധുനികയുടെ ശില്പപരമായും ഭാവുകത്വപരമായും ഒക്കെയുളള മൂല്യങ്ങളെക്കുറിച്ച് സംശയമൊന്നുമില്ലെങ്കിലും മൊത്തത്തില്‍ ആ ജീവിതവീക്ഷണം ജീവിതം എനിക്കു നല്കിയ പൊളളലുകളോടും പ്രിയങ്ങളോടും പൊരുത്തപ്പെടുന്നതായിരുന്നില്ല. ആ ഇരുണ്ട കാഴ്ചപ്പാട് എനിക്ക് സ്വീകാര്യമായിരുന്നില്ല. ദുഃഖദര്ശനം ഒരെഴുത്തുകാരന്റെ കൂടെത്തന്നെയുളളതാണ്. പക്ഷേ, ജീവിതത്തെ മൊത്തം തളളിപ്പറയുന്നതിനോട് എനിക്ക് സമരസപ്പെടാന്‍ കഴിയില്ല. അവരുടെ ദര്‍ശനം അവിടെയും ഇവിടെയും നിലനിന്നില്ലല്ലോ. ജീവിതം അതിന്റെ വഴിക്കു പോവുകയും സാഹിത്യം അതിനനുസരിച്ച് മാറുകയുമല്ലേ ഉണ്ടായത്?
ചോദ്യം: ഇന്നിപ്പോള്‍ എല്ലാവരും സങ്കീര്‍ത്തനത്തിന് പിറകേയാണ്. ആ പഴയ കാലത്ത്, എഴുതി കയറി വരുന്ന കാലത്ത് മലയാളത്തിലെ സാഹിത്യനിരൂപണം തന്നോട് നീതികാട്ടിയില്ല എന്നു തോന്നിയിട്ടുണ്ടോ?
പെരുമ്പടവം: തോന്നണമെങ്കില്‍ ഞാനതൊക്കെ വലിയ സംഭവമായി കാണണ്ടേ? അതില്ല. ഒരെഴുത്തുകാരനെ ഉണ്ടാക്കുന്നത് അയാള്‍ തന്നെയാണ്. തന്റെ വായനക്കാരെ ഉണ്ടാക്കാനും അയാള്‍ തന്നെ വേണം. നിരൂപകരാല്‍ ഉണ്ടാക്കപ്പെട്ട പുസ്തകവും എഴുത്തുകാരനും കുറെ കാലം കഴിഞ്ഞ് പൊളിഞ്ഞുപോകും. സ്വന്തം കാലില്‍ അങ്ങോട്ടുനടക്കുക. പൊയ്ക്കാലില്‍ നടന്നാല്‍ ആ നടത്തം നീണ്ടുനില്‍ക്കില്ല, എവിടെയെങ്കിലും വീഴും. എന്റെ മനസ്സില്‍ ഒരു കാലത്തും നിരൂപകര്‍ ഇല്ല, വായനക്കാരാണ് ഉളളത്. നിരൂപകന് എന്നു പറയുമ്പോള്‍ എഴുത്തുകാരന് തന്നെയാണ് തന്റെ നിരൂപകനാവേണ്ടത്. സ്വന്തം എഴുത്തിനെ ഒരു ജഡ്ജ്മെന്റോടെ നോക്കിക്കാണാന്‍ കഴിയണം. മറ്റെഴുത്തുകാരെയും അങ്ങനെ നോക്കണം. അപ്പോള്‍ വിനയം വരും. അതുമതി. മറ്റെല്ലാം അതിന്റെ വഴിക്ക് വന്നുകൊളളും. മൗലികമായ ജീവിതധ്യാനമാണ് ഏറ്റവും പ്രധാനം. ജീവിതത്തെക്കുറിച്ചുളള ധ്യാനം തന്നെയാണ് മരണത്തെക്കുറിച്ചുളള ധ്യാനവും. മരണം ഒഴിവാക്കിക്കൊണ്ടുളള ജീവിതധ്യാനം അപൂര്‍ണ്ണമായിരിക്കും.
ചോദ്യം: ഒരു ഡിഫിക്കല്‍റ്റ് നോവല്‍ എന്ന് സങ്കീര്‍ത്തന രചനയുടെ തുടക്കം മുതലേ തന്നെ തോന്നിയിരുന്നോ?
പെരുമ്പടവം: അതങ്ങനെയാവാതെ വയ്യല്ലോ. ഈ പെരുംപഹയന് എന്റെ തലയില്‍ നില്‍ക്കുമോ എന്ന് സംശയിച്ച നിരവധി നിമിഷങ്ങളുണ്ടായിട്ടുണ്ട്. ഒരു ബലമുണ്ടായിരുന്നത് പണ്ടേ തന്നെ ഡോസ്റ്റോവ്സ്കിയെ പല തവണ വായിച്ചിട്ടുണ്ട് എന്നതായിരുന്നു. ആ മനസ്സിലേക്ക് പ്രയാസപ്പെട്ടിട്ടാണെങ്കിലും എത്തിച്ചേരാന്‍ അത് തുണയായി. മറ്റൊന്നുളളത് ഈ ഡോസ്റ്റോവ്സ്കി ഒരസാധ്യ എഴുത്തുകാരനാണ് എന്ന് പെരുമ്പടവം ശ്രീധരന് നോവലില്‍ പറഞ്ഞിട്ടു കാര്യമില്ല. വളരെ ഓഥന്റിക്കായി അതു വന്നുചേരണം. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മുഴുവന്‍ ദേവാലയങ്ങളിലും മനസ്സുകൊണ്ട് പ്രാര്‍ത്ഥിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഒരു രാത്രിയിലാണ് ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കയ്യൊപ്പുളള ഒരെഴുത്തുകാരന് എന്ന മെറ്റഫര്‍ മനസ്സിലേക്ക് വന്നത്. ഞാന്‍ വേഗം ചാടിയെഴുന്നേറ്റു. അതൊന്നു കുറിച്ചുവയ്ക്കാന്‍. അപ്പോള്‍ തന്നെ കുറിച്ചില്ലെങ്കില്‍ അതു കയ്യില്‍ നിന്നു പോകുമെന്നു തോന്നി. വായിച്ചു കഴിഞ്ഞ് നോവലിനെക്കുറിച്ച് ആദ്യം സംസാരിച്ചപ്പോള്‍ എനിക്ക് ഗുരുസ്ഥാനീയര്‍ കൂടിയായ കെ.സുരേന്ദ്രന് ആശ്ചര്യപ്പെട്ടതും ഈ ബിംബത്തെക്കുറിച്ചാണ്. ഡോസ്റ്റോവ്സ്കിയെ കുറിച്ച് ഇതിനപ്പുറം ഇനി ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്ന് ആ മഹാപ്രതിഭയെ കുറിച്ച് മലയാളത്തിലെ ഏറ്റവും മികച്ച ജീവചരിത്രം എഴുതിക്കഴിഞ്ഞിരുന്ന ആചാര്യന് പറഞ്ഞപ്പോള്‍ എന്റെ നോവല്‍ യാത്രയാരംഭിച്ചുകഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായി.
ചോദ്യം: വിവരിക്കാന്‍ വിഷമിക്കുകയും പെട്ടെന്ന് ഇതുപോലെ ഒറ്റ കല്പനയില് ഒരു വഴി തുറന്നുകിട്ടുകയും ചെയ്ത മറ്റൊരനുഭവം ഉണ്ടോ?
പെരുമ്പടവം: ഉണ്ട്. ശ്രീനാരയണ ഗുരുവിനെ കേന്ദ്രത്തില്‍ നിറുത്തി 'നാരായണം' എഴുതിയപ്പോഴാണത്. ഗുരുവിന്റെ സമാധി എങ്ങനെ വിവരിക്കും? സാധാരണരീതിയിലുള്ളൊരു മരണമോ ഭൂമി വെടിയലോ ഒന്നും ആവാന്‍ പാടില്ല. അതിനൊരു അഭൗമത വരണം. കേരളകൗമുദിയുടെ എം.എസ്.മണി ഒരു ഗുരുദേവ വിശേഷാല്‍ പ്രതി ഇറക്കിയപ്പോള്‍ അതില്‍ എന്റെ നോവല്‍ കൂടിയേ തീരു എന്ന് ശ്രീ മണി തീരുമാനിക്കുകയും തന്റെ പത്രാധിപന്മാരെ കൊണ്ട് ഇടം വലം വിടാതെ എന്നെ പ്രേരിപ്പിക്കുകയും ചെയ്തപ്പോള്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് എഴുതിയ നോവലാണത്. എങ്കിലും കഥാപാത്രം ഗുരുദേവനായിരിക്കെ ഉഴപ്പി എഴുതാനും പാടില്ല. അങ്ങനെ പൂര്‍ണ്ണ സമര്‍പ്പണത്തോടെ തന്നെയാണ് ഞാനാ നോവല്‍ എഴുതിയത്. ഗുരുസമാധിയുടെ മുഹൂര്‍ത്തം വന്നപ്പോള്‍ എന്നെ ഒരു അധൈര്യം ബാധിച്ചു. അതുമായി കുറെ ദിവസങ്ങള്‍ നടന്നു. പെട്ടെന്നാണത് മനോഹരമായൊരിടിവെട്ട് പോലെ മനസ്സില്‍ വന്നുവീണത്. 'ഗുരുവിന്റെ കാല്പാദങ്ങളില് നിന്ന് ഭൂമി തെന്നിമാറി' എന്നെനിക്ക് തോന്നി. അങ്ങനെ എഴുതുകയും ചെയ്തു.
ചോദ്യം: ഗുരുജീവന് വെടിയും നിമിഷത്തെ അപാരമായൊരു പ്രപഞ്ചാനുഭവമാക്കുന്ന മെറ്റഫറാണത്. അതിന് സമശീര്‍ഷമായി നില്ക്കുന്നൊരു വാക്യം ഗുരുവിനെ കുറിച്ച് മലയാളത്തില്‍ പിറന്ന ഒരൊറ്റ രചനയിലും കണ്ടെത്താന്‍ സാധിക്കില്ല എന്നു ഞാന്‍ പറയും.
പെരുമ്പടവം: ഗുരുപ്രീതി. മഹാപ്രഭുവിന്റെ വിഭൂതി. അത്രയും മാത്രമേ എനിക്കതേക്കുറിച്ച് പറയാന്‍ സാധിക്കൂ.
ചോദ്യം: സങ്കീര്‍ത്തനം പോലെയുടെ ഒരാഘോഷ ചടങ്ങില്‍ തിരുവനന്തപുരത്തെ വൈ.എം.സി.എ ഹാളില്‍ എം.ടിയും എന്‍.ആര്.എസ് ബാബുവും വേദിയിലിരുന്നപ്പോള്‍ ഞാന്‍ പ്രസംഗിച്ചു, തിരുവനന്തപുരം എഴുത്തുകാര്‍ക്ക് ഒളിച്ചു താമസിക്കാന്‍ പറ്റിയ കേരളത്തിലെ ഏക നഗരമാണന്ന്. ഒരെഴുത്തുകാരന് മറ്റെഴുത്തുകാരുമായി ബന്ധപ്പെടാതെ എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും ഇന്ന് ഈ നഗരത്തില്‍ താമസിക്കാം. പണ്ടും അങ്ങനെതന്നെയായിരുന്നോ?
പെരുമ്പടവം: ഒരിക്കലുമല്ല. എഴുത്തുകാര്‍ ഇവിടെ വച്ച് അല്ലെങ്കില്‍ അവിടെ വച്ച് പരസ്പരം ബന്ധപ്പെട്ടിരിക്കും. സൗഹൃദത്തിലായിട്ടുണ്ടാവും. എഴുത്തുകാരുടേത് ഒരു സമൂഹമാണെന്നും താനെന്ന അതിലെ അംഗം മറ്റംഗങ്ങളുമായി ബന്ധം പുലര്‍ത്തിയേ തീരൂ എന്നും ഒരെഴുത്തുകാരന് അന്നിവിടെ ഉത്തരവാദിത്തപ്പെട്ടിരുന്നു.
ചോദ്യം: പഴയ തിരുവനന്തപുരം. താമസം തുടങ്ങിയ കാലത്തെ തിരുവനന്തപുരം. മനുഷ്യബന്ധങ്ങള്‍. അതിനെപ്പറ്റി പറയാമോ?
പെരുമ്പടവം: അതൊരു കാലമാണ്! ഗുരുനാഥന്മാരുടെ കാലം എന്നാണ് ഞാന്‍ വിളിക്കുക. കയ്യെത്തും ദൂരത്ത് അവരെല്ലാവരും ഉണ്ടായിരുന്നു. നമുക്ക് എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്ന വീടുകളിലാണ് അവര്‍ താമസിച്ചിരുന്നത്. എന്‍. കൃഷ്ണപിളള സാര്‍, ഗുപ്തന് നായര്‍ സാര്‍, ശൂരനാട് കുഞ്ഞന്‍പിളള സാര്‍-ആ നിര അങ്ങനെ പോകും. രണ്ടാഴ്ച അടുപ്പിച്ചു കണ്ടില്ലെങ്കില്‍ അവര്‍ തിരക്കും, നീ എവിടെയായിരുന്നു എന്ന്. ശൂരനാട് കുഞ്ഞന്‍പിളള സാറിനെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹം അകത്ത് വായിക്കുകയോ എഴുതുകയോ ചെയ്തുകൊണ്ടിരിക്കുകയാവും. അമ്മ വന്ന് കൂട്ടിക്കൊണ്ടുപോയിട്ടു പറയും, ദേ ശ്രീധരന് വന്നിരിക്കുന്നു എന്ന്. സാര്‍ പുസ്തകം മടക്കി സന്തോഷത്തോടെ നമ്മളുമായി സംസാരിക്കാന്‍ തുടങ്ങും. ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും എന്തു സംശയവും ചോദിക്കാം. അതെല്ലാം തീര്‍ത്തുതരും. ജി.വിവേകാനന്ദന്, കെ.സുരേന്ദ്രന്, കേശവദേവ്- എന്തൊരു ലോകമായിരുന്നു അത്! ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ എന്റെ പിടിവളളികളായിരുന്നു ഇവരെല്ലാം. ഞാന്‍ പതിവായി പോകുന്ന വീടുകള്‍. ഞാന്‍ ഒരുമിച്ച് നടക്കാനിറങ്ങുന്നവര്‍. അന്ന് തിരുവനന്തപുരം നഗരത്തില്‍ എഴുത്തുകാര്‍ വലിയ വ്യക്തിവിശേഷങ്ങള്‍ കൂടിയായിരുന്നു. ഒരോരുത്തരായി കടന്നുപോയി.
പിന്നെ ഇന്നിവിടെ എഴുത്തുകാര്‍ ആരുമായും ബന്ധപ്പെടാതെയൊന്നുമല്ല ജീവിക്കുന്നത്. തനിക്കാവശ്യമുളള നാലഞ്ചു പേരുടെ ഒരു വലയമുണ്ടാക്കും. അതിനകത്തു ജീവിക്കും. ആവശ്യമുളളത് എന്നു പറയുമ്പോള്‍ വളരെ സ്വാര്‍ത്ഥമായ ഒരര്‍ത്ഥം തന്നെയാണ് അതിനുളളത്. ഓരോരുത്തരും സ്വയം സൂര്യനായി ഭാവിച്ചാല്‍ എന്തുചെയ്യും? രണ്ടു സൂര്യന്മാര്ക്ക് മുട്ടിയുരുമ്മി നടക്കാനാവില്ലല്ലോ. ഓര്‍മ്മയില്ലേ എം.കൃഷ്ണന് നായര്‍ വൈകുന്നേരങ്ങളില്‍ സ്റ്റാച്യുവിലൂടെ പുത്തന്ചന്തയിലൂടെ വഴിയോരം ചേര്‍ന്നങ്ങനെ നടന്നുപോകുന്നത്? ആര്‍ക്കും സമീപിച്ച് സ്നേഹസൗഹൃദങ്ങള്‍ പങ്കിടാവുന്ന വിധത്തില്‍? ഇന്നങ്ങനെയൊരു കാഴ്ചയില്ല.
* * *
കാലഗണന സ്വല്പം അവ്യക്തമാക്കിക്കൊണ്ടു പറയാം, പത്തു നാല്പതു വര്‍ഷമാകുന്നു ഞാന്‍ കേരള തലസ്ഥാനത്ത് പത്രപ്രവര്‍ത്തക ജീവിതം ആരംഭിച്ചിട്ട്. ഒരൊറ്റ സ്ഥാപനം. കേരളകൗമുദി ബ്രാന്‍ഡ് ജേണലിസം. അതിലാണ് ഞാന്‍ ജീവിച്ചത്. നല്ല പ്രായത്തില്‍ ഒരു വ്യാഴവട്ടത്തിലേറെ കാലം പത്രത്തിന്റെ ഞായറാഴ്ച പതിപ്പിന്റെയും ഓണപ്പതിപ്പുകളുടെയും എഡിറ്ററാവാന്‍ അവസരമുണ്ടായി. പറഞ്ഞുവരുന്നത്, ജീവിതത്തിലെ പത്രപ്രവര്‍ത്തന പര്‍വ്വത്തില്‍ വച്ച് ഞാന്‍ നാനാമേഖലകളിലെ ആള്‍ക്കാരുമായി ഇടപഴകി. എഴുത്തുകാര്‍, സിനിമാക്കാര്, രാഷ്ട്രീയമനുഷ്യര്, പത്രപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ബ്യൂറോക്രാറ്റുകള്‍, ക്ലാര്‍ക്കുമാര്‍, സംഘാടകര്‍, ബിസിനസുകാര്‍, അത്യാവശ്യം ക്രിമിനലുകള്‍... ഇവയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വ്യക്തിത്വരൂപം ഏത് വിഭാഗത്തിലാണെന്ന് പരിശോധിച്ചുനോക്കാം. ഓര്‍ക്കുക, 'ആകര്‍ഷിച്ച'എന്നാണ് ഞാനെഴുതിയത്- 'ഇഷ്ടപ്പെട്ട' എന്നല്ല.
നിങ്ങളുടെ ഞെട്ടല്‍ മുന്‍കൂറായി കൈപ്പറ്റിക്കൊണ്ടുതന്നെ എഴുതാം: എന്നെ ഏറ്റവും ആകര്‍ഷിച്ച, സ്വഭാവസവിശേഷതകള്‍ കൊണ്ട് എന്നെ ആഴത്തില്‍ പിടിച്ചെടുത്ത വ്യക്തിത്വരൂപം രാഷ്ട്രീയക്കാരന്റേതാണ്. അഴിമതി, കൈക്കൂലി, ചതി, വഞ്ചന, ഇരട്ടത്താപ്പ്, ഊളത്തരം തുടങ്ങിയ മാരകപദങ്ങളുമായി നിങ്ങള്‍ എന്നോടു മെക്കിട്ടുകയറാന്‍ വരുന്നു. സ്വാഗതം! 'വെരി ഇന്ററസ്റ്റിംഗ് പെഴ്സണ്‍' ആയുളള എന്റെ റേറ്റിംഗില്‍ മാറ്റമില്ല. ഈ കഥാപാത്രത്തില്‍ ഏറ്റവും പഠനീയമായി എനിക്ക് തോന്നിയ ഒരു വശം ആ വ്യക്തിത്വത്തിലെ ചലനാത്മകതയാണ്. നമ്മള് അഭിവാജ്യ കാറ്റഗറിയില്‍ പെടുത്തിയിട്ടുളള കാലുമാറ്റം പോലും അതിന്റെ ഭാഗമാണ് പലപ്പോഴും. അന്നന്ന് മര്യാദയ്ക്ക് പത്രം വായിക്കാതെ മറ്റേതു മേഖലയിലെയും, ജേണലിസം ഒഴിച്ച് എന്ന് ഞാന്‍ പറയേണ്ടതുണ്ട്, ആള്‍ക്കാര്‍ക്ക് വലിയ കുഴപ്പം കൂടാതെ ജീവിച്ചുപോകാം. സിനിമാക്കാരൊക്കെ നീണ്ട മാസങ്ങളില്‍ പലപ്പോഴും പത്രം കൈകൊണ്ടുപോലും തൊടാതെയാണ് ജീവിതം ആഘോഷിക്കുന്നത് എന്നതിന് ഞാന്‍ സാക്ഷിയാണ്. രണ്ടുദിവസം തുടര്‍ച്ചയായി പത്രം നോക്കാതിരുന്നാല്‍ രാഷ്ട്രീയക്കാരന് വാ തുറക്കാന്‍ പറ്റില്ല. ഒരാഴ്ച നോക്കാതിരുന്നാല്‍ ആപ്പീസ് പൂട്ടും. ചരിത്രത്തിന്റെ ദൈനംദിനപരത എന്നത് അവരുടെ ശ്വസോച്ഛ്വാസമാണ്. അതങ്ങനെയായതുകൊണ്ടാണ് ഒരു ഭാഗത്ത് അടങ്ങിയൊതുങ്ങി ഇരിക്കുമ്പോഴും അവര്‍ ചലിച്ചുകൊണ്ടിരിക്കുന്നത്.
എന്നില്‍ ഏറ്റവും മടുപ്പുണ്ടാക്കിയ വ്യക്തിത്വം ഏതു വിഭാഗത്തിന്റേതാണെന്നു കൂടി പറഞ്ഞാല്‍ നമുക്ക് പോയി വീണ്ടും പെരുമ്പടവത്തിനെ കാണാം. മൂന്നു പതിറ്റാണ്ടുകളിലെ നിരന്തരവും പ്രൊഫഷണലുമായ ഇടപഴകല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ആധികാരികത നല്കുമെങ്കില് അതുകൂടി ഉപയോഗിച്ചുകൊണ്ട് പറയുകയാണ്. നമ്മുടെ നാട്ടിലെ എഴുത്തുകാരന് എന്ന സംപൂജ്യ മനുഷ്യന്റെ വ്യക്തിത്വം എന്നെ ഏത്ര മടുപ്പിച്ചിച്ചിട്ടുണ്ടെന്നത് വിവരിക്കാവതല്ല. മറക്കണ്ട, ഇതെഴുതുമ്പോള്‍ ഞാന്‍ ആത്മവിമര്‍ശനം കൂടിയാണ് നടത്തുന്നത്.
സ്നേഹത്തെക്കുറിച്ചാണ് എഴുതിയിട്ടും എഴുതിയിട്ടും മതിയാവാതെ ഇവര്‍ എപ്പോഴും എഴുതുന്നത്. ഇവരുമായി ഇടപഴകി കുറെ അനുഭവങ്ങളുണ്ടാകുമ്പോള്‍ ചിലപ്പോള്‍ ഒരു പാവം മനുഷ്യന് ആലോചിച്ചുപോകും, ശരിക്കും സ്നേഹത്തെ തന്നെയാണോ ഇവര്‍ സ്നേഹിക്കുന്നത്? അതോ സ്നേഹം എന്ന ആ പദത്തെയോ? സ്നേഹത്തെ സ്നേഹിക്കാതെ സ്നേഹം എന്ന ആ പദത്തെ അങ്ങോട്ടു സ്നേഹിച്ചാല്‍, അതില്‍ ഒരുപാട് സൗകര്യങ്ങളുണ്ട്: കാച്ചിക്കുറുക്കി ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞ് ഒരിക്കല്‍ പോലും ആ പദം എഴുത്തുകാരനായ എന്റെ വീട്ടിലേക്ക് കയറിവരാന്‍ പോകുന്നില്ല. ആശയങ്ങളെ, വികാരങ്ങളെ, ആര്‍ദ്രതകളെ നേരിട്ടുള്ക്കൊളളാതെ അവയെ സൂചിപ്പിക്കുന്ന പദങ്ങളെ താലോലിച്ച്, തേങ്ങയടിച്ച് സായൂജ്യമടയുന്നു എന്നതാണ് ഞാന്‍ കൂടി ഉള്‍പ്പെടുന്ന എഴുത്തുകാരന് എന്ന ആ റാസ്കലിന്റെ പ്രധാന പ്രശ്നം എന്നു ഞാന്‍ പറയും. നമ്മുടെ എഴുത്തുകാരില്‍ എത്ര നല്ല മനുഷ്യരുണ്ട് എന്ന് കെ.പി.അപ്പന് ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, ഉത്തരം ആവശ്യമില്ലാതിരിക്കേ തന്നെ!
മനുഷ്യപ്രകൃതിയില്‍, തൊഴില്‍ശീലങ്ങള്‍ വരുത്തിവയ്ക്കുന്ന സവിശേഷപ്രകൃതങ്ങളുടെ മ്യൂസിയത്തിനകത്ത്, പെരുമ്പടവം ശ്രീധരന് എന്ന എഴുത്തുകാരന് എവിടെ നില്ക്കുന്നു എന്നു കൂടി ചോദിച്ചാലേ ഈ വിഷയം ഈ ലേഖനത്തിന്റേതാവുന്നുളളു. നേരനുഭവങ്ങളുടെ രക്തത്തില്‍ തൊട്ടുകൊണ്ട് ചുരുക്കി പറയുകയാണ്. വ്യക്തിബന്ധങ്ങളെ ഇത്ര പാവനമായി കാണുന്ന മറ്റൊരെഴുത്തുകാരന്റെ പേര്, കെ.പി.അപ്പനെ ഒഴിച്ചാല്‍, എനിക്ക് പെട്ടെന്ന് പറയാന്‍ സാധിക്കില്ല. പി.ആര് പരമായ യാതൊരു മുഖങ്ങളും ഈ പെരുമ്പടവം വഴക്കത്തിനില്ല. നിങ്ങള്‍ പെരുമ്പടവത്തിന്റെ സ്നേഹബന്ധവലയത്തിനകത്തുളള ഒരാളാണെങ്കില്‍, നിങ്ങളില്‍ നിന്ന് സ്നേഹമല്ലാതെ യാതൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. നിങ്ങള്‍ വെറും കയ്യോടെ അങ്ങനെ നിന്നാല്‍ മതി. ആ നിലയില്‍ തന്നെ നിങ്ങള്‍ പെരുമ്പടവം ശ്രീധരന് പൂര്‍ണ്ണമായും സ്വീകാര്യനായിരിക്കും. ഞാന്‍ പ്രത്യേകിച്ചെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നൊരു ഭാവവുമുണ്ട്. നാട്ടിലുളള മറ്റെഴുത്തുകാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും രോമഹര്‍ഷത്തോടെ സംസാരിക്കുന്ന ഒരെഴുത്തുകാരനെ തിരുവനന്തപുരത്തു കിട്ടാന്‍ പ്രയാസമാണ്. ഒരാളെ കിട്ടിയേ മതിയാവൂ എങ്കില്‍, വണ്ടി ഒപ്പമില്ലെങ്കില്‍, തമ്പാനൂരില്‍ നിന്ന് തമലത്തേക്ക് ഒരു ഓട്ടോറിക്ഷ പിടിച്ചാല്‍ മതി. അവിടെയാണ് പണ്ടേക്ക് പണ്ടേ പെരുമ്പടവം ശ്രീധരന് ഉളളത്.
ഗുരുക്കന്മാര്ക്കും ഗുരുതുല്യര്‍ക്കും വന്ദനവും ആത്മസുഹൃത്തുക്കള്‍ക്ക് ഗാഢമായ ആലിംഗനവും ചങ്ങാതിമാര്‍ക്ക് എപ്പോഴും സ്നേഹവും കരുതുന്ന ആ വ്യക്തിത്വം സത്യസന്ധവും വിനയാന്വിതവും മൗലികമായ ഒരു പാകത്തിലുളളതുമാണ്. നീട്ടിപ്പിടിച്ച വലതുകരത്തില്‍ എല്ലാം സമര്‍പ്പിച്ച് ഇറങ്ങിത്തിരിച്ചവളും വഴിക്കുവഴിയേ മനംകുളിര്‍പ്പിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന മൂന്നു പെണ്കുഞ്ഞുങ്ങളും ഒരു മോനുമൊത്ത് എത്ര കഷ്ടരാത്രികളില്‍ എത്ര വ്യര്ത്ഥമാസങ്ങളില് നിരാലംബനൗകയില് എന്തുമാത്രം തുഴഞ്ഞിട്ടുളളയാളാണ്!
ചോദിക്കാം, ആ കാലമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ തോന്നുന്ന വികാരം എന്താണ്?
ധാരാളം കഷ്ടാനുഭവങ്ങളിലൂടെ കടന്നുപോയയാളാണ്, ഓര്‍മകളില്‍ തുഴഞ്ഞുകൊണ്ട് എഴുത്തുകാരന് പറയുന്നു. എങ്കിലും ഇന്നിപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇത്ര പെട്ടെന്ന് അങ്ങ് കഴിഞ്ഞുപോകേണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്റെ കൊച്ചുകൊച്ചു ആഹ്ലാദങ്ങളോടൊപ്പം എന്റെയാ ദുഃഖരാത്രികളും എനിക്ക് എത്രയും പ്രിയപ്പെട്ടതാണ്. അതില്‍ നിന്നെല്ലാം പാടേ സ്വതന്ത്രനായൊരു പെരുമ്പടവം ശ്രീധരന് ഇല്ല. ഞാന്‍ വന്ന വഴിയാണ്. എന്റെ അഭയമാണ്. എനിക്ക് ജീവിതത്തിന്റെ അഗാധ സങ്കീര്‍ത്തനങ്ങള്‍ ഓതിത്തന്ന കാലമാണ്. എന്റെ എല്ലാമാണ്.