By ബി.വി. അരുണ്‍ കുമാര്‍.04 Jun, 2020
ഇവിടെ ഓപ്പറേഷന് അനന്ത നടപ്പാക്കിയ സമയത്ത് ഞാന്‍ തലശ്ശേരി സബ് കളക്ടറായിരുന്നു. ഇതിന്റെ ഭാഗമായി അവിടെ ഒരു തോടിനെ പുനരുജ്ജീവിപ്പിക്കാനായി. അതിനു പുറമെ കുളങ്ങളും പുനര്‍നിര്‍മ്മിച്ചു. തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കിയപ്പോള്‍ തന്നെ ഞാനും ആ പദ്ധതി അവിടെ നടപ്പാക്കിയിരുന്നു.അനന്തപുരിയില്‍ ഓപ്പറേഷന് അനന്ത എന്റെ പ്രധാന ഫോക്കസ്. ജില്ലാ ഭരണാധികാരിയായി പഞ്ചാബുകാരിയായ നവജ്യോത് ഘോസ ചുമതലയേറ്റു. രാവിലെ കളക്ടറേറ്റിലെത്തി മുന്‍ കളക്ടര്‍ ഗോപാലകൃഷ്ണനില്‍ നിന്നാണ് ചുമതലയേറ്റത്. മൂന്നു വര്‍ഷം കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറഷന് ലിമിറ്റഡ് എംഡിയായി സേവനമനുഷ്ടിച്ച ശേഷമാണ് നവജ്യോത് ഘോസ ഒരു ജില്ലയുടെ സ്വതന്ത്ര ചുമതലയേറ്റെടുക്കുന്നത്. ഭരണസിരാ കേന്ദ്രം സ്ഥിതിചെയ്യുന്ന തലസ്ഥാനത്തിന്റെ കളക്ടര്‍ എന്നു പറയുമ്പോള്‍ സ്വാഭാവികമായും ആ സ്ഥാനത്തിന് ഗൗരവം ഏറെയാണ്. മന്ത്രിമാരും മറ്റുമായി ഏറ്റവും കൂടുതല്‍ നേരിട്ട് ഇടപഴകേണ്ടി വരുന്നതും തിരുവനന്തപുരം കളക്ടറാണ്. ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ടിലാകുന്ന തിരുവനന്തപുരം നഗരം, തീരദേശവാസികളുടെ പ്രശ്നങ്ങള്‍, മഴക്കാല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഏറെ പ്രാധാന്യമുളള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതും ഈ കളക്ടര്‍ തന്നെയാണ്. അതിലുപരി ഇപ്പോള്‍ കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടവും . കളക്ടായി ചുമതലയേല്‍ക്കുമ്പോള്‍ എന്തൊക്കെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും തന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്നും കലാകൗമുദിയോട് നവജ്യോത് ഘോസ മനസ് തുറക്കുന്നു.
ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു?
തുടക്കം തന്നെ വിഷമഘട്ടത്തിലാണ് . ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സമയവുമാണ്്. ഒരു ചലഞ്ചിംഗ് ടൈമിലാണ് എന്റെ എന്‍ട്രി എന്നും അറിയാം . പിന്നെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്ന പോലെതന്നെ ഒരു പോസ്റ്റിംഗായി മാത്രമേ ഇതിനെയും കാണുന്നുളളു . ഈ ജോലിയുടെ സ്വഭാവം വച്ചു നോക്കുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ സ്വാഭാവികമാണ്.
ഭരണസിരാകേന്ദ്രമാണ് തിരുവനന്തപുരം. പലവിധ സമ്മര്‍ദ്ദങ്ങള്‍ ?
ജില്ലാ കളക്ടര്‍ സ്ഥാനമെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജനങ്ങള്‍ക്കു വേണ്ടി കുറേയേറെ കാര്യങ്ങള്‍ ചെയ്യാനുള്ള പദവി കൂടിയാണിത് . ജനങ്ങളോട് ഏറ്റവും അടുത്തു നില്ക്കുന്ന ഒരാളാവാനാണ് ആഗ്രഹം . അവര്‍ക്ക് ക്ഷേമകരമായ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. സംസ്ഥാനത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് തലസ്ഥാനമെന്നതിനാല് പ്രതീക്ഷകള്‍ വളരെ വലുതാണ്. കുറച്ച് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമായിരിക്കാം അതൊന്നും പ്രശ്നമാകുമെന്ന് തോന്നുന്നില്ല . എന്നെ സംബന്ധിച്ച് തിരുവനന്തപുരം കളക്ടര്‍ സ്ഥാനം എന്നത് മികച്ച അനുഭവമായിരിക്കുമെന്ന് കരുതുന്നു.
ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ?
ഇതുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഒരു പ്രശ്നവും ഇല്ലാത്ത തരത്തിലാണ് ഇതുവരെ ജോലി ചെയ്തിട്ടുള്ളത്. നല്ല പിന്തുണ മാത്രമേ ഉണ്ടായിട്ടുള്ളു. എല്ലാ രാഷ്ടീയ പാര്‍ട്ടികളും പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് എനിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരു പ്രശ്നവും എനിക്കുണ്ടായിട്ടില്ല.
തിരുവനന്തപുരം കളക്ടറാകാന്‍ എന്തെങ്കിലും തയാറെടുപ്പുകള്‍?
അതിനുള്ള സമയമൊന്നും കിട്ടിയിട്ടില്ല. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, സംസ്ഥാനം ഇപ്പോള്‍ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ തന്നെ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് എംഡിയായിരുന്നു. എനിക്ക് കുറേയേറെ കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ സാധിച്ചു. എല്ലാ ദിവസവും എനിക്ക് അവിടെ തിരക്കായിരുന്നു.അങ്ങനെയുളള തയ്യാറെടുപ്പുകള്‍ക്കൊന്നും ശ്രമിച്ചിട്ടില്ല .
ജില്ലാ കളക്ടര്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നോ?
എന്നോട് ഔദ്യോഗികമായി ചോദിച്ചിരുന്നു. റെഡിയാണെന്നും ഞാന്‍ പറഞ്ഞു. പ്രസവാവധി കഴിഞ്ഞ് വന്നപ്പോഴാണ് കളക്ടര്‍ പോസ്റ്റിലേക്ക് പരിഗണിച്ചാല്‍ പോകാന്‍ തയാറാണോ എന്ന് ചോദിച്ചത്. പരിഗണിക്കുകയാണെങ്കില്‍ തയ്യാറാണെന്നായിരുന്നു എന്റെ മറുപടി.
തലസ്ഥാനത്തേക്ക് എന്തെങ്കിലും മാസ്റ്റര്‍ പ്ലാന്‍?
അങ്ങെയൊരു മാസ്റ്റര്‍ പ്ലാനൊന്നുമില്ല. ഇപ്പോള്‍ പ്രധാന ഫോക്കസ് കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുക എന്നതാണ്. അതിനൊപ്പം തന്നെ കാലവര്‍ഷം വരാനിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനമാകും ആദ്യം ചെയ്യുക.
തീരദേശ മേഖലയ്ക്കായി എന്തെങ്കിലും പദ്ധതി?
മഴക്കാലമാകുമ്പോള്‍ തീരദേശവാസികളുടെ ദുരിതം ഞാന്‍ വാര്‍ത്തകളില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ക്കും. എല്ലാവരുമായും കൂടിയാലോചിച്ച് അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.
ഓപ്പറേഷന് അനന്ത രണ്ടാം ഘട്ടം തുടങ്ങുമോ?
ആലോചനയുണ്ട്. ഓപ്പറേഷന് അനന്ത നടപ്പാക്കിയ സമയത്ത് ഞാന്‍ തലശ്ശേരി സബ് കളക്ടറായിരുന്നു. ഇതിന്റെ ഭാഗമായി അവിടെ ഒരു തോടിനെ പുനരുജ്ജീവിപ്പിക്കാനായി. അതിനു പുറമെ കുളങ്ങളും പുനര്‍നിര്‍മ്മിച്ചു. തിരുവനന്തപുരത്ത് പദ്ധതി നടപ്പാക്കിയപ്പോള്‍ തന്നെ ഞാനും ആ പദ്ധതി നടപ്പാക്കിയിരുന്നു. അനന്തയുടെ ലക്ഷ്യം വെള്ളപ്പൊക്കം തടയുക എന്നതാണ്. ചെറിയ മഴ വന്നാല്‍പ്പോലും നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിസങ്ങളില്‍ പെയ്ത മഴയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ നമ്മളെല്ലാവരും കണ്ടതാണ്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് യോഗം വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. എങ്ങനെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുക എന്ന് ആലോചിക്കണം. ഓപ്പറേഷന് അനന്ത എന്റെ പ്രധാന ഫോക്കസാണ്.
ബിഡിഎസ് ഉപേക്ഷിച്ച് ഐഎഎസ് തിരഞ്ഞെടുക്കാന്‍ കാരണം?
കുഞ്ഞുന്നാള് മുതലേ എന്റെ ആഗ്രഹമാണ് സിവില്‍ സര്‍വീസ് എടുക്കണമെന്നത്. ഡിഗ്രി കഴിഞ്ഞതു മുതല്‍ അതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്‍ഡ്രന്‍സ് എഴുതിയപ്പോള്‍ ബിഡിഎസിന് കിട്ടി. അപ്പോഴും മനസില്‍ ഐഎഎസ് എന്ന ആഗ്രഹമുണ്ടായിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തില്‍ സജീവമായി സംഭാവന ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് സിവില്‍ സര്‍വീസ്. ഏത് ജോലിയായാലും നമ്മള് ആത്മാര്‍ത്ഥമായി ചെയ്താല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. അതിപ്പോള്‍ ഡോക്ടറായാലും ശരി, കളക്ടറായാലും ശരി. എന്നെ സംബന്ധിച്ച് ഇവ രണ്ടും ഒരുപോലെയാണ്. എങ്കിലും സിവില്‍ സര്‍വീസില്‍ ചേരുക എന്നുള്ളത് എന്റെ പാഷന് മാത്രം. രണ്ടാമത്തെ പരശ്രമത്തിനൊടുവിലാണ് ഐഎഎസ് കിട്ടിയത്.
ബിഡിഎസും ഐഎഎസും തമ്മിലുള്ള വ്യത്യാസം?
യഥാര്‍ത്ഥത്തില്‍ ഞാന്‍ ബിഡിഎസ് പഠിച്ചെങ്കിലും പ്രാക്റ്റീസ് ചെയ്തിട്ടില്ല. അതിനാല്‍ താരതമ്യം ചെയ്യാന്‍ എനിക്കാകില്ല. കോളേജില്‍ നിന്നിറങ്ങിയപ്പോള്‍ തന്നെ ഐഎഎസിന് തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഏത് പ്രൊഫഷനായാലും നന്നായി ചെയ്യണമെന്നേ ആഗ്രഹമുള്ളു.
കേരള കേഡര്‍ തിരഞ്ഞെടുക്കന്‍ കാരണം?
നമ്മുടെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് കേഡര്‍ കിട്ടുന്നത്. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിലെത്തി. ഇവിടെയുള്ള ജനങ്ങളെല്ലാം നല്ല സ്നേഹമുള്ളവരാണെന്നാണ് തോന്നിയിട്ടുള്ളത്. ഞാനും ഇപ്പോള്‍ അവരിലൊരാളായി മാറി.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ മൂന്നുവര്‍ഷമായി. എന്തൊക്കെ മാറ്റമാണുണ്ടായത്?
നല്ല എക്സിപിരിയന്സാണ് എനിക്ക് അവിടെനിന്നും കിട്ടിയത്. നിപ്പ, പ്രളയം എന്നിയെ വളരെ വിജയകരമായി പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കായി. നാലുമാസമായി കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ്. അതുകൊണ്ടുതന്നെ എനിക്ക് ആരോഗ്യ വകുപ്പുമായി ഏറെ അടുത്തുനിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഈ പ്രവര്‍ത്തി പരിചയം എനിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ നിയമനം?
തൃശൂരില്‍ അസിസ്റ്റ്ന്റ് കളക്ടറായാണ് ആദ്യമായി നിയമനം ലഭിക്കുന്നത്. അതുകഴിഞ്ഞ് തലശ്ശേരി സബ് കളക്ടര്‍, പിന്നെ ഫുഡ് സേഫ്റ്റി കമ്മിഷണറുമായി.
കുടുംബം?
ഭര്‍ത്താവ് ഖത്തറില്‍ ഡോക്ടറാണ്. ഒന്നര മാസം പ്രായമുള്ള ഒരു മകളുണ്ട്. അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മയ്ക്ക് ജോലിയൊന്നുമില്ല.