Thursday 27 June 2019
ഇത്തവണ ആറ്റുകാലമ്മയാക്ക് പൊങ്കാലയിടാന്‍ കല്‍പ്പന മാത്രമല്ല സ്വാതിയും ഇനിയയും ഇല്ല......പൊങ്കാല വിശേഷങ്ങളുമായി സ്വാതിയും ഇനിയയും

By Farsana Jaleel.11 Mar, 2017

imran-azhar

 

ഇന്ന് ആറ്റുകാല്‍ പൊങ്കാല......ഇത് കല്‍പ്പനയില്ലാത്ത രണ്ടാമത്തെ പൊങ്കാല. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍ എത്ര ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ഓടിയെത്തുമായിരുന്നു കല്‍പ്പന. വിധിയുടെ ക്രൂരതയ്ക്ക് മുന്നില്‍ കീഴടങ്ങിയ കല്‍പ്പന ഇനി ആറ്റുകാല്‍ പൊങ്കാലയില്‍ ഓര്‍മ്മ മാത്രം. ചലചിത്ര താരങ്ങള്‍ക്കും കല്‍പ്പനയുടെ അസാനിധ്യം തീരാവേദനയാണ് നല്‍കുന്നത്. സ്വാതിയും ഇനിയയും ഇത്തവണ പൊങ്കാലയ്‌ക്കെത്തില്ല....സ്വാതി ഇനിയ സഹോദരിമാര്‍ ആറു വര്‍ഷമായി തുടര്‍ച്ചയായി പൊങ്കാലയിട്ട് വരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് ഈ സഹോദരിമാര്‍ ആദ്യമായി പൊങ്കാലയ്ക്ക് പോകുന്നത്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കലാകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാതിയും ഇനിയയും പൊങ്കാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

ആദ്യ പൊങ്കാല അമ്മയ്‌ക്കൊപ്പം

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് ആദ്യമായി പൊങ്കാലയ്ക്ക് പോകുന്നത്. അമ്മയുടെ കുട്ടിക്കാലം മുതല്‍ക്കെ അമ്മ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നു. ഞങ്ങള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളും അത് പിന്തുടര്‍ന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോയിരുന്നു അമ്മയ്‌ക്കൊപ്പം ആദ്യമായി പൊങ്കാലയ്ക്ക് പോകുന്നത്. അന്ന് ഇനിയ എട്ടാം ക്ലാസില്‍ ആയിരുന്നു.

ഉത്സവമാണ് പൊങ്കാല

തലേ ദിവസം തന്നെ തലസ്ഥാന നഗരിയില്‍ എത്തും. അവിടെ ഏതെങ്കിലും ഒരു ഹോട്ടലില്‍ താമസിച്ചിട്ടാകും പൊങ്കാലയിടാന്‍ പോകുന്നത്. തലേ ദിവസം തന്നെ പൊങ്കാല ഇടുന്നതിനുള്ള സ്ഥലം ഓക്കെ കണ്ടുപിടിക്കും. തലേദിവസം വ്രതമെടുക്കും. അന്ന് വെജിറ്റേറിയന്‍ ആയിരിക്കും. പൊങ്കാല ദിവസവും ഭക്ഷണമൊന്നും കഴിക്കാതെയാണല്ലോ പോകുന്നത്. പുതിയ വസ്ത്രം പൊങ്കാല ഇടുന്നതിനുള്ള സാധനങ്ങള്‍, പുതിയ വസ്ത്രങ്ങള്‍ അങ്ങനെ ഒരു ഉത്സവമാണ് പൊങ്കാല ദിനം.

ദേവിയെ കാണാന്‍

തലേ ദിവസം വന്നാല്‍ മുറിയ്ക്കകത്ത് ഇരിക്കാറില്ല.....പുറത്തൊക്കെ ഇറങ്ങി അവിടം ഒന്ന് ചുറ്റിക്കണ്ട് പറ്റുമെങ്കില്‍ ക്യൂ കുറയുന്ന സമയത്ത് പെട്ടെന്ന് തന്നെ ചാടിക്കയറി ദേവിയെ ഒന്ന് കണ്ട് മടങ്ങുമായിരുന്നു. നമ്മുക്ക് മിക്ക്യപ്പോഴും ആറ്റുകാല്‍ ക്ഷേത്രത്തിലെ പരിപാടികളും കിട്ടാറുണ്ട്..

ആഗ്രഹിച്ച പ്രോജക്ട് കിട്ടുന്ന പോലെയാണ് പൊങ്കാല

പൊങ്കാല ഇടാന്‍ പോകുമ്പോള്‍ അമ്മ ഇനിയ ഞാന്‍ നമ്മള്‍ മൂന്ന് പേരും ഒന്നിച്ചു പോകാന്‍ തന്നെ ശ്രമിക്കും. കാരണം വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഒന്നാണല്ലോ...മനസ്സിനൊരു സന്തോഷവുമാണ്. തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോഴെ മനസ്സിനൊരു സന്തോഷമായിരിക്കും.  എത്രയോ ആഗ്രഹിച്ച ഒരു പ്രോജക്ട് കിട്ടുന്ന പോലെയാണ് ഒരു പൊങ്കാല ഇടുന്നതിന്റെ സന്തോഷം. കഴിഞ്ഞ വര്‍ഷം പൊങ്കാലയിട്ടത് അമ്പലത്തിന് മുന്നിലായിരുന്നു. നമ്മള്‍ മൂന്ന് പേരും വളരെ സന്തോഷത്തോടെ ദേവിയുടെ അനുഗ്രഹത്തോടു കൂടി പൊങ്കാലയിട്ടിരുന്നു. ഇട്ടുകഴിയുമ്പോള്‍ മനസ്സിലുണ്ടാകുന്ന സന്തോഷത്തെ പറഞ്ഞറിയിക്കാന്‍ കഴിയില്ല.

അമ്മ ശര്‍ക്കര പായിസം ഞാന്‍ പഞ്ചരസം ഇനിയ വെള്ളച്ചോറും.......

എല്ലാ തവണയും ഞങ്ങള്‍ മൂന്ന് പേരും മൂന്ന് പൊങ്കാലയിടും. ഇനിയ വെള്ള ചോറിലാണ് എല്ലാതവണയും പൊങ്കാലയിടുന്നത്. ഞാന്‍ പഞ്ചരസ(വെള്ള പായിസം) വും അമ്മ ശര്‍ക്കര പായിസവുമാണ് എല്ലാ തവണയും ഇടുന്നത്.

ആദ്യ പൊങ്കാല

ആദ്യമായി സ്വന്തമായി ഇടുന്നത് നാലു വര്‍ഷം മുമ്പാണ്. കോളേജില്‍ പഠിക്കുമ്പോള്‍. സഹായമൊന്നുമില്ലാതെ.....വേവൊക്കെ ആകുമോന്ന് ടേസ്റ്റ് ചെയ്ത് നോക്കാനാകില്ലല്ലോ.....അത് കൊണ്ട് ചോദിച്ച് മനസ്സിലാക്കിയാണ് ഇട്ടിരുന്നത്....അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇനിയയും ആ വര്‍ഷം തന്നെയാണ് ആദ്യമായി സ്വന്തമായി പൊങ്കാലയിടുന്നത്.

അമ്മ എന്റേയും ഇനിയയുടെയും ഗെയ്ഡ്‌

സ്വന്തമായി പൊങ്കാലയിടാന്‍ പോകുമ്പോള്‍ മുഴുവന്‍ ഉത്തരവാദിത്വവും നമ്മുക്ക് തന്നെയായിരിക്കും. അരിയുടെ വേവ് ശ്രദ്ധിക്കണം. അടിയില്‍ പിടിക്കാതെ അത് ഇളക്കാന്‍ ശ്രദ്ധിക്കണം. തിളച്ച് പൊങ്ങി അധികം കലത്തിന് പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട്ടുവെച്ച് കൊടുക്കുന്ന രീതി. ഇതെല്ലാം നമ്മള്‍ തന്നെ ശ്രദ്ധിക്കണം. അമ്മ കൂടെ ഉണ്ടെങ്കില്‍ നമ്മളെ രണ്ടാളേയും ഗെയ്ഡ് ചെയ്യാന്‍ കൂടെയുണ്ടാകും.

കല്‍പ്പന ചേച്ചിയില്ലാത്ത പൊങ്കാല

എല്ലാവര്‍ഷവും പൊങ്കാല ദിനം ടീവിയില്‍ എല്ലാവരുടെയും ചിരിച്ച മുഖങ്ങള്‍ കാണുമ്പോള്‍ അതിലൊരു മുഖം ഇല്ലെന്നുള്ളത് വേദനാജനകം തന്നെയാണ്. എന്തെങ്കിലും അസൗകര്യത്താന്‍ വരാന്‍ സാധിക്കാത്തതായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇത് അങ്ങനെയല്ലല്ലോ..........

മറ്റുതാരങ്ങളെ കണ്ടുമുട്ടുമ്പോള്‍

എല്ലാ കൊല്ലവും ചിപ്പിച്ചേച്ചിയെ കാണാറുണ്ട്. അവസാന വര്‍ഷം മനുവര്‍മ്മ ചേട്ടന്റെ വൈഫിനെ കണ്ടിരുന്നു. പ്രിയങ്ക ചേച്ചിയെയും കണ്ടു. അവിടെയെത്തുമ്പോള്‍ മിക്ക്യവരെയും കാണാം. പൊങ്കാല ഇട്ടുകഴിഞ്ഞ് നിവേദ്യം സമയത്താണ് ഞങ്ങള്‍ സിനിമാ സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ചിരിച്ചോണ്ടായിരിക്കും പ്രതികരണം

പൊങ്കാല ഇട്ടുകഴിയുമ്പോള്‍ ഭയങ്കര സന്തോമാണ്. ആര് എന്ത് പറഞ്ഞാലും എല്ലാവരും ചിരിച്ചോണ്ടായിരിക്കും ആ അവസരത്തില്‍ പ്രതികരിക്കുക. നമ്മള്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നു.....കുളിക്കുന്നു........കടുത്ത വെയിലത്ത് വന്നിരുന്ന് പൊങ്കാലയിടുന്നു. പുകയൊക്കെ കയറി നമ്മള്‍ തലകറങ്ങി ഇരിക്കുന്ന അവസരത്തില്‍ പോലും നമ്മളെന്തോ വലിയൊരു കാര്യം ജീവിതത്തില്‍ ചെയ്തു തീര്‍ത്ത സന്തോമായിരിക്കും അപ്പോള്‍. ഞാനും അനിയത്തിയും അമ്മയും അങ്ങനെ തന്നെയാണ്.

ദേവിയുടെ അനുഗ്രഹം

ചില ആളുകള്‍ക്ക് കുടം താഴെ വീണുപോകുന്നുണ്ട്...ചിലരുടെ വസ്ത്രത്തില്‍ തീ പിടിക്കുന്നുണ്ട്. ചിലര്‍ പൊങ്കാല ഇട്ടുകഴിയുന്നതിന് മുമ്പ് തന്നെ തലകറങ്ങി വീഴാറുണ്ട്. അങ്ങനെ പലപല കാര്യങ്ങള്‍ ഇതിനിടയില്‍ സംഭവിക്കാറുണ്ട്. അതില്‍ നിന്നൊക്കെ ദേവിയുടെ അനുഗ്രഹത്താല്‍ ഒരു തടസ്സവുമില്ലാതെ പൊങ്കാല ഇടാന്‍ കഴിയുന്നതിന്റെ സന്തോമുണ്ട്. എല്ലാവര്‍ഷവും ഇതുപോലെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇനിയും അത് പ്രതീക്ഷിക്കുന്നു.

ഇൗ പൊങ്കാല നഷ്ടമായി

ഈ വര്‍ഷം എന്തുകൊണ്ടോ ഇടാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ സിംഗപ്പൂരിലാണ്. ഇവിടെ വെച്ച് നടക്കുന്ന എം.ജി.ആര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ് ഇത്തവണത്തെ പൊങ്കാല നഷ്ടമായത്. ജയലളിത മരിച്ചപ്പോള്‍ ഈ അവാര്‍ഡ് ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്നതായിരുന്നു. എന്നാലിത് ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയക്ക് മാറിയപ്പോള്‍ ഡേറ്റ് ഇതുതന്നെ വന്നു. നേരത്തെ ബുക്കായിപ്പോയിരുന്നു. ഇത്തവണത്തെ പൊങ്കാല നഷ്ടമാകുന്നത് അങ്ങനെയാണ്. അടുത്ത വര്‍ഷം എന്തായാലും ഇടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

വല്ലാത്തൊരു ഫീല്‍

എല്ലായിടത്തും ദേവിയുടെ പാട്ടുകള്‍ മാത്രം. ദേവിയുടെ ചിത്രങ്ങള്‍.....ലൈറ്റിംഗ്‌സ്, ചുറ്റിനും കലങ്ങള്‍, റോഡ് കാണുമ്പോഴെ മനസ്സിലൊരു വല്ലാത്ത ഫീലായിരിക്കും. ഇത്തവണ എങ്ങനെയുണ്ട്......ആരൊക്കെ വരും എന്നൊന്നും അറിയാന്‍ കഴിയില്ല. അതിലേറെ വിഷമവുമുണ്ട്.