Sunday 18 April 2021
കോന്നിയില്‍ ഞാന്‍ ബ്രിട്ടീഷുകാരനോ?

By online desk.27 Oct, 2019

imran-azhar


സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഈ മണ്ഡലങ്ങളെല്ലാംതന്നെ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. എന്നാല്‍ ഇത്തവണ വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫിയാണ് തുണച്ചത്. ഇതില്‍ ഏറെ വിവാദമായത് കോന്നിയിലെ തിരഞ്ഞെടുപ്പായിരുന്നു. അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അവിടെ കോണ്‍ഗ്രസ് തോറ്റപ്പോള്‍ അടൂര്‍ പ്രകാശ് വിവാദ നായകനായി. പരാജയത്തിനു കാരണം അടൂര്‍ പ്രകാശാണെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അടൂര്‍ പ്രകാശ് കലാകൗമുദിയോട് മനസ് തുറക്കുന്നു.

 

ബി.വി. അരുണ്‍ കുമാര്‍

 

കോന്നി ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു?

പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കൊണ്ടുവരാന്‍ അവിടെ സാധിച്ചിട്ടില്ല. പല ഘടകങ്ങളാണ് അതിലുള്ളത്. കെപിസിസിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്. ഞാന്‍ ആ തീരുമാനത്തിനൊപ്പം അടിയുറച്ചു നിന്നു. എന്നാല്‍ വേണ്ടത്ര പ്രവര്‍ത്തനം നടത്തുന്നതിന് ഡിസിസിക്ക് സാധിച്ചില്ല. അതാണ് പരാജയകാരണം.

റോബിന്‍ പീറ്ററെ നിര്‍ദ്ദേശിച്ചത് താങ്കളല്ലേ?


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ കെപിസിസി നേതാക്കള്‍ എന്നോടു ചോദിച്ചു വിജയസാധ്യതയുള്ള ആള്‍ ആരെങ്കിലുമുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കാന്‍. അങ്ങനെ റോബിന്‍ പീറ്ററുടെ പേര് നിര്‍ദ്ദേശിച്ചു. പാര്‍ട്ടി ചോദിച്ചതിനാലാണ് അങ്ങനെ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അതല്ലെന്നും വേറെ ആളെ നിര്‍ത്താനാണ് തീരുമാനമെന്നും പറഞ്ഞതോടെ ഞാന്‍ അവര്‍ക്കൊപ്പം നിന്നു.

റോബിന്‍ പീറ്ററെ നിര്‍ദ്ദേശിക്കാന്‍ കാരണം?

ഞാന്‍ കോന്നിയില്‍ മത്സരിക്കാന്‍ ആദ്യമെത്തുമ്പോള്‍ അവിടെ ഒരു പഞ്ചായത്തംഗമായിരുന്നു റോബിന്‍ പീറ്റര്‍. കാതോലിക്കന്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. അവിടെനിന്നാണ് പഞ്ചായത്തംഗമാകുന്നത്. രണ്ടാംതവണയും അദ്ദേഹം മത്സരിച്ച് പഞ്ചായത്തു വൈസ് പ്രസിഡന്റായി. മൂന്നാംതവണ ബ്ലോക്ക് പഞ്ചായത്തംഗമായി മത്സരിച്ചു വിജയിച്ചു. നാലാം തവണ ജില്ലാ പഞ്ചായത്തിലേക്കും ഒരുകൈ നോക്കി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അടുത്തതവണ വേറെ ഒപ്ഷന്‍ ഇല്ലാത്തതിനാല്‍ ഞാന്‍തന്നെയാണ് അദ്ദേഹത്തെ പ്രമാടം പഞ്ചാത്തിലേക്ക് വീണ്ടും മത്സരിക്കാന്‍ പറഞ്ഞത്. അതിനു കാരണവുമുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടത് റോബിനെയാണ്. സംഘടനാ പാടവമുള്ള അദ്ദേഹത്തിന് ഉത്തരവാദിത്തത്തോടെ ആ പദവി നിര്‍വഹിക്കാനാകും. ഇത്രയും രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. പാര്‍ട്ടി വിജയസാധ്യതയുള്ള ഒരാളെ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ആദ്യം വന്ന പേര് റോബിന്റേതായിരുന്നു.

കെപിസിസി നല്‍കിയ നിര്‍ദ്ദേശം എന്തായിരുന്നു?

മോഹന്‍രാജാണ് സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപം വന്നതോടെ ബൂത്തുതല യോഗം വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അത് ഞാന്‍ ചെയ്തു. പഞ്ചായത്തുതല കണ്‍വെന്‍ഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. നേതാക്കള്‍ മണ്ഡലത്തില്‍ വന്നപ്പോള്‍ അവരോടൊപ്പം പോയി പ്രവര്‍ത്തിച്ചു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.

മോഹന്‍ രാജിനെ കുറിച്ച്?

ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ സെക്രട്ടറിയായിരുന്ന ആളാണ് അദ്ദേഹം. പിന്നെ ഡിസിസി സെക്രട്ടറിയായി, പ്രസിഡന്റായി അങ്ങനെ നിരവധി തലങ്ങളില്‍ പ്രവര്‍ത്തിച്ചുവന്ന ആളാണ് അദ്ദേഹം. കെപിസിസി പേര് നിര്‍ദ്ദേശിച്ചപ്പോള്‍ ഞാന്‍ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിച്ചതും അദ്ദേഹമായതിനാലാണ്.


കോന്നിയില്‍ ആദ്യം മത്സരിക്കുമ്പോള്‍ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നോ?

അവിടുത്തെ ജനങ്ങളുടെ ആഗ്രഹം ഞാന്‍ പോകരുതെന്നായിരുന്നു. ഇടതുപക്ഷത്തിന്റെ സ്വന്തം മണ്ഡലമായിരുന്നു കോന്നി. ഞാന്‍ 1996ല്‍ അവിടെ ചെയ്യുമ്പോള്‍ പത്മകുമാറായിരുന്നു എംഎല്‍എ. ആദ്യ തിരഞ്ഞെടുപ്പില്‍ എന്റെ ഭൂരിപക്ഷം 806 വോട്ടായിരുന്നു. പിന്നീടങ്ങോട്ട് ഭൂരിപക്ഷം വര്‍ദ്ധിക്കു. അതിനുള്ള കാരണം എ.കെ. ആന്റണിയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ വന്ന അദ്ദേഹം എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് കാര്യങ്ങളെന്ന്. ആസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിനോട് ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, എല്ലാവരും സഹായിച്ചാല്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും. അതല്ലെങ്കില്‍ ജയിച്ചാലും തോറ്റാലും 1000 വോട്ടിന് താഴെയായിരിക്കുമെന്നും ഞാന്‍ മറുപടി നല്‍കി. ഫലം വന്നപ്പോള്‍ 806 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കിട്ടിയത്.

ആരോടെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ?

എനിക്കെതിരെ ആദ്യ തിരഞ്ഞെടുപ്പില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ആരോടും പറഞ്ഞുനടക്കുന്ന ആളല്ല അടൂര്‍ പ്രകാശ്. ആരെക്കുറിച്ചും പരാതി പറയാനോ, അഭിപ്രായവ്യത്യാസമുണ്ടെന്ന് പറയാനോ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും പരസ്യമായി എന്നെ എതിര്‍ത്തു നില്‍ക്കുന്ന പാര്‍ട്ടിക്കാരുണ്ട്. അവര്‍ എനിക്ക് വോട്ടുപോലും ചെയ്തിട്ടില്ല. ആ ധാരണ വ്യക്തമായി എനിക്കുണ്ട്. അതേക്കുറിച്ചും പരാതി പറയാനില്ല. എന്റെ കഠിനാധ്വാനം ഒന്നുകൊണ്ടു മാത്രമാണ് അഞ്ചാംതവണയും എംഎല്‍എ ആയത്.

അഞ്ചാം തവണ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയാറായിരുന്നോ?

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കരുതെന്നായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടത്. അങ്ങനെ അവിടുത്തെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് അനിശ്ചാവസ്ഥ നിലനിന്നിരുന്നു. അന്നും കോന്നിയിലെ ജനങ്ങള്‍ എന്നോടു പറഞ്ഞത് മത്സരിക്കണമെന്നാണ്. പക്ഷേ പാര്‍ട്ടി തീരുമാനത്തിന് വിപരീതമായി ഒന്നും ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അന്ന് എന്നെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹമായിരുന്നു അന്നത്തെ മുഖ്യമന്ത്രി. ഡല്‍ഹിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ശക്തമായി എനിക്കുവേണ്ടി വാദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാശിയായിരുന്നു കോന്നിയില്‍ എന്നെ മത്സരിപ്പിക്കണമെന്നത്.

കോന്നിയിലെ പരാജയത്തിന് കാരണം?

ഡിസിസി നേതൃത്വത്തിന്റെ മോശപ്പെട്ട പ്രവര്‍ത്തനമാണ് പ്രധാന കാരണം. ഇപ്പോഴത്തെ പ്രസിഡന്റ് വന്നശേഷം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മോശം അഭിപ്രായമാണ്. ഡിസിസി വൈസ് പ്രസിഡന്റായിരുന്ന ആളാണ് ഞാന്‍. കെപിസിസി മെംബറുമായിരുന്നു. പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ ആദ്യ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റുമായിരുന്നു. കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുന്ന സമയം യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അല്ലാതെ നേരിട്ട് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് വലിഞ്ഞുകയറി വന്നയാളല്ല അടൂര്‍ പ്രകാശ്. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും എംഎല്‍എയായി. ഇപ്പോള്‍ എംപിയുമായി. ഞാന്‍ എംഎല്‍എ ആയത് പലര്‍ക്കും അലോസരമുണ്ടാക്കി. അതുകഴിഞ്ഞ് രണ്ടുതവണ മന്ത്രിയായി. അതും ഡിസിസിക്ക് ഇഷ്ടപ്പെട്ടില്ല. 2004ല്‍ ഭക്ഷ്യമന്ത്രിയും 2011ല്‍ ആരോഗ്യമന്ത്രിയും അതുകഴിഞ്ഞ് റവന്യൂ മന്ത്രിയുമായി. എന്നാല്‍ ഡിസിസിക്ക് അതൊന്നും സഹിച്ചില്ല.


ഡിസിസി പ്രസിഡന്റിന്റെ സമീപനം എങ്ങനെയായിയിരുന്നു?

കോന്നിയില്‍ നിന്നും ആറ്റിങ്ങലില്‍ വന്ന് എംപിയായെങ്കിലും അവിടുത്തെ ജനങ്ങളെ ഞാന്‍ മറന്നിട്ടില്ല. ഇപ്പോഴും പല ആവശ്യങ്ങള്‍ക്കും പലരും വിളിക്കാറുണ്ട്. എന്നാലാവുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാറുമുണ്ട്. പക്ഷേ പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് ഞാന്‍ ഇപ്പോഴും ഒരു ശത്രുവാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രതികാര ബുദ്ധിയോടെയാണ് അയാള്‍ പെരുമാറുന്നത്. ബ്രിട്ടീഷുകാരെ നാടുകടത്തിയതല്ലേ, പിന്നെ അവര്‍ക്ക് വീണ്ടും എന്താ ഇവിടെ കാര്യമെന്നാണ് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അതായത് കോന്നിയില്‍ നിന്നും ഞാന്‍ ആറ്റിങ്ങലെത്തി എംപിയായി. പിന്നെ അയാളെ എന്തിനാണ് ഇവിടുത്തെ കാര്യങ്ങള്‍ക്ക് ക്ഷണിക്കുന്നതെന്നാണ് ആ ചോദ്യത്തിന്റെ പൊരുള്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പമാണ് എന്നെ ഉപമിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് ഇങ്ങനെ ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എന്റെപക്കലുണ്ട്. അത് പാര്‍ട്ടി നേതൃത്വത്തിന് നല്‍കും. ഉപതിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ ചോദിച്ചത്രേ അടൂര്‍ പ്രകാശിനെ വിളിക്കേണ്ടെയെന്ന്. അവന്‍ ആറ്റിങ്ങലില്‍ എംപിയല്ല. അയാള്‍ അവിടെ മാത്രം നോക്കി ജീവിച്ചാല്‍ മതിയെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.


ഡിസിസി പ്രസിഡന്റിന് അടൂരിനോട് ഇത്ര അതൃപ്തി തോന്നാന്‍ കാരണം?

അവരുടെ മനസില്‍ എന്താണെന്ന് എനിക്കറിയില്ല. എംഎല്‍എയും മന്ത്രിയും എംപിയും ആയത് അവര്‍ക്ക് സഹിച്ചിട്ടുണ്ടാകില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരാകാം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഞാന്‍ കരുതുന്നു. അല്ലാതെ അവരുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. പലപ്പോഴും എന്നെ ദ്രോഹിച്ചിട്ടേയുള്ളു. ആദ്യ തിരഞ്ഞെടുപ്പുമുതല്‍. ഒരു ഘട്ടത്തിലും സഹായിച്ചിട്ടില്ല. ആരോടും പരാതിയും പറഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പു ദിവസം ഡല്‍ഹി യാത്ര എന്തിനായിരുന്നു?

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഡിസിസി നേതൃത്വമാണ്. എന്നാല്‍ ഞാന്‍ എല്ലാ ദിവസവും മണ്ഡലത്തില്‍ സജീവമായിരുന്നു. ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ കലാശക്കൊട്ട് നടന്ന ദിവസം വൈകിട്ട് ആറുമണിവരെ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി മോഹന്‍രാജ് എന്നെ വന്നുകണ്ട ശേഷമാണ് കലാശക്കൊട്ട് നടന്നിടത്തേക്ക് പോയത്. അപ്പോഴും അയാളോട് ഞാന്‍ പറഞ്ഞിരുന്നു, അവിടേക്ക് വരുന്നില്ലെന്ന്. ഞാന്‍ ഒരു കലാശക്കൊട്ടിനും പങ്കെടുക്കാത്ത ആളാണ്. എന്നോടൊപ്പം അന്ന് ജോസഫ്.എം. പുതുശ്ശേരിയുമുണ്ടായിരുന്നു. നല്ല മഴയുമുണ്ടായിരുന്നു. എന്നിട്ടും എനിക്കെതിരെ കള്ളപ്രചാരണം നടത്തി. ആദ്യം പറഞ്ഞത് വോട്ടിടാതെ മുങ്ങിയെന്നാണ്. എന്നാല്‍ എനിക്ക് വോട്ടവകാശമുള്ളത് അടൂരാണ്. പിന്നെങ്ങനെ കോന്നിയില്‍ വോട്ട് ചെയ്യും. പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണ് ഈ ആരോപണങ്ങളെല്ലാം പറഞ്ഞുണ്ടാക്കിയത്.

ഒരു പ്രവര്‍ത്തനത്തിനും അടൂര്‍ പങ്കെടുത്തതായി ആരും പറഞ്ഞില്ലല്ലോ?

എന്നെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഡിസിസി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്താക്കുറിപ്പ് നല്‍കുമായിരുന്നു. അതിന്റെ ചുമതല ആര്‍എസ്പിയുടെ അഖിലേന്ത്യാ സെക്രട്ടറിയെന്നു പറഞ്ഞുനടന്നിരുന്ന സലിം.പി. ചാക്കോയ്ക്കായിരുന്നു. ഡിസിസി പ്രസിഡന്റ് പറയുന്നതിനപ്പുറം ഒരു കാര്യവും അയാള്‍ ചെയ്യില്ല. എല്ലാ ദിവസവും നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വാര്‍ത്തയുണ്ടാക്കി മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്നും എന്റെ പേര് ഉണ്ടായിരുന്നില്ല. പിറ്റേന്ന് വാര്‍ത്ത കണ്ടിട്ട് പലരും എന്നെ വിളിച്ചു ചോദിക്കാറുണ്ടായിരുന്നു, എന്താ മണ്ഡലത്തില്‍ പ്രവര്‍ത്തനത്തിനൊന്നും പോയില്ലേ എന്ന്. അപ്പോഴാണ് ഞാനറിയുന്നത് വാര്‍ത്തകളിലും ഞാന്‍ പുറത്താണെന്ന്. ആര്‍എസ്പി നേതാവെന്നു പറഞ്ഞുനടന്നിരുന്ന സലിം.പി. ചാക്കോ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആളെന്നാണ് പറയുന്നത്.


കെപിസിസി പ്രസിഡന്റിന്റെ നിലപാട് എന്തായിരുന്നു?

അദ്ദേഹം എന്നെ പിന്തുണച്ചിട്ടേയുള്ളു. മോഹന്‍രാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പോകാന്‍ കാരണം അദ്ദേഹത്തിന് ചിലയാളുകളുടെ സമ്മര്‍ദ്ദമുണ്ടായതിനാലാണ്. അതിന് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. രമേശ് ചെന്നിത്തലയെ സംബന്ധിച്ചും ഇതേ അവസ്ഥയായിരുന്നു. ഒഴിവാക്കാനാകാത്തവരുടെ സമ്മര്‍ദ്ദം കാരണം മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

മണ്ഡലത്തില്‍ കാല് വാരിയെന്ന ആരോപണമുണ്ടല്ലോ?

അതൊക്കെ ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്മയുടെ പ്രശ്‌നമാണ്. അദ്ദേഹത്തിന് ഒരു ഡ്രൈവറുണ്ട്. അയാളെ കൊണ്ട് ഫെയ്‌സ്ബുക്കില്‍ ആവശ്യമില്ലാത്ത പോസ്റ്റുകളൊക്കെ ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടു. മറുപടി കൊടുക്കാത്തത് എന്റെ അന്തസിന് യോജിച്ചതല്ല എന്നു മനസിലാക്കിയാണ്. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെട്ടിവച്ച കാശ് പോലും കിട്ടാത്ത ആളാണ് ഡിസിസി പ്രസിഡന്റ്. അയാളോടൊപ്പം കൂട്ടുനിന്ന് ചിലര്‍ എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.