Wednesday 18 July 2018

നാല്‍പ്പതാം വാര്‍ഷികത്തില്‍ നാല്‍പ്പത് പുതുമുഖങ്ങളുമായ് ബാലചന്ദ്ര മേനോന്‍

By Kavitha J.31 Dec, 1969

imran-azhar

കുടുംബചിത്രങ്ങളിലൂടെ മലയാളിമനസ്സുകീഴടക്കിയ കേരളത്തിന്റെ സ്വകാര്യ അഭിമാനം ബാലചന്ദ്ര മേനോൻ തന്റെ പുതിയ ചിത്രവുമായി എത്തുന്നു. അദ്ദേഹത്തിന്റെ കുടുംബ ചിത്രങ്ങൾ എല്ലാം തന്നെ നെഞ്ചോടടക്കിയ മലയാളികൾക്ക് മുന്നിൽ വ്യത്യസ്തമായൊരു പ്രമേയം അവതരിപ്പിക്കുകയാണ് തന്റെ 'എന്നാലും ശരത്ത്' എന്ന പുതിയ ചിത്രത്തിലൂടെ. കുടുംബ ബന്ധങ്ങളുടെ തീവ്രത ചിത്രക്കൂട്ടുകളിൽ ഒപ്പിയെടുത്തു കാണികൾക്കു മുന്നിൽ ആവിഷ്കരിച്ച ബാലചന്ദ്ര മേനോൻ ഇത്തവണ ഒരു 'കട്ട സസ്പെൻസ് ത്രില്ലറുമായാണ്' എത്തിയിരിക്കുന്നത്. കലാലയ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ചിത്രം. 'എന്നാലും ശരത്തിന്റെ' വിശേഷങ്ങൾ കൗമുദിപ്ലസുമായി പങ്കു വെയ്ക്കുകയാണ് ബാലചന്ദ്ര മേനോൻ.

 



എന്നാലും ശരത്തിനെ കുറിച്ചുള്ള വിശേഷങ്ങൾ



കുടുംബ ചിത്രങ്ങളുമായാണ് ഞാൻ സാധാരണ എത്താറുള്ളത്, കുടുംബ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലാണ് എന്റെ പ്രേക്ഷകർ എന്നെ അംഗീകരിച്ചിരിക്കുന്നതും ഇഷ്ടപ്പെട്ടിരിക്കുന്നതും. അതിൽ എനിക്ക് അഭിമാനമുണ്ട്. എന്നാൽ ഇത്തവണ തീയേറ്ററുകളിൽ മാറുന്ന പ്രവണതകൾ മനസ്സിലാക്കിക്കൊണ്ട് വ്യത്യസ്‌തമായ പ്രമേയമാണ് ഇത്തവണ ഞാൻ അവതരിപ്പിക്കുന്നത്. 'എന്നാലും ശരത്ത്' എന്ന എന്റെ പുതിയ ചിത്രം കലാലയ ജീവിതം ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ്.

 



മറ്റു ക്യാമ്പസ് ചിത്രങ്ങളിൽ നിന്ന് എന്നാലും ശരത്തിനെ വ്യത്യസ്താമാക്കുന്നത്



ഈ ചിത്രം എനിക്ക് പിന്നാലെയുള്ള പുതു തലമുറയ്ക്ക് വേണ്ടിയാണു ഞാൻ അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു കോളേജിന്റെ ക്യാമ്പസ് പശ്ചാത്തലമാക്കിക്കൊണ്ടുള്ള ഒരു പ്രമേയമാണ് ഇതിൽ അവതരിപ്പിക്കുന്നത്. ക്യാമ്പസ് ചിത്രം എന്നത് കൊണ്ട് കുറച്ച് അടി, കുറച്ചു പാട്ടു, കുറച്ചു എലക്ഷൻ എന്നതല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ചു ഒരു സാമൂഹിക പ്രശ്നമാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്.

 



ചിത്രത്തിന്റെ പ്രമേയം



കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഈ കഥ. അങ്ങനെ വരുമ്പോൾ ഇതൊരു ത്രില്ലറാണ്. ഒരു ക്രൈം ത്രില്ലറിന്റെ സ്വഭാവമാണ് ഈ ചിത്രത്തിനുള്ളത്. അന്വേഷണാത്മക ചിത്രമാണിത്. ഇതിനു മുൻപ് മലയാളത്തിൽ ഇത്തരത്തിൽ ഇറങ്ങിയിട്ടുള്ള ഒരു ചിത്രം കെ . ജോർജിന്റെ യവനിക എന്ന ചിത്രമാണ്. എന്നാൽ സാധാരണ ചിത്രങ്ങൾ പോലെ ഒരു സി.ഐ.ഡി വന്നു അദ്ദേഹത്തിന്റെ ഹീറോയിസം കാണിച്ച കുറ്റം തെളിയിക്കുന്ന പ്രമേയമല്ല ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ആശ്രയിച്ചു ഒരു ദാരുണമായ, ദുരന്തമായ മരണത്തെ അന്വേഷിച്ചു കണ്ടു പിടിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

 



ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ സാന്നിധ്യം പ്രതീക്ഷിക്കാമോ



എന്റെ നാൽപ്പതാം വർഷമാണ് സിനിമയിൽ, ഈ നാൽപ്പതാം വർഷത്തിലെ ചിത്രം നാൽപ്പതു പുതുമുഖങ്ങളെ അവതരിപ്പിക്കും.

 



ചിത്രത്തിലെ അഭിനേതാക്കൾ



എന്നാലും ശരത്ത്, ശരത്ത് എന്ന കഥാപാത്രം അവതരിപ്പിനിക്കുന്നത് ചാര്ലിയെ എന്ന പുതുമുഖ നടനാണ്. ചാർളിക്ക് രണ്ടു രണ്ടു നായികമാർ ഈ ചിത്രത്തിലുണ്ട്. നിത്യയും നിധിയും, ഈ പുതുമുഖങ്ങൾ കൂടാതെ നാൽപ്പതു പുതുമുഖങ്ങൾ വേറെ ഉണ്ട്. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ് ഞാനുൾപ്പെടെ പത്ത് സംവിധായകർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശശിപ്പാട്ടിൽ റിമി ടോമിയും അജു വര്ഗീസും അഭിനയിക്കുന്നുണ്ടെങ്കിലും ചിത്രത്തിലെ മുഴുനീള കഥാപാത്രങ്ങൾ ചാര്‍ലിയും നിത്യയും നിധിയുമാണ്. നിധി മുൻപൊരു ചിത്രം ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലൂടെ പുതുമുഖ നായികയായി തന്നെയാണ് അവരെ അവതരിപ്പിക്കുന്നത്.

 



ചിത്രത്തിൽ താങ്കളുടെ റോൾ



ഞാനിതു വരെ ചെയ്തതിൽ വെച്ച് വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 



ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ



കൃഷ്ണകലാ ക്രീയേഷൻസിന്റെ ബാനറിൽ ആർ.ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾ രചിച്ചിരിക്കുന്നത് ഹരിനാരായണനും റഫീഖ് അഹമ്മദും ചേർന്നാണ്. സംഗീത സംവിധാനം ഔസേപ്പച്ചനാണ് നിർവ്വഹിച്ചിരിക്കുന്നത്. കാമറ അനീഷ് ലാലും എഡിറ്റിംഗ് രതീഷ് രാജുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

 



ചിത്രത്തിന്റെ റിലീസ്



ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.