By aswany.11 Feb, 2021
തിരുവനന്തപുരം: നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇത്തവണ മേളയിലേയ്ക്ക് മികച്ച സിനിമകള്‍ കണ്ടെത്തിയതെന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സനുമായ ബീനാപോള്‍. കോവിഡ് കാലത്ത് സിനിമകള്‍ ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മികച്ച സിനിമകള്‍ തന്നെ ലഭ്യമായി. കഠിനമായ പരിശ്രമം തന്നെ ഇതിനായി വേണ്ടി വന്നുവെന്ന് ബീനാപോള്‍ കലാകൗമുദിയോട് പറഞ്ഞു.
കോവിഡ് പ്രതിസന്ധി മേളയെ ബാധിച്ചിട്ടുണ്ടോ?
ബീനാപോള്‍ - കടുത്ത പ്രതിസന്ധി തന്നെയായിരുന്നു. എന്നാല്‍ നിരവധി ചിത്രങ്ങള്‍ ലഭിച്ചു. അതുകൊണ്ടു തന്നെ മികച്ചത് തിരഞ്ഞെടുക്കാന്‍ കഴിയുകയും ചെയ്തു. ഓസ്കാര്‍ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇവിടെ കാണിക്കുന്ന ചിത്രങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതായി കണ്ടു. അത് തിരഞ്ഞെടുപ്പിന്റെ മികവിനെ കാണിക്കുന്നതാണ്. സിനിമകളുടെ എണ്ണം കുറയ്ക്കേണ്ടതായും വന്നു.
ഇന്ത്യന്‍ സിനിമകളുടെ ലഭ്യതയിലും പ്രതിസന്ധിയുണ്ടായോ?
മുന്‍ കാലങ്ങളിലേത് പോലെ വ്യാപകമായ തിരഞ്ഞെടുപ്പിനുള്ള ചോയ്സ് ഇല്ലായിരുന്നു. എന്നാല്‍ പുതിയ സംവിധായകര്‍, യുവ ചലച്ചിത്രകാര•ാര്‍, പുതിയ സംസ്ഥാനങ്ങള്‍, എന്നിവിടങ്ങളില്‍ നിന്നും വളരെ മികച്ച സിനിമകള്‍ ലഭിച്ചു. അറിയപ്പെടാത്ത സിനിമാ പ്രവര്‍ത്തകരുടെ സിനിമകള്‍ക്കും ഇത്തവണ അവസരം ലഭിച്ചിട്ടുണ്ട്. വരുംകാലങ്ങളില്‍ മികച്ച സിനിമാ പ്രവര്ത്തകരാകുമെന്ന് ഉറപ്പുള്ളവരാണ് അവര്‍. മാറുന്ന ഇന്ത്യന്‍ സിനിമയുടെ പരിച്ഛേദം മേളയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് മികച്ചത്. തിരഞ്ഞെടുക്കാനും അവസരമുണ്ട്.
പുരസ്കാര നിര്‍ണയം എങ്ങനെയായിരിക്കും?
വിവിധ പുരസ്കാരങ്ങള്‍ക്കായി പ്രത്യേക ജൂറികളുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിസ ലഭിക്കാനുള്ള തടസം ഇവിടെ എത്താന്‍ കഴിയാത്തതിന് കാരണമായി. അവര്‍ ഓണ്‍ലൈനായി സിനിമകള്‍ കാണുകയും ഓണ്‍ലൈനില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. സാങ്കേതിക വിദ്യ വിപുലമായ സാഹചര്യത്തില്‍ ഇപ്പോള്‍ ഇതിനു തടസമുണ്ടാകില്ല. മികച്ച രീതിയില്‍ അവാര്‍ഡ് നിര്‍ണയം നടത്താന്‍ കഴിയും. എല്ലാ ജൂറി അംഗങ്ങളും മേളയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍ വേദികളുണ്ടാകുന്നത് എങ്ങനെ ബാധിക്കും?
നടത്തിപ്പിന് ഏറെ ബുദ്ധിമുട്ടാണ്. ഒരേ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്ലാ വേദിയിലും നടത്തേണ്ടത്. കേന്ദ്രീകൃത വേദിയാകുമ്പോഴുള്ളതിനേക്കാള് കൂടുതല്‍ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരും. എന്നാല്‍ പ്രതിസന്ധിക്കാലത്ത് ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല. തലസ്ഥാനത്ത് നിന്നും സ്ഥിരം വേദി മാറ്റുകയില്ല. അങ്ങനെ മാറ്റാന്‍ കഴിയില്ല. അത് മേളയെ പ്രതികൂലമായി ബാധിക്കും. ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു വിട്ടുവീഴ്ച ചെയ്യുകയാണ്. തിരുവനന്തപുരം തന്നെയായിരിക്കും സ്ഥിരം വേദി. ആസ്വാദകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും അതായിരിക്കും സൗകര്യം.
പ്രതിനിധികള്‍ക്കായി മികച്ച സിനിമകള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ഏത് തിരഞ്ഞെടുക്കും?
എല്ലാ സിനിമകളും മികച്ചതാണ്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകള്‍ പലതുണ്ട്. എങ്കിലും കണ്ടതില്‍ മികച്ചത് നൈറ്റ് ഓഫ് ദി കിങ്സ്, വൈഫ് ഓഫ് സ്പൈ എന്നിവയാണ്.