By സൂരജ് സുരേന്ദ്രന്.16 Mar, 2021
Photo: Ashik S R
സൂരജ് സുരേന്ദ്രന്
25 വയസില്‍ എംഎല്‍എ ആയി. പിന്നീട് മന്ത്രിയും. അന്നും ഇന്നും അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്ത്തകന്. വ്യക്തമായ നിലപാടുകള്‍. സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങളിലൊന്നും കാണാനേ കഴിയില്ല. പന്തളം സുധാകരനെ കുറിച്ചാണ് പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് പന്തളം സുധാകരന്.
മത്സരിക്കേണ്ടെന്ന് സ്വയം തീരുമാനിച്ചതാണോ?
തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് സീറ്റ് നല്‍കുന്നതും നല്‍കാത്തതും പാര്‍ട്ടിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളാണ്. പാര്‍ട്ടി എന്നെ ഒരുപാട് പരിഗണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വളരെ ചെറുപ്പത്തില്‍, 25 വയസില്‍ എംഎല്‍എയായി. പിന്നീട് മന്ത്രിയായുമായി. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മാനസികമായി ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അതേസമയം പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് എന്റെ ഉത്തരവാദിത്വമാണ്.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി
യുവാക്കളാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ശക്തി. യുവാക്കള്‍ക്ക് അര്‍ഹമായ, അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നല്കുന്നതില് തകരാറില്ല എന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം ജനങ്ങളെ പിണറായി സര്‍ക്കാരിന്റെ കിരാത കരങ്ങളില്‍ നിന്നും മോചിപ്പിക്കുകയാണ്.
കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 'ഡു ഓര് ഡൈ' അവസ്ഥയിലായിരുന്നു. പിണറായി സര്‍ക്കാരിനെ അധോലോക സര്‍ക്കാര്‍ എന്നു വിശേഷിപ്പിക്കാം. ഇതിനെതിരെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് യുഡിഎഫിനെയാണ്. യുഡിഎഫ് അധികാരത്തില്‍ വരേണ്ടത് ജനങ്ങളുടെയും ആഗ്രഹമായതുകൊണ്ട് അത്തരത്തില്‍ ചിന്തിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്.
തിരഞ്ഞെടുപ്പില്‍ കഴിയുന്നത്ര പുതുമുഖങ്ങള്‍ വേണമെന്നാണ് അഭിപ്രായം. അതില്‍ യുവാക്കളും വനിതകളും വരും. ഓരോ നിയോജകമണ്ഡലത്തിന്റെയും ഘടനയും പൊതുവികാരവും അനുസരിച്ച് പ്രവര്‍ത്തിക്കാനും മണ്ഡലത്തില്‍ ജയിക്കാനും കഴിയുന്നവരെയാണ് സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുന്നത്. എല്ലാ ഘടകങ്ങളും നൂറു ശതമാനം ശരിയായി വരണമെന്നുമില്ല.
ഞങ്ങള്‍ കെഎസ്യുവിലൂടെ കടന്നുവന്നവരാണ്. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പല ഘട്ടങ്ങളിലും കെഎസ്യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും എത്തിയവരാണ്. 1982 കാലഘട്ടങ്ങളില്‍ രമേശ് ചെന്നിത്തലയും കാര്‍ത്തികേയനും ഞാനുമൊക്കെ കടന്നുവന്നപ്പോള്‍ 'നിയമസഭയിലെ ബേബി'കളായിരുന്നു. അതുപോലെ തന്നെ, ഒരു അത്ഭുതമായിരുന്നു എ.കെ ആന്റണി. മുപ്പത്തിയൊന്നാം വയസില്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. അതേ പ്രായത്തില്‍ തന്നെ കെപിസിസി അധ്യക്ഷനുമായി. ഇപ്പോഴും യുവാക്കളെ കഴിയുന്നത്ര പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
കരുത്തുറ്റ യുവനിരയുടെ അഭാവം പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയമല്ലേ?
കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് പൂര്‍ണമായും പറയാനാകില്ല. കേരളത്തില്‍ അറുപതുകളില്‍ കോണ്‍ഗ്രസിന് ഊര്‍ജം പകര്‍ന്ന പ്രസ്ഥാനമാണ് കെഎസ്യു. വയലാര്‍ രവി, എ.കെ. ആന്റണി തുടങ്ങിയവര്‍, പിന്നീട് വി എം സുധീരന് ഉള്‍പ്പെടെയുള്ളവരുടെ കടന്നുവരവ് വലിയൊരുമാറ്റം യുവാക്കളിലുണ്ടാക്കി. ആ മാറ്റത്തിന്റെ ഗുണഭോക്താവ് പാര്‍ട്ടി തന്നെയാണ്. പിന്നീട് ഓരോ കാലഘട്ടം പിന്നിടുമ്പോള്‍ ചെറിയൊരു അപചയം സംഭവിച്ചു. അത് എല്ലാ പ്രസ്ഥാനത്തിലും ഉണ്ടാകും. ആദ്യകാലങ്ങളില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പോലുള്ള പ്രസ്ഥാനങ്ങളെ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ലായിരുന്നു. അന്നൊക്കെ കാമ്പസുകള്‍ അടക്കിവാണിരുന്നത് കെഎസ്യു ആയിരുന്നു. അടുത്തകാലത്ത് കെ എസ് യുവിനും യൂത്ത് കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ അല്പം മങ്ങല്‍ വന്നിട്ടുണ്ട്. അതിനൊരു മാറ്റം വരുത്താനുള്ള ശ്രമമാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മറ്റാര്‍ക്കും അവസരം നല്‍കാതെ മണ്ഡലത്തെ ഒരാള്‍ കുത്തകയാക്കുന്നത് ശരിയാണോ?
കുത്തക മണ്ഡലങ്ങള്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. ചില പാര്‍ട്ടികളില്‍, പ്രത്യേകിച്ച് ഐക്യജനാധിപത്യ മുന്നണിയില്‍, ഒരു പ്രത്യേക മണ്ഡലം കുടുംബസ്വത്ത് പോലെ കൊണ്ട് നടക്കുന്ന പ്രവണതയുണ്ട്. ഒരു നേതാവ് ആ മണ്ഡലത്തില്‍ നിന്ന് ജയിച്ചാല്‍ ആ മണ്ഡലം വേലികെട്ടി അടച്ച് അവിടെ വേറെ ആര്‍ക്കും പ്രവേശനമില്ല എന്ന അവസ്ഥയിലേക്ക് മാറ്റുന്നുണ്ട്.
അതേസമയം പാര്‍ട്ടിയെ, മുന്നണിയെ നയിക്കുന്ന ചില നേതാക്കളുണ്ട്. നേരത്തെ കെ കരുണാകരന്, ഇപ്പോള്‍ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍. ഇവര്‍ പാര്‍ട്ടിയെ നയിക്കുന്ന ക്യാപ്റ്റന്മാരാണ്. അവര്‍ക്കൊഴികെ മറ്റാര്‍ക്കും കുത്തക മണ്ഡലം കൊടുക്കാന്‍ പാടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒന്നോ രണ്ടോ മൂന്നോ തവണ മത്സരിച്ചവര്‍ മാറി നിന്നെങ്കിലല്ലേ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയുള്ളു! ഇതിങ്ങനെ തുടരുന്നത് വോട്ടര്‍മാരിലും മോശമായ അവസ്ഥയുണ്ടാക്കും.
അക്കാര്യത്തില്‍ സിപിഎമ്മിനെ ഞാന്‍ അഭിനന്ദിക്കുന്നു. രണ്ടോ മൂന്നോ ടേം മാത്രം എന്ന നിബന്ധന കൊണ്ടുവന്നാല്‍ അതു നടപ്പാക്കാന്‍ അവര്‍ക്കു സാധിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതൊരു ജലരേഖ പോലെയാണ്.
അതേസമയം രണ്ടോ മൂന്നോ ടേം കഴിഞ്ഞവര്‍ മത്സരരംഗത്ത് നിന്നു മാറിനില്‍ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രം പുതു തലമുറയെ ആകര്ഷിക്കാനല്ല. ഇപ്പോള്‍ പൊളിറ്റ് ബ്യൂറോ അടക്കം, സിപിഎം മുഴുവന്‍ പിണറായി വിജയന്റെ നിയന്ത്രണത്തിലാണ്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത തോമസ് ഐസക്കിനെ, ജി സുധാകരനെ, എ.കെ ബാലനെ ഒഴിവാക്കണം. അതിന് കണ്ടെത്തിയ കുറുക്കുവഴിയാണ് ഒന്നോ രണ്ടോ മൂന്നോ തവണ മത്സരിച്ചവര്‍ മാറി നില്ക്കട്ടെ എന്ന തന്ത്രം. അതിന് ആദര്‍ശത്തിന്റെ പരിവേഷമൊന്നുമല്ല. ഏറ്റവും കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ക്കു വിധേയനായ കെ.ടി ജലീലിനെ എന്തുകൊണ്ട് ഒഴിവാക്കിയില്ല. തുടര്‍ഭരണം ഉണ്ടായാല്‍ എല്ലാം കൈപ്പിടിയിലൊതുക്കണമെന്ന സ്വേച്ഛാധിപതിയുടെ ഭാവമാണ് മുഖ്യമന്ത്രിക്ക്. ഇടതുപക്ഷ ബുദ്ധിജീവികള്‍ പോലും അടിമകളെ പോലെ അതിനെ പിന്തുണയ്ക്കുന്നത് വലിയ ആപത്ത് വിളിച്ചുവരുത്തും.
ബിജെപി ബാന്ധവം ഇരു പാര്‍ട്ടികളും പരസ്പരം ആരോപിക്കുന്നു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?
ഇതു വെറും ആരോപണത്തിനപ്പുറം കഴമ്പുള്ളതാണ്. അമിത് ഷാ ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയമാണ്. ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉയര്‍ത്താന്‍ പാടില്ലാത്ത മുദ്രാവാക്യമാണിത്. രാജ്യത്ത് നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു പോലെ നിലനില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ സിപിഎം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത കേരളമാണ്. കോണ്‍ഗ്രസ് എന്ന ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുകയാണ് രണ്ടു പേരുടെയും ഉദ്ദേശം. അതിന് കേരളം വളക്കൂറുള്ള മണ്ണാകണമെങ്കില് സിപിഎമ്മും ബിജെപിയും യോജിച്ചല്ലേ പറ്റൂ.
സഹോദരന് ബിജെപിയില്‍ ചേര്‍ന്നതിനെപ്പറ്റി?
ഓര്‍മ്മ വച്ച കാലം മുതല്‍ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍, കോണ്‍ഗ്രസിന്റെ കൊടി കണ്ടുവളര്‍ന്ന വ്യക്തി എന്ന നിലയില്‍ സഹോദരന് പ്രതാപന്റെ കൂറുമാറ്റം ആശങ്കയുണ്ടാക്കി. ബിജെപി ഉയര്‍ത്തുന്ന സ്വേച്ഛാധിപത്യ രീതി ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഒരാള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും പ്രവര്‍ത്തിക്കാം. അത് വ്യക്തി സ്വാതന്ത്ര്യമാണ്. കക്ഷി രാഷ്ട്രീയത്തില്‍, സഹോദര ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല. രാഷ്ട്രീയപരമായ തീരുമാനമെടുക്കാന്‍ ഓരോരുത്തര്‍ക്കും അവരുടേതായ അവകാശമുണ്ട്.