Wednesday 07 December 2022
സര്‍ക്കാരിനെതിരെയുള്ള നുണക്കഥകള്‍ ജനം തള്ളി; എണ്ണവില, ആഴക്കടല്‍ മത്സ്യബന്ധനം യാഥാര്‍ഥ്യം എന്ത്?

By അനില്‍ പയ്യമ്പള്ളി.12 Mar, 2021

imran-azhar

 


അനില്‍ പയ്യമ്പള്ളി

 

സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കാനിരിക്കെ, മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ കലാകൗമുദിക്കനുദിച്ച അഭിമുഖത്തില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്നു.

 

സഖാവ് ആനത്തലവട്ടം ആനന്ദന്‍ എന്ന കമ്മ്യൂണിസറ്റ് നേതാവ് ഒരു വ്യാഴവട്ടക്കാലത്തിലേറെ തിരഞ്ഞെടുപ്പ് അനുഭവങ്ങളുള്ള ആളാണ്. ഈ നിയമസഭാ തിരഞ്ഞെടുപ്പും മുമ്പ് നടന്ന മറ്റു തിരഞ്ഞെടുപ്പുകളും തമ്മില്‍ വേറിട്ടതാക്കുന്ന എന്തെങ്കിലും ഘടകമുണ്ടെന്ന് തോന്നുന്നുണ്ടോ?

 

ഒരു വ്യാഴവട്ടക്കാലത്തിലേറെയെന്ന് പറയുന്നത് ശരിയല്ല. 1957 മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. 1957 ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 64 വര്‍ഷമായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പഴയകാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംസാരിക്കുന്ന സാഹചര്യത്തില്‍, അക്കാലത്തേതില്‍ നിന്നു വ്യത്യസ്തമായി പ്രചാരണരംഗത്ത് ഒരു പാടു മാറ്റങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. കുമ്മായം ഉപയോഗിച്ചുള്ള ചുമരെഴുത്തില്‍ തുടങ്ങിയായിരുന്നു പ്രചാരണം. ഫ്ളക്സ് ബോര്‍ഡുകളില്ല. പോസ്റ്ററുകളില്‍ സാധാരണ പേരല്ലാതെ പടം അടിക്കുക പോലുമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ചിഹ്നം മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് പ്രചാരണരംഗം ഡിജിറ്റല്‍ സംവിധാനങ്ങള്‍ കീഴടക്കിയിരിക്കുന്നു.

 

പ്രചാരണത്തിന് പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് വേണ്ടത്. ഏറ്റവും നല്ല മാതൃകയായിരുന്നു അത്. വോട്ടര്‍മാരെ വീട്ടില്‍ പോയി കണ്ട്, കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, മുന്നണികളുടെ നേട്ടകോട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്തി വോട്ടുചെയ്യിക്കുന്ന ശൈലിയാണത്. വോട്ടര്‍മാര്‍ ഇന്ന് കുറെക്കൂടി പ്രബുദ്ധരായിട്ടുണ്ട്. അന്ന് അത്ര പ്രബുദ്ധരായിരുന്നില്ല, വോട്ടര്‍മാര്‍. അവരെ ഓരോ മുന്നണിയുടേയും നയമെന്താണെന്നും നേട്ടങ്ങളെന്താണെന്നും ബോധ്യപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്തകളില്‍ തന്നെ വോട്ടര്‍മാര്‍ മുന്നണികളെ വിലയിരുത്തുന്നുണ്ട്. ആ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മഹാഭൂരിപക്ഷം വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കാലത്ത് ഓരോ പാര്‍ട്ടിയും മുന്നണിയും പുറത്തിറക്കുന്ന ഓരോ മാനിഫെസ്റ്റോയും വായിച്ചും പ്രചാരണങ്ങളിലുടെ കാര്യങ്ങള്‍ കേട്ടും അവലോകനം ചെയ്താണ് വോട്ടര്‍മാര്‍ വോട്ടുരേഖപ്പെടുത്തുന്നത്.

 

തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പിനെ മറ്റുള്ളവയില്‍ നിന്നും ഭിന്നമാക്കുന്ന ഘടകമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമായി നടന്ന ഒട്ടനവധി സംഭവങ്ങളുണ്ട്. ജനങ്ങള്‍ക്കൊപ്പം നിന്ന, ജനങ്ങളെ സഹായിച്ച ഗവണ്‍മെന്റ് ഒരുവശത്തും അതെല്ലാം തട്ടിപ്പാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രതിപക്ഷം മറുവശത്തുമുണ്ട്. മൂന്നാമതൊരു കക്ഷി കൂടി പ്രചാരണവുമായി രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷി. അവരുടെ പ്രചാരണം ഈ രണ്ടുമുന്നണികളും മോശമാണ്, തങ്ങളാണ് ശ്രേഷ്ഠന്മാര്‍, തങ്ങളുടെ കേന്ദ്രഗവണ്‍മെന്റാണ് എല്ലാകാര്യത്തിലും എല്ലാവരേയും സഹായിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഭരണമാണ് ഏറ്റവും നല്ലതെന്നൊക്കെ പറഞ്ഞ് അവരും രംഗത്തുവന്നു. അവര്‍ ഒരു മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരാണ്.മൂന്നാമത്തെ കക്ഷി പ്രചാരണത്തില്‍, ആദ്യം പറഞ്ഞ രണ്ടു കക്ഷികളേക്കാളും മുന്‍പന്തിയില്‍ വന്നുവെന്ന് വരാം. അതിനുള്ള കഴിവും സ്വാധീനവും സാമ്പത്തികശേഷിയും പ്രചാരണസാമഗ്രികളൊക്കെ കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് അവര്‍ക്കുണ്ട്.

 

തങ്ങളുടെ ജീവിതാനുഭവത്തിലുള്ള വിധിയെഴുത്തിനും ജനങ്ങള്‍ തയ്യാറാകേണ്ടിവരും. കുപ്രചാരണങ്ങള്‍ക്ക് വശംവദരായി ജീവിതാനുഭവങ്ങള്‍ മറക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍, പ്രതിപക്ഷത്തിനവര്‍ വോട്ടുചെയ്യും. ഇതു രണ്ടുമല്ല, മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കുന്നവരിലാണ് തങ്ങള്‍ക്ക് താല്പര്യമെന്നു ജനം കരുതിയാല്‍, അവര്‍ക്ക് കൂടുതല്‍ വോട്ടുകിട്ടിയെന്നുവരാം.എന്തായാലും അവര്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ല. ഭൂരിപക്ഷം കിട്ടാനും പോകുന്നില്ല. അതൊന്നും കേരളം പോലുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തന സംഭാവനയുള്ള നാട്ടില്‍, ഞാന്‍ ഈ പറഞ്ഞ മൂന്നാം കക്ഷിക്ക് വളക്കൂറുള്ള മണ്ണല്ല.

 

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് നിലവിലുള്ള സീറ്റുപോലും നിലനിര്‍ത്താനാവില്ലെന്നാണോ?

 

അതെ. അവവരുടെ കഴിഞ്ഞ 2016 മുതലുള്ള വളര്‍ച്ച പരിശോധിച്ചാല്‍, അവര്‍ ചില കേന്ദ്രങ്ങളില്‍ മാത്രമെ വളര്‍ന്നിട്ടുള്ളു. ചില സമുദായങ്ങളുടെ സഹകരണത്തോടെ, അവരുടെ വോട്ടിംഗ് ശതമാനം ചില ശക്തികേന്ദ്രങ്ങളില്‍ കൂടിയിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ മാത്രം. സംസ്ഥാന ശരാശരി നോക്കിയാന്‍ 15.4 ശതമാനം മാത്രമാണ് 2016-ല്‍ അവര്‍ക്ക് കിട്ടിയ വോട്ട്. തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് മൂന്നുമാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഈ 15.5 ശതമാനത്തില്‍ നിന്ന് അരശതമാനം പോലും അവര്‍ക്ക് കൂട്ടാന്‍ സാധിച്ചിട്ടില്ല. 2016ന് ശേഷം 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞു. ഇതൊക്കെ കഴിഞ്ഞതിനു ശേഷവും അവരുടെ വളര്‍ച്ച നേരിയ തോതിലാണ്.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രധാന പദ്ധതികള്‍ എന്തൊക്കെയാണെന്ന് പറയാമോ?

 

എല്ലാമിപ്പോഴെനിക്ക് പറയാന്‍ സാധിക്കില്ല. കേരളം തുടങ്ങിവെച്ചിട്ടുള്ള വികസനങ്ങള്‍ പൂര്‍ത്തീകരിക്കും. പുതിയ കേരളത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. ഉള്ളത് പൂര്‍ത്തീകരിക്കുക. പുതിയത് തുടങ്ങുക എന്നിവയാണ് ഉദ്ദേശിക്കുന്നത്. ലോക രാജ്യങ്ങളുടെ പിന്നിലെത്താതെ കേരളത്തെ വളര്‍ത്തികൊണ്ടുവരിക. അതൊരു പ്രധാന ലക്ഷ്യമാണ്, ഇടത് മുന്നണിക്ക്.

 

വികസനമെന്നത് റോഡും പാലവും പള്ളിക്കൂടവും കമ്പിയും സിമന്റും മാത്രമല്ല. ആ നാട്ടില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തില്‍ വരുന്ന മാറ്റവും വികസനമാണ്. ജനങ്ങള്‍ മുഴുവന്‍ പട്ടിണിയും തൊഴിലില്ലായ്മയും അനുഭവിക്കുന്നു. രോഗികളായി കിടക്കുന്നു. വികസനം മനുഷ്യ നന്മയ്ക്കാവണം. ആ കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനുള്ളത്. ആ നിലക്ക് തൊഴിലവസരങ്ങളുണ്ടാക്കല്‍, വ്യാവസായിക വളര്‍ച്ച, കാര്‍ഷിക പുരോഗതി, വിദ്യാഭ്യാസ ആരോഗ്യരംഗത്തെ പുരോഗതി എന്നിവയൊക്കെയാണ് ലക്ഷ്യം. ഒരാള്‍ പോലും ഭക്ഷണം കിട്ടാതെ, പട്ടിണി കിടന്നു മരിക്കുന്ന സ്ഥിതി കേരളത്തിലുണ്ടാവരുത്.

 

ഇപ്പോള്‍ നമ്മുടെ രാജ്യം ഒരുപാട് വളര്‍ച്ച പ്രാപിച്ചു എന്നൊക്കെ പറഞ്ഞ് ഭരണകര്‍ത്താക്കള്‍ രംഗത്ത് വരികയാണ്. ആഗോള പട്ടിണി സൂചിക പ്രകാരം 140 രാജ്യങ്ങളില്‍, 92 ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. നമ്മളെക്കാള്‍ മുന്നിലാണ് നമ്മുടെ അയല്‍രാജ്യങ്ങളായ കൊച്ചു രാജ്യങ്ങളെല്ലാം. അതേപോലെ തന്നെയാണ്, ഇപ്പോള്‍ ജനിച്ച വീഴുന്ന കുട്ടികളില്‍, 80 ശതമാനവും പോഷകാഹാരക്കുറവുള്ളവും വിളര്‍ച്ച ബാധിച്ചവരുമാണ്. അങ്ങനെയുള്ള കുട്ടികളെക്കൊണ്ട് രാജ്യത്തിനോ സമൂഹത്തിനോ എന്തെങ്കിലും ഗുണമുണ്ടോ?

 

അപ്പോള്‍ കേരളത്തിലുള്ള കുട്ടികള്‍ അത്തരത്തിലുള്ളവരായിക്കൂടാ ആരോഗ്യമുള്ള കുട്ടികളാവണം. ആരോഗ്യമാണ് ധനം. ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിന്റെ സമ്പത്ത്. അവരാണ് ഉത്പാദനപ്രക്രിയയില്‍ പങ്കെടുക്കേണ്ടത്. അവരാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത്. അങ്ങനെയുള്ള ജനതയെ വാര്‍ത്തെടുക്കലാണ് ഒരു ഗവണ്‍മെന്റിന്റെ ലക്ഷ്യം. കേരളത്തിലെ ഇടതുമുന്നണിയുടെ കാഴ്ചപ്പാട് അതാണ്. ജനങ്ങള്‍ പട്ടിണിയിലാവാതിരിക്കാന്‍, അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കാന്‍, അവര്‍ക്ക് ആരോഗ്യ പരിചരണം ലഭിക്കാന്‍, ഇതിനൊക്കെ സര്‍ക്കാര്‍ പണം കണ്ടെത്തും. സമൂഹത്തിന്റെ ക്ഷേമം ഏത് ഗവണ്‍മേന്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതാണ്. അത് ഭരണാധികാരികളുടെ കടമയാണ്. അക്കാര്യത്തില്‍ റെക്കോഡ് പ്രവര്‍ത്തനമാണ് ഇടതുപക്ഷജനാധിപത്യമുന്നണി നടത്തിയിട്ടുള്ളത്. ഭാവിയില്‍ നടത്താന്‍ പോകുന്നതും അത്തരത്തിലാണ്. ഒരാളും ഒരുതരത്തിലും അവഗണിക്കപ്പെടുകൂടാ. അത്തരത്തിലുള്ള പ്രാഥമികകാര്യങ്ങള്‍ ഉറപ്പാക്കുകയെന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം.

 

തിരുവനന്തപുരത്ത് എല്‍.ഡി.എഫിന് സമ്പൂര്‍ണ്ണവിജയമുണ്ടാക്കുമെന്ന് കരുതുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ് ?

 

തിരുവനന്തപുരത്ത് ആകെയുള്ള 14 നിയോജകമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ ആദ്യം ഒമ്പതുമണ്ഡലങ്ങളില്‍ വിജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫ് വിജയിച്ചു. ഇതോടെ ഞങ്ങള്‍ക്ക് പത്തായി. മൂന്നെണ്ണം യു.ഡി.എഫിനും ഒരു ബി.ജെ.പിയും. അടുത്ത തവണ ബി.ജെ.പിക്ക് കിട്ടിയ ആ മണ്ഡലം ഞങ്ങള്‍ തിരിച്ചുപിടിക്കും. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളുടെ സ്ഥിതിയെടുത്താല്‍ ഈ 14 മണ്ഡലങ്ങളിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. 14 മണ്ഡലങ്ങളും ജയിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് ഇപ്രാവശ്യം നടത്തുന്നത്.

 

തലസ്ഥാന ജില്ലയില്‍ എല്‍.ഡി.എഫ് നേരിടുന്ന പ്രധാന രാഷ്ട്രീയ ഭീഷണി ആരില്‍ നിന്നാണ്?

 

യു.ഡി.എഫിനേയും എന്‍ഡിഎയെയും താരതമ്യം ചെയ്ത് പറയുകയാണെങ്കില്‍, ഭീഷണി യു.ഡി.എഫ് തന്നെയാണ്. അത് കഴിഞ്ഞാലെ, ബി.ജെ.പി വരുന്നുള്ളു.

 

നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഏകപക്ഷീയ വിജയം പ്രഖ്യാപിക്കുകയും മറ്റിടങ്ങളിലും ഇത്തവണ തങ്ങള്‍ വിജയിക്കുമെന്ന അവകാശവാദമുന്നയിക്കുകയുമാണല്ലോ ബി.ജെ.പി. അങ്ങനെയെങ്കില്‍ യു.ഡി.എഫ് പിന്‍ബലത്തില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണോ?

 

തിരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് വിരോധം, ഇടതുപക്ഷ വിരോധം രണ്ടു പാര്‍ട്ടികള്‍ക്കുമുണ്ട്. ബി.ജെ.പിക്കുമുണ്ട് കോണ്‍ഗ്രസിനുമുണ്ട്. രണ്ടുപേരുടേയും പൊതുശത്രു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ അവര്‍ രണ്ടുപേരും തമ്മില്‍ ധാരണണ്ടാക്കും. കഴിഞ്ഞ തവണ നേമത്ത് ബി.ജെ.പി ജയിച്ചതെങ്ങനെയാണ്? കോണ്‍ഗ്രസിനുള്ള വോട്ട് ബി.ജെ.പിക്ക് കൊടുത്തു. തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പില്‍ 23,000 വോട്ട് കിട്ടിയിരുന്ന കോണ്‍ഗ്രസിന് 2016-ല്‍ 13,000 വോട്ട് മാത്രമാണ് കിട്ടിയത്. 10000 വോട്ട് മറിച്ചുകൊടുത്തു. ഞങ്ങളുടെ വോട്ടു മറിഞ്ഞിട്ടില്ല. വി. ശിവന്‍കുട്ടിക്ക്, അതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കിട്ടിയതിനേക്കാള്‍ 9000 വോട്ട് അധികം കിട്ടുകയാണ് ചെയ്തത്. ജയിച്ചപ്പോള്‍ കിട്ടിയതിനേക്കാള്‍ തോറ്റപ്പോള്‍ 9000 വോട്ട് കൂടുതല്‍. എന്നിട്ടും. നമ്മള്‍ വിജയിക്കാതെ എങ്ങനെയാണ് ബി.ജെ.പി ജയിച്ചത്? യു.ഡി.എഫ് കരുത്തനായ സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്തിയില്ല. ഘടകകക്ഷിക്ക് സ്ഥാനാര്‍ഥിത്വം കൊടുത്തു. കോണ്‍ഗ്രസുകാരെല്ലാം ബി.ജെ.പിക്ക് വോട്ടു ചെയ്തു. അതുകൊണ്ടാണ് രാജഗോപാല്‍ ജയിച്ചത്. ഇതുപോലെ മറ്റേതെങ്കിലും മണ്ഡലത്തില്‍ ധാരണ ഇവര്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ബി.ജെ.പി പ്രധാന ശത്രുവായി വരുന്നത്.

 

ഇന്ധനവിലയുമായി ബന്ധപ്പെട്ട കുമ്മനം രാജശേഖരന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണല്ലോ? അധികാരത്തിലെത്തിയാല്‍ പെട്രോള്‍ 40 രൂപക്ക് കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കാനുണ്ടോ?

 

അത് തമാശയായി തോന്നുകയാണ്. കാരണം കുമ്മനത്തിന്റെ നേതാവാണല്ലോ നരേന്ദ്രമോദി? അദ്ദേഹം മുമ്പ് പറഞ്ഞത്, 50-60 രൂപയായിരിരുന്ന പെട്രോള്‍, ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 40 രൂപയ്ക്ക് കൊടുക്കുമെന്നായിരുന്നു. നരേന്ദ്രമോദി പറഞ്ഞതാണത്. അന്ന് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില 110 ഡോളറാണ്. ഒരു ബാരല്‍ 160 ലിറ്ററാണല്ലോ? ഒരു ലിറ്റര്‍ ക്രൂഡോയിലിന്റെ വില 110 ഡോളറായിരുന്നു. അപ്പോഴാണ് 55 രൂപയ്ക്ക് കിട്ടിയത്. പെട്രോളിനും ഡിസലിനും തമ്മിലുള്ള വ്യത്യാസം ഏതാണ്ട് 20 രൂപയാണ്. 35 രൂപയായിരുന്നു പെട്രോളിന് വില. ഇപ്പോള്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് വില തിരുവനന്തപുരത്ത് 93 കവിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 100 കവിഞ്ഞു. ഇപ്പോള്‍ ഡീസലും പെട്രോളും തമ്മില്‍ മത്സരിക്കുകയാണ്, ആദ്യം നൂറിലെത്തുക ഏതാണെന്ന കാര്യത്തില്‍!

 

ഒരു ബാരല്‍ എണ്ണയുടെ വില അന്തര്‍ ദേശീയ നിലവാരത്തില്‍ 110-ല്‍ നിന്നും 50 ഡോളറില്‍ താഴെയായിരിക്കുകയാണ്. ഇങ്ങനെ നോക്കിയാല്‍ അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ വില കൂടുന്നതുകൊണ്ടാണ് ഇവിടെ വില കൂടുന്നതെന്നു പറയുന്നതില്‍ വല്ല ബന്ധമുണ്ടോ? ഒരു ബന്ധവുമില്ലെന്നു മാത്രമല്ല, ലോകത്ത് പെട്രോളിനും ഡീസലിനും വില ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. വേറൊരു വാദഗതി കൂടി അവര്‍ ഉയര്‍ത്തുന്നുണ്ട്. ജി.എസ്.ടിയില്‍പ്പെടുത്തിയാല്‍ വില കുറയും, ജി.എസ്.ടിയില്‍ പെടുത്താന്‍ തോമസ് ഐസക്ക് എതിരാണ് എന്നല്ലേ പ്രചാരണം? ജി.എസ്.ടിയില്‍ പ്പെടുത്തിയതാണ് പാചക വാതകഗ്യാസ്. ഗാര്‍ഹിക പാചകവാതകഗ്യാസിന് മോദി വരുമ്പോള്‍ 350 രൂപയായിരുന്നു വില. ഇപ്പോള്‍ എത്രയായി? 876 രൂപയായി. ജി.എസ്.ടിയില്‍പ്പെടുത്തിയതാണെങ്കില്‍ ഗ്യാസിന്റെ വില കുറയണ്ടേ. കുറഞ്ഞില്ലല്ലോ? അപ്പോള്‍ വിലകുറയ്ക്കുന്നതിന് കേരളമാണ് എതിരെന്ന് കള്ളം പറഞ്ഞ് പറ്റിക്കുന്നു. അപ്പോള്‍ കുമ്മനത്തിന്റെ പറച്ചില്‍ വില വര്‍ധനവില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ വിശ്വസിക്കുമോ? ആരു പറയുന്നത് വിശ്വസിക്കണം? മോദി പറയുന്നത് വിശ്വസിക്കണോ? അതോ കുമ്മനം പറയുന്നത് വിശ്വസിക്കണോ? വസ്തുതാവിരുദ്ധമാണ് ആ പറച്ചില്‍.

 

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ബന്ധുത്വ നിയമന വിവാദത്തില്‍ തുടങ്ങി, ആഴക്കടല്‍ മത്സ്യബന്ധന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയായിരുന്നല്ലോ? ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടോ?

 

ഭരിക്കുന്ന കക്ഷിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും പ്രതിപക്ഷത്തിലിരിക്കുന്നവര്‍ക്ക് അധികാരത്തില്‍ വരാനും അവര്‍ പ്രയോഗിക്കുന്ന ആയുധമാണ് അഴിമതിയാരോപണം. അതാണവരിപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. വസ്തുതാവിരുദ്ധമായ നുണക്കഥകള്‍ പ്രചരിപ്പിച്ച് ഗവണ്‍മെന്റിനെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണത്. അത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ സഹായത്തോടെയാണ്. ചില മാധ്യമങ്ങള്‍ അതിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നു.

 

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് സ്വര്‍ണക്കടത്ത്, ലൈഫ്, സ്പ്രിഗ്ളര്‍, വെബ്കോ തുടങ്ങിയ ആരോപണങ്ങളുമായി രംഗത്തുവന്നു. എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ നമ്മുടെ മാധ്യമങ്ങള്‍ ഇവയെല്ലാം പ്രചരിപ്പിച്ചു. എന്തായിരുന്നു തിരഞ്ഞെടുപ്പിന്റെ ഫലം? ജനങ്ങളത് പുച്ഛിച്ച് തള്ളി. പ്രളയം, ഓഖി തുടങ്ങിയ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സര്‍ക്കാരാണ്. ഇതു മനസിലാക്കി ജനങ്ങള്‍ ആരോപണങ്ങളെ ചവറ്റുകുട്ടയില്‍ തള്ളി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും ആരോപണങ്ങള്‍ കൊണ്ടുവരികയാണ്. ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ കടല്‍ വിദേശികള്‍ക്ക് വിറ്റു. പി.എസ്.സി. റാങ്കുകാര്‍ക്ക് കിട്ടേണ്ട ജോലി അവര്‍ക്ക് കൊടുക്കാതെ ബന്ധു നിയമനം നടത്തി എന്നിങ്ങനെ രണ്ട് ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.

 

യുവാക്കളുടെ തൊഴിലിന്റേയും വിഭ്യാഭ്യാസത്തിന്റേയും കാര്യം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണല്ലോ?

 

അതെ. ആ രണ്ടു കാര്യങ്ങള്‍ തന്നെയാണ് പ്രധാനം. അതു മാത്രമല്ല, തീരദേശത്തെ ജനങ്ങളെ കബളിപ്പിക്കാനായി ആഴക്കടല്‍ മത്സ്യബന്ധനവുമുണ്ട്. യുവാക്കളുടെ പ്രശ്നമുണ്ട്. തൊഴില്ലില്ലായ്മയുടെ പ്രശ്നവുമുണ്ട്. ഇത് രണ്ടിലേക്കും ഞാന്‍ വരാം.

 

ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അനുമതി കൊടുക്കാന്‍ കഴിയുന്നത് ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിനു മാത്രം. സംസ്ഥാനങ്ങള്‍ക്കധികാരമില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണല്ലോ ഈ വിഷയമെടുത്ത് ഫോക്കസ് ചെയ്ത് മുന്നില്‍ നില്ക്കുന്നത്? അദ്ദേഹം എം.പി.യിരിക്കുന്ന കാലത്ത്, നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍, അവരാണ് വിദേശമത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ മഹാസമുദ്ര ത്തില്‍ മത്സ്യബന്ധനത്തിന് അനുമതികൊടുത്തത്. സംസ്ഥാനസര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അഴിമതികൊടുത്ത ഒരുരേഖ കാണിക്കാമോ? കൊടുക്കാനധികാരമില്ല. യാഥാര്‍ഥ്യം ഇതായിരിക്കേ മത്സ്യബന്ധനത്തിന് ആഴക്കടല്‍ വിറ്റേ, അനുമതി കൊടുത്തേ എന്ന് പറയുന്നത് കാല്‍ക്കാശിന്റെ വിലയില്ലാത്ത ആരോപണം മാത്രമാണ്.2020 ല്‍ വിദേശ മലയാളികളും വിദേശത്തുള്ളവരും ഇവിടെ മൂലധനനിക്ഷേപത്തിന് തയ്യാറായി മുന്നോട്ടുവന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി തരാമെന്ന് പറഞ്ഞ് അന്നൊരു ധാരണാപത്രം ഉണ്ടാക്കി. ഇതല്ലാതെ, മറ്റൊന്നുമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍, ആ ധാരണാപത്രത്തില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്, സര്‍ക്കാരിന്റെ മത്സ്യബന്ധനനയവുമായി ബന്ധപ്പെടുത്തിയായിരിക്കും ഈ ധാരണ നടപ്പാക്കുകയെന്ന്.

 

സര്‍ക്കാരിന്റെ മത്സ്യബന്ധന നയം, നിയമസഭ നേരത്തെ പാസാക്കിയതാണല്ലോ? അതില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കുകയില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പണ്ടത്തെപ്പോലെ കമ്പവലയും ചാണത്തടിയും നൈലോണ്‍വലയും കൊണ്ടല്ല മത്സ്യം പിടിക്കാന്‍ പോകുന്നത്. അവര്‍ക്ക് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറത്ത് പോയി മത്സ്യബന്ധനം നടത്താനുള്ള ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കും. അതല്ലാതെ ഞങ്ങള്‍ക്ക് വില്‍ക്കാല്‍ അവകാശമില്ലാത്തിടത്ത് ഞങ്ങളെങ്ങനെയാണ് കരാറൊപ്പിടുന്നത്? ഞങ്ങള്‍ അത് മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തി തെറ്റിദ്ധാരണ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.

 

രണ്ടാമത്തേത്, തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടാണ്. എല്ലാ വീട്ടിലുമുണ്ട് തൊഴില്‍രഹിതര്‍. അവര്‍ക്ക് തൊഴില്‍ കിട്ടാന്‍ വേണ്ടിയിട്ട് ഞങ്ങള്‍ ചില നടപടികള്‍ സ്വീകരിക്കും. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ വിദ്യാഭ്യാസസമ്പ്രദായമാണ്. എസ്.എസ്.എല്‍.സിയെങ്കിലും പഠിച്ചുകഴിഞ്ഞാല്‍ പിന്നെ സര്‍ക്കാരുദ്യോഗത്തിനുള്ള ശ്രമമാണ്. ഒരു വര്‍ഷം ഇവിടെ വരുന്നത് 25000 ഒഴിവുകള്‍ മാത്രമാണ്. അത്രയും പേരെ ജോലിയില്‍ നിന്ന് വിരമിക്കൂ. ആ തസ്തികകളിലെ നിയമിക്കാനാവൂ. പിന്നെ നിയമിക്കാവുന്നത് അധികമായി വരുന്ന തൊഴിലവസരങ്ങളിലേക്കാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 5000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. അതില്‍ നിയമനം നടത്തുകയാണ്. ചെറുപ്പക്കാരായ തൊഴിലില്ലാത്തവര്‍ എത്ര പേര്‍ വര്‍ഷന്തോറും തൊഴില്‍ കമ്പോളത്തില്‍ കടന്നുവരുമെന്നു ചിന്തിക്കണം. ജനസംഖ്യയുടെ രണ്ടുശതമാനം 18 വയസുപൂര്‍ത്തിയായി കടന്നുവരും. അതായത്, ഏഴുലക്ഷം പേര്‍. ഇവിടെയുള്ള ഒഴിവുകള്‍ എത്ര, 25000. അതിപ്പോ 30000 ആയി. അപ്പോള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. കാര്‍ഷികമേഖലയിലുള്‍പ്പെടെ ചെറിയ ചെറിയ തൊഴിലവസരങ്ങള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിക്കുന്നു. യു.ഡി.എഫ് കാലത്തെ 300 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പകരം, 3100 സ്റ്റാര്‍ട്ടപ്പുകളാണ് എല്‍ഡിഎഫ് ഭരണകാലത്ത് പുതുതായി ഉണ്ടാക്കിയത്. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് സ്വയംതൊഴില്‍ തുടങ്ങാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

 

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു ലക്ഷത്തി നാല്പതിനായിരം തൊഴിലവസരങ്ങളാണുണ്ടാക്കിയതെങ്കില്‍, ഈ സര്‍ക്കാര്‍ നാലരവര്‍ഷം കൊണ്ടു തന്നെ ഒരു ലക്ഷത്തി അമ്പത്തേഴായിരം നിയമനം, സ്ഥിരനിയമനം, നടത്തി. അപ്പോള്‍ ഈ സര്‍ക്കാര്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ വിസ്മരിക്കുകയല്ലല്ലോ? കൂടാതെ, അവര്‍ക്കായി തൊഴില്‍ നൈപുണ്യപഠനകേന്ദ്രങ്ങളുണ്ടാക്കിയിട്ടുണ്ട് അതിന്റെ ഫലമായി വിദേശത്തുള്ളവര്‍ പോലും ഇവിടെ പരിശീലനത്തിന് വരുന്നു.

 


അവസാനമായി. എന്താണ് സി.പി.എമ്മിന്റെ വിജയപ്രതീക്ഷ? സംസ്ഥാനത്ത് ഇടതുപക്ഷം മികച്ച വിജയം നേടുമെന്നാണോ? തിരുവനന്തപുരത്ത് മുന്നണി എത്ര സീറ്റു നേടും?

 

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ 98 സീറ്റുകളില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. ആ 98 സീറ്റുകള്‍ നിലനിര്‍ത്താനും കൂടുതല്‍ സീറ്റുകള്‍ നേടാനുമുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. അതനുസരിച്ച് തിരുവനന്തപുരത്തും 14 സീറ്റുകളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് നടത്തുന്നത്. ഞങ്ങള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണ്.