Tuesday 20 August 2019




പ്രകാശം പരത്തുന്ന ടീച്ചര്‍

By online desk .16 May, 2019

imran-azhar

 

 

ഇപ്പോഴത്തെ ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് ആദ്യഘട്ടത്തില്‍ വിലയിരുത്തിയപ്പോള്‍ ഏറ്റവും പിന്നിലെത്തിയ മന്ത്രിയായിരുന്നു കെ. കെ.ശൈലജ. എന്നാലിപ്പോള്‍ സ്ഥിതി മാറി. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും മികച്ച മന്ത്രിയെന്ന നിലയിലേയ്ക്ക് കെ.കെ.ശൈലജ ഉയര്‍ന്നുകഴിഞ്ഞു. ആരോഗ്യവകുപ്പ് ഇതിനകം കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും മന്ത്രി വ്യക്തമാക്കുന്നു.


ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ മാനേജ്‌മെന്റുകള്‍ ഫീസ് വര്‍ദ്ധന ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടല്ലോ?

 

കെ.കെ. ശൈലജ: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റിനെ ശരിക്കും നിയന്ത്രണത്തിലേയ്ക്ക് കൊണ്ടു വന്നത്. നേരത്തെ 2016-17 വരെ മാനേജ്‌മെന്റുകളുമായി എഗ്രിമെന്റ് വച്ച് പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കുമായിരുന്നു. അതൊരു വലിയ ഗുണമായിരുന്നു. ബാക്കി സീറ്റില്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്. ഈ ഉയര്‍ന്ന ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയാണ് സര്‍ക്കാര്‍ സീറ്റുകളുടെ ഫീസ് കുറച്ച് തന്നിരുന്നത്. എന്നാല്‍ 2017-18 മുതല്‍ എഗ്രിമെന്റ് സുപ്രീംകോടതി അനുവദിക്കുന്നില്ല. മാത്രമല്ല നീറ്റ് മെറിറ്റിലേ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാകുകയുള്ളു. കേരളത്തിലെ വിദ്യാര്‍ത്ഥികളെ മാത്രമായി പ്രവേശിപ്പിക്കാനാകില്ല. പിന്നെ ഏകീകൃത ഫീസ് നിശ്ചയിക്കണം. എന്‍. ആര്‍. ഐ സീറ്റുകളൊഴികെയുള്ളതിനെല്ലാം ഒരേ ഫീസായിരിക്കണം. കുറച്ച് സീറ്റിന് പതിനൊന്ന് ലക്ഷം ബാക്കിയുള്ളതിന് 25000 എന്നിങ്ങനെ ആക്കാന്‍ പാടില്ലെന്ന കോടതിയുടെ കടുത്ത ഉത്തരവ് വന്നതോടെ നമുക്ക് അവരുമായി എഗ്രിമെന്റ് വയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ 25000ത്തിന്റെ സര്‍ക്കാര്‍ സീറ്റ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇതോടെ ഫീ റെഗുലേറ്ററി കമ്മിറ്റി പരിശോധിച്ച് ഏകീകൃതഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോള്‍ 11 ലക്ഷം രൂപ ഫീസ് വേണമെന്ന ആവശ്യമാണ് മാനേജ്‌മെന്റുകള്‍ കോടതിയില്‍ ഉന്നയിച്ചത്. അത് പറ്റില്ലെന്ന പറഞ്ഞ സര്‍ക്കാര്‍ എല്ലാ സീറ്റിലും പരമാവധി ഫീസ് അഞ്ച് മുതല്‍ അഞ്ചരലക്ഷം രൂപയാക്കി നിശ്ചയിച്ചു. 11 ലക്ഷം നല്‍കാനാകില്ലെന്നറിയിച്ച് അവരെ നിയന്ത്രണത്തിലാക്കി. പിന്നെ കൃത്യമായി നീറ്റ് മെറിറ്റടിസ്ഥാനത്തില്‍ അലോട്ട്‌മെന്റ് നടത്തി. ഇത്ര നീറ്റായി പ്രവേശനനടപടികള്‍ സമയം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് എല്ലാവരും പറയുന്നുണ്ട്. ഇപ്പോ ചില മാനേജ്‌മെന്റുകള്‍ പറയുന്നത് ഈ ഫീസിലൊന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനാകില്ലെന്നാണ്. നേരത്തെ 11 ലക്ഷവും മറ്റും ഫീസ് വാങ്ങിയിരുന്നതാണ് അത്രയും കിട്ടിയില്ലെങ്കില്‍ കോളേജ് അടച്ചിടുമെന്നൊക്കെ പറയുന്നുണ്ട്.

 

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഫീസ് കുറവാണെന്ന മാനേജ്‌മെന്റുകളുടെ പരാതി പരിഹരിക്കാന്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകും. അതു പോലെ ഇവിടെ ഫീസ് കുറവായതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേയ്ക്ക് വരുന്നതു മൂലം നമ്മുടെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകുമെന്ന ആശങ്കയുമുണ്ടല്ലോ?

 

കെ.കെ. ശൈലജ: സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമേ ഇപ്പോഴത്തെ നിലയില്‍ വാങ്ങാന്‍ പറ്റുകയുള്ളു. കേരളത്തില്‍ ഇതുവരെ കൃത്യമായും ചിട്ടയായും അലോട്ടുമെന്റുകളും പ്രവേശനവും നടന്നിരുന്നു. കോടതി വിധി ആയതിനാല്‍ അപേക്ഷിക്കുന്ന ഇതര സംസ്ഥാനക്കാരില്‍ മെറിറ്റുള്ളവര്‍ക്ക് പ്രവേശനം നല്‍കിയേ മതിയാകൂ.കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകുമോയെന്ന ആശങ്കയുണ്ട്. പിന്നെ ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. എന്നെ വിമര്‍ശിക്കാന്‍ വേണ്ടി എല്ലാവരും പറഞ്ഞിരുന്നത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൂടുതല്‍ ഫീസ് വാങ്ങുന്നുവെന്ന്. എന്നെയിട്ട് കൊട്ടാന്‍ വേണ്ടി ഇന്നലെ വരെ പറഞ്ഞത് കര്‍ണ്ണാടകത്തിലൊക്കെ ഫീസ് വളരെ കുറവാണെന്നായിരുന്നു. എന്നോട് ചിലര്‍ നേരിട്ട് തന്നെ ഇത് പറഞ്ഞിരുന്നു. കേരളത്തില്‍ ഫീസ് കുറവാണെന്ന് പറഞ്ഞത് അവര്‍ വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ അവര്‍ പറയുന്നു കേരളത്തില്‍ ഫീസ് കുറവായതിനാല്‍ ഇതര സംസ്ഥാനവിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ടു വരുമെന്നും അതു മൂലം ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുമെന്നും. അതുണ്ടാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുവാനേ നമുക്കാകുകയുള്ളു. ഇതര സംസ്ഥാനവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാകുകയില്ലെന്ന് പറയാനാവില്ല. ഇന്ത്യയിലെ യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ വന്ന് പഠിക്കുന്നതിനുള്ള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്.

 

ലോകാരോഗ്യസംഘടനയുടെ പ്രശംസ വരെ ലഭിക്കത്തക്കവിധം കേരളത്തിലെ ആരോഗ്യരംഗത്തെ മാറ്റിയെടുക്കാനായതെങ്ങനെയാണ്. ?

 

കെ.കെ. ശൈലജ: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട നിലയിലാണ് കേരളത്തിലെ ആരോഗ്യരംഗം. 1957 മുതല്‍ 2019 വരെയുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും ആസൂത്രണവും ഇതിന് പിന്നിലുണ്ട്. ആരോഗ്യസൂചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.

 

ശിശു-മാതൃമരണനിരക്കുകള്‍ കേരളത്തില്‍ നന്നേ കുറവാണ്. പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം വളരെ കൂടുതലാണ്. ഗ്രാമങ്ങളില്‍ പോലും ആശുപത്രികളുണ്ട്.പഞ്ചായത്തുകളില്‍ പി.എച്ച് സെന്ററുകളുണ്ട്. താലൂക്ക്-ജില്ലാ തലങ്ങളിലും മികച്ച ആശുപത്രികളുണ്ട്. മെഡിക്കല്‍ കോളേജുകളുണ്ട്. ഇതല്ലാം ആരോഗ്യരംഗത്തിന്റെ മികവിന് കാരണമായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പരിശോധന നടത്തി. കേരളത്തിലെ വര്‍ത്തമാനകാലത്ത് പ്രധാന ആരോഗ്യപ്രശ്‌നം എന്തെന്നതായിരുന്നു ആ അന്വേഷണം. ഈ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന ചില അനുഭവങ്ങളിലേയ്ക്കാണ്.

 

നേട്ടങ്ങളെല്ലാം കൈവരിക്കുമ്പോഴും കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നതായിരുന്നു കണ്ടെത്തിയത്. അതിലേറ്റവും പ്രധാനം പകര്‍ച്ചവ്യാധികളാണ്. പകര്‍ച്ചവ്യാധികള്‍ മൂലം ധാരാളം മരണങ്ങളുണ്ടാകുന്നു. ഇത് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ മാത്രമല്ല, കുഷ്ടരോഗവും ഡിഫ്തീരിയയും ക്ഷയവുമെല്ലാം ഇന്നും ആളുകള്‍ക്ക് പിടിപെടുന്നു. ജീവിതശൈലീരോഗങ്ങളും കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത് പോലും. മഹാഭൂരിപക്ഷം ആളുകളും ഏതെങ്കിലും രോഗത്തിന്റെ അടിമകളാണ്. അറുപത് ശതമാനത്തോളം സ്ര്തീകളും കുട്ടികളും വിളര്‍ച്ച രോഗബാധിതരാണ്. അമ്പതിനായിരത്തോളം പേര്‍ക്ക് പ്രതിവര്‍ഷം കാന്‍സര്‍ പിടിപെടുന്നു. ഇതെല്ലാം കൂടിച്ചേര്‍ന്ന് കേരളത്തെ ഒരു രോഗാതുര സംസ്ഥാനമായി മാറ്റിയിരിക്കുകയാണ്. ഇതുവരെയുണ്ടായ നേട്ടങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നതത് ഈയൊരു അവസ്ഥയിലാണ്. ഇതിനൊരു പരിഹാരം കാണുകയെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഏറ്റവും വലിയ ഉത്തരവാദിത്വമായി സര്‍ക്കാരതേറ്റെടുത്തു. പകര്‍ച്ചവ്യാധികള്‍ക്ക് പരിഹാരം കാണുന്നതിന് ശക്തമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ജീവിതശൈലീരോഗങ്ങള്‍ ആദ്യം തന്നെ കണ്ടെത്തി ഫലപ്രദമായി തടയുന്നതിനുള്ള പദ്ധതികളാവിഷ്‌കരിക്കുകയും ചെയ്തു. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് ആര്‍ദ്രം മിഷന്‍. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ രോഗീസൗഹൃദമാക്കുകയും ഹൈടെക്ക് ആക്കുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പാവപ്പെട്ടവന്റെ കീശയിലെ പണം കാലിയാകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രോഗികളുടെ എണ്ണത്തിന്റെ 67 ശതമാനവും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയെത്തുന്നതെന്ന് വ്യക്തമായി. ഇതിന്റെ കാരണങ്ങളന്വേഷിച്ചതിന്റെ ഫലമായി സംസ്ഥാനത്തെ പി.എച്ച് സെന്ററുകളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചു. ഇരുനൂറോളം എണ്ണം ഇതിനകം അത്തരത്തിലാക്കിക്കഴിഞ്ഞു. 2020 ആകുമ്പോഴേയ്ക്കും കേരളത്തിലെ 946 പി.എച്ച് സെന്ററുകളും കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറും. ഇതിന് പണമൊരു വലിയ പ്രശ്‌നമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജി.ഡി.പിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യവകുപ്പിന് വിഹിതമായി നല്‍കുന്നത്. കിഫ്ബിയില്‍ നിന്നുള്ളപണമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ഇത്തരത്തില്‍ താഴെത്തട്ട് മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പഴയതും പുതിയതുമായ മെഡിക്കല്‍കോളേജുകളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കി. കോടിക്കണക്കിന് രൂപയുടെ ചടുലമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
എല്ലാ മെഡിക്കല്‍കോളേജുകളിലും പ്രധാന ആശുപത്രികളിലും ട്രോമോകെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 345 ആംബുലന്‍സുകള്‍ വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രോമോ കെയര്‍ യൂണിറ്റ് പൂര്‍ത്തിയായി. ഹൈവേകളുടെ സമീപത്തെ സ്വകാര്യ ആശുപത്രികളുടെ സേവനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് രോഗികള്‍ ധാരാളമായി എത്തുന്നതിനാല്‍ 2016നെ അപേക്ഷിച്ച് മൂന്നിരട്ടി മരുന്ന് വാങ്ങേണ്ടി വരുന്നുണ്ട്. പണം അധികമായി വേണ്ടിവരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാതിരിക്കുന്ന അവസ്ഥ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായിട്ടില്ല.