By aswany.09 Feb, 2021
ബി. വി. അരുണ്‍കുമാര്‍
മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ സംഭാവന ചെയ്ത സംവിധായകനാണ് ഫാസില്‍. സംവിധാനത്തിനു പുറമെ തിരക്കഥാകൃത്തായും നിര്‍മാതാവായും നടനായും നമ്മള് ഫാസിലിനെ പിന്നീട് കണ്ടു. കുറച്ചുകാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്ന ഫാസില്‍, 16 വര്‍ഷത്തിനു ശേഷം നിര്‍മ്മാതാവായി തിരിച്ചുവരുന്നു. 2004ല്‍ ഇറങ്ങിയ വിസ്മയത്തുമ്പത്താണ് ഒടുവില്‍ ഫാസില്‍ നിര്‍മ്മിച്ച ചിത്രം.
ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മഹേഷ് നാരായണനാണ്. കാമറയും മഹേഷ് നാരായണനാണ്. സംവിധാനം സജിമോന്‍ പ്രഭാകര്‍. ഫഹദാണ് നായന്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, രജിഷ വിജയന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഫാസില്‍ സംസാരിക്കുന്നു.
ഫാസിലിന്റെ പുതുമുഖങ്ങള്‍
പലരെയും മലയാള സിനിമയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതൊക്കെ ഒരു നിയോഗമാണ്. അവരെല്ലാം സൂപ്പര്‍ താരങ്ങളാണ്. റാംജിറാവു സ്പീക്കിംഗില്‍ സംവിധായകന്, നായകന്, നായിക, സംഗീത സംവിധായകന് ഇവരെയെല്ലാം പുതുമുഖങ്ങളായിരുന്നു. അവരെവച്ച് ചെയ്ത പടം വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ആലോചിച്ചാല്‍ ഭയം തോന്നും.
ഈ ചിത്രത്തില്‍ ഒരു ക്യാമറാമാനെ അവതരിപ്പിക്കുന്നു-മഹേഷ് നാരായണന്. ഇതു വേരെ മഹേഷ് നാരായണന് അറിയപ്പെട്ടത് തിരക്കഥാകൃത്ത്, സംവിധായകന്, എഡിറ്റര്‍ എന്നിങ്ങനെയാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ പദവികളോടൊപ്പം കാമറാമാന് എന്നുകൂടി എഴുതിച്ചേര്‍ക്കുകയാണ് മഹേഷ് ഈ ചിത്രത്തില്‍. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു കാമറാമാന് ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ ആ കാമറാമാനെ പുറത്തെടുക്കുകയാണ്. അതുപോലെതന്നെ സജിമോന്‍ പ്രഭാകര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. എന്റെ നിയോഗമായിട്ടാണ് ഇതിനെയൊക്കെ കാണുന്നത്. അതായത് എന്റെ ചിത്രങ്ങളിലൂടെ പലരെയും മലയാള സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്താന്‍ സാധിക്കുന്നു എന്നതാണ് നിയോഗമെന്ന് ഉദ്ദേശിച്ചത്.
ഇടവേളയ്ക്കുശേഷം
അടുപ്പിച്ചടുപ്പിച്ച് സിനിമകള്‍ ചെയ്ത വ്യക്തിയാണ് ഞാന്‍. വന്‍ താരനിരകളെ വച്ചും സിനിമ ചെയ്തു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വിസ്മയത്തുമ്പത്ത്, കൈയെത്തും ദൂരത്ത്, തുടങ്ങിയവയാണ് അടുപ്പിച്ചുചെയ്ത ചിത്രങ്ങള്‍. ഇതില്‍ ചില ചിത്രങ്ങളില്‍ എനിക്ക് തിരിച്ചടി നേരിട്ടു. കൈയെത്തും ദൂരത്ത്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വിസ്മയത്തുമ്പത്ത് എന്നിവ വലിയ പരാജയമായി. ഇതോടെ ഒരു ചിത്രം നിര്‍മിക്കാനുള്ള മടിയും ഭയവും ഉണ്ടായി. പിന്നെ സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. അപ്പോഴാണ് മഹേഷ് പുതിയ ആശയവുമായി വന്നത്.
മലയന്‍കുഞ്ഞിന്റെ വിശേഷങ്ങള്‍
മലയന്‍കുഞ്ഞെന്നാണ് പേര്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. സാങ്കേതികത്തികവുള്ള ചിത്രമാണിത്. 30 അടി ഉയരമുള്ള സെറ്റുകളാണ് ചിത്രത്തിനായി ഒരുക്കിയത്. എല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചെയ്യുന്നത്. മൂന്ന് ഇന്‍ഡോര്‍ സെറ്റുകളുണ്ട്.
മഹേഷ് കഥ പറഞ്ഞപ്പോള്‍ ഒരു വെറൈറ്റി ഫീല്‍ ചെയ്തു. ആരും ചിന്തിക്കാത്ത കഥയാണിത്. മണ്ണിടിച്ചിലും ഒരു കുട്ടിയെ രക്ഷിക്കുന്ന സെന്റിമെന്റ്സുമൊക്കെ ഈ ചിത്രത്തിലുണ്ട്. മലയാള സിനിമയ്ക്ക് പറ്റിയ കഥയാണെന്ന് എനിക്കു തോന്നി. മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മാതാവ് ഉണര്‍ന്നു. മുഴുവന്‍ കഥയും കേട്ടപ്പോള്‍ ഞാന്‍ മഹേഷിനോടു പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്. അങ്ങനെ ഈ ചിത്രം സംഭവിച്ചു. സ്വിച്ച് ഓണ്‍ കര്മ്മത്തിന് മാത്രം ഞാന്‍ പോയി. ബാക്കിയെല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു.
ഫഹദ് നായകന്
ഫഹദിനു പറ്റിയ കാരക്ടറാണ്. കഥ കേട്ടപ്പോള്‍ അവനും എക്സൈറ്റഡായി. പിന്നെ കൈയെത്തും ദൂരത്തിനു ശേഷം അവന് അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മിക്കുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കണ്ഫ്യൂഷന് മാറി
സത്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഏതു സിനിമ ഓടും, ഏത് ഓടില്ല എന്ന വലിയൊരു മാറ്റം ഈ കാലഘട്ടത്തില്‍ ഉണ്ടായി. എനിക്ക് തോന്നുന്നത് റിയലിസ്റ്റിക് സിനിമകളോട് ആള്‍ക്കാര്‍ക്ക് വീണ്ടും താത്പര്യമായി എന്നാണ്. ഫഹദ് ചെയ്ത മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകള്‍ ഇത്തരത്തിലുള്ള പടങ്ങളാണ്. അതുകൊണ്ട് നന്നായി ഓടുകയും ചെയ്തു. അതേ സമയം പക്കാ കൊമേഴ്സ്യലായെടുത്ത അയ്യപ്പനും കോശിയും വന്‍ ഹിറ്റായി. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലും റിയലിസ്റ്റിക് അപ്രോച്ചായിരുന്നു. എന്തെങ്കിലും ഉണ്ടെങ്കിലേ ഓടൂ. അല്ലാതെ ഒരു സിനിമയും ഓടില്ല. ആ കണ്‍ഫ്യൂഷനായിരുന്നു എനിക്ക്.
കോവിഡ് കാലത്തെ സിനിമ
കോവിഡും സിനിമയും തമ്മിലുള്ള സംഘട്ടനമാണ് ഇപ്പോള്‍. കോവിഡിന് ശേഷം ഞാന്‍ ജയിക്കുമോ, സിനിമ ജയിക്കുമോ എന്നുള്ള മത്സരമാണിത്. വലിയ ചിത്രങ്ങളാണ് കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മാത്രമല്ല ഇനിയും ചിത്രങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നു. എല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചെയ്യുന്നത്. എന്നുകരുതി ചെലവുകള്‍ കുറയുന്നില്ല. ആള്‍ക്കാരെ കുറച്ച് ക്വാളിറ്റിയില്‍ കോംപ്രൈമൈസ് ചെയ്യാനാകില്ല. അങ്ങനെ ചിത്രമെടുത്തിട്ട് കാര്യമില്ലല്ലോ. നൂറുശതമാനവും ആള്‍ക്കാരെ ഉള്പ്പെടുത്തിത്തന്നെയാണ് ഷൂട്ടിംഗ് നടക്കുന്നത്. അല്ലാതെ ചെയ്യുമ്പോള്‍ ആ സിനിമയുടെ ക്വാളിറ്റി നഷ്ടപ്പെടും. എന്തായാലും തിയേറ്ററുകള്‍ സജീവമാകുമ്പോള്‍ എന്റെ ചിത്രവും ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനെത്തും. എല്ലാവര്ക്കും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാവും ഇതെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്.