Tuesday 26 October 2021




പ്രശാന്തിന്റെ 'കൈ'പിടിച്ച് വട്ടിയൂര്‍ക്കാവ്

By സൂരജ് സുരേന്ദ്രന്‍.02 Mar, 2021

imran-azhar

 

 

യുഡിഎഫ് നേതൃത്വത്തെ അമ്പരിപ്പിച്ച അട്ടിമറി വിജയമായിരുന്നു വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് നേടിയത്. മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ന്നുതന്നെയാണ്. ഇക്കുറിയും വട്ടിയൂര്‍ക്കാവ് മണ്ഡലം എല്‍ഡിഎഫിനുള്ളതാണെന്ന് സിറ്റിംഗ് എംഎല്‍എ വി.കെ പ്രശാന്ത് കലാകൗമുദിയോട് പറഞ്ഞു.

 

എല്‍ഡിഎഫിന് അനുകൂലം

 

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 13 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയം കൊയ്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ മുഖ്യ ആയുധമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെ പൊള്ളയായ എന്ത് ആരോപണവും ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാമെന്ന അമിതാത്മവിശ്വാസം യുഡിഎഫിന് വേണ്ട. ഇടത് സര്‍ക്കാരിന് അനുകൂലമായ തരംഗം നാട്ടിലെമ്പാടുമുണ്ട്. ഈ തരംഗം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണകരമായി മാറും. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും 'എംഎല്‍എ ബ്രോ' പറഞ്ഞു

 

യുഡിഎഫിന് പിഴച്ചിടത്തുനിന്ന് പ്രശാന്ത് തുടങ്ങി

 

ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയും ജയിക്കുമെന്ന അമിതാത്മവിശ്വാസമാണ് യുഡിഎഫിന് തിരിച്ചടിയായത്. മുന്‍ എംഎല്‍എ കൂടിയായ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നായര്‍ വോട്ടുകള്‍ നേടാമെന്ന കണക്കുകൂട്ടലാണ് യുഡിഎഫിനെ പരാജയത്തിലേക്ക് നയിച്ചത്. എല്‍ഡിഎഫ് ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കി. മേയറായിരുന്ന വി.കെ പ്രശാന്തിനെ കളത്തിലിറക്കി. 4465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.

 

ആര് മത്സരിച്ചാലും എല്‍ഡിഎഫ് ജയിക്കും

 

ഉപതെരഞ്ഞെടുപ്പിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും പരാജയം യുഡിഎഫിനെ ശരിക്കും പാഠം പഠിപ്പിച്ചു. ഇക്കുറി കരുതലിലാണവര്‍. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി കൈവിട്ട വട്ടിയൂര്‍ക്കാവ് എങ്ങനെയും പിടിച്ചെടുക്കുക എന്നത് മാത്രമാണ് യുഡിഎഫിന്റെ ലക്ഷ്യം. അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും കെ.മുരളീധരനെയോ, കെ.എസ് ശബരീനാഥനെയോ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ശബരീനാഥനെ രംഗത്തിറക്കുന്നതോടെ യുവാക്കളുടെ വോട്ടും കോണ്‍ഗ്രസ് കണ്ണുവയ്ക്കുന്നുണ്ട്. അതേസമയം ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന വട്ടിയൂര്‍ക്കാവില്‍ നടന്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്.

 

പ്രശാന്തിന്റെ കൈപിടിച്ച് വട്ടിയൂര്‍ക്കാവ്

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കുറഞ്ഞ സമയം കൊണ്ട് എല്‍ഡിഎഫിന് സാധിച്ചു. അത് ജനങ്ങള്‍ കണക്കിലെടുക്കുമെന്നാണ് വിശ്വാസമെന്നും പ്രശാന്ത് പറയുന്നു. മണ്ഡലത്തില്‍ 26 കോര്‍പറേഷന്‍ വാര്‍ഡുകളാണുള്ളത്. ഓരോ സ്ഥലത്തും എംഎല്‍എ ഫണ്ട് ഉപയോഗിച്ചും മറ്റും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നു. നൂറോളം റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിച്ചു. ഇനിയും അറുപതോളം റോഡുകള്‍ക്ക് ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ജനങ്ങള്‍ കാത്തിരുന്ന പല വികസന പ്രവര്‍ത്തനങ്ങളും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച സമയം കൊണ്ട് നടപ്പിലാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും എല്‍ഡിഎഫിന് ഒരു അവസരം കൂടി വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ നല്‍കുമെന്നും വി.കെ പ്രശാന്ത് പറയുന്നു.