Saturday 30 May 2020
'എസ് ദുര്‍ഗ' മലയാളികള്‍ ഏറ്റെടുത്തുവോ ? :കണ്ണന്‍ നായര്‍ പറയുന്നു .....

By BINDU PP .29 Mar, 2018

imran-azhar
 
 
 
 
വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ ' തിയേറ്ററുകളില്‍ എത്തി. ദുര്‍ഗാ ദേവിക്ക് മുന്നേ സെക്‌സി എന്ന വിചിത്ര വാദവും എസ് ദുര്‍ഗയിലേക്കുള്ള പരിണാമവും ഒക്കെ വലിയ വാര്‍ത്ത സൃഷ്ട്ടിച്ചിരുന്നു.19 അന്താരാഷ്ട്ര അവാര്ഡുകളും  ,51 ചലച്ചിത്രോത്സവങ്ങളില്  പ്രദര്ശിപ്പിച്ച ചിത്രം  നിയമ പോരാട്ടത്തിനൊടുവിലാണ് കേരളത്തിലെ  42 തിയറ്റുകളില്  റിലീസ് ചെയ്തത്. ലോകം കണ്ട മികച്ച അന്താരാഷ്ട്രമേളകളില് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന് ചിത്രമാണിത്.  എന്നാല്‍ 75 % ആള്‍ക്കാര്‍ മാത്രമേ എസ് ദുര്‍ഗയെ ഏറ്റെടുത്തിട്ടുള്ളു എന്ന് ചിത്രത്തിലെ നായകന്‍ കണ്ണന്‍ നായര്‍ കലാകൗമുദിയോട് പറയുന്നു ......
 
'എസ് ദുര്‍ഗ' മലയാളികള്‍ ഏറ്റെടുത്തുവോ ? 
 
 
മലയാളികള്‍ പൂര്‍ണമായി ഏറ്റെടുത്തെന്ന് പറയാന്‍ സാധിക്കില്ല. തിയേറ്ററുകളിലേക്ക് ഒരു തള്ളിക്കയറ്റം ഇല്ല.75 % ആള്‍ക്കാര്‍ വിളിച്ച്  നല്ല പ്രതികരണമാണ് അറിയച്ചതെങ്കില്‍ ബാക്കി കണ്ടവര്‍ ഇതിന് നേരെ വിപരീതമായാണ് ഞങ്ങളെ അറിയിച്ചത്. സിനിമയുടെ പ്രൊമോഷന്‍ വേണ്ടി സമൂഹ്യമാധ്യമങ്ങളും യുവാക്കളുമെല്ലാം നല്ല രീതിയില്‍ സഹായിച്ചിട്ടുണ്ട്. പിന്നെ , പുലിമുരുകന്‍ കാണാമെന്ന ആഗ്രഹവുമായി എസ് ദുര്‍ഗ കാണാന്‍ തിയേറ്ററില്‍ പോയാല്‍ നിരാശപ്പെടേണ്ടിവരും. ഈ സിനിമ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റണമെന്നില്ല .സിനിമയെ കുറിച്ച്  നല്ല രീതിയിലുള്ള വിമര്‍ശനങ്ങളും വിളിച്ച് പറയുന്നവരുണ്ട്. 
 
 
എസ് ദുര്‍ഗ നേരിട്ട ആക്രമണത്തെ കുറിച്ച് ?
 
 
ഇന്ത്യയില്‍ സിനിമക്ക് നേരിടേണ്ടി  വന്നത് എസ് ദുര്‍ഗ എന്ന പേര് കാരണമാണെങ്കില്‍ . കേരളത്തില്‍ സംവിധായകനോടുള്ള ആക്രമണം തന്നെ ആയിരുന്നു. സംവിധാകനോടുള്ള വിരോധം കേരളത്തില്‍ ചിത്രം നേരിടേണ്ടി വന്ന പ്രധാന പ്രശ്‌നമായി കാണുന്നത്.സിനിമ  ഇത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിട്ടും ചിത്രത്തെ കുറിച്ച്  നല്ല അഭിപ്രായങ്ങള്‍ ഉണ്ടായിട്ടും തിയേറ്ററുകളില്‍ എസ്  ദുര്‍ഗ കാണാന്‍ വരുന്നവരുടെ എണ്ണം വളരെ കുറയാനുള്ള കാരണം സംവിധായകനോടുള്ള വിരോധമായി തന്നെ കണക്കാക്കാം. തുറന്ന നിലപാടുള്ള സംവിധായകനാണ്  സനല്‍ കുമാര്‍ ശശിധരന്‍ . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമ എന്ന പേരിലുള്ള ആക്രമണം നേരിടേണ്ടി വന്നു.  തുറന്ന നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയുന്നതിന്റെ പേരില്‍ അദ്ദേഹത്തിനോട് കാണിക്കുന്ന അസഹിഷ്ണുത അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെയാണ് ഈ അക്രമങ്ങള്‍ നടന്നത്.
 
 
അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ച എസ് ദുര്‍ഗയെ സംസഥാന സര്‍ക്കാര്‍ കണ്ടില്ലേ ?
 
അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ച  'എസ് ദുര്‍ഗ 'എന്ന ചിത്രത്തെ സംസ്ഥാന അവാര്‍ഡില്‍ ഒന്ന് പരാമര്‍ശിക്കാത്തതില്‍ വിഷമം ഉണ്ട്. കേരളത്തില്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ സിനിമയെ പ്രതിനീധീകരിച്ചാണ് എസ് ദുര്‍ഗയെ പല ഫെസ്റ്റിവലിലും പ്രദര്ശിപ്പിച്ചത്. അങ്ങനെ ഉള്ള സിനിമയെ കേരളത്തില്‍ അവഗണിച്ചതില്‍ ഏറെ സങ്കടം തോന്നി. നാല് അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിക്കുന്ന ഒരു ഇന്ത്യന്‍ സിനിമ ആദ്യമായാണ്. കഴിഞ്ഞ വര്ഷം കേരളത്തില്‍ എവിടേയും അടയാളപ്പെടുത്താന്‍ 'എസ് ദുര്‍ഗ 'ക്ക് സാധിച്ചിട്ടില്ല എന്നതില്‍ വിഷമമുണ്ട് .
 
 
നിങ്ങള്‍ക്ക് എസ് ദുര്‍ഗ്ഗയാണോ ?
 
ഒരിക്കലുമല്ല , ഞങ്ങളുടെ സിനിമ 'സെക്‌സി ദുര്‍ഗ ' തന്നെയാണ്. എന്റെ മനസി്ല്‍ എന്റെ സിനിമ 'സെക്‌സി ദുര്ഗ' എന്ന് തന്നെയായിരിക്കും. പേര് മാറ്റിയതില്‍ അസംതൃപ്തനാണ്. പേര് എത്ര അവര്‍ മാറ്റിയാലും ഞങ്ങളുടെ സിനിമ സെക്‌സി  ദുര്‍ഗ എന്ന്  തന്നെയാണ് അറിയപ്പെടുന്നത്.ഇത് ഒരു കടക്കല്‍ കത്തി വെക്കുന്ന പ്രയോഗമാണ് ചെയ്തത്. അത് കൊണ്ട് ഇനി മറ്റൊരാള്‍ ഇങ്ങനെ ഒരു സിനിമ എടുക്കുമ്പോള്‍ ഒന്ന് ഭയക്കും. ഇത്രയും പോരാട്ടം നടത്താന്‍  സാധിക്കുന്നവര്‍ മാത്രമേ  ഇത്തരത്തിലുള്ള ഒരു സിനിമ എടുക്കാന്‍ ഇറങ്ങുകയൊള്ളു. ഇതൊരു നെഗറ്റീവായി എടുത്താല്‍ ഇനി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന വിഷയത്തേക്കാള്‍ കൂടുതല്‍ പരിമിതകളെ കുറിച്ചാണ് ചിന്തിക്കുക . അങ്ങനെ ആവുമ്പോള്‍ സിനിമ തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുക. 
 
 
നാടക വേദികളില്‍ നിന്ന് എസ് ദുര്‍ഗയിലേക്ക് എത്തിയത്  ?
 
 
നാടക വേദികള്‍ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ട ഇടം. എന്റെ നാടകങ്ങള്‍ കണ്ടിട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്നെ സമീപിച്ചത്. 2007ല്‍ സിനിമയിലേക്ക് വന്ന വ്യക്തിയാണ് ഞാന്‍. പൃത്വിരാജിന്റെ ചോക്ലേറ്റ് എന്ന ചിത്രത്തിലെ ഒരു കുഞ്ഞു റോള്‍ ചെയ്തിരുന്നു. പിന്നിട് ഒട്ടേറെ ചെറിയ കഥാപാത്രങ്ങളില്‍ മുഖം കാണിക്കാന്‍ സാധിച്ചിട്ടുണ്ട്.  നാടകമാണ് എനിക്ക് ഏറെ ഇഷ്ടം . നാടകമാണ് എന്നിലെ നടനെ കണ്ടുപിടിച്ചത്. കേരള യൂണിവേഴ്‌സിറ്റിയുടെ് കീഴില്‍ നാടകത്തില്‍ എം ഫില്‍ പഠനം പൂര്‍ത്തീകരിച്ചിരുന്നു. 84 നാടകങ്ങളിലായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിന്റെ ബാക്ക്ഗ്രൗണ്ട് ഉള്ളത്  ഈ സിനിമയില്‍ എന്നെ ഏറെ സഹായിച്ചു. സിനിമയിലെ ചില ദീര്‍ഘ  ഷോട്ടുകളില്‍ ഇമോഷന്‍ അതെ പോലെ പിടിച്ചു നിര്‍ത്താന്‍ നാടകവേദികള്‍ ഗുണകരമായി നിന്നു.  നാടകക്കാരനായി അറിയപ്പെടാനാണ് ഏറെ ആഗ്രഹം. 
 
 
കബീറിനെ കുറിച്ച്  ? 
 
 
എസ് ദുര്‍ഗ എന്ന ചിത്രത്തില്‍  കബീറിന്റെ കഥാപാത്രം വളരെയേറെ പ്രധാനപ്പെട്ട വേഷമാണ്.  രാത്രീ ഒറ്റപ്പെട്ട സ്ത്രീയൊടൊപ്പമുളള പുരുഷന്റെ കഥാപാത്രത്തെയാണ് ഞാന് അവതരിപ്പിക്കുന്നത്. കബീര്‍ എന്ന കഥാപത്രം മാനസിക സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ട്്. തന്‌റെ കഥാപത്രത്തിന് കബീറിന്റെ സംരക്ഷണവും , ദുര്‍ഗ്ഗയുടെ സംരക്ഷണവും ഉറപ്പ് വരുത്തണം. കബീറിനെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു. കബീര്‍ എന്ന കഥാപാത്രം ചെയ്തതില്‍ പൂര്‍ണ സംതൃപ്തി ഉണ്ട്. 
 
 
 
സിനിമ മേഖലയില്‍ നിന്നുള്ള ആശംസകള്‍ ?
 
 
സിനിമ മേഖലയില്‍  നിന്ന് ആരും ആശംസകളൊന്നും അറിയിച്ചിട്ടില്ല.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ എത്തിയ നിമിഷ സജയന്‍ അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിച്ചിരുന്നു. സന്തോഷം തോന്നി. 
 
വീട്ടുകാരുടെയും  കൂട്ടുകാരുടെയും സപ്പോര്‍ട്ട് ? 
 
എല്ലാ വീട്ടുകാരും ആഗ്രഹിക്കുന്നത് ഒരു സര്ക്കാര് ജോലിയാണ്. വനം നകുപ്പില് ജോലി കിട്ടിയിട്ടും അതുപേക്ഷിച്ച് സിനിമയില് തുടരുന്നത്  സിനിമയോടുള്ള  അഭിനിവേശം തെളിയിക്കുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തില് വീട്ടുകാര് ചെയ്ത വിട്ടുവീഴ്ചകള് മറക്കാനാകില്ല. എന്തിനും കൂട്ടായി ചേട്ടന് കാണുമെന്ന ഉത്തമബോധ്യമുണ്ടായിരുന്നു തനിക്ക്്. വീട്ടില് 'സീന്' വഷളാകുമ്പോള് തനിക്ക് വേണ്ടി സംസാരിച്ചിരുന്നത് ചേട്ടനായിരുന്നു. എല്ലാ അര്ത്ഥത്തിലും തനിക്ക് താങ്ങായത് ചേട്ടനായിരുന്നു. തന്റെ സ്വപ്നം പൂവണിയാന് ഏറ്റവും കൂടുതല് ആഗ്രഹിക്കുന്നത് കൂട്ടുകാരാണ്. അവര് തരുന്ന പിന്തുണ പറഞ്ഞറിയിക്കാനാകില്ല . നല്ല ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ട്. 
 
 
 അടുത്ത പ്രൊജക്റ്റ് ?
 
 
അടുത്ത പ്രൊജക്റ്റ് ഒന്നും ആയിട്ടില്ല. നാടകവും സിനിമയും ഒരു പോലെ കൊണ്ടുപോകാന്‍ സാധിക്കണമെന്നാണ് ആഗ്രഹം. എപ്പോഴും പ്രിയപ്പെട്ടത് നാടകമാണ് എന്നാല്‍ ഒരു സിനിമ നടന്‍ എന്നറിയപ്പെടാന്‍ ഏറെ അഗ്രഹം ഉണ്ട്.