Thursday 04 March 2021
'എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്റെ അച്ഛന്റെ പാട്ടാണ്', മനസ് തുറന്ന് ഗൗരി പ്രകാശ്

By സൂരജ് സുരേന്ദ്രൻ.26 May, 2020

imran-azhar

 

 

'എനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം എന്റെ അച്ഛന്റെ പാട്ടാണ്. എന്റെ വരികള്‍ക്ക് അച്ഛന്‍ ഈണമിടുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം'

 

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി പരമ്പരയിലെ അനുമോൾ ഇങ്ങനെ പറയുമ്പോള്‍ ഗൗരിയുടെ കണ്ണു മാത്രമല്ല കരളിലും സങ്കടം തിരയടിച്ചു. സത്യത്തില്‍ ഗൗരിക്ക് ഇത് അഭിനയം അല്ല; ജീവിതം തന്നെയാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഗൗരി താണ്ടിയത് ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവങ്ങളാണ്. ആ വേദന എപ്പോഴും ആ കണ്ണുകളിലുണ്ട്. ചിരിക്കുമ്പോഴും നീറുന്ന, വേദന തുളുമ്പുന്ന അവളുടെ കണ്ണുകള്‍ ശ്രദ്ധിക്കുന്നവരുടെ നെഞ്ചിൽ തീ പടരും. ഗൗരിക്കെങ്ങനെ അനുമോളായി പ്രേക്ഷക
മനസില്‍ നോവുപടര്‍ത്താന്‍ കഴിഞ്ഞു എന്ന് ചോദിച്ചാല്‍ ആ ജീവിതം തന്നെയാണ് കാരണമെന്ന് പറയാതിരിക്കാനാവില്ല. സംഗീതജ്ഞനായ അച്ഛന്‍. ഗാനഭൂഷണംനേടിയ അമ്മ, ചേട്ടന്‍.. കുടുംബം മുഴുവന്‍ സംഗീതം....ഗൗരിയും പിറന്നു വീണത് സംഗീതവുമായി തന്നെ.

 

ഗൗരിയുടെ സംഗീത പ്രണയം

 

അനുമോളെപ്പോലെ പാടാതിരിക്കാനാകില്ലമ്മേ എന്ന് ഗൗരിയും പറഞ്ഞാല്‍ അമ്മ അമ്പിളിക്കത് (പ്രഷീല) മനസിലാകും. കാരണം ഗൗരിക്ക് ജീവിതം തന്നെ പാട്ടാണ്. വാക്കുകള്‍ കൂട്ടിപ്പറയാന്‍ പഠിച്ചത് പോലും ഈണത്തിലും താളത്തിലുമാണ്. അതില്‍പ്പോലും നിറഞ്ഞു നിന്നത് സംഗീതമാണ്. ഗൗരിയുടെ സംഗീത പ്രണയം ആദ്യമറിഞ്ഞത് അച്ഛനമ്മമാരാണ്. ഗൗരിക്ക് പാടാതിരിക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അവളെ സംഗീതജ്ഞയാക്കണമെന്ന തീരുമാനത്തിലേക്ക് പ്രകാശ് എത്തിയത്. സാക്ഷാല്‍ സരസ്വതിദേവിയുടെ തിരുനടയിലിരുന്ന് മകള്‍ക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പ്രകാശ കൃഷ്ണന്‍ തീരുമാനിച്ചതും അങ്ങനെയാണ്. മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ വച്ച് മൂന്നാം വയസില്‍ ഗൗരിയെ എഴുത്തി നിരുത്തിയതിനൊപ്പം സംഗീതത്തിന്റെ ആദ്യാക്ഷരങ്ങളും പ്രകാശ് കൃഷ്ണന്‍ പറഞ്ഞു കൊടുത്തു. ആ അച്ഛന്‍ ഇന്നില്ല. ആകാശത്ത് കണ്ണു ചിമ്മുന്ന നക്ഷത്രമായി ഗൗരിയുടെ ശിരസില്‍ സദാ അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു.


അവള്‍ക്ക് കാണാനാകാത്ത ലോകത്തിരുന്ന് തന്റെ പൊന്നോമനയുടെ വളര്‍ച്ച കാണുന്നു. മകള്‍ അംഗീകാരത്തിന്റെ പടവുകള്‍ കയറുമ്പോള്‍ അച്ഛനവളെ സ്‌നേഹചുംബനം കൊണ്ടു പൊതിയുന്നു. മറ്റാര്‍ക്കും അച്ഛനെ കാണാനാകില്ലായെങ്കിലും ഗൗരിക്ക് അച്ഛനെ കാണാം, സംസാരിക്കാം, വിശേഷങ്ങള്‍ പങ്കുവയ്ക്കാം. മകളെ കലാരംഗത്തേക്കു കൈപിടിച്ചു കയറ്റിയ പ്രതിഭാധനനായ ആ അച്ഛന്‍ പ്രകാശ് കൃഷ്ണനെ സംഗീത ലോകം അറിയും. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമാണ് പ്രകാശ് കൃഷ്ണന്‍. ഒരു അപകടത്തില്‍ ആണ് പ്രകാശ് കൃഷ്ണ മരണമടഞ്ഞത്. പ്രകാശിന്റെ സംഗീത വാസനയും അതേപടി ഗൗരിക്കും ലഭിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള പുരസ്‌കാരമുള്‍പ്പെടെയുള്ള അവര്‍ നേടിയ നിരവധി അംഗീകാരങ്ങള്‍.

 

 

അമ്മ അമ്പിളിയും പാട്ടുകാരി

 

ഗൗരിയുടെ അമ്മയും നല്ലൊരുഗായികയാണ്. ഗാനഭൂഷണം പാസായ അമ്പിളി പക്ഷെ ഭര്‍ത്താവിന്റെ വിയോഗശേഷം മക്കള്‍ക്കു മാത്രമായി ജീവിതം മാറ്റിവച്ചിരിക്കുകയാണ്. പാട്ട് അവര്‍ക്ക് എന്നേ അന്യമായിരിക്കുന്നു. വാനമ്പാടി എന്ന ജനപ്രിയ പരമ്പരയിലൂടെ ഗൗരിക്ക് പേരും പെരുമയും തിരക്കും ഏറിയതോടെ അമ്പിളിക്കും തിരക്കായി.... മകളുമായി നിത്യവും ലൊക്കേഷനിലേക്ക്. വാനമ്പാടിയിലെ കേന്ദ്രകഥാപാത്രമായ 'അനുമോള്‍' എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. ഏതു ഭാവവും അതിവേഗം ആ മുഖത്ത് വിടരും. കരയാനും ചിരിക്കാനും സ്‌നേഹിക്കാനുമൊക്കെ ഗൗരിക്ക് നിമിഷങ്ങള്‍ മതി. ഗൗരിയുടെ ഏറ്റവും വലിയ പ്രത്യേകത കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്നു എന്നതാണ്. ഒരു അഭിനേത്രിക്ക് അത്യാവശ്യം വേണ്ടത് ഇതാണ്. അനുമോളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതും ഈ അഭിനയത്തികവുകൊണ്ടുതന്നെ. ഇത്ര ചെറുപ്പത്തില്‍ ഇത്രയും പെര്‍ഫെക്ഷനോടെ അഭിനയിക്കുന്നു കങ്കില്‍ വലുതാകുമ്പോള്‍ ഗൗരി എന്താകും എന്നാണ് ഗൗരിയെ ഇഷ്ടപ്പെടുന്നവര്‍ ചോദിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബന്ധുവാര് ശത്രുവാര് എന്ന സീരിയലിലൂടെയാണ് ഗൗരി അഭിനയ രംഗത്തെത്തിയത്. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പോലെ ജീവിതത്തിലും നല്ലൊരു പാട്ടുകാരിയാകാനാണ് ഗൗരിക്കിഷ്ടം. പക്ഷെ അപ്രതീക്ഷിതമായി ഗൗരി അഭിനേതാവാകുകയായിരുന്നു.

 

 

ജീവിതം മാറ്റിമറിച്ച നാടകം

 

സന്തോഷ് മീനമ്പലം കഥയെഴുതി സംവിധാനം ചെയ്ത 'സ്‌നേഹസാന്ത്വനം' എന്ന നാടകമാണ് ഗൗരിയുടെ ജീവിതം മാറ്റിമറിച്ചത്. ഒന്നാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് ഈ നാടകത്തില്‍ അവസരം വന്നത്. നാടകത്തില്‍ പാടുകയും അഭിനയിക്കുകയും ചെയ്തു. അമ്മ നഷ്ടപ്പെട്ട ഒരു മകളായിട്ടായിരുന്നു അഭിനയിച്ചത്. നിരവധി നാടകങ്ങളില്‍ നിന്നും പത്ത് നാടകങ്ങള്‍ അവാര്‍ഡിന് തിരഞ്ഞെടുത്തു. 'സ്‌നേഹസാന്ത്വന'ത്തിന് മികച്ച ഗായികയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. ഏഴാം വയസിലാണ് ഗൗരിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. തുടര്‍ന്ന് നിരവധി അനുമോദനങ്ങളും, അഭിനന്ദനങ്ങളും ഗൗരിയെ തേടിയെത്തി. അങ്ങനെയൊരു അനുമോദന ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായി ആദ്യ സീരിയലിലേക്ക് വഴി തുറന്നത്. ആകാശവാണിയിലെ ബാലതാരം കൂടിയാണ് ഗൗരി. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ സുരേഷ് ഗോപി, ജയറാം, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം 'അകലെ അകലെ ആശ്വാസം' എന്നൊരു നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.

 

ശ്രീകുമാരന്‍ തമ്പിയുടെ അനുഗ്രഹം

 

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന്റെ തിളക്കം മങ്ങും മുന്‍പേയാണ് ആദ്യ സീരിയലിലേക്ക് ഗൗരിക്ക് അവസരം വന്നത്. ബഹുമുഖ പ്രതിഭയായ ശ്രീകുമാരന്‍ തമ്പി ആണ് ആദ്യമായി സീരിയലില്‍ അവസരം നല്‍കിയത്. ഒരു അനുമോദന ചടങ്ങിലാണ് ഗൗരി തമ്പിയെ പരിചയപ്പെടുന്നത്. തമ്പി അങ്കിളാണ് പുരസ്‌കാരം സമ്മാനിച്ചത്. അപ്പോഴാണ് അങ്കിള്‍ എന്നെ കുറിച്ച് അറിഞ്ഞതും അദ്ദേഹം നിര്‍മ്മിച്ച 'ബന്ധുവാര് ശത്രുവാര്' എന്ന സീരിയലില്‍ അവസരം നല്‍കിയതും. ആദ്യ സീരിയലിലെ അഭിനയത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിശ്വരൂപം, മനസമൈന തുടങ്ങിയ സീരിയലുകളിലും, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇടവപ്പാതി' എന്ന ചിത്രത്തിലും, 'ദം' എന്ന ചിത്രത്തിലും നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്.

 

 

വാനമ്പാടി അപ്രതീക്ഷിതം

 

ഗൗരിയെ ലോകപ്രശസ്തയാക്കിയത് വാനമ്പാടിയാണ്. ഇതില്‍ എത്തപ്പെട്ടത് അപ്രതീക്ഷിതമായാണ്. പഠിത്തത്തില്‍ ശ്രദ്ധിക്കുന്നതിനാല്‍ സീരിയലില്‍ അഭിനയിക്കാന്‍ ഗൗരിക്ക് താല്പര്യമില്ലായിരുന്നു. പക്ഷെ ദൈവ നിശ്ചയം വാനമ്പാടിയാകാനായിരുന്നു. ഇതിന്റെ ഓഡിഷന് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ അഭിനയിച്ചത് ഗൗരിയാണ്. പരസ്യ ചിത്രം കണ്ട് മുപ്പത്തിമൂന്ന് വര്‍ഷമായി അഭിനയ രംഗത്തുള്ള പ്രശസ്ത സീരിയല്‍ താരം കൂടിയായ സീമ ജി നായരാണ് അനുമോളായി ഗൗരിയുടെ പേര് നിര്‍ദേശിച്ചത്.

 

വാനമ്പാടി ഇതെങ്ങോട്ടാ പോകുന്നെ?

 

ഞാനും അതു കാത്തിരിക്കുകയാ... എങ്ങോട്ടാണോ എന്തോ

 

വീട്ടിലിരുപ്പ് മടുത്തോ?

 

ഒട്ടുമില്ല. സമാധാനത്തോടെ യാതൊരു ടെന്‍ഷനുമില്ലാതെ വീട്ടിലിരിക്കാന്‍ പറ്റുന്നത് ഇപ്പോഴാ

 

പാട്ടു പഠിച്ചു തുടങ്ങിയതെപ്പോഴാ?

 

മൂന്നാം വയ‌സില്‍ അച്ഛനാണ് ആദ്യ ഗുരു. അന്നുമുതല്‍ സംഗീതം പഠിക്കുന്നുണ്ട്.

 

Gouri Prakash Vanambadi: ലോക് ഡൗൺ കാലത്ത് ...

 

ലോക്ഡൗണ്‍ കാലമല്ലേ, സീരിയലുമില്ല, സ്‌കൂളുമില്ല, എന്തു ചെയ്യുന്നു?

 

പറഞ്ഞതു ശരിയാ.. ലൊക്കേഷനിലും പോകണ്ട, സ്‌കൂളിലും പോകണ്ട, സ്‌റ്റേജ്‌പ്രോഗ്രാമുകള്‍ക്കും പോകണ്ട. പക്ഷെ ഞാന്‍ തിരക്കിലാ.. സംഗീതവും കീബോര്‍ഡ് പഠനവും വായനയും ഒക്കെയുണ്ട്. പോരാത്തതിന് ഇപ്പോള്‍ കൊറിയന്‍ഭാഷ പഠിക്കുകയാണ്. വാനമ്പാടിയുടെ തിരക്ക് കാരണം സംഗീതവും, പഠനവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമുണ്ടായിരുന്നു.

 

വാനമ്പാടി തീര്‍ന്നാല്‍, ഉടനെ അടുത്ത സീരിയല്‍ ഉണ്ടാകുമോ?

 

ഉണ്ടാകില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. പിന്നെ ഒന്നും തീരുമാനിക്കുന്നത് നമ്മള്‍ അല്ലല്ലോ..

 

അഭിനയമാണോ സംഗീതമാണോ ഇഷ്ടം?

 

സംഗീതവും പഠനവും മുന്‍പോട്ട് കൊണ്ട് പോകാന്‍ ആണ് താത്പര്യം. പക്ഷേ നല്ല സിനിമകളില്‍ അവസരം കിട്ടിയാല്‍ ചെയ്യും. ഭാവിയില്‍ നല്ലൊരു അദ്ധ്യാപികയാകാനാണാഗ്രഹം. സ്‌കൂളില്‍ സഹപാഠികളും, ടീച്ചര്‍മാരും നന്നായി സഹായിക്കുന്നു. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ് ഗൗരി പ്രകാശ്. സഹോദരന്‍ ശങ്കര്‍ ബാംഗ്‌ളൂരില്‍ അനിമേഷന്‍ പഠിക്കുന്നു.

 

Gauri P. Krishna young singer vanambadi ...