Wednesday 10 August 2022




മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ ചോദ്യം ചെയ്ത സന്ദര്‍ഭം: വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍

By parvathyanoop.11 Jun, 2022

imran-azhar

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ ചോദ്യം ചെയ്ത സന്ദര്‍ഭം വെളിപ്പെടുത്തി എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗ്. നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? എന്ന് ആര്യന്‍ ഖാന്‍ ചോദിച്ചതായി അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.'സര്‍, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാന്‍ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങള്‍ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നില്‍ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. നിങ്ങള്‍ എന്നോട് ചെയ്തത് വലിയ തെറ്റാണ്.

 

അതെന്റെ സല്‍പ്പേരിനെ ബാധിച്ചു. ഞാനെന്തിനാണ് ആഴ്ചകളോളം ജയിലില്‍ കിടന്നത്. ശരിക്കും ഞാനത് അര്‍ഹിച്ചിരുന്നോ?''- ആര്യന്‍ ഖാന്‍ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞുആര്യന്‍ ഖാനുമായി ബന്ധപ്പെട്ട കേസില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം കൊടുത്തിരുന്നു. മയക്കുമരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന് കാരണം കാട്ടിയാണ് സ്ഥലം മാറ്റിയത്. വാങ്കഡെയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയത്.

ആര്യന്‍ ഖാന്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ. ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തയുടന്‍ വൈദ്യ പരിശോധന നടത്തിയില്ലെന്നതുള്‍പ്പെടെ വാങ്കഡെയുടെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഡിയോ ചിത്രീകരിക്കാതെയാണ് റെയിഡ് നടത്തിയതെന്നായിരുന്നു ആര്യന്‍ ഖാന്‍ കേസില്‍ വാങ്കഡെയ്ക്കെതിരായ മറ്റൊരു ആരോപണം.ഷാരൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ അന്നത്തെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ പദ്ധതിയിട്ടിരുന്നെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണം എന്‍സിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.

 

ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. 14 പ്രതികളുള്ള കേസില്‍ ആര്യന്‍ അടക്കം 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.