By Priya.11 May, 2022
ഹര്‍കീവ്: റഷ്യ പിടിച്ചെടുത്ത വടക്കു കിഴക്കന്‍ യുക്രൈനിലെ പ്രദേശങ്ങള്‍ ഓരോന്നായി ശക്തമായ പ്രത്യാക്രമണം നടത്തി തിരിച്ചുപിടിക്കുന്നതായി യുക്രൈന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.അതിര്‍ത്തിയിലേക്കു പിന്‍വാങ്ങാന്‍ റഷ്യന്‍ സേന നിര്‍ബന്ധിതരായിട്ടുണ്ടെന്നും അവരുടെ സപ്ലൈ ലൈനുകള്‍ തകര്‍ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഹര്‍കീവിനു സമീപമുള്ള ചെര്‍കാസ്കി, റസ്കി, ബോഷ്ച്ചോവ, സ്ലോബൊഷാന്‍സ്കെ ജനവാസകേന്ദ്രങ്ങളാണ് പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിച്ചത്. ഹര്‍കീവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഇസ്യൂം പട്ടണത്തില്‍ മാര്‍ച്ചില്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ന്ന 5 നില കെട്ടിടത്തില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഹര്‍കീവിലെ വിജയം നിര്‍ണായകമാകുമെന്നും ഇതു യുദ്ധത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാമെന്നും അവര്‍ അവകാശപ്പെട്ടു.
പ്രതീക്ഷിച്ചതുപോലെ മുന്നേറ്റം നടത്താന്‍ സാധിക്കാതെ പോയത് റഷ്യയെ അങ്കലാപ്പിലാക്കുന്നുണ്ട്. മരിയുപോള്‍ നഗരം പിടിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും അവിടെയുള്ള അസോവ്സ്റ്റാല്‍ ഉരുക്കുനിര്‍മാണശാലയില്‍ നിന്ന്് പോരാടുന്ന രണ്ടായിരത്തോളം യുക്രൈന് പോരാളികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. റഷ്യ ഇന്നലെയും ഉരുക്കുശാലയ്ക്കുനേരെ ശക്തമായ ആക്രമണം തുടര്‍ന്നു. ഡോണ്‍ബാസിലെ യുക്രൈന് സേനയെ വളഞ്ഞ് കീഴടക്കാനുള്ള ശ്രമവും പാളി. തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യ കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു.യുെൈക്രനിലേക്ക് യൂറോപ്പില്‍ നിന്ന് വരുന്ന വന്‍തോതിലുള്ള ആയുധങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുന്നത് തടയാനും ഇവിടെനിന്ന് യൂറോപ്പിലേക്കുള്ള ധാന്യക്കയറ്റുമതി നിര്‍ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.