Friday 29 May 2020




കോവിഡ് പരിശോധന: സര്‍വകലാശാലകളില്‍ പൊടിപിടിച്ച് പി.സി.ആര്‍ മെഷീനുകള്‍

By എ.എസ്. അജയ്‌ദേവ്.10 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് സാമ്പിള്‍ പരിശോധനക്കുള്ള പത്തോളം പി.സി.ആര്‍(പോളിമെറാസ് ചെയിന്‍ റിയാക്ഷന്‍)മെഷീനുകള്‍ സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളില്‍ ഉപയോഗിക്കാതെ പൊടിപിടിച്ചിരിക്കുന്നു. സാമ്പിള്‍ പരിശോധനക്ക് വേണ്ട റിയല്‍ ടൈം പി.സി.ആര്‍ ആണ് വിവിധ സര്‍വകലാശാല ലാബുകളിലുള്ളത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ ഫലപ്രദമായും വേഗത്തിലുമാക്കാന്‍ ഐ.സി.എം.ആറിന്റെ നിര്‍ദേശ പ്രകാരം ടെസ്റ്റിംഗ് ലാബുകള്‍ സ്ഥാപിക്കുമ്പോഴാണ് പി.സി.ആര്‍ മെഷീനുകള്‍ സര്‍വകലാശാലകളില്‍ ഉപയോഗിക്കാതെ വെച്ചിരിക്കുന്നത്. കുസാറ്റില്‍ (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി) മാത്രം അഞ്ച് റിയല്‍ ടൈം പി.സി.ആര്‍ മെഷീനുകളാണുള്ളത്. കേരള സര്‍വകലാശാലയില്‍ രണ്ടെണ്ണമുണ്ട്.

 

കാലിക്കറ്റ്, വെറ്ററിനറി, അഗ്രികള്‍ച്ചര്‍ സര്‍വകലാശാലകളില്‍ ഒന്നുവീതവും റിയല്‍ടൈം പി.സി.ആറുകളുണ്ട്. ഒരു മെഷീനില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 96 സാമ്പിള്‍ പരിശോധിക്കാനാകും. 10 മണിക്കൂര്‍ ഉപയോഗിച്ചാല്‍ ഒരു മെഷീനില്‍ 400 സാമ്പിള്‍ പരിശോധിക്കാം. 10 മെഷീന്‍ ഉപയോഗിച്ചാല്‍ ദിവസം നാലായിരത്തോളം സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് സര്‍വകലാശാലകളിലെ ഗവേഷകര്‍ പറയുന്നു. ജീവശാസ്ത്ര വിഷയങ്ങളിലെ അധ്യാപകരിലും ഗവേഷകരിലും നല്ലൊരു വിഭാഗവും റിയല്‍ ടൈം പി.സി.ആറില്‍ പരിശോധന അറിയുന്നവരാണ്. ഈ മെഷീനുകള്‍ ശേഖരിച്ച് ഒന്നിച്ച് ഒരിടത്തൊരു ലാബാക്കുകയോ സര്‍വകലാശാലാ ലാബുകള്‍ കോവിഡ് ലാബുകളായി ക്രമീകരിക്കുകയോ ചെയ്താല്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനാകും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ഈ പരിശോധന ആരംഭിച്ചിട്ടുണ്ട്.

 

 

സര്‍വകലാശാലകളിലെ റിയല്‍ ടൈം പി.സി.ആര്‍ കോവിഡ് പരിശോധനക്ക് ഉപയോഗിക്കാമെന്ന് കാണിച്ച് ലണ്ടന്‍ ഇംപീരിയല്‍ കോളജില്‍ ദീര്‍ഘകാലം ഗവേഷകനായിരുന്ന കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സൗജന്യ സേവനത്തിന് ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരില്‍ നിന്നും അുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് കോവിഡിന്റെ വ്യാപനം തടയാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാവുകയാണെങ്കില്‍ ടെസ്റ്റുകള്‍ അധികമായി വേണ്ടിവരും. എന്നാല്‍, ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റ്കിറ്റുകളും എത്തിയതോടെ കോവിഡ് പരിശോധന വ്യാപകമായിരിക്കുകയാണ്.