Wednesday 22 May 2019


അലബാമയില്‍ വന്‍ ചുഴലിക്കാറ്റ്: 23 പേര്‍ മരിച്ചു

By anju.05 Mar, 2019

imran-azhar

അലബാമ: യുഎസിലെ അലബാമയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ 23 മരണം. നിരവധി പേര്‍ക്കു പരുക്കേറ്റതായും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഈസ്റ്റ് അലബാമയിലെ ലീ കൗണ്ടിയിലാണ് ഞായറാഴ്ച ചുഴലിക്കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

 

മരിച്ചവരില്‍ കുട്ടികളുമുണ്ടെന്നു ലീ കൗണ്ടി പൊലീസ് മേധാവി ജെ ജോണ്‍സ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടക്കുകയാണ്. കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതു ദുഷ്‌കരമാണെന്നും ജെ ജോണ്‍സ് വ്യക്തമാക്കി.

 

ലീ കൗണ്ടിക്കു പുറത്തു മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു അലബാമ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി വക്താവ് ഗ്രിഗറി റോബിന്‍സണ്‍ പറഞ്ഞു. അലബാമ, ജോര്‍ജിയ, ഫ്‌ലോറിഡ, സൗത്ത് കാരലിന എന്നിവിടങ്ങളില്‍ ശക്തിയേറിയ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ ജാഗ്രതയോടെയും സുരക്ഷിതരായും കഴിയണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.