Wednesday 10 August 2022




രംഗം കൊഴുപ്പിച്ചു,ഡ്യൂട്ടി മറന്നു, സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത 5 പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

By parvathyanoop.05 Aug, 2022

imran-azhar

 

 

തമിഴ്‌നാട്: തമിഴ്നാട്ടില്‍ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം. സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറൈ ജില്ലയിലെ സെമ്പനാര്‍കോവിലില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് പൊലീസുകാര്‍ റാംപ് വാക്ക് ചെയ്തത്.

 

സെമ്പനാര്‍കോവില്‍ സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്യുന്ന രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍ എന്നീ നാല് കോണ്‍സ്റ്റബിള്‍മാരെയും സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യനെയുമാണ് നാഗപട്ടണം ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലംമാറ്റിയത്. മയിലാടുതുറൈ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റം. ഫാഷന്‍ ഷോയുടെ സുരക്ഷാ ചുമതല ഇവരെയാണ് ഏല്‍പ്പിച്ചിരുന്നത്. നടി യാഷിക ആനന്ദയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ റാംപ് വാക്ക് നടത്തി. റാമ്പില്‍ പോലീസുകാര്‍ ചുവടു വച്ച വാര്‍ത്ത വൈറലായതോടെയാണ് ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം അറിയുന്നത്. ഇതേതുടര്‍ന്ന് അച്ചടക്ക നടപടിയായി അഞ്ച് പേരെയും സ്ഥലം മാറ്റി.സ്‌റ്റൈലന്‍ നടത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ക്ക് പണികിട്ടിയത്.
.