Tuesday 21 January 2020




പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു; ഏഴ് അധ്യാപകര്‍ അറസ്റ്റില്‍

By online desk .10 Nov, 2019

imran-azhar

 

 

ഛത്തീസ്ഗഢ്: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍. ചത്തീസ്ഗഢിലെ ബലോദാ ബസാറിലാണ് സംഭവം. മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ ദേവേന്ദ്ര, രാമേശ്വര്‍ പ്രസാദ് സാഹു, രൂപനാരായന്‍ സാഹു, മഹേഷ് കുമാര്‍ വര്‍മ്മ, ദിനേഷ് കുമാര്‍ സാഹു, ചാടന്‍ ദാസ് ഭേഗന്‍, ലാല്‍റാം ബെര്‍വാന്‍ഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളായ ദേവേന്ദ്ര ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ വിനോദ യാത്രയ്ക്കുശേഷം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. രാമേശ്വര്‍ എന്ന അധ്യാപകന്‍ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥിനിയെ ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു. ഇവരെക്കൂടാതെ മറ്റ് അഞ്ച് അധ്യാപകര്‍ സമാനമായ രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നിരന്തരമായി അശ്ലീല കമ്മറ്റുകള്‍ പറഞ്ഞിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


സംഭവം പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥിനികള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പക്ഷേ, വിദ്യാര്‍ഥിനികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ അധ്യാപക - രക്ഷകര്‍തൃ സമിതി യോഗത്തില്‍ പരാതി പറയുകയായിരുന്നു. അധ്യാപകര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.