Tuesday 02 June 2020




എഴുന്നള്ളിപ്പിന്റെ ഇര: മൃഗ സ്‌നേഹികളുടെ പ്രാര്‍ത്ഥന വിഫലമാക്കി ടിക്കിരി യാത്രയായി

By Neha C N.17 Aug, 2019

imran-azhar


കൊളംബോ: ആനയാണെന്നു പറഞ്ഞാല്‍ കാണുന്നവരെല്ലാവരും മൂക്കത്തു വിരല്‍വച്ചു പോകുന്ന കോലമായിരുന്ന 70 വയസ്സുള്ള ടിക്കരിയുടേത്.  ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയ്ക്കിടയിലെ ടിക്കരിയുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ നാലഞ്ച് ദിവസങ്ങളായി അവള്‍ക്കു വേണ്ടിയായിരുന്നു മൃഗസ്നേഹികളുടെ പ്രാര്‍ഥന. എന്നാല്‍ പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു.

ഉത്സവാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പത്ത് ദിവസത്തെ, മണിക്കൂറുകളോളം തുടരുന്ന ആനകളുടെ ഘോഷയാത്രയാക്കായാണ് ടിക്കരി എത്തിയത്. എന്നാല്‍ ഭക്ഷണം പോലു കഴിയാക്കാതെ മെലിഞ്ഞുണങ്ങി അസ്ഥിക്കുടം പോലുള്ള രൂപത്തിലാണ് ടിക്കരി ഘോഷയാത്രയ്ക്ക് എത്തിയത്. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ തീരാനോവ് ലോകം അറിഞ്ഞത്.


അതിശക്തമായ ലൈറ്റുകളും ബഹളവും കരിമരുന്നിന്റെ പുകയും ഈ ആനയ്ക്ക് വളരെ അസ്വസ്ഥതയുളവാക്കുന്നുവെന്ന് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധിയാളുകള്‍ ടിക്കിരിയ്ക്ക് വേണ്ടി രംഗത്തെത്തി. പോസ്റ്റിന്റെ ഷെയറുകള്‍ കൂടിയതോടെ ലോകത്തെല്ലായിടത്തും ആനയുടെ വാര്‍ത്തയെത്തി. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ചത്തെ അവസാനഘോഷയാത്രയില്‍ നിന്ന് ടിക്കിരിയെ ഒഴിവാക്കി. ഈ ആനയുടെ കിടപ്പ് കണ്ടെങ്കിലും മൃഗങ്ങളെ ഉപദ്രവിക്കുന്നതില്‍ നിന്ന് മനുഷ്യര്‍ പിന്തിരിയട്ടെ എന്നാണ് വ്യാഴാഴ്ച ടിക്കിരിയുടെ അവസാനത്തെ ചിത്രം പോസ്റ്റ് ചെയ്ത് സേവ് എലിഫന്റ് ഫൗണ്ടേഷന്‍ കുറിച്ചത്.