Monday 23 October 2017

നടിക്കെതിരായ പരാമര്‍ശം: പി.സി.ജോര്‍ജിനെതിരെ നടപടി

By Subha Lekshmi B R.17 Aug, 2017

imran-azhar

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ നടപടിക്ക് നീക്കം. ജോര്‍ജിന്‍െറ പരാമര്‍ശങ്ങള്‍ നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാനാണു തീരുമാനം. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 24നു ശേഷമാകും എത്തിക്സ് കമ്മിറ്റി ചേരുന്നത്. എത്തിക്സ് കമ്മിറ്റിയില്‍ പി.സി.ജോര്‍ജും അംഗമായതിനാല്‍ അന്വേഷണവേളയില്‍ അദ്ദേഹത്തിനോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെടും.

 

പി.സി.ജോര്‍ജിന്‍െറ നിലപാടിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ജോര്‍ജിനെ വിമര്‍ശിച്ച് രണ്ട് കുറിപ്പുകളാണ് സ്പീക്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ജോര്‍ജിന്‍െറ പരാമര്‍ശങ്ങള്‍ മനുഷ്യത്വ വിരുദ്ധമാണെന്നും സാധ്യമായ എല്ളാ നടപടിയുമെടുക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. അര്‍ദ്ധരാത്രിയില്‍ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളില്‍ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു സഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുകയാണെന്നാണ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്.

 

പി.സി.ജോര്‍ജിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നു വിലയിരുത്തിയാണു നടപടി. നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിലാണു സ്വമേധയാ കേസെടുക്കാന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ നിര്‍ദേശം നല്‍കിയത്.