Thursday 21 September 2017

പ്രമുഖരുടെ അറസ്റ്റ് 48 മണിക്കൂറിനകം: വിവരങ്ങള്‍ ഫാക്‌സ് വഴി മാത്രം

By Farsana Jaleel.05 Jul, 2017

imran-azhar

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് 48 മണിക്കൂറിനകം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ചില സാഹചര്യ തെളിവുകള്‍ അന്വേഷണസംഘത്തെ കുഴക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രമുഖരുടെ അറസ്റ്റ് അനിവാര്യമാണെങ്കിലും പൊലീസ് അറച്ചുനില്‍ക്കുന്നതെന്ന് ഉന്നതതല പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

 

അതേസമയം 48 മണിക്കൂറിനകം പ്രധാനപ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചെന്നാണ് സൂചന. അന്വേഷണ വിവരങ്ങള്‍ ചോരരുതെന്നും ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. പഴുതുകള്‍ പൂര്‍ണമായും അടച്ചശേഷമാകണം അറസ്റ്റ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍. ഓരോ മണിക്കൂര്‍ ഇടവിട്ടും അന്വേഷണ പുരോഗതി പൊലീസ് മേധാവിയെ അറിയിക്കണം. ഫോണിലോ ഇ-മെയിലിലോ കൈമാറാതെ ഫാക്‌സ് സന്ദേശമായി മാത്രം വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശിച്ചു.

 

ഫോണ്‍വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചത്. അന്വേഷണ സംഘത്തില്‍ പെട്ടവര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. വിവരങ്ങള്‍ ചോരുന്നതിനപ്പുറം പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നതാണ് നിയന്ത്രണത്തിന് കാരണം. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനാഫലങ്ങളില്‍ ആശയക്കുഴപ്പമുള്ളതായും സൂചനയുണ്ട്.

 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബ്ബില്‍ ഉന്നതതല പൊലീസ് യോഗം നടന്നിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു യോഗം. പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ കേസില്‍ ലഭിച്ച തെളിവുകള്‍ ഒത്തുനോക്കി വിശകം ചെയ്തു.

 

ചൊവ്വാഴ്ച്ച രാത്രി ഏഴിന് ശേഷം തുടങ്ങിയ യോഗം 11 മണിയോടു കൂടിയാണ് അവസാനിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് യോഗത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേര്‍ന്നതെന്ന് യോഗത്തിന് ശേഷം റൂറല്‍ എസ്പി എ.വി.ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു.

 

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ യോഗത്തില്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്തായതിനാലാണ് എഡിജിപി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ആലുവ എ.വി.ജോര്‍ജ്, സി.ഐ.ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസ് അന്വേഷണം നീളുന്നതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചതോടെയാണ് അടിയന്തിര യോഗം ആലുവ പൊലീസ് ക്ലബ്ബില്‍ കൂടിയത്.