By Farsana Jaleel.05 Jul, 2017
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലേയ്ക്ക്. കേസില്‍ അഞ്ചു പേരുടെ അറസ്റ്റിന് പൊലീസ് മേധാവിയുടെ അനുമതി നല്‍കിയതായി സൂചന. മുഖ്യപ്രതി പള്‍സര്‍ സുനി ജയിലിനുള്ളില്‍ നിന്നും ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ കേസ് ക്ലൈമാക്സിലേയ്ക്ക് നീങ്ങുകയാണ്.
ജയിലിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലാണ് സുനിയുടെ ഫോണ്‍ വിളി ദൃശ്യങ്ങളില്‍ തെളിഞ്ഞത്. കാക്കനാട് ജയിലിലെ തറയില്‍ കിടന്ന് സുനി നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജയിലിലെ സെല്ലിന് ഒളിഞ്ഞിരുന്ന് സുനി ഫോണ്‍ ചെയ്തിരുന്നത്. പൊലീസിന് ലഭിച്ചിരിക്കുന്ന ഈ ഫോണ്‍വിളി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായേക്കും.
സുനി ഫോണ്‍ ചെയ്യുന്നത് കണ്ടതായി ജിണ്സണ് നല്കിയ മൊഴിയെ തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സുനിക്കൊപ്പം സിസിടിവി ദൃശ്യങ്ങളില്‍ ജിന്‍സനെയും മറ്റു തടവുകാരെയും കാണാം. തിരുവനന്തപുരത്ത് നിന്നുള്ള വിദഗ്ധരാണ് ജില്ലാ ജെയിലില്‍ പരിശോധന നടത്തിയത്. ജയിലിന് പുറത്തുള്ള സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ വിഷ്ണുവാണ് ഫോണ്‍ ഒളിപ്പിച്ച് കടത്തിയതായ് പൊലീസ് സംശയിക്കുന്നത്. മാല മോഷണക്കേസിലെ പ്രതിയും സുനിയുടെ സഹതടവുകാരനുമായിരുന്ന വിഷ്ണു ജയില്‍ മോചിതനായ ശേഷമാണ് ഫോണ്‍ ജയിലില്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ സംശയിക്കുന്നു. പുറത്ത് നിന്നും ജയിലില്‍ ഫോണ്‍ എത്തിയച്ചത് സംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.കെ.രാധാമണിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.