Tuesday 12 December 2017

അങ്കിള്‍ കാതി ഓര്‍മ്മയായി

By Subha Lekshmi B R.29 Mar, 2017

imran-azhar

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ടേലയ്ക്കൊപ്പം നിന്ന് പോരാടിയ ഇന്ത്യന്‍ വംശജന്‍ അഹമ്മദ് കത്രാഡ അന്തരിച്ചു. 87 വയസ്സായിരുന്നു. കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയസമരത്തില്‍ പങ്കെടുത്തതിന് 1964ല്‍ നെല്‍സന്‍ മണ്ടേലയ്ക്കൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കത്രാഡ 26 വര്‍ഷം ജയിലിലടയ്ക്കപ്പെട്ടു.

 

1929 ഓഗസ്റ്റ് 21നു ജനിച്ച കത്രാഡയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍നിന്നു കുടിയേറിയവരായിരുന്നു. ഇന്ത്യന്‍ വംശജര്‍ക്കെതിരായ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് 1946ല്‍ നടന്ന നിസ്സഹകരണ സമരത്തില്‍ പങ്കെടുത്തതിന് പതിനേഴാം വയസിലാണ് കത്രാഡ ആദ്യം അറസ്റ്റിലായത്. വര്‍ണ്ണവിവേചന ഭരണത്തിന് അന്ത്യംകുറിച്ചശേഷം 1994ല്‍ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ (എഎന്‍സി) നേതൃത്വത്തില്‍ രൂപീകരിച്ച ആദ്യ സര്‍ക്കാരില്‍ മണ്ടേലയുടെ പാര്‍ലമെന്‍ററി കൌണ്‍സലറായിരുന്നു. തന്‍െറ "മൂത്ത സഹോദരന്‍' എന്നാണു മണ്ടേലയെ കത്രാഡ വിളിച്ചിരുന്നത്. സത്യസന്ധതയുടെയും വിനയത്തിന്‍െറയും കാരുണ്യത്തിന്‍റെയും ആള്‍രൂപമായിരുന്ന കത്രാഡയെ"അങ്കിള്‍ കാതി'എന്നാണ് ദക്ഷിണാഫ്രിക്കക്കാര്‍ വിളിക്കുന്നത്.

 

മനുഷ്യാവകാശം, യുവജനകേഷമം, വംശീയവിരുദ്ധത, അഭിപ്രായസ്വാതന്ത്യ്രം എന്നിവയുടെ പ്രചാരണത്തിനായി ഫൌണ്ടേഷന്‍ രൂപീകരിച്ച് അവസാനം വരെ രാജ്യാന്തരതലത്തില്‍ സജീവമായിരുന്നു. കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെതിരെ വന്‍ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രസിഡന്‍റ് ജേക്കബ് സുമയോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് കത്രാഡ തുറന്ന കത്തെഴുതിയിരുന്നു.2005~ല്‍ ഇന്ത്യന്‍ വംശജരായ വിദേശ പൌരന്‍മാര്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചു. ആറുപുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: ബര്‍ബറാ ഹോഗന്