Tuesday 22 October 2019




ശബരിമല തീര്‍ഥാടകര്‍ക്കുളള വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍

By Subha Lekshmi B R.19 Jul, 2017

imran-azhar

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടയം ജില്ളയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ നിര്‍മ്മിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹാരിസണ്‍ പ്ളാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും വിമാനത്താവളം നിര്‍മ്മിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2,263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. രണ്ടു ദേശീയപാതകളുടെയും അഞ്ച് പൊതുമരാമത്തു റോഡുകളുടെയും സമീപത്താണു സ്ഥലം. ഇവിടെനിന്നു ശബരിമലയിലേക്ക് 48 കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍നിന്ന് 113 കിലോ മീറ്റര്‍ ദൂരമുണ്ട്. ആറന്മുള വിമാനത്താവളത്തിനു പകരമാണ് കോട്ടയത്ത് വിമാനത്താവളം വരുന്നത്.

 

പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നംഗ സമിതിയെ നിശ്ചയിച്ചിരുന്നു. റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന, പത്തനംതിട്ട ജില്ളാ കലക്ടര്‍ ആര്‍. ഗിരിജ എന്നിവരായിരുന്നു അംഗങ്ങള്‍. പത്തനംതിട്ട, കോട്ടയം ജില്ളകളിലായി നാലു സ്ഥലങ്ങളാണ് സമിതി നിര്‍ദേശിച്ചത്. പത്തനംതിട്ട ജില്ളയിലെ കുന്പഴ എസ്റ്റേറ്റ്, കല്ളേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കോട്ടയം ജില്ളയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നിവയായിരുന്നു അവ. ഈ സ്ഥലങ്ങള്‍ പരിശോധിച്ച സമിതി ഇവയുടെ റാങ്കിംഗും നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

 

 

പുതിയ വിമാനത്താവളത്തിനായുള്ള പ്രാഥമിക പഠനത്തിന് ഏജന്‍സിയെ നിശ്ചയിക്കാന്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ലൂയി ബ്ഗര്‍ കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനമാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പഠനം വാഗ്ദാനം ചെയ്തത്. സാങ്കേതിക കാര്യങ്ങളിലും ഈ സ്ഥാപനമാണ് മുന്നില്‍. പഠനത്തിനായി മൂന്നു കോടിയിലേറെ രൂപയാണ് സ്ഥാപനം ആവശ്യപ്പെടുന്നതെന്നാണ് സൂചന.