Sunday 31 May 2020




ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും

By online desk.26 Feb, 2020

imran-azhar

 


തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. അംബ, അംബിക, അംബാലിക എന്നീ മൂന്ന് സ്റ്റേജുകളിലായാണ് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ നടക്കുന്നത്. മെയിന്‍ സ്റ്റേജിലെ കലാപരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 1ന് ചലച്ചിത്രതാരം അനുസിത്താര നിര്‍വഹിക്കും. പത്താം തീയതി രാത്രി നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കും. മാര്‍ച്ച് 9-നാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാല ഒരുക്കങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

 

ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് 115 പേരടങ്ങുന്ന ജനറല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പ്രോഗ്രാം, പബ്ലിസിറ്റി, റിസപ്ഷന്‍, അക്കോമഡേഷന്‍, മെസ്, കുത്തിയോട്ടം, വോളന്റിയേഴ്‌സ്, അന്നദാനം, പ്രൊസഷന്‍ ആന്‍ഡ് താലപ്പൊലി എന്നീ കമ്മിറ്റികളും രൂപവത്കരിച്ചു. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാദ്ധ്യമങ്ങള്‍, സാമൂഹിക സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായസഹകരണങ്ങള്‍ ലഭിക്കുന്നതിന് നടപടികളും സ്വീകരിച്ചിട്ടുണ്ട്.

 

പൊങ്കാലയുടെ തത്സമയ സംപ്രക്ഷേപണത്തിനും, പ്രധാന ചടങ്ങുകള്‍ ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ കെ, പ്രസിഡന്റ് ചന്ദ്രശേഖരപിള്ള വി, സെക്രട്ടറി ശിശുപാലന്‍ നായര്‍ കെ, ഉത്സവ ജനറല്‍ കണ്‍വീനര്‍ ശോഭ വി, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഡി രാജേന്ദ്രന്‍ നായര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് ആര്‍.ജെ എന്നിവര്‍ പങ്കെടുത്തു.