Monday 21 August 2017

ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് ബിജെപി

By Subha Lekshmi B R.13 Apr, 2017

imran-azhar

ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ഫലം വന്ന നാലു സീറ്റുകളില്‍ മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയം കണ്ടു. ഹിമാചല്‍ പ്രദേശിലെ ഭോരംഗ്, ഡല്‍ഹിയിലെ രജൌരി ഗാര്‍ഡന്‍, അസമിലെ ധെമാജി എന്നിവിടങ്ങളിലാണ് ബിജെപി വിജയം സ്വന്തമാക്കിയത്. അതേസമയം, കര്‍ണാടകയിലെ നഞ്ചന്‍കോട് ബിജെപിയെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു.

 

ഹിമാചല്‍ പ്രദേശിലെ ഭോരംഗില്‍ ബിജെപി സ്ഥാനാര്‍ഥി അനില്‍ ധിമാന്‍ 8,433 വോട്ടുകള്‍ക്കാണ് വിജയിച്ചു. അസമിലെ ധെമാജിയില്‍ ബിജെപിയുടെ റാനോജ് പേഗു 9,285 വോട്ടുകള്‍ക്ക് ജയിച്ചു. ഡല്‍ഹി രജൌരി ഗാര്‍ഡനില്‍ ബിജെപിയിലെ മജീന്ദര്‍ സിങ് 14,652 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. അതേസമയം, നഞ്ചന്‍കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗീത മഹാദേവ പ്രസാദ് 10,877 വോട്ടുകള്‍ക്ക് ബിജെപിയിലെ സി.എസ്. നിരഞ്ജനകുമാറിനെ പിന്നിലാക്കി.

 

മധ്യപ്രദേശിലെ അത്തേര്‍, ബണ്ടാവഗഡ് എന്നിവിടങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഇതില്‍ ബണ്ടാവഗഡ് മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. രാജസ്ഥാനിലെ ദോല്‍പ്പൂരിലും ബിജെപി സ്ഥാനാര്‍ഥി വിജയത്തിലേക്കു നീങ്ങുന്നതായാണു വിവരം. അതേസമയം, പശ്ചിമ ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ചന്ദ്രിമ ഭട്ടാചാര്യ മുപ്പതിനായിരത്തോളം വോട്ടിന്‍െറ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ചു. ബിജെപിയിലെ എസ്.എം. ജനയാണ് ഇവിടെ തൃണമൂലിന്‍െറ മുഖ്യ എതിരാളി. ഇടതുപക്ഷ സ്ഥാനാര്‍ഥി ഇവിടെ മൂന്നാം സ്ഥാനത്താണ്.

 

ആം ആദ്മി പാര്‍ട്ടിലെ ജര്‍ണൈല്‍ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രജൌരി ഗാര്‍ഡനില്‍ എഎപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായത് ഡല്‍ഹി ഭരിക്കുന്ന എഎപി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും കനത്ത ക്ഷീണമാകും. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണു രണ്ടാം സ്ഥാനത്ത്. കേജ്രിവാള്‍ സര്‍ക്കാരിന്‍റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്‍റെ വിലയിരുത്തലായാണ് ബിജെപിയും കോണ്‍ഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.

 

അതേസമയം, ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലെ 38 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി.