Saturday 06 June 2020




പ്രധാനമന്ത്രിയുടെ സോഷ്യല്‍മീഡിയ വിവാദത്തിന് പിന്നില്‍...?

By online desk.04 Mar, 2020

imran-azhar

 

ഈ ഞായറാഴ്ച മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഇത്യാദിയില്‍ നിന്ന് കുറച്ചുകാലത്തേയ്ക്ക് ഒന്ന് വിട്ടുനിന്നാലോ എന്നൊരാലോചന...' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിങ്കളാഴ്ചത്തെ ട്വീറ്റ് സൈബറുലകത്തിലെ അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ കടുത്ത ആശങ്കയിലാഴ്ത്തി. 'എന്നാലും അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്തിനാവും?' എന്ന ചോദ്യം അവരുടെ ഉറക്കം കെടുത്തുന്നു. ഇത്രയും കാലം വലിയ പദ്ധതികളും മറ്റും പ്രഖ്യാപിക്കാന്‍ മോദി ആശ്രയിച്ചിരുന്ന, അവയെ ഒക്കെ ലൈക്കും ഷെയറും ചെയ്യാന്‍ അദ്ദേഹത്തിന്റെ ആരാധകരും ആശ്രയിച്ചിരുന്ന ഈ പ്ലാറ്റ്‌ഫോമുകള്‍ ഒറ്റയടിക്ക് ത്യജിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും? ഇനിയിപ്പോള്‍ പ്രധാനമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിനോ അദ്ദേഹത്തിന്റെ പദ്ധതികള്‍ പ്രചരിപ്പിക്കാനോ ഒക്കെ എന്താണ് മാര്‍ഗ്ഗം?

 

കാരണം അന്വേഷിക്കും മുമ്പ് ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹം അങ്ങനെ ഒരു സര്‍വ്വസംഗപരിത്യാഗത്തെപ്പറ്റി ആലോചിക്കുന്നുണ്ട് എന്നേ പറഞ്ഞിട്ടുള്ളു. പ്രവൃത്തിയിലേയ്ക്ക് തല്ക്കാലം കാര്യങ്ങള്‍ എത്തിയിട്ടില്ല. അതായത് അടുത്ത ഒരാഴ്ച, അതായത് അദ്ദേഹം പറഞ്ഞ ഡെഡ് ലൈന്‍ ആയ ഞായറാഴ്ച വരെയുള്ള സമയം, അദ്ദേഹത്തിന്റെ ആരാധകരും അണികളും പാര്‍ട്ടി നേതാക്കളും എതിരാളികളും പ്രസ്തുത തീരുമാനത്തെപ്പറ്റി ആലോചിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തേക്കും. അടുത്ത ആഴ്ച, പൊതുജനങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി തന്റെ ഈ കടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറാനും മതി.

 


പ്രധാനമന്ത്രിയുടെ ഈ തീരുമാനം വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിന് പിന്നാലെ അതിനോടുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്. 'സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ അല്ല വെടിയേണ്ടത്, വെറുപ്പിന്റെ രാഷ്ട്രീയമാണ്' എന്ന് രാഹുല്‍ ഗാന്ധി ഗോളടിച്ചിട്ടുണ്ട്. ഈ ട്വീറ്റ് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 'മോദിജീ, അങ്ങിവിടെ ഉള്ളതുകൊണ്ട് മാത്രമാണ് ഞാനിവിടെ തുടരുന്നത്. അങ്ങില്ലാത്ത ഈ സോഷ്യല്‍ മീഡിയയില്‍ ഞാനും കാണില്ല' എന്നൊക്കെയാണ് ഫാന്‍ പോസ്റ്റുകള്‍. ട്രോളുകളുടെ ഒരു പെരുമഴയും ഒരറ്റത്തുനിന്ന് തുടങ്ങിയിട്ടുണ്ട്.

 

മോദി ആരോടോ ബ്രേക്ക് അപ്പ് ആയിട്ടുണ്ട്, ഇന്നലെ തന്നെ വാട്ട്‌സ്ആപ്പ് ഡിപിയും മാറ്റിയിട്ടുണ്ടാകും എന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. ചില്ലറക്കാരനല്ല സോഷ്യല്‍ മീഡിയയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും കരുത്തരായ സോഷ്യല്‍ മീഡിയ സാന്നിദ്ധ്യങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട് മോദി. ട്വിറ്ററില്‍ 5.33 കോടി ഫോളോവേഴ്‌സ്, ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 4.45 കോടി ഫോളോവേഴ്‌സ് വീതം എന്നൊക്കെ പറഞ്ഞാല്‍ ചില്ലറക്കാര്യമല്ല.

 

എന്താണ് മോദിയുടെ തീരുമാനത്തിന്റെ ഉദ്ദേശ്യം?

 

സോഷ്യല്‍ മീഡിയ ഒരു വ്യക്തിക്ക് സമൂഹവുമായി എളുപ്പത്തില്‍ സമ്പര്‍ക്കം പുലര്‍ത്താനുള്ള മാദ്ധ്യമം എന്ന നിലയ്ക്ക് ഏറെ ഉപകാരപ്രദമാണ്, വളരെ വിപ്ലവകരമായ ഒരു സാങ്കേതികവിദ്യയുമാണത്. സോഷ്യല്‍ മീഡിയയെ ഫലപ്രദമായി വിനിയോഗിക്കാനായാല്‍, വളരെ എളുപ്പത്തില്‍ ഒരു ക്ലിക്ക് കൊണ്ട് നമ്മുടെ മനസ്സിലെ ആശയങ്ങള്‍ കോടിക്കണക്കിനു പേരിലെത്തിക്കാനാകും. എന്നാല്‍ മനുഷ്യര്‍ പരസ്പരമുള്ള വെറുപ്പിനെ വളര്‍ത്താനും മറ്റുള്ള യൂസര്‍മാര്‍ ലക്ഷ്യമിട്ട വിദ്വേഷപ്രചാരണങ്ങള്‍ സംഘടിതമായി നടത്താനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ഒരാളെ ലക്ഷ്യമിട്ട് പരിഹസിച്ച് അയാളെ നിരുത്സാഹപ്പെടുത്താനും ബുള്ളി ചെയ്യാനും ഒക്കെ ഇതേ നെറ്റ് വര്‍ക്കുകള്‍ പ്രയോജനപ്പെടുത്തുന്നവരും ഉണ്ട്.

 

ഇത്തരം വിദ്വേഷ പ്രചാരണങ്ങളിലും വ്യക്തികേന്ദ്രീകൃത കടന്നാക്രമണങ്ങളിലും പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പിന്മടക്കമാകാം ഇത്. ഒരുപക്ഷേ, ഇങ്ങനെ വൈകാരികമായ ഒരു പ്രവൃത്തി ചെയ്യുന്നത്, അതിനു പിന്നാലെ വരാനിരിക്കുന്ന കടുത്ത സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങളുടെ മുന്നോടിയുമാകാം. ഐടി ആക്ട് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കിയെങ്കിലും അതിനേക്കാള്‍ കടുത്ത രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ട് ഈ തീരുമാനത്തിന് പിന്നില്‍. സോഷ്യല്‍ മീഡിയ വിട്ടാലും ജനങ്ങളുമായി ഒന്നിച്ച് ബന്ധപ്പെടാനുള്ള ഒരുപാധി എന്ന നിലയില്‍ നമോ ആപ്പില്‍ അപ്പോഴും പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യമുണ്ടാകും. ബ്രാന്‍ഡ് മോദി അവശേഷിക്കുന്ന ഒരേയൊരിടവും അതാകും.

 

അത് തികച്ചും ഏകപക്ഷീയമായ ഒരു സമ്പര്‍ക്കം മാത്രമാകും. ഇനി മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് മോദിയെ ടാഗ് ചെയ്തുകൊണ്ട് തങ്ങളുടെ പുച്ഛം രേഖപ്പെടുത്താന്‍ ആവില്ല. മോദി ഇപ്പോള്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഒക്കെ ജനാധിപത്യപരമായ ഇടങ്ങള്‍ കൂടിയാണ്. അവയില്‍ നില്‍ക്കുമ്പോള്‍ ജനങ്ങളോട് ഒരു ഉത്തരവാദിത്തം കൈവരുന്നുണ്ട് ഏതൊരാള്‍ക്കും. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ അവിടെ നില്‍ക്കാന്‍ കഴിയില്ല. അവയില്‍ നിന്ന് പിന്മാറുക എന്നാല്‍, തനിക്ക് അസുഖകരം എന്ന് തോന്നുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യാതിരിക്കുക എന്ന ഒരു ലക്ഷ്വറി കൂടി പ്രധാനമന്ത്രിക്ക് കൈവരുന്നുണ്ട്. തനിക്ക് തോന്നുമ്പോള്‍ മാത്രം കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക. അവരുടെ വിദ്വേഷം കലര്‍ന്ന, അല്ലെങ്കില്‍ വിമര്‍ശനസ്വരത്തിലുള്ള ട്വീറ്റുകളും ഫേസ്ബുക് പോസ്റ്റുകളും ഒന്നും കാണാതിരിക്കുക.

 

അത് എത്ര നല്ല ഒരു പരിപാടിയാണ് ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം? മേല്‍പ്പറഞ്ഞ എല്ലാ സാമൂഹ്യമാദ്ധ്യമങ്ങളുടെയും നിയന്ത്രണം വിദേശത്താണ് എന്നതും ഈ തീരുമാനത്തിന് ഒരു കാരണമാകാം. ഡാറ്റ, പ്രൈവസി വിഷയങ്ങളില്‍ പ്രസ്തുത കമ്പനിയുമായുള്ള ഇടപാടുകള്‍ മോശമായതും ഇങ്ങനെ ഒരു കടുത്ത നടപടിക്ക് കാരണമായിട്ടുണ്ടാകാം. പ്രധാനമന്ത്രിയുടെ ഈ ഇറങ്ങിപ്പോക്ക് സാമൂഹ്യ മാദ്ധ്യമങ്ങളെ സാരമായി ബാധിച്ചേക്കാം. അതുകൊണ്ട്, അവര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി തങ്ങളുടെ നയങ്ങള്‍ പ്രധാനമന്ത്രിയുടെ താത്പര്യത്തിന് വഴങ്ങി മാറ്റിമറിക്കാന്‍ സാദ്ധ്യതയുണ്ട്.

 

ജിയോ പോലുള്ള സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന രീതിയില്‍ ടെലികോം രംഗത്തുണ്ടായ മാറ്റങ്ങള്‍ നമ്മള്‍ കണ്ടതാണ്. പ്രധാനമന്ത്രിയുടെ ഈ വിപ്ലവാത്മക തീരുമാനം, 100 % സ്വദേശിയായ, ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമിന്റെ ഉദയത്തിനുള്ള നിമിത്തമാണോ എന്നുപോലും സംശയിക്കാന്‍ ന്യായമുണ്ട്. ഏതിനും കാത്തിരുന്ന് കാണുക തന്നെ..!