Saturday 30 May 2020




കോവിഡ് 19 :ഇക്വഡോറില്‍ മൃതദേഹങ്ങള്‍ റോഡില്‍ തളളുന്നു

By online desk .05 Apr, 2020

imran-azhar

 

ക്വിറ്റോ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ഇക്വഡോറിലെ പടിഞ്ഞാറന്‍ നഗരമായ ഗുയാകിലെ തെരുവുകള്‍ വിജനമാണ്. വിരലിലെണ്ണാവുന്ന ആള്‍ക്കാര്‍ മാത്രമാണ് റോഡിലുളളത്. മരിച്ചവരുടെ മൃതദേഹങ്ങളും റോഡില്‍ കിടക്കുന്നു.

 

ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ഇടമില്ല. മോര്‍ച്ചറികളും നിറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ സൂക്ഷിക്കാനും ഇടമില്ല. ശ്മശാനങ്ങളില്‍ മൃതദേഹം അടക്കം ചെയ്യാന്‍ ജീവനക്കാര്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയാണ്.

 

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കില്ല. കോവിഡ് 19 ലക്ഷണങ്ങളുളളവര്‍ക്ക് ആശുപത്രികളില്‍ ഇടമില്ലാത്തതിനാല്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയുമുണ്ട്.

 

റോഡില്‍ മൃതദേഹം ഉപേക്ഷിക്കുന്ന അവസ്ഥയാണുളളത്. ഇവ അഴുകിയ ദുര്‍ഗന്ധവുമുണ്ട്. എപ്പോഴെങ്കിലും ആള്‍ക്കാര്‍ വന്ന് മൃതദേഹള്‍ വാഹനത്തില്‍ കയറ്റി പോകുന്നതും ഇവിടെ കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദിവസം 150 മൃതദേഹങ്ങള്‍ വരെ കൈകാര്യം ചെയ്യേണ്ടി വരുന്നെന്ന് സൈനിക അധികൃതര്‍ പറഞ്ഞു.ഇത് സ്വകാര്യ
സംസ്‌കാര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെയാണ്.

 

സര്‍ക്കാര്‍ പുറത്തുവിടുന്നതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ രാജ്യത്തുണ്ടെന്നാണ് ജനം കരുതുന്നത്. വരും ദിവസങ്ങളില്‍ മരണ സംഖ്യ കൂടുമെന്നാണ് നിഗമനം.